കുറേകാലമായി എഴുതണം എന്നാലോചിച്ചിരുന്ന ഒരു വിഷയമാണ്. വിഷയം ഒന്നാണെങ്കിലും പല കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. ഒരു അടിസ്ഥാനവുമില്ലാത്ത ചില വിഡ്ഢിത്തങ്ങൾ സോഷ്യൽ മീഡിയ വഴി വെറുതെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ അത് ഉണ്ടാക്കി വിട്ടവനെക്കാളും ദേഷ്യം കാണുന്ന പാടെ ശരിയാണോന്ന് നോക്കാൻ പോലും തുനിയാതെ അടുത്ത ആൾക്കും ഗ്രൂപ്പിലും തട്ടിവിടുന്നവരോടാണ്. ചില ഉദാഹരണങ്ങൾ മാത്രം വിശദമാക്കാം.
1. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി നവംബർ ഡിസംബർ മാസങ്ങൾ ആയാൽ മുടങ്ങാതെ വരുന്നൊരു മെസ്സേജാണ്
"അടുത്ത വർഷം ഫെബ്രുവരി അപൂർവ മാസം...
4ഞായറാഴ്ച , 4തിങ്കളാഴ്ച , 4ചൊവ്വാഴ്ച , 4ബുധനാഴ്ച , 4വ്യാഴാഴ്ച , 4വെള്ളിയാഴ്ച , 4ശനിയാഴ്ചകൾ.... ഇങ്ങനെ അപൂർവമായി ഇനി സംഭവിക്കാൻ പോകുന്നത് 832 വർഷങ്ങൾക്കു ശേഷം മാത്രമായിരിക്കും.."
ചിലപ്പോ ഇതോടൊപ്പം മണി ബാഗ് ഓഫറും കിട്ടും.
സത്യത്തിൽ ലോകത്തു ആകെ മൊത്തം ടോട്ടൽ കംപ്ലീറ്റ് 14 തരം വർഷങ്ങൾ മാത്രമേയുള്ളു. വ്യക്തമായി മനസിലാവുന്ന പോലെ പറഞ്ഞാൽ, ജനുവരി 1 ഞായർ മുതൽ ശനി വരെ ഏഴ് ദിവസങ്ങളിൽ ഒന്ന് മാത്രമേ വരൂ. അത് എങ്ങനൊക്കെ മാറിയാലും എട്ടാമതൊരു ദിവസം തുടങ്ങാൻ പറ്റില്ല. ഇതേ ഞായർ മുതൽ ശനി വരെ ജനുവരി ഒന്നാം തീയതി മാറി വരുന്നത് അധിവർഷവും വരും. അങ്ങനെ സാധാ വർഷങ്ങളും അധിവർഷങ്ങളും തുടങ്ങുന്ന ദിനം ഞായർ മുതൽ ശനി വരെ മാറി വരുന്ന പ്രകാരം 14 തരം വർഷങ്ങൾ മാത്രമേ നിലവിൽ വരൂ. അത് തന്നെയാണ് 7 മുതൽ 14 വർഷങ്ങൾക്കുള്ളിൽ ആവർത്തിച്ചു വരുന്നത്. അല്ലാതെ 832 വർഷങ്ങൾക്ക് ശേഷം വരുന്നത് ഒന്നും തന്നെയില്ല.
ഇതോടനുബന്ധമായി പറയാവുന്ന മറ്റൊന്നാണ് 12 മാസത്തിന്റെയും ഒന്നാം തീയതി ഒരേ ദിവസമായി വരുമെന്ന് പറഞ്ഞുള്ള അടുത്ത തട്ടിപ്പ്. ഭൂമി തിരിച്ചു വച്ചാൽ പോലും നടക്കാത്ത കാര്യമാണത്.
2. ഒരു വീഡിയോയിൽ കുറെ നമ്പറുകളോ ചീട്ടുകളോ കാണിച്ചിട്ട് ഒരെണ്ണം മനസ്സിൽ വിചാരിക്കാൻ പറയുന്നു. അടുത്ത സ്ലൈഡിൽ, വിചാരിച്ച നമ്പർ അപ്രത്യക്ഷമാവുന്നു. ഇതും കാണുമ്പൊൾ അത്ഭുതപ്പെട്ടു കണ്ണും തള്ളി അടുത്തയാൾക്ക് തട്ടിവിടും. ശരിക്കും എന്താണവിടെ സംഭവിക്കുന്നത് ? അതിൽ എന്തേലും മാജിക്കുണ്ടോ ? ഒരു ചുക്കുമില്ല. സംശയം ഉണ്ടെങ്കിൽ ഇനി ആ വീഡിയോ കാണുമ്പൊൾ ശ്രദ്ധിക്കാവുന്നതാണ്. ആദ്യം കാണിച്ച നമ്പറുകൾ / ചീട്ടുകൾ ഒരു സ്ക്രീൻ ഷോട്ട് എടുത്തുവച്ചിട്ട് ഒരു നമ്പർ മായ്ച്ച ശേഷമുള്ള സ്ക്രീൻ ഷോട്ടും എടുത്തിട്ട് താരതമ്യപ്പെടുത്തൂ. ആദ്യം കാണിച്ച നമ്പറുകൾ / ചീട്ടുകൾ ഒന്നുപോലും രണ്ടാമത്തേതിൽ ഉണ്ടാവില്ല. അതായത് നമ്മൾ എന്തു വിചാരിച്ചാലും, അത് അപ്രത്യക്ഷമായി എന്ന് കാണിച്ചു പറ്റിക്കുവാണ്. അല്ലാതെ മാജിക്കല്ല. നമ്മൾ വിചാരിച്ച ഒരു നമ്പർ മാത്രം മാറ്റിയിട്ട് ബാക്കിയുള്ളത് അങ്ങനെ തന്നെ കാണിച്ചാലാണ് അത് മാജിക് ആവുന്നത്.
പൊട്ടത്തരം എന്നല്ലാതെ എന്താണിതിന് പറയുക ? വയസ്സ് എന്നതിന്റെ നിർവചനം തന്നെ ഇപ്പോഴത്തെ വർഷവും ജനിച്ച വർഷവും തമ്മിലുള്ള വ്യത്യാസമാണ്. അത് ആയിരം വർഷത്തിലൊരിക്കൽ മാത്രമല്ല.
4. ഇനിയൊരു പാട്ടാണ്. അർത്ഥമറിയാതെ അസ്ഥാനത്തു പോസ്റ്റ് ചെയ്യാൻ വിധിക്കപ്പെട്ടൊരു പാട്ട്.
"ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവേ
പതിയെ പറന്നെൻ അരികിൽ വരും
അഴകിന്റെ തൂവലാണ് നീ "
ഈ പാട്ട് പോസ്റ്റ് ചെയ്തു കണ്ടതുമുഴുവൻ ശുഭരാത്രി പറയാനാണ്. എന്നാൽ,
വിടവാങ്ങിപോകുന്ന രാത്രിയും പാട്ട് മൂളി വെയിൽ വീഴുന്നതും വർണിക്കുന്നത് പ്രഭാതത്തെയാണ്. 'രാത്രി' എന്നൊരു വാക്ക് അതിൽ വന്നതുകൊണ്ട് ശുഭരാത്രി പറയാനുള്ളതാണെന്ന് തെറ്റിദ്ധരിക്കരുത്.
5. മെസ്സേജ് മൂന്ന് ഗ്രൂപ്പിൽ ഷെയർ ചെയ്താൽ ടോമിച്ചൻ മുളകുപാടം റീചാർജ് ചെയ്തു തരും : പിന്നെ അങ്ങേർക്ക് തലയിൽ കൂടി വണ്ടി ഓടുന്നു...
6. ഓരോ ഷെയറിനും ഒരു സെന്റ് വീതം whatsapp കൊടുക്കും. ഷെയർ ചെയ്ത് ഈ കുട്ടിയെ രക്ഷിക്കൂ : whatsapp ഉം ഫെയ്‌സ്ബുക്കും ഇങ്ങനെ ഒരു നയാപൈസ പോലും ആർക്കും കൊടുക്കില്ല.
7."മൂന്നു ഗ്രൂപ്പിൽ ഷെയർ ചെയ്താൽ ബാറ്ററി ഫുൾ ചാർജ് ആവും. ചെയ്തു നോക്കൂ.. ഞാൻ ഷോക്ക് ആയി" അതെ ഷോക്ക് ആവും... പൊട്ടത്തരം ചെയ്തല്ലോ എന്നോർത്ത്. മെസ്സേജ് വഴിയല്ലേ ചാർജ് വരുന്നത്.
8."സിംഗപ്പൂർ ടീവി എന്തോ അനൗൺസ് ചെയ്തു, അതുകൊണ്ട് മൂന്ന് മുതൽ 12 വരെ ഫോൺ ഓഫ് ചെയ്തുവയ്ക്കണം. ഇല്ലെങ്കിൽ ആൽഫ ബീറ്റ ഗാമ രശ്മികൾ കുടുംബ സമേതം വന്ന് കരിച്ചു കളയും" സിംഗപ്പൂരിൽ ജീവിക്കുന്ന ഞാനിതുവരെ അങ്ങനൊരു ടിവിയും വാർത്തയും കണ്ടിട്ടില്ല.
ഇനിയും ഏറെയുണ്ട് ഇപ്രകാരം അശ്രദ്ധ കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന, സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ് പോസ്റ്റുകൾ. ഇതൊക്കെ കാണുമ്പൊൾ കണ്ണും പൂട്ടി 100 പേർക്ക് ഷെയർ ചെയ്യാതെ ഇതിൽ എന്തേലും സത്യമുണ്ടോ എന്ന് നോക്കാനും കൂടി ശ്രമിക്കുക. വായിച്ചു നോക്കാനൊന്നും സമയമില്ല എന്നാണ് മറുപടിയെങ്കിൽ, ദയവായി ഷെയർ ചെയ്യാതിരിക്കുക.
- പനയം ലിജു