സൗഹൃദം എന്ന് കേള്‍ക്കുമ്പോള്‍ ഒന്നിച്ചു പഠിച്ചവരും, കളിച്ചവരും സഹപ്രവര്‍ത്തകരും ഒക്കെ ആയിരുന്നു പണ്ടൊക്കെ. പക്ഷെ, ഇന്ന്‍ മുഖപുസ്തകത്തിലെ ഫ്രണ്ട്സ് ലിസ്റ്റിന്‍റെ വ്യാപ്തം നോക്കിയാണ് ഓരോരുത്തര്‍ സുഹൃത്തിനെ വിലയിരുത്തുന്നത്. അല്പം മുന്‍പ് കണ്ട വീഡിയോയും ചില സമീപ കാല കാഴ്ച്ചകളുമാണ് ഈ കുറിപ്പിനുള്ള പ്രചോദനം. ഒരു ഫോണ്‍ കാളിനെക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനും അറിയിക്കാനും ഇന്ന്‍ മുഖപുസ്തകം ഉപയോഗിച്ച് തുടങ്ങിയതോടെ കാര്യങ്ങള്‍ക്കെല്ലാം വേഗതയും ആയി. കള്ളം പറയാന്‍ കഴിയില്ലെന്ന ഒരു വലിയ ഗുണവും ഇതിനുണ്ട് എന്നത് നിഷേധിക്കാനാവില്ല. കാരണം, ഒരു ഫോണ്‍ ചെയ്‌താല്‍ മറുതലയ്ക്കലെ ആളിന് സംസാരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് എടുക്കാതിരിക്കാം. കത്തെഴുതിയാല്‍ കിട്ടിയില്ലെന്നു കള്ളം പറയാം. ഇ മയില്‍ അയച്ചാല്‍ സമയക്കുറവിനാല്‍ നോക്കിയില്ലെന്ന് പറയാം; പക്ഷെ, മുഖപുസ്തകത്തില്‍ ഒരു മെസ്സേജ് അയച്ചത് വായിച്ചിട്ട് കണ്ടില്ലെന്നോ കേട്ടില്ലെന്നോ അറിഞ്ഞില്ലെന്നോ പറയാന്‍ കഴിയില്ല. വായിച്ചാലുടന്‍ ഇങ്ങേ തലയ്ക്കല്‍ ഒരു ടിക്ക് മാര്‍ക്കോടെ സീന്‍ എന്നൊരു ചെറിയ എഴുത്തും ഒപ്പം സമയവും വരെ കാണിക്കും.
ആദ്യകാലങ്ങളില്‍ പത്ത് സുഹൃത്തുക്കളെ ചേര്‍ക്കാനുള്ള ആഗ്രഹവും ക്രമേണ അതിന്‍റെ എണ്ണം കൂട്ടാനുള്ള തിടുക്കവും പിന്നെ നാല് പേരറിയുന്ന ആളുകളോടുള്ള ചങ്ങാത്തം കാണിക്കാന്‍ കുറച്ചു സെലിബ്രിടീസിനെ ചേര്‍ക്കാനും ആവും ലക്‌ഷ്യം. പിന്നെ പതുക്കെ ഒരു ഗ്ലാസ് വെള്ളം കുടിച്ചത് മുതല്‍ പട്ടിണിയാണെങ്കില്‍ അതും സ്റ്റാറ്റസില്‍ എഴുതിയിട്ട് ജീവിതത്തിന്‍റെ സ്വകാര്യതയും കൂടി പരസ്യമാക്കും.
ഇതെല്ലാം മുഷിപ്പായി തോന്നി തുടങ്ങുമ്പോള്‍ തമ്മില്‍ കണ്ടിട്ടില്ലാത്തതും ഒരിക്കലെങ്കിലും കാണുമെന്ന് ഒരു ഉറപ്പും ഇല്ലാത്തവരുമായവരോട് ചങ്ങാത്തം കൂടാന്‍ അഥവാ ആഗോള സൗഹൃദം സ്ഥാപിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് മുഖപുസ്തക ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകളില്‍ സജീവമാകുന്നതോടെ വ്യത്യസ്ത കഴിവുകളും അഭിരുചികളും ഇഷ്ടങ്ങളും ഉള്ള ഒരു വന്‍ സൌഹൃദ വലയം ലഭിക്കും. ഓരോ ഗ്രൂപ്പിനും അതിന്‍റെതായ ലക്ഷ്യങ്ങളും പ്രവര്‍ത്തനോദ്ദേശ്യവും ഉണ്ട്. അതില്‍ മുറുകെ പിടിച്ചു പോകവേ ഗ്രൂപ്പ് വളരുകയും അംഗ സംഖ്യ കൂടുകയും ചെയ്യുന്തോറും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങള്‍ .ഉണ്ടാവുകയും ഗ്രൂപ്പുകള്‍ പിളരുകയും ചെയ്യും.
സൌഹൃദത്തിന്‍റെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയ ബന്ധങ്ങള്‍ വിഭജിച്ച് ശത്രുതയിലേക്ക് നീങ്ങുന്നു. ഇവിടെ സൗഹൃദം മരണപ്പെടുന്നു. എന്താണീ സൗഹൃദവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനവും കൊണ്ട് ലക്ഷ്യമാക്കുന്നത്? പരസ്പരം സഹകരിച്ചു പോകാന്‍ സന്മനസ്സില്ലാത്തവര്‍ എങ്ങനെയാണ് സാമൂഹ്യ സേവനം ചെയ്യുന്നത്? മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന സ്വാര്‍ഥത, അധികാര മോഹം, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള വാക്കുകള്‍ പണ്ട് രാഷ്ട്രീയത്തില്‍ മാത്രം ഉപയോഗിച്ചിരുന്നവയാണ്.
പീഡനക്കേസില്‍ പിടിക്കപ്പെട്ടവനെ എന്ത് ചെയ്യണം എന്നു തുടങ്ങി, പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പോലും മുഖപുസ്തകം ഉപയോഗിക്കുന്ന കാലം.
നാല് സ്ഥാനാര്‍ഥികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ആളിനെ അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ല.
-പനയം ലിജു
3 comments:
അതെ കൂടുതല്‍ ലൈക് തന്നെയാണ് കാര്യം..കാലം വഴിമാറുകയാണ്
very gud....Mukhapusthakathinte Mukham....interesting....
Well said Liju..
Post a Comment