Pages

Sunday, December 2, 2012

തീരുമാനം

നാമെല്ലാം എപ്പോഴും ഓരോരോ തീരുമാനങ്ങള്‍ എടുക്കുന്നവരാണ്. പ്രത്യേകിച്ച്, പിറന്നാള്‍, പുതുവര്‍ഷം തുടങ്ങിയ വിശേഷദിനങ്ങള്‍ ഇത്തരം പല പുതിയ തീരുമാനങ്ങള്‍ക്കും വേദിയാകാറുണ്ട്. പക്ഷെ നാമെടുക്കുന്ന ചില തീരുമാനങ്ങള്‍ നാം പാലിക്കാന്‍ ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും നല്ലൊരു പരിധിവരെ പാലിക്കുന്നതില്‍ പരാജയപ്പെടുകയാണ് ഉണ്ടാവുക. കടുത്ത തീരുമാനങ്ങള്‍ അല്ലെങ്കില്‍ കഴിവിനപ്പുരത്തുള്ള തീരുമാനങ്ങള്‍ എടുക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നമ്മുടെ തീരുമാനങ്ങള്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ അല്ലാതെ സ്വയം തോന്നി എടുക്കുന്നതാണെങ്കില്‍ അത് പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ ഒരു പരിധി വരെ സാധിക്കും. തീരുമാനങ്ങള്‍ ഒരു ബാധ്യതയോ സ്വയ നിയന്ത്രിത രേഖയോ ആയി തോന്നിയാല്‍ അതൊരു തീരുമാനമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ കഴിയില്ല.

ചിലപ്പോള്‍ വ്യക്തമായൊരു തീരുമാനം എടുക്കാന്‍ കഴിയാതെ മനസ്സ് പതറുന്നതും സാധാരണമാണ്. ആലോചിക്കാതെ എടുത്തു ചാടി പെട്ടെന്ന് തീരുമാനം എടുക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം എടുത്തുചാട്ടക്കാര്‍ പിന്നീട് ദുഖിക്കേണ്ടി വരുന്നതാണ് കൂടുതല്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

നാമെടുക്കുന്ന തീരുമാനങ്ങള്‍ ബാധ്യതകള്‍ ആവാതെ, നിയന്ത്രണ രേഖയാവാതെ സ്വയ ബോധപൂര്‍വ്വം ആവാന്‍ ശ്രമിക്കാം.  ഒപ്പം വ്യക്തമായി ആലോചിച്ചു നല്ലതെന്ന് മനസ്സിലാക്കിയ ശേഷവും.

Saturday, December 1, 2012

ഡിസംബര്‍

അങ്ങനെ ഡിസംബര്‍ മാസവും വന്നെത്തി. വര്‍ഷത്തിന്‍റെ അവസാന മാസം....ഇന്ന് ഈ മാസം തുടങ്ങിയത് തന്നെ ഈ ഒനൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭയാനകമായ ഒരു മാരക രോഗത്തിനെതിരെ അണിനിരക്കാനുള്ള ആഹ്വാനവുമായിട്ടാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിന്‍റെ ആദ്യദിനം അതെ വര്‍ഷത്തിലെ സെപ്തംബര്‍ മാസത്തിന്‍റെ ആദ്യ ദിനവും അവസാന ദിനം ഏപ്രില്‍ മാസത്തിന്‍റെ അവസാന ദിനവും ആയിരിക്കും.

ഹേമന്ത ഋതുവില്‍ നിന്ന് ശിശിരത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നത് ഈ മാസത്തിലാണ്. കൂടാതെ ഇന്ത്യയില്‍ ആദ്യമായി തീവണ്ടി യാത്ര തുടങ്ങിയതും(1851) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതും (1911)ഡിസംബര്‍ മാസത്തിലാണ്. ലോകത്ത് അധികം രാജ്യങ്ങളിലും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഈ മാസത്തിലാണെന്നതു എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ച ഒരു മാസം കൂടിയാണ് ഡിസംബര്‍ മാസം. ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന്‍ മൂവായിരത്തിലേറെ പേര്‍ മരണമടഞ്ഞ ഭോപ്പാല്‍ ദുരന്തം (1984), റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി (2004)തുടങ്ങിയവയാണ് അതില്‍ പ്രധാനം.

ഇനി മുപ്പത്തിയൊന്നു നാളുകള്‍ കൂടി പിന്നിടുമ്പോള്‍ 2012 നോടും നാം വിട ചൊല്ലും....പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നമുക്ക് ഇപ്പോഴേ ഒരുങ്ങാം.