Pages

Friday, December 16, 2011

എന്താണ് ക്രിസ്തുമസ്.....?

‎'' കര്‍ത്താവായ ക്രിസ്തു എന്നാ രക്ഷിതാവ്‌ ഇന്ന്....നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു''(ലൂക്കോ.2:11)


വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്‍കുവാനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ക്രിസ്തുമസ്."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം" എന്നു ദൈവപുത്രന്‍റെ ജനനത്തിങ്കല്‍ മാലാഖമാര്‍ പാടിയ സ്തുതിഗീതം കേട്ട് സ്വര്‍ഗ്ഗം സന്തോഷിച്ചു. പക്ഷെ ഇന്ന് ക്രിസ്തുമസിന്‍റെ അര്‍ഥം മാറിപ്പോയ്ക്കൊണ്ടിരിക്കുന്നു. ദൈവപുത്രന്‍റെ തിരുപ്പിറവി ലോകജനത ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷങ്ങളില്ല; അവിടെ ക്രിസ്തുമസ് സല്ക്കാരങ്ങളില്ല. കാരണം ദൈവം ഏറ്റവും അധികം സ്നേഹിച്ച; തന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് മദ്യത്തിന്‍റെ ലഹരിയിലും മയക്കുമരുന്നിന്‍റെ പ്രസരിപ്പിലുമാണ്.

 ഇത് വായിക്കുന്ന പ്രീയ സുഹൃത്തെ, ക്രിസ്തുമസിന്‍റെ യഥാര്‍ത്ഥ അര്‍ഥം എന്തെന്ന് താങ്കള്‍ക്കറിയുമോ? ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കാര്‍ഡ്‌, ക്രിസ്തുമസ് ഫാദര്‍ എന്നിങ്ങനെ നാം കാണുന്ന ആര്‍ഭാടങ്ങളല്ലാതെ ഒരു വലിയ സന്ദേശം ക്രിസ്തുമസിന്‍റെ പിന്നിലുണ്ട്. പാപത്തിന്‍റെ അഗാധ ഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗത്തിന്‍റെ മോചനത്തിനും രക്ഷക്കുമായാണ് ക്രിസ്തു ഭൂമിയില്‍ പിറന്നത്. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്‍റെയോ മാത്രം രക്ഷകനായല്ല ക്രിസ്തു ജനിച്ചത്‌; മറിച്ച്, സര്‍വ്വ ജാതിയുടെയും, വംശത്തിന്‍റെയും ഗോത്രത്തിന്‍റെയും ഭാഷക്കാരുടെയും വീണ്ടെടുപ്പിനും പുതുജീവനുമായാണ് ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജനിച്ചത്‌. അതുകൊണ്ട് ഓരോ മനുഷ്യനിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവന്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ അനുഭവവേദ്യമാകുന്നു എന്ന സത്യം ഈ ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടതാണ്.

ഈ ലോകത്തിനു മുഴുവന്‍ രക്ഷകനായി പിറന്ന കര്‍ത്താവ്‌ ജനിച്ചത്‌ ഒരു മണിമാളികയിലോ രാജകൊട്ടാരത്തിലോ ആയിരുന്നില്ല. ഈ ദൈവപുത്രന് പിറന്നു വീഴാന്‍ ആരോരുമില്ലാത്ത വഴിയോരവും കിടക്കാന്‍ ഗോശാലയിലെ പുല്‍തൊട്ടിലുമാണ് ലഭിച്ചത്. വെളിമ്പ്രദേശത്ത് കിടന്ന ആട്ടിടയന്മാര്‍ക്കായിരുന്നു മാലാഖമാര്‍ ആദ്യം ആ സന്ദേശം പകര്‍ന്നു കൊടുത്തത്‌. ഏതു താഴ്ന്ന അവസ്ഥയില്‍ നാം ആയിരുന്നാലും അവിടേക്ക് ഇറങ്ങിവന്നു നമ്മെ കരുതുവാനും സ്നേഹിപ്പാനും മനസ്സുള്ളവനാണ് ഈ കര്‍ത്താവ്‌ എന്ന വലിയ സന്ദേശമാണ് ക്രിസ്തുമസ് വിളിച്ചറിയിക്കുന്നത്.

പ്രീയ സുഹൃത്തേ താങ്കളുടെയും കൂടി പാപങ്ങള്‍ക്ക്‌ മോചനവും രക്ഷയും നല്‍കുവാനായി പിറന്ന ഈ നല്ല കര്‍ത്താവിനെ താങ്കള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ താങ്കളുടെ ഈ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക്‌ യാതൊരു അര്‍ത്ഥവുമില്ല. ഈ യേശുവിനെകുറിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ ഇനി വൈകേണ്ട. ഈ ക്രിസ്തുമസ് അതിനൊരു അവസരമായി വിനിയോഗിക്കാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!

No comments: