Pages

Monday, April 15, 2013

കൈക്കൂലി

കഴിഞ്ഞ മാസം ഒരു  ഹ്രസ്വ അവധിയ്ക്ക് നാട്ടില്‍ പോയ എന്നോട് എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോള്‍   "എന്തെങ്കിലും തന്നിട്ട് പോ" എന്ന്‍ വളരെ ലളിതവും ലാഘവത്തോടെയുമുള്ള സെക്യൂരിറ്റിയുടെ  ചോദ്യത്തിനു  "ഒന്നുമില്ല" എന്ന്‍ മറുപടി കൊടുത്ത് പുറത്തേക്കു വന്നപ്പോള്‍ അതിലൊരു ലേഖനത്തിനുള്ള സാധ്യത ഞാന്‍ ശ്രദ്ധിച്ചില്ല.
എന്നാല്‍, ആശുപത്രി ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവൃത്തികളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന ചിന്ത കുറെ ദിവസങ്ങളായി മനസ്സില്‍ കിടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സേലത്ത് നടന്ന സംഭവം ശ്രദ്ധയില്‍പെട്ടത്.
പ്രസവവേദനയുമായി  ആശുപത്രിയില്‍ വന്ന സ്ത്രീയോട് 1000രൂപ കൈക്കൂലി ചോദിച്ചത് കൊടുക്കാതിരുന്നതിനാല്‍ അഡ്മിറ്റ്‌ ചെയ്യാതെ ഇറക്കിവിട്ട സ്ത്രീ ബസ്‌ സ്റ്റാന്‍ഡില്‍ പ്രസവിക്കേണ്ട സാഹചര്യം ഉണ്ടായത്‌ എത്ര സങ്കടകരമായ അവസ്ഥയാണ്? അതും ഒരു സ്ത്രീ ആയ നഴ്സ്. സ്വന്തം സഹജീവികളുടെ നിസ്സഹായതയെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരം വൈകൃത സ്വഭാവത്തെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക്‌ നിയമ വ്യവസ്ഥകളില്ലേ?
മുംബൈയിലെ പോലീസുകാര്‍ ഒരു ബീഡി പോലും കൈക്കൂലിയായി ചോദിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച എന്‍റെ ഒരു സുഹൃത്തിന്‍റെ കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയപ്പോള്‍ സന്ദര്‍ശനത്തിനു പോയ ഞങ്ങളോട്, അതിന്‍റെ  സാഹചര്യവും അതിന് ഈടാക്കിയ ബില്ലും ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെയും കുറിച്ച് സംസാരിച്ചപ്പോള്‍ നമ്മുടെ ചിന്തകള്‍ക്കതീതമായ പല കാര്യങ്ങള്‍ വലിയ ആശുപത്രികളില്‍ പോലും സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
പ്രസവ ശേഷം കുഞ്ഞിനെ മാറ്റി നല്‍കുന്ന തരത്തില്‍ അശ്രദ്ധയോടെയാണ് പല ജീവനക്കാരുടെയും പ്രവൃത്തികള്‍.
പ്രസവിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഇത്തരം കൈമാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. കയ്യില്‍ ലഭിക്കുന്ന കുഞ്ഞാണ് തങ്ങളുടെ കുഞ്ഞെന്ന വിശ്വാസത്തില്‍ അതിനെ സ്വീകരിക്കാനെ നിവൃത്തിയുള്ളൂ.
10 രൂപാ മുതല്‍ കോടിക്കണക്കിനു ഡോളറുകള്‍ വരെ ഇന്ന് കൈക്കൂലി ഇനത്തില്‍ വാങ്ങുന്നുണ്ട്. വലിയ ഇടപാടുകള്‍ക്ക് 'കോഴ' എന്നോ 'ഹവാല' എന്നോ രാജകീയ പ്രൌഡിയുള്ള ഒരു പേര് നല്‍കിയാലും അതു വാങ്ങുന്ന വന്‍കിട രാഷ്ട്രീയക്കാരനും 100 രൂപാ കൈക്കൂലി വാങ്ങുന്ന ചെറുകിട ജീവനക്കാരനും  എന്താണ് വ്യത്യാസം?
ഒരു ഗവണ്മെന്‍റ് കാര്യാലയത്തില്‍ പോയാല്‍ എന്ത് ആവശ്യത്തിനും അപേക്ഷാ ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ മുതല്‍ ഏജന്‍സികളാണ്. പത്ത് മിനിറ്റ്‌ ചെലവാക്കിയാല്‍ സ്വന്തമായി ചെയ്യാവുന്ന കാര്യമേ ഉള്ളു എങ്കിലും അതിനും പൈസ കൊടുത്ത് ചെയ്യിക്കാന്‍ തയ്യാറാവുന്ന നമ്മളും ഒരര്‍ത്ഥത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കയല്ലേ ചെയ്യുന്നത്? കൈക്കൂലി കൊടുക്കാന്‍ കഴിയാതെ പ്രതീക്ഷകള്‍ നശിച്ചു ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ എത്ര കുടുംബങ്ങള്‍ നമ്മുടെ മുന്നിലുണ്ട്?
ഏറ്റവും വലിയ ജനാധിപത്യ രാജ്യവും പര്യാപ്തമായൊരു ലിഖിത ഭരണ ഘടനയുമുള്ള ഇന്ത്യയില്‍ സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ പഴുതുകള്‍ ഉണ്ടാവുന്നത് ലജ്ജാവഹം എന്നല്ലാതെ എന്താണ് പറയാന്‍ കഴിയുക?
വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ആഗ്രഹം മാത്രം പോരാ, ഇത്തരം ചെറിയ കുറ്റകൃത്യങ്ങളില്‍ നിന്ന് വിമോചനം നേടാനും അതിലൂടെ അനേകര്‍ക്കുണ്ടാവുന്ന ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും കഴിയണം.
-പനയം ലിജു

4 comments:

sherly Anto said...

engane ithine neridum...nammal kure peru chindhichal enthenkilum nadakkumo....?

പനയം ലിജു said...

ശിക്ഷാ നടപടികൾ കർശ്ശനമാക്കുക തന്നെ ഒരേ ഒരു പോംവഴി.

ഷാജു അത്താണിക്കല്‍ said...

നിയമ പോര നിയമാളന്മാരും വേണം ,നല്ലവർ

പനയം ലിജു said...

Athre shaju...u r right.