Pages

Thursday, June 28, 2012

ജീവിതത്തില്‍ ‘സന്തോഷം’ എന്ന് പറയുന്നത് ഒരു പൂമ്പാറ്റയെ പോലെയാണ് ..നമ്മള്‍ അതിന്‍റെ പിന്നാലെ പോയാല്‍, അത് പറന്നു കൊണ്ടേ ഇരിക്കും ..എന്നാല്‍ നമ്മള്‍ ശ്രദ്ധ മാറ്റിയാലോ …..അവ പയ്യെ പറന്നു വന്നു നമ്മളുടെ ചുമലില്‍ ശാന്തരായി ഇരിക്കുന്നത് കാണാം…
‘പുഞ്ചിരിയും’ ‘മൗനവും’ ആണ് ജീവിതത്തില്‍ ഉപകാരപ്പെടുന്ന രണ്ടു വിലപ്പെട്ട ആയുധങ്ങള്‍…പുഞ്ചിരി നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴി ആകുമെങ്കില്‍ മൗനം പല പ്രശ്നങ്ങളിലും പെടാതെ നമ്മളെ രക്ഷിക്കാന്‍ സഹായിക്കും ……

ജീവിതം എങ്ങനെയും ജീവിച്ചു തീര്‍ക്കുക എന്നത് ആത്മാഹൂതി ചെയ്യുന്നതിന്‍റെ മറ്റൊരു രൂപം അത്രേ …


ജീവിതത്തിന്‍റെ വില മനസ്സിലാകുമ്പോള്‍ അത് നല്‍കപ്പെട്ടതെന്തിനു എന്ന സത്യവും മനസ്സിലാവും…


ഭയപ്പാടോടെ ആരംഭിക്കുകയും, വേദനയോടു കൂടി അവസാനിക്കുകയും ചെയ്യുന്നതിനിടയിലൂടെയുള്ള വിസ്മയങ്ങള്‍ അത്രേ ജീവിതം…

Wednesday, June 27, 2012

വീണ്ടും മഴക്കാറ്....

തിരകള്‍ താണ് അങ്ങ് ദൂരെ ദൃശ്യമായ തീരം നോക്കി പ്രതീക്ഷയോടെ തുഴഞ്ഞു കയറാമെന്ന് കരുതിയപ്പോള്‍ അതാ മറുകരയില്‍ മേഘങ്ങള്‍ ഇരുണ്ടു കൂടി കണ്ണഞ്ചിപ്പിക്കുന്ന മിന്നലും കാതടപ്പിക്കുന്ന ഇടിമുഴക്കവുമായി ഒരു മഴക്കാറ്....തീരത്തടുക്കുവാന്‍ ഈ മഴ അനുവദിക്കില്ലേ....?

Saturday, June 2, 2012

ഇളവെയില്‍

ചിലപ്പോള്‍ നമ്മള്‍ മഴതുള്ളികള്‍ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കാറുണ്ട്....പ്രത്യേകിച്ച് എനിക്ക് മഴ വലിയ ഇഷ്ടമാണ്...മഴയെ മോഹിച്ചും പ്രകൃതിയെ പ്രണയിച്ചും കാറ്റിനോട് കുശലം പറഞ്ഞുമിരിക്കാന്‍ നല്ല രസമല്ലേ...? പക്ഷെ ചിലപ്പോള്‍ ഒരു നേര്‍ത്ത തെന്നല്‍...ഒരു ഇളവെയില്‍ അത് നമുക്ക് തരുന്ന സുഖവും നാം ആസ്വദിക്കും.....

ആത്മബന്ധം

പ്രേമ സങ്കൽപ്പങ്ങള്‍ക്കും, ദിവാസ്വപ്നങ്ങള്‍ക്കും കൂടുതല്‍ നിറപ്പകിട്ടുകള്‍ നല്‍കാതെ, അക്ഷരങ്ങളിലൂടെ നഷ്ടസ്വപ്നങ്ങളുടെ നൊമ്പരം മനസ്സിലാക്കി, സ്വരങ്ങളിലൂടെ അടുത്തറിഞ്ഞ്‌, വാക്കുകളില്‍ കത്തുന്ന അഗ്നിയുടെ സ്ഫുരണങ്ങള്‍ തിരിച്ചറിഞ്ഞ സൗഹൃദത്തിന്‍റെ പ്രയാണത്തിലെവിടെയോ, എപ്പോഴോ അക്ഷരങ്ങളില്‍ പ്രതിഫലിച്ച ആത്മാവിന്‍റെ വേദന തൊട്ടറിഞ്ഞപ്പോള്‍ വഴുതി വീണ, ആര്‍ക്കും നിര്‍വചിയ്ക്കാനാവാത്ത എന്തോ അതിഗാഡമായ ഒരു ആത്മബന്ധം....

മരുഭൂമിയിലെ തുള്ളിമഴ

മരുഭൂമിയില്‍ പെയ്ത തുള്ളിമഴ അവന് എന്തൊക്കെയോ പ്രതീക്ഷയും ആശ്വാസവും നല്‍കി....ദാഹം ശമിപ്പിക്കാനായില്ലെങ്കിലും ആ ഒരു തുള്ളി അവന്‍റെ ചൂടേറ്റ് വരണ്ട ത്വക്കിന് നല്‍കിയ കുളിര്‍മ്മ അവനില്‍ ഒരു അനുഭൂതിയുടെ തിരിനാളം കൊളുത്തിയിരുന്നു.....എന്നാല്‍ തുള്ളിമഴ മഴത്തുള്ളിയും മഴയും പെമാരിയുമായി പെയ്തൊഴിയാതെ പെട്ടെന്ന് നിന്നുപോകുമോ എന്ന സന്ദേഹം അവനില്‍ ഉണ്ടാക്കിയ വേദന വലുതായിരുന്നു....തുള്ളിമഴയ്ക്കരിയില്ലല്ലോ മരുഭൂമിയിലെ വേനല്‍ചൂടില്‍ നില്ക്കുന്നവന്‍റെ വേദനയും ദാഹവും.....