ഓര്‍മ്മയുണ്ടോ ഈ ചിത്രത്തില്‍ കാണുന്ന മഷിപ്പേന? പേന ഉപയോഗിച്ച് എഴുതിത്തുടങ്ങുമ്പോള്‍ കയ്യക്ഷരം നന്നാവാന്‍ മാതാപിതാക്കള്‍ ആദ്യം വാങ്ങിതന്നിരുന്നത് ഈ മഷിപ്പേന ആയിരുന്നു. ചെല്‍ പാര്‍ക്ക്, ബ്രില്‍ തുടങ്ങിയ മഷിക്കുപ്പികളും മഷിപ്പേനയും ഇല്ലാത്ത ഒരു ഓഫീസുകളും ഇല്ലായിരുന്നു. ഒരിക്കലെങ്കിലും ഇതിലെ മഷി ലീക്കായി പോക്കറ്റ് നനയാത്ത ആരും തന്നെയുണ്ടാവില്ല. പത്ത് പൈസയ്ക്ക് മഷി വില്‍പ്പന സ്കൂള്‍ പരിസരത്തെ കടകളില്‍ സുലഭമായ കാഴ്ചയായിരുന്നു. പരീക്ഷാകാലങ്ങളില്‍ രണ്ടോ മൂന്നോ പേന നിറയെ മഷിയുമായി പോയിരുന്ന ആ കാലം.... ഒടുവില്‍ പരീക്ഷ അവസാനിക്കുന്ന ദിവസം പരസ്പരം മഷി കുടയുന്നതില്‍ കാണിച്ചിരുന്ന മത്സര ബുദ്ധി. അതിന്‍റെ ഭാഗമായുണ്ടായ വഴക്കുകള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹോളി വലിയ ആഘോഷമല്ല. ഹോളിയുടെ കളര്‍ ഉത്സവം അന്ന് നമ്മള്‍ കൊണ്ടാടിയിരുന്നത് ഈ മഷി കുടയലില്‍ ആയിരുന്നില്ലേ?
കവികളും, സാഹിത്യകാരും, തിരക്കഥാകൃത്തുക്കളും ഉറ്റ തോഴനായി കൊണ്ട് നടന്നിരുന്ന മഷിപ്പേന.കാലക്രമേണ ബോള്‍ പേനയുടെ കടന്നുവരവോടെ അതിലേക്ക് കൂടുതല്‍ ആകൃഷ്ടരായ നമ്മള്‍ എപ്പോഴോ മനപ്പൂര്‍വ്വം ഈ മഷിപേനയെ മറക്കാന്‍ നിര്‍ബന്ധിതരായി. കനമുള്ള വരികളില്‍ വലിയ അക്ഷരത്തില്‍ മഷിപ്പേന കൊണ്ടെഴുതിയിരുന്ന നാം 0.5 mm ന്‍റെ ആരാധകരായി മാറി.
ഇപ്പോള്‍, ഇ - തൂലികയുടെ കാലമായപ്പോള്‍ പേനയുപയോഗിച്ചു പേപ്പറില്‍ എഴുതുന്നത് തന്നെ വിരളമായി.(ഇതെഴുതുന്ന ഞാന്‍ പോലും).
എന്നാലും, എവിടെയെങ്കിലും ഇപ്പോഴും മഷിപ്പേനയും മഷിക്കുപ്പിയും ഫില്ലറും ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു തന്നെ പ്രതീക്ഷിക്കാം.
-പനയം ലിജു.
1 comment:
ഈ പേനകൾ ഇന്ന് ഓർമകൾ നാളെ ചരിത്രവും
Post a Comment