റിയാലിറ്റി ഷോകളുടെ
കാലമാണിത്. സംഗീതത്തില്‍ തുടങ്ങി, നൃത്തത്തിലൂടെ ഹാസ്യത്തിലും അഭിനയത്തിലും നടത്തിയ
റിയാലിറ്റി ഷോകള്‍ കണ്ടു മടുത്ത ജനങ്ങള്‍ക്ക് വ്യത്യസ്തത നല്‍കാന്‍ ഒരു പ്രമുഖ
മലയാളം ചാനല്‍ നടത്തി വരുന്ന നവ റിയാലിറ്റി ഷോയുടെ വാര്‍ത്തകളാണ് സോഷ്യല്‍ നെറ്റ്
വര്‍ക്കില്‍ മുഴുവന്‍. റിയല്‍ റിയാലിറ്റി എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശം
പറയുന്ന ഈ റിയാലിറ്റി ഷോയെ കുറിച്ച് നല്ലതായി ഒരു വാക്ക് പോലും ഇതുവരെ കേള്‍ക്കാത്ത
സാഹചര്യത്തില്‍ എന്താണിതെന്ന് അറിയാന്‍ ഈയുള്ളവനും ഒരു ആകാംക്ഷ തോന്നി.
എന്തെങ്കിലും നല്ലതോ മോശമോ എഴുതുന്നതിനു മുന്‍പേ ഇതെന്താണെന്നു അറിയണമല്ലോ !
അതിലേക്ക് കടക്കും മുന്‍പേ
ഹാസ്യ റിയാലിറ്റി ഷോ എന്ന പേരും ജനങ്ങളെ കരയിക്കുന്ന (ഇത് കാണേണ്ടി വന്നല്ലോ
എന്നോര്‍ത്ത്) ചില ഷോകള്‍ അസഹനീയമായി മാറിയിരിക്കുന്ന കാര്യം പറയാതെ വയ്യ.
അടുത്തിടെ സിംഗപ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ അതിഥിയായി വന്ന ഒരു ഹാസ്യതാരം
മുന്‍കൂര്‍ ജാമ്യമായി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. റിയാലിറ്റി ഷോകളിലൂടെ
ദിവസേന ഹാസ്യം കാണാന്‍ തുടങ്ങിയ ജനങ്ങളോട് ആവര്‍ത്തന വിരസത തോന്നിയാല്‍ ക്ഷമിക്കണേ
എന്ന ആമുഖത്തോടെയാണ് അദ്ദേഹം പരിപാടിയിലേക്ക് പ്രവേശിച്ചത്. വിഷയങ്ങളുടെ അപര്യാപ്തത
ഇത്തരം പരിപാടികളില്‍ പ്രകടമാണ്. പിന്നെ ഇതിന്‍റെ ന്യായവിധിയെ കുറിച്ച്
പറയാതിരിക്കുകയാണ് ഭേദം. ഒരു കോമഡി സ്കിറ്റ് അവതരിപ്പിച്ചതിന്‍റെ വിശകലനം കേട്ടാല്‍
കവല പ്രസംഗം ചെയ്യുന്ന തീവ്രതയാണ്. അതൊരെണ്ണം സഹിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ തന്നെ
വേറെയും സമാനമായ ഷോകള്‍ അതെ ചാനലില്‍. ജഡ്ജസിന്‍റെ രൂപവും വേഷവും കണ്ടാല്‍ പണ്ട്
ഷോ കേസില്‍ വച്ചിരുന്ന കണ്ണും വായും ചെവിയും പൊത്തിയ പ്രതിമകള്‍ കണ്ട ഓര്‍മ്മയാണ്
വരിക.
ഒടുവില്‍, ഒരു വീടിനുള്ളില്‍
കുറച്ചു പേരെ പുറം ലോക ബന്ധമില്ലാതെ താമസിപ്പിച്ചിട്ട് ബാത്ത് റൂമില്‍ വരെ ഒളി
കാമറ വച്ച് ആ വീട്ടിലെ സകല സംഭവങ്ങളും പുറം ലോകത്തെ കാണിക്കുന്ന ഈ ഷോ കൊണ്ട്
എന്താണ് ചാനലും നിര്‍മാതാവും ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമാവുന്നില്ല. ഈ
പരിപാടി കഴിഞ്ഞു സമ്മാനവും വാങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ എന്താവും
സംഭവിക്കുക എന്നും പറയാനാവില്ല.
ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ
കൊടുത്ത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ അല്ലല്ലോ ഇവരൊക്കെ എന്ന്‍ പറയുന്നവര്‍
മനസ്സിലാക്കേണ്ട കാര്യം, ഈ വ്യക്തികളെ നമ്മള്‍ കണ്ടിരുന്നത് അവരുടെ
കഥാപാത്രങ്ങളിലൂടെയും സ്റ്റേജിലെ പ്രകടനങ്ങളിലൂടെയും മാത്രമാണ്. അവരും സാധാരണ മനുഷ്യരാണ്.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ വളരെ അന്തരമുണ്ട് അവരുടെ വ്യക്തിത്വത്തിന്.
അതില്‍ നല്ലവരും മോശവും ഉണ്ടാവും. സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുന്ന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ സ്വഭാവവും അങ്ങനെയാണെന്നു നമ്മുടെ മിഥ്യാ
ധാരണയാണ്. രഹസ്യങ്ങള്‍ പോലും പറയാന്‍ കഴിയാതെ, ആത്മഗതങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്യപ്പെടുന്ന
ഈ ഷോ അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം നമ്മള്‍
കാണുന്നു എന്ന്‍ മാത്രം.
പിന്നെ, നയന്‍ താര തമിഴ്
സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്ന് അവളെ കുറ്റം പറയുന്ന മലയാളികള്‍
അവളുടെ പടം കാണാന്‍ ഉത്സാഹം കാണിക്കുന്ന പോലെ എന്തൊക്കെ എതിരഭിപ്രായം വന്നാലും
മലയാളി ഹൌസ് കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവും.
-പനയം ലിജു
No comments:
Post a Comment