Pages

Thursday, October 17, 2013

നിയമവിധേയമാകുന്ന കേരളം

കേരളത്തിലെ റോഡുകളില്‍ അമിത വേഗതയും സിഗ്നല്‍ മറികടന്നുള്ള യാത്രയും ഒഴിവാക്കാന്‍ കാമറകള്‍ . ദേശീയ പാതകളില്‍ ആരംഭിച്ച ഈ കാമറകള്‍ ക്രമേണ മറ്റ് മുഖ്യ റോഡുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്‍റെ അപ്പുറത്തുള്ള നിയമങ്ങള്‍ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന് ലാഘവത്തോടെ ഇതിനെ എഴുതിതള്ളാന്‍ കഴിയില്ല കാരണം ശിക്ഷാ നടപടികളും ശക്തമായി തന്നെ തുടങ്ങിയിട്ടുണ്ട്. ഹെല്‍മറ്റ്,ലൈസന്‍സ്,ഇല്ലാതെയുള്ള യാത്ര, തെറ്റായ ട്രാക്കിലൂടെയുള്ള സഞ്ചാരം, സീറ്റ് ബെല്‍റ്റ്‌ ഇല്ലാതെ പോകുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങി ഇരുപതോളം കുറ്റങ്ങള്‍ പിടിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കും. ഒരിക്കല്‍ പിഴയടച്ച വാഹനം അതെ തെറ്റ് ആവര്‍ത്തിച്ചാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനും  ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നത് വരെയുള്ള ശിക്ഷകളാണ് നടപ്പാക്കുന്നത്.
നിയമം ലംഘിക്കുന്ന വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിന്‍റെ ചിത്രമടക്കം വാഹനത്തിന്‍റെ ഉടമസ്ഥന്‍റെ വീട്ടില്‍ തപാല്‍ വഴി എത്തും. ഇതെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ സംവിധാനം വഴിയാണ് പ്രവര്‍ത്തിക്കുന്നത്.2014 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും ഇത്തരത്തില്‍ സുരക്ഷ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
പിഴയടക്കാനുള്ള നോട്ടീസ് പോസ്റ്റ്‌ മാനില്‍ നിന്ന്‍ കൈപ്പറ്റാന്‍ കൂട്ടാക്കാതെയിരുന്നാലും കൈപ്പറ്റിയിട്ട് പിഴ അടക്കാതിരുന്നാലും റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ക്കാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതില്‍ നിന്ന്‍ എന്ത് മനസ്സിലാക്കാം? നിയമങ്ങളുടെ കുറവല്ല അത് നടപ്പിലാക്കാനുള്ള കര്‍ശനമായ സംവിധാനത്തിന്‍റെ അപര്യാപ്തത മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കര്‍ശനമായ നിയമങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന കാര്യം മറന്നിട്ട് സര്‍ക്കാരിന്‍റെ ആവശ്യമായി കണ്ടിരുന്നത് ഓരോ വ്യക്തികളുടെയും തെറ്റാണ്. നിയമങ്ങളും പിഴയും കര്‍ശനമായപ്പോള്‍ അപകടങ്ങളും കുറഞ്ഞതായി നാം കണ്ടു. മദ്യപിച്ചു വാഹനമോടിച്ചാല്‍ കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ തുടങ്ങി.
നിയമങ്ങള്‍ നടപ്പിലാക്കാന്‍ നമ്മള്‍ സഹകരിച്ചാല്‍ കേരളത്തെ വിദേശ രാജ്യങ്ങളുടെ നിരയിലേക്ക് കൊണ്ടുവന്നു മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാക്കി മാറ്റാന്‍ കഴിയും. അപകട രഹിതമായ റോഡുകളും സമാധാനപരമായ കേരളവും നമുക്ക് കെട്ടിപ്പടുക്കാം.
-പനയം ലിജു, സിംഗപ്പൂര്‍

Monday, October 14, 2013

ഒരബദ്ധം ഏത് പോലീസുകാരനും പറ്റും....!

താ പറയുന്നത് ആവശ്യമില്ലാത്ത പരിപാടിക്ക് പോകുമ്പോള്‍ കുറച്ചൊക്കെ നോക്കിയും കണ്ടും ചെയ്യണമെന്ന്...കണ്ടില്ലേ എവിടെയോ കണ്ടുമുട്ടിയ ആളുമോത്ത്(അല്ലേലും ഈ കാര്യത്തില്‍ പിന്നെ മുന്‍ പരിചയം ഒന്നും അത്യാവശ്യമല്ലല്ലോ) രണ്ടെണ്ണം വീശിയപ്പോ പാവം അറിഞ്ഞില്ല അല്പം ഓവറായത്... ദാഹവും വിശപ്പും ക്ഷീണവും മാറ്റി കൂട്ടുകാര്‍ യാത്ര പറഞ്ഞു പിരിഞ്ഞപ്പോ കയ്യിലിരുന്ന ബാഗ് മാറിപ്പോയത് പാവം ശ്രദ്ധിച്ചില്ല. എന്നിട്ടിപ്പോ എന്തായി...വെള്ളമടിച്ചു ബഹളം വച്ച മാനന്തവാടി മത്തായിച്ചന്‍റെ കയ്യിലിരുന്ന ബാഗില്‍ തിരുവനന്തപുരത്തെ രഘു പോലീസിന്‍റെ സര്‍വീസ് റിവോള്‍വറും അഞ്ചുണ്ടയും.....
മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന രഘു പോലീസിന് ഇനി ആരു എസ്കോര്‍ട്ട് പോകുമോ ആവോ...

ഒരബദ്ധം ഏത് പോലീസുകാരനും പറ്റും....! പക്ഷെ, ഒന്നേ പറ്റാവൂ...!!
-പനയം ലിജു, സിംഗപ്പൂര്‍

Monday, October 7, 2013

എട്ടിന്‍റെ പണിലയാള മനോരമയില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരക ഘടകമായത്. "ഷാരൂഖിന് എട്ടിന്‍റെ പണി" എന്നതാണ് പ്രസ്തുത വാര്‍ത്തയുടെ തലക്കെട്ട്‌. 2008ല്‍ കെ.ജെ.റൌളിംഗ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പ്രസംഗം കടപ്പാട് പറയാതെ ഷാരൂഖ് ഖാന്‍ കോപ്പിയടിച്ചത് അവിടെയുണ്ടായിരുന്ന ഏതോ ബുദ്ധിജീവി മനസ്സിലാക്കിയെന്നതാണ് വിഷയം. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രം എന്ന്‍ പരസ്യവാചകങ്ങളിലൂടെ ദിനംപ്രതി പറയുന്ന ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു ദിനപ്പത്രം, മലയാള ഭാഷയുടെ ശുദ്ധിയെ വിലമതിയ്ക്കാതെ ഒരു 'ന്യൂ ജനറേഷന്‍' വാക്കിലൂടെ ഒരു വാര്‍ത്തയ്ക്ക് തലക്കെട്ട്‌ ഉണ്ടാക്കുന്ന ഗതികേടിലെക്ക് അധഃപതിച്ചുവോ?


മാതൃഭാഷയുടെ മനോഹാരിതയെയും സ്ഫുടതയെയും അതിന്‍റെ സംഗീതാത്മകമായ ഉച്ചാരണ ശുദ്ധിയെയും കുറിച്ച് വാതോരാതെ പ്രസംഗിക്കയും എഴുതുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ഇത്തരം പദപ്രയോഗങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭാഷയെ കൊലയ്ക്ക് കൊടുക്കാന്‍ കൂട്ട് നില്‍ക്കുകയല്ലേ ചെയ്യുന്നത്?


സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കാലാ കാലങ്ങളില്‍ ഇത്തരം പല പ്രയോഗങ്ങള്‍ കടന്നു വന്നിട്ടുണ്ട്. പക്ഷെ, അതൊന്നും നമ്മള്‍ ഒരിക്കലും അച്ചടി ഭാഷയുടെ ഭാഗമാക്കാന്‍ തയ്യാറായിട്ടില്ല. സംസാര ഭാഷയും എഴുത്ത് ഭാഷയും വ്യതസ്തമാണ്. അച്ചടി ഭാഷ അഥവാ എഴുത്തുഭാഷയില്‍ വാക്കുകളുടെ മൂല്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. 'എട്ടിന്‍റെ പണി' എന്ന വാക്കിനു പകരം പ്രയോഗിക്കാന്‍ മലയാളത്തില്‍ സഭ്യമായ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ അവിടെ എഴുതിയത്. കാലത്തിനൊത്ത് നീങ്ങാന്‍ ധാര്‍മ്മിക ബോധമില്ലാതെ പത്രമാധ്യമവും തയ്യാറാവുന്നു എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.


ശ്രേഷ്ടഭാഷാ പദവി നേടിയ ഒരു ഭാഷയാണ്‌ നമ്മുടെ അമ്മ മലയാളം. അതിനെ ഒരു വിധത്തിലും അവഹേളിക്കാനോ നിന്ദിക്കാനോ ഒരു മലയാളിയും തയ്യാറാവരുത്.


-പനയം ലിജു, സിംഗപ്പൂര്‍