Pages

Wednesday, February 20, 2013

മാതൃഭാഷാ ദിനം

ഇന്ന് (ഫെബ്രുവരി 21) മാതൃഭാഷാ ദിനം. ലോകമെമ്പാടും സാന്നിധ്യം അറിയിച്ചു കഴിഞ്ഞ മലയാളികള്‍ പോകുന്ന സ്ഥലങ്ങളിലെ ഭാഷ സ്വായത്തമാക്കാന്‍ പ്രത്യേക കഴിവ് കാണിക്കുമ്പോള്‍ തന്നെ അടുത്ത തലമുറയെ മാതൃഭാഷ ചൊല്ലിക്കൊടുത്തു വളര്‍ത്താന്‍ മറന്നു പോകുന്നു. ഏതു ഭാഷയും അനായാസേന പഠിക്കാന്‍ നമുക്ക് സാധിക്കുന്നത് തന്നെ നാം കുട്ടിക്കാലത്ത് പഠിച്ച മാതൃഭാഷയുടെ പ്രത്യേകതയാണെന്നത് കൂടി മനസ്സിലാക്കാന്‍ കഴിയുന്നില്ല.

JRR Tolkien,അദ്ദേഹത്തിന്റെ 1955ലെ ഇംഗ്ലീഷും,വെൽഷും എന്ന പ്രസംഗത്തിൽ "മാതൃഭാഷ', "ഉപയോഗഭാഷ" എന്നിവയെ വേർതിരിച്ചുകാണിച്ചിട്ടുണട്. ഒരു വ്യക്തി അവന്റെ/അവളുടെ കുട്ടിക്കാലത്ത് സ്ഥലകാലസാഹചര്യങ്ങളിലൂടെ പഠിക്കുന്ന ഭാഷയാണ് ആ വ്യക്തിയുടെ "ഉപയോഗഭാഷ" അഥവാ "ആദ്യഭാഷ" (ഫസ്റ്റ് ലാംഗ്വേജ്), എന്നാൽ ആ വ്യക്തിയുടെ "മാതൃഭാഷ" എന്നത് ജനിതകമായി/പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്.(കടപ്പാട്).

എനിക്ക് തോന്നിയിട്ടുള്ളത് നാം സംസാരിക്കുമ്പോള്‍ അല്ലാതെ നമ്മുടെ ആത്മഗതങ്ങള്‍, ചിന്തകള്‍, വിചാരങ്ങള്‍ തുടങ്ങിയവ എപ്പോഴും മാതൃഭാഷയില്‍ ആയിരിക്കും. അഥവാ, സ്വകാര്യമായ ചിന്തകളുടെ ഭാഷയാണ്‌ മാതൃഭാഷ.

വാളയാര്‍ ചെക്ക് പോസ്റ്റ്‌ താണ്ടിയാല്‍ പിന്നെ മലയാളം മറന്നു പോകുന്ന ആധുനിക മലയാളിയുടെ വര്‍ത്തമാന കാല ചിന്താഗതി മാറേണ്ടിയിരിക്കുന്നു. തൊട്ടടുത്തുള്ള തമിഴനെ കണ്ടു പഠിക്കേണ്ട കാര്യമാണത്. എത്ര തലമുറ സംസ്ഥാനത്തിനോ രാജ്യത്തിനോ ഭൂഖണ്ടത്തിനോ പുറത്തു പോയാലും അവനന്‍റെ കുഞ്ഞുങ്ങളെ വീട്ടില്‍ മാതൃഭാഷ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നു.

കാലക്രമേണ നശിച്ചു മാഞ്ഞു പോകേണ്ട ഒന്നല്ല നമ്മുടെ മാതൃഭാഷ, മറിച്ചു നാം പോകുന്ന സ്ഥലങ്ങളിലെല്ലാം വിത്ത് വിതച്ചു വളര്‍ത്തേണ്ടതാണ് മാതൃഭാഷ.

ലോകത്തുള്ള എല്ലാ ഭാഷക്കാര്‍ക്കും എന്‍റെ മാതൃഭാഷാ ദിനാശംസകള്‍.

Wednesday, January 2, 2013

GOSSIP

GOSSIP എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സിനിമാ ക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിക്കെണ്ടാ, ഓരോ ലെവലിലും ഓരോ പേരില്‍ അറിയപ്പെടുന്നു എന്ന വ്യത്യാസമൊഴിച്ചാല്‍ 'കൊതിയും നുണയും' എന്ന വാക്കില്‍ പൊതുവേ പറയപ്പെടുന്ന അടുക്കള പെണ്ണുങ്ങളുടെ പരദൂഷണവും ഓഫീസില്‍ ബോസ്സിനെയും സഹപ്രവര്‍ത്തകരെയും കുറിച്ച് പറയുന്ന 'പാര'കളും സുഹൃത്തുക്കളുടെ അസാന്നിധ്യത്തില്‍ അവരെക്കുറിച്ച് പറയുന്ന ഏഷണിയും ഗോസ്സിപ്പിന്‍റെ വിവിധ വകഭേദങ്ങളാണ്. മിക്കവാറും ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നവരെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ഒന്നുകില്‍ അവര്‍ക്ക് കഴിയാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴോ അല്ലെങ്കില്‍ ഒരേ കാര്യം  അവരെക്കാള്‍ നന്നായി വേറൊരാള്‍ ചെയ്യുമ്പോഴോ ആയിരിക്കും ഇത്തരത്തില്‍ ഗോസിപ്പുകള്‍ പറഞ്ഞുണ്ടാക്കുന്നത്.

കാലം പുരോഗമിച്ചതിനു ആനുപാതികമായി ഗോസ്സിപ്പുകളുടെ നിര്‍മ്മാണവും സംവിധാനവും വിതരണവും എല്ലാം പുതിയ മാനങ്ങള്‍ തേടിയിട്ടുണ്ട്. പണ്ട് കാതോടു കാതോരം പറഞ്ഞിരുന്ന രീതിക്കൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്.  എതിരാളിയായ നടനു നേരെ യുള്ള വാക്പ്രയോഗങ്ങള്‍ തമിഴ് സിനിമകളില്‍ ഡയലോഗായി എഴുതപ്പെടുമ്പോള്‍ മകളെ നഷ്ടപ്പെട്ട വേദന മനസ്സില്‍ നിന്ന് മായും മുന്‍പേ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്ര ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്നുള്ള പോസ്റ്റുകള്‍ ഇട്ടു ഫേസ് ബുക്കില്‍ കൂടി ഗോസിപ്പുകള്‍ എഴുതി ചില മാന്യന്മാര്‍.

അസൂയയും പകയും ലാഭേച്ഛയും ഗോസ്സിപ്പുകള്‍ക്ക് കാരണമാകുന്നു. സന്നിഹിതനല്ലാത്ത വ്യക്തിയുടെ കുറ്റങ്ങള്‍ പറയുന്നത് ഒരിക്കലും നല്ലതല്ലാത്ത ഒന്നാണ്. എന്തെങ്കിലും പരാതികള്‍ ആരെയെങ്കിലും കുറിച്ച് തോന്നിയാല്‍, നേരിട്ട് പറയുന്നതാണ് അത്യുത്തമം.

-പനയം ലിജു