"സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം..."
അമ്മയെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും മുഖപുസ്തകത്തിൽ അരങ്ങു വാഴുമ്പൊഴും അച്ഛനെ കുറിച്ചെഴുതാൻ ഒരു ആവേശം എന്നും എന്നിൽ ഉണ്ടായിരുന്നു. മുഖപുസ്തക പോസ്റ്റുകളിലൂടെയും കമന്റായും ഒരുപാട് ഞാനത് എഴുതിയിട്ടുമുണ്ട്. അമ്മയുടെ വാത്സല്യത്തിലും കരുത്തായി നിഴലായി അമ്മയ്ക്ക് ധൈര്യമായി നിൽക്കുന്നത് അച്ഛന്റെ കരുതലും പിന്തുണയുമാണ്. മക്കൾക്ക് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാവുന്ന അമ്മയെ കുറിച്ച് വാ തോരാതെ പറയുമ്പോഴും അതേ അമ്മയ്ക്ക് വേണ്ടിയും പലതും ത്യജിക്കാനും ഇഷ്ടങ്ങൾ മറച്ചു വയ്ക്കാനും ശ്രമിക്കുന്ന മൗന സ്നേഹിയായ അച്ഛൻ താരതമ്യേന ആരാലും പ്രശംസിക്കപ്പെടാതെയും കവിതകൾക്ക് ഇതിവൃത്തമാവാതെയും ചിത്രകാരന്റെ ചായം പതിയാതെയും മറഞ്ഞു നിൽക്കുന്നു; ഒരു പരിഭവമോ പരാതിയോ കൂടാതെ.... അമ്മതൻ അമ്മിഞ്ഞ പാലിലും രുചിയ്ക്കുന്ന മധുരമെൻ അച്ഛന്റെ വിയർപ്പിൻ ഉപ്പുനീരിൻ പരിണാമമെന്ന് ഒരു പക്ഷേ അച്ഛനെ എന്നും വില്ലൻ സ്ഥാനത്തും അമ്മയെ മാത്രം സ്നേഹത്തിൻ പര്യായമായും കാണുന്ന മക്കൾക്കറിയുമോ എന്ന് സംശയമാണ്. പിച്ച വച്ചു തുടങ്ങുന്ന നാൾ മുതൽ ഉറക്കാത്ത കാലുകൾക്ക് താങ്ങായി; പിഞ്ചു കരങ്ങൾക്ക് ബലമായി കൂടെ നിൽക്കുന്നത് അച്ഛൻ എന്ന ദൈവീക സ്വരൂപമാണ്. അമ്മയില്ലാതെ മക്കളില്ലെന്ന് പറയുന്ന നാം മനസ്സിലാക്കുന്നില്ല അച്ഛൻ ഇല്ലാതെ അമ്മയ്ക്ക് പൂർണ്ണത ലഭിക്കുന്നില്ലെന്ന സത്യം.
എന്റെ ജീവിതത്തിൽ എനിക്കെന്നും പ്രചോദനവും ഉത്തേജനവും ആയത് എന്റെ അച്ഛനാണ്. എന്റെ ആദ്യ ഗുരു...എന്റെ റോൾ മോഡൽ....കാതങ്ങൾ അകലെ കയ്യും കാലും എത്താത്ത ദേശത്ത് ആയിരിക്കുമ്പോഴും എന്നുമെൻ നെഞ്ചിൽ സ്നേഹം നിറയുന്നത് എന്റെ അച്ഛന്റെ മകനായി പിറക്കാൻ ലഭിച്ച ഭാഗ്യം മാത്രം. എന്തെങ്കിലും കഴിവുകളോ ഗുണങ്ങളോ എന്നിലുണ്ടെങ്കിൽ അതിന്റെയെല്ലാം സ്രോതസ് എന്റെ അച്ഛൻ മാത്രം. നെഞ്ചു പൊട്ടുന്ന വേദനയിലും ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി ചിരിക്കാനും എനിക്ക് കഴിഞ്ഞത് അച്ഛന്റെ മനസ്സറിയാൻ സാധിച്ചതു കൊണ്ട് മാത്രമാണ്. എന്നും ആർക്കു വേണ്ടിയും എല്ലാം വിട്ടു കൊടുക്കാനും ആരുടെയും ആവശ്യങ്ങൾക്ക് മുൻപിൽ 'ഇല്ല' എന്ന് പറയാതിരിക്കാനും ഞാൻ പഠിച്ചതും സഹോദരസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ ഞാൻ ശ്രമിക്കുന്നതിനും പിന്നിൽ ഒരേ ഒരാൾ മാത്രം... എന്റെ അച്ഛൻ.... എന്റെ അച്ഛനു ആയുരാരോഗ്യ സൗഖ്യം എന്നും ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ നിർത്തട്ടെ...ഒപ്പം എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു അച്ഛനാവാൻ എനിക്കും കഴിയണമേ എന്നുള്ള ആഗ്രഹവും...!
My Best Teacher...
My Inspiration....
My Role model...
My Father....
No comments:
Post a Comment