Pages

Thursday, December 7, 2017

ചില സോഷ്യൽ വിഡ്ഢിത്തങ്ങൾ


കുറേകാലമായി എഴുതണം എന്നാലോചിച്ചിരുന്ന ഒരു വിഷയമാണ്. വിഷയം ഒന്നാണെങ്കിലും പല കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. ഒരു അടിസ്ഥാനവുമില്ലാത്ത ചില വിഡ്ഢിത്തങ്ങൾ സോഷ്യൽ മീഡിയ വഴി വെറുതെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ അത് ഉണ്ടാക്കി വിട്ടവനെക്കാളും ദേഷ്യം കാണുന്ന പാടെ ശരിയാണോന്ന് നോക്കാൻ പോലും തുനിയാതെ അടുത്ത ആൾക്കും ഗ്രൂപ്പിലും തട്ടിവിടുന്നവരോടാണ്. ചില ഉദാഹരണങ്ങൾ മാത്രം വിശദമാക്കാം.
1. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി നവംബർ ഡിസംബർ മാസങ്ങൾ ആയാൽ മുടങ്ങാതെ വരുന്നൊരു മെസ്സേജാണ്

"അടുത്ത വർഷം ഫെബ്രുവരി അപൂർവ മാസം...

4ഞായറാഴ്ച ,  4തിങ്കളാഴ്ച ,  4ചൊവ്വാഴ്ച , 4ബുധനാഴ്ച ,  4വ്യാഴാഴ്ച ,  4വെള്ളിയാഴ്ച ,  4ശനിയാഴ്ചകൾ.... ഇങ്ങനെ അപൂർവമായി ഇനി സംഭവിക്കാൻ പോകുന്നത് 832 വർഷങ്ങൾക്കു ശേഷം മാത്രമായിരിക്കും.."

ചിലപ്പോ ഇതോടൊപ്പം മണി ബാഗ് ഓഫറും കിട്ടും.

സത്യത്തിൽ ലോകത്തു ആകെ മൊത്തം ടോട്ടൽ കംപ്ലീറ്റ് 14 തരം വർഷങ്ങൾ മാത്രമേയുള്ളു. വ്യക്തമായി മനസിലാവുന്ന പോലെ പറഞ്ഞാൽ, ജനുവരി 1 ഞായർ മുതൽ ശനി വരെ ഏഴ് ദിവസങ്ങളിൽ ഒന്ന് മാത്രമേ വരൂ. അത് എങ്ങനൊക്കെ മാറിയാലും എട്ടാമതൊരു ദിവസം തുടങ്ങാൻ പറ്റില്ല. ഇതേ ഞായർ മുതൽ ശനി വരെ ജനുവരി ഒന്നാം തീയതി മാറി വരുന്നത് അധിവർഷവും വരും. അങ്ങനെ സാധാ വർഷങ്ങളും അധിവർഷങ്ങളും തുടങ്ങുന്ന ദിനം ഞായർ മുതൽ ശനി വരെ മാറി വരുന്ന പ്രകാരം 14 തരം വർഷങ്ങൾ മാത്രമേ നിലവിൽ വരൂ. അത് തന്നെയാണ്  7 മുതൽ 14 വർഷങ്ങൾക്കുള്ളിൽ ആവർത്തിച്ചു വരുന്നത്. അല്ലാതെ 832 വർഷങ്ങൾക്ക് ശേഷം വരുന്നത് ഒന്നും തന്നെയില്ല.

ഇതോടനുബന്ധമായി പറയാവുന്ന മറ്റൊന്നാണ് 12 മാസത്തിന്റെയും ഒന്നാം തീയതി ഒരേ ദിവസമായി വരുമെന്ന് പറഞ്ഞുള്ള അടുത്ത തട്ടിപ്പ്. ഭൂമി തിരിച്ചു വച്ചാൽ പോലും നടക്കാത്ത കാര്യമാണത്.
2. ഒരു വീഡിയോയിൽ കുറെ നമ്പറുകളോ ചീട്ടുകളോ കാണിച്ചിട്ട് ഒരെണ്ണം മനസ്സിൽ വിചാരിക്കാൻ പറയുന്നു. അടുത്ത സ്ലൈഡിൽ, വിചാരിച്ച നമ്പർ അപ്രത്യക്ഷമാവുന്നു. ഇതും കാണുമ്പൊൾ അത്ഭുതപ്പെട്ടു കണ്ണും തള്ളി അടുത്തയാൾക്ക് തട്ടിവിടും. ശരിക്കും എന്താണവിടെ സംഭവിക്കുന്നത് ? അതിൽ എന്തേലും മാജിക്കുണ്ടോ ? ഒരു ചുക്കുമില്ല. സംശയം ഉണ്ടെങ്കിൽ ഇനി ആ വീഡിയോ കാണുമ്പൊൾ ശ്രദ്ധിക്കാവുന്നതാണ്. ആദ്യം കാണിച്ച നമ്പറുകൾ / ചീട്ടുകൾ ഒരു സ്ക്രീൻ ഷോട്ട് എടുത്തുവച്ചിട്ട് ഒരു നമ്പർ മായ്ച്ച ശേഷമുള്ള സ്ക്രീൻ ഷോട്ടും എടുത്തിട്ട് താരതമ്യപ്പെടുത്തൂ. ആദ്യം കാണിച്ച നമ്പറുകൾ / ചീട്ടുകൾ ഒന്നുപോലും രണ്ടാമത്തേതിൽ ഉണ്ടാവില്ല. അതായത് നമ്മൾ എന്തു വിചാരിച്ചാലും, അത് അപ്രത്യക്ഷമായി എന്ന് കാണിച്ചു പറ്റിക്കുവാണ്.  അല്ലാതെ മാജിക്കല്ല. നമ്മൾ വിചാരിച്ച ഒരു നമ്പർ മാത്രം മാറ്റിയിട്ട് ബാക്കിയുള്ളത് അങ്ങനെ തന്നെ കാണിച്ചാലാണ് അത് മാജിക് ആവുന്നത്.
3. "ഇന്ന് നിങ്ങളുടെ വയസ്സും ജനിച്ച വർഷവും കൂട്ടിയാൽ 2017 കിട്ടും. 1000 വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നതാണ്"
പൊട്ടത്തരം എന്നല്ലാതെ എന്താണിതിന് പറയുക ? വയസ്സ് എന്നതിന്റെ നിർവചനം തന്നെ ഇപ്പോഴത്തെ വർഷവും ജനിച്ച വർഷവും തമ്മിലുള്ള വ്യത്യാസമാണ്. അത് ആയിരം വർഷത്തിലൊരിക്കൽ മാത്രമല്ല.
4. ഇനിയൊരു പാട്ടാണ്. അർത്ഥമറിയാതെ അസ്ഥാനത്തു പോസ്റ്റ് ചെയ്യാൻ വിധിക്കപ്പെട്ടൊരു പാട്ട്.
"ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ട് മൂളി വെയിൽ വീഴവേ

പതിയെ പറന്നെൻ അരികിൽ വരും

അഴകിന്റെ തൂവലാണ് നീ "

ഈ പാട്ട് പോസ്റ്റ് ചെയ്തു കണ്ടതുമുഴുവൻ ശുഭരാത്രി പറയാനാണ്. എന്നാൽ,

വിടവാങ്ങിപോകുന്ന രാത്രിയും പാട്ട് മൂളി വെയിൽ വീഴുന്നതും വർണിക്കുന്നത് പ്രഭാതത്തെയാണ്. 'രാത്രി' എന്നൊരു വാക്ക് അതിൽ വന്നതുകൊണ്ട് ശുഭരാത്രി പറയാനുള്ളതാണെന്ന് തെറ്റിദ്ധരിക്കരുത്.

5. മെസ്സേജ് മൂന്ന് ഗ്രൂപ്പിൽ ഷെയർ ചെയ്താൽ ടോമിച്ചൻ മുളകുപാടം റീചാർജ് ചെയ്തു തരും : പിന്നെ അങ്ങേർക്ക് തലയിൽ കൂടി വണ്ടി ഓടുന്നു...

6. ഓരോ ഷെയറിനും ഒരു സെന്റ് വീതം whatsapp കൊടുക്കും. ഷെയർ ചെയ്ത് ഈ കുട്ടിയെ രക്ഷിക്കൂ : whatsapp ഉം ഫെയ്‌സ്ബുക്കും ഇങ്ങനെ ഒരു നയാപൈസ പോലും ആർക്കും കൊടുക്കില്ല.

7."മൂന്നു ഗ്രൂപ്പിൽ ഷെയർ ചെയ്താൽ ബാറ്ററി ഫുൾ ചാർജ് ആവും. ചെയ്തു നോക്കൂ.. ഞാൻ ഷോക്ക് ആയി" അതെ ഷോക്ക് ആവും... പൊട്ടത്തരം ചെയ്തല്ലോ എന്നോർത്ത്. മെസ്സേജ് വഴിയല്ലേ ചാർജ് വരുന്നത്.

8."സിംഗപ്പൂർ ടീവി എന്തോ അനൗൺസ് ചെയ്തു, അതുകൊണ്ട് മൂന്ന് മുതൽ 12 വരെ ഫോൺ ഓഫ് ചെയ്തുവയ്ക്കണം. ഇല്ലെങ്കിൽ ആൽഫ ബീറ്റ ഗാമ രശ്മികൾ കുടുംബ സമേതം വന്ന് കരിച്ചു കളയും" സിംഗപ്പൂരിൽ ജീവിക്കുന്ന ഞാനിതുവരെ അങ്ങനൊരു ടിവിയും വാർത്തയും കണ്ടിട്ടില്ല.


ഇനിയും ഏറെയുണ്ട് ഇപ്രകാരം അശ്രദ്ധ കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന, സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ് പോസ്റ്റുകൾ. ഇതൊക്കെ കാണുമ്പൊൾ കണ്ണും പൂട്ടി 100 പേർക്ക് ഷെയർ ചെയ്യാതെ ഇതിൽ എന്തേലും സത്യമുണ്ടോ എന്ന് നോക്കാനും കൂടി ശ്രമിക്കുക. വായിച്ചു നോക്കാനൊന്നും സമയമില്ല എന്നാണ് മറുപടിയെങ്കിൽ, ദയവായി ഷെയർ ചെയ്യാതിരിക്കുക.

- പനയം ലിജു 

Tuesday, October 31, 2017

വെയിൽ കൊള്ളാത്ത ബാല്യങ്ങളെ വെയ്ൽ കൊല്ലുമ്പോൾ

ആത്മഹത്യാ പ്രവണത കുരുന്നുകളിൽ വളരെ കൂടുതലായി വന്നിരിക്കുന്നുവെന്ന്  സമീപകാല സംഭവങ്ങൾ നമുക്ക് കാട്ടിത്തന്നു.  മരണത്തെ ഭയമില്ലാത്ത ഒരു തലമുറയായി മാറുന്നു പുതിയ തലമുറ. പണ്ടൊക്കെ മരണം എന്ന് കേട്ടാൽ ഭയന്നിരുന്ന അവസ്ഥയിൽ നിന്ന് ലാഘവത്തോടെ മരണത്തെ കാണുകയും സ്വയം അതിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന വേദനാജനകമായ കാഴ്ച്ചകൾ. കുടുംബ കലഹമോ കടബാധ്യതയോ ബിസിനസ് തകർച്ചയോ ഒക്കെ കാരണങ്ങളായിരുന്ന ആത്മഹത്യകൾ ഇന്ന് പരീക്ഷയ്ക്ക് തോൽക്കുന്നതിനും അച്ഛനോ അമ്മയോ അടിക്കുന്നതിനും അധ്യാപകർ ഉപദേശിക്കുന്നതിനും കൂട്ടുകാരുമായി ഉണ്ടാവുന്ന നിസ്സാര പന്തയം തോൽക്കുന്നതിനും വരെ ആയിക്കഴിഞ്ഞു.  ടിവിയിൽ വരുന്ന സിനിമകളിലും സീരിയലുകളിലും കാണുന്ന കാഴ്ചകൾ, ഡയലോഗുകൾ ഒക്കെ അവരെ സ്വാധീനിക്കുന്നു.  അവർ കളിക്കുന്ന വീഡിയോ ഗെയിമുകളിൽ അധികവും വെടിവയ്പ്പും കത്തിക്കുത്തും സ്രാവ് വിഴുങ്ങുന്നതും പോലെയുള്ള കളികളാണ്. രക്തം ചൊരിയുന്നത് കാണാൻ അവർക്ക് ഹരമാണ്. സാഡിസ്റ്റ് മനോഭാവത്തിലേക്ക് വളരുന്ന തലമുറ, വേദന കാണുന്നതും സ്വയം വേദനിക്കുന്നതും അവർക്ക് പേടിയില്ലാതായി. Blue whale പോലെയുള്ള  കളികളുടെയും സ്വഭാവം ഇപ്രകാരം  സാഡിസത്തിലേക്കു അവരെ കൊണ്ടെത്തിക്കുന്നതാണ്  

നീല തിമിംഗലത്തിന്റെ വായിൽ അകപ്പെട്ട് അകാലത്തിൽ പൊലിഞ്ഞു പോയ ബാല്യങ്ങളുടെ എണ്ണം അവിശ്വസനീയമായി കൂടുന്നു. അതിൽ ഭാരതത്തിലെ കുട്ടികൾ കൂടി ഉൾപ്പെടുന്നു എന്നു കേട്ടപ്പോൾ മറ്റു രാജ്യങ്ങളിലെ കുട്ടികൾ കൊല്ലപ്പെട്ട വാർത്ത വായിച്ചതിനേക്കാൾ ഭീതി അല്പം കൂടി. റഷ്യൻ ആയാലും മലയാളി ആയാലും കുട്ടികളുടെ ജീവൻ വിലപ്പെട്ടത് തന്നെയാണ്.  പക്ഷെ, വെയ്ൽ ലക്ഷ്യമിടുന്ന പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കൾ വാർത്തകൾ കേട്ടു നടുങ്ങുന്നുണ്ടെങ്കിലും സ്വന്തം കുട്ടികൾ തിമിംഗലത്തിനു ഇരയാവില്ല എന്നൊരു അമിത വിശ്വാസം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, കുട്ടികളെ ശ്രദ്ധിക്കുന്നതിലും അവരുടെ സ്വകാര്യ സമയങ്ങൾ നിരീക്ഷിക്കുന്നതിലും പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

ഒപ്പം മാതാപിതാക്കളുടെ സ്വഭാവവും ഇതിലൊരു പ്രധാന ഘടകമാണ്. അച്ഛനും അമ്മയും പിണങ്ങി വഴക്കിടുമ്പോൾ പരസ്പരം പറയുന്ന വാക്കുകൾ, ഞാൻ പോയി ചത്തുകളയും... ഞാൻ ചാവുമ്പോൾ നീ മനസിലാക്കും... എന്നൊക്കെയുള്ള വാക്കുകൾ കുട്ടികളിൽ ആഴത്തിൽ പതിക്കുന്നു എന്നത് മറക്കരുത്. നെഗറ്റീവ് വാക്കുകൾ എപ്പോഴും അപകടമാണ്. ഒരു പോസിറ്റീവ് വാക്ക് ഒരാളിൽ 1000യൂണിറ്റ് ഊർജ്ജം പകരുമ്പോൾ ഒരു നെഗറ്റീവ് വാക്ക് 3000 യൂണിറ്റ് ഊർജ്ജം കളയുന്നു എന്നാണ് പറയുന്നത്. നാവിന്റെ ശക്തി നാം തിരിച്ചറിയണം.

കപ്പത്തണ്ടിലും pvc പൈപ്പിലും കമ്പി കയറ്റി രണ്ടറ്റത്തും ചെരിപ്പ് മുറിച്ചുണ്ടാക്കിയ വീൽ ഘടിപ്പിച്ചു വണ്ടിയോടിച്ചും ഓലക്കാൽ കൊണ്ട് ഉണ്ടാക്കിയ പന്ത് എറിഞ്ഞും കളിച്ചിരുന്ന കുട്ടികളുടെ കാലത്തു വെയിലിന്റെ ചൂട് അവന്റെ നിറം കുറച്ചിരുന്നില്ല. സ്‌കൂൾ വിട്ടു വരുന്ന സായാഹ്നങ്ങളിൽ പറമ്പുകളിൽ കാണുന്ന മാവിൽ കല്ലെറിഞ്ഞിട്ട മാങ്ങ കഴിച്ചപ്പോൾ പല്ല് പുളിച്ചത് അവൻ ആസ്വദിച്ചിരുന്നു. മഴവെള്ളത്തിൽ കാലിട്ടടിച്ചു കളിച്ചു തെന്നി വീണപ്പോൾ കയ്യും കാലും ഒടിഞ്ഞിരുന്നില്ല.

എന്നാൽ ഇന്നത്തെ കുട്ടികൾക്ക് എയർ കണ്ടീഷന്റെ കുളിർമയില്ലെങ്കിൽ ഉറക്കം  വരാതായി. അവന് അടിച്ചോട്ടം കളിയ്ക്കാൻ അറിയില്ല, ഓലക്കാൽ കൊണ്ട് പന്തുണ്ടാക്കി ഏറു പന്ത് കളിച്ചാൽ അവനു വിയർപ്പിൽ അണുബാധ ഉണ്ടാവുമെന്ന് പേടിയാക്കി. ഓല കൊണ്ട് മോതിരവും വാച്ചും ഉണ്ടാക്കി കളിച്ചിരുന്ന കഥകൾ കേട്ടാൽ അവൻ ചിരിക്കും...

കുട്ടികൾ പരിസ്ഥിതിയുമായി ഇണങ്ങി അതിന്റെ പരിണാമങ്ങളിൽ ലയിച്ചു വളരാൻ അനുവദിക്കാതെ മഴ നനഞ്ഞാലോ വെയിൽ കൊണ്ടാലോ പനി പിടിക്കും എന്ന് പേടിപ്പിച്ചു കുട്ടികളെ വീട്ടിനുള്ളിൽ അടച്ചിട്ട് അവർക്ക് കളിയ്ക്കാൻ വീഡിയോ ഗെയിമും കമ്പ്യൂട്ടറും വാങ്ങി കൊടുത്തു മൊബൈലിലും കംപ്യുട്ടറിലും ഓൺലൈൻ കളികളുടെ വിശാലലോകം അവനു തുറന്നിട്ടു കൊടുക്കുമ്പോൾ അവന്റെ ജീവിതം ഏതു വഴിയിലേക്കാണ് പോകുന്നതെന്നുകൂടി ചിന്തിക്കണം.

മണ്ണ് വാരിയെറിഞ്ഞും മഴവെള്ളം തെറിപ്പിച്ചും കളിച്ചു വളർന്ന കുട്ടികളിൽ അവനൊരു കൂട്ടുകെട്ടുണ്ടായിരുന്നു.... സമൂഹവുമായി ഇണങ്ങാൻ അവനു കഴിയുമാരുന്നു... എന്നാൽ അടച്ചിട്ട മുറികളിൽ മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കുന്നവൻ ഒറ്റയാണ്... അവൻ സംസാരിക്കുന്നത് സോഫ്റ്റ് വെയറുകളോടാണ്...ഗ്രൗണ്ടിലും പറമ്പിലും കളിയ്‌ക്കേണ്ട ക്രിക്കറ്റും ഫുട്ട് ബോളും പോലും ടച്ച് സ്‌ക്രീനിൽ ഉരസി നീങ്ങുന്ന വിരൽത്തുമ്പിലായി... സാങ്കല്പിക ലോകത്തിന്റെ മായിക പ്രഭാവമാണ് അവൻ അനുഭവിക്കുന്നത്. അത് താൽക്കാലികമായ സന്തോഷത്തോടൊപ്പം നിരന്തരമായ ഇലക്ട്രോണിക് അടിമത്വത്തിലേക്ക് അവനെ നയിക്കുന്ന കാര്യം വിസ്മരിക്കരുത്.

അത് കാണാതെ പോയ കുഞ്ഞുങ്ങളാണ് ഇന്ന് ബ്ലൂ വെയിൽ പോലെയുള്ള കില്ലർ ഗെയിമുകൾക്ക് കീഴ്‌പെട്ട് ജീവിതം മുളയ്ക്കും മുൻപേ പിഴുതെറിഞ്ഞവർ. കുഞ്ഞുങ്ങൾക്ക് ടെക്നൊളജിയോടൊപ്പം സ്വാതന്ത്ര്യവും നൽകാം. ചിന്താ ശേഷി വളർത്താം..

വെയിൽ കൊള്ളുന്ന ബാല്യങ്ങൾ ഉണ്ടാവട്ടെ... വെയ്ൽ കൊല്ലാതിരിക്കട്ടെ....


-പനയം ലിജു 

Tuesday, July 18, 2017

'Neethee' - a malayalam short film with English subtitles ....

Let your Act be the flame to your resilience
Let's Begin an END
'Neethee - Be the flame' a malayalam short film with English subtitles ....
Please watch and share your reviews as comments.....
https://youtu.be/0WjbhSNIr7s

Monday, March 28, 2016

ജയസൂര്യ : വൈകി വന്ന അംഗീകാരം

സിനിമാ ലോകം കഴിവിന്‍റെ മാത്രം ലോകമല്ല, അത് ഭാഗ്യത്തിന്റെയും കൂടി ലോകമാണ്. മലയാള സിനിമയില്‍ കഴിവുണ്ടായിട്ടും അത് തെളിയിച്ചിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ ഒരുപാട് കലാകാരന്മാര്‍ സിനിമയുടെ ആദ്യകാലം മുതല്‍ക്കേ ഉണ്ട്. അഭിനേതാക്കളും സംവിധായകരും ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരും ഈ നിര്‍ഭാഗ്യത്തിന്‍റെ ഇരകളായി തീര്‍ന്നിട്ടുണ്ട്. ചിലര്‍ അതോടുകൂടി പിന്മാറി പോകുമ്പോള്‍ മറ്റു ചിലര്‍ അതിലൊന്നും പതറാതെ വീണ്ടും മുന്നിലേക്ക് അനുസ്യൂതം യാത്ര തുടരുന്നു. അത്തരത്തിലുള്ള ഒരു നടനാണ്‌ മലയാളികളുടെ പ്രിയപ്പെട്ട 'അയലത്തുവീട്ടിലെ പയ്യന്‍' ജയസൂര്യ.മലയാള സിനിമയില്‍ ചെയ്യുന്ന റോളുകളുടെ വലിപ്പ ചെറുപ്പം നോക്കാതെ, നായകനോ ഉപനായകണോ സഹനടനോ എന്ന് നോക്കാതെ കിട്ടുന്ന റോളുകളില്‍ എന്തെങ്കിലും വ്യത്യസ്തത വേഷത്തിലോ രൂപത്തിലോ ശരീര ഭാഷയിലോ  കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള നടനാണ്‌ ജയസൂര്യ. നായകനായ ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഊമയായ കഥാപാത്രമായിരുന്നു അദ്ദേഹം ചെയ്തത്. തുടര്‍ന്നു വ്യത്യസ്തമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ചിലത് ബോക്സോഫീസില്‍ ഹിറ്റുകളായി മാറിയപ്പോള്‍ മറ്റു ചിലത് പ്രേക്ഷക മനസ്സില്‍ മെഗാ ഹിറ്റുകള്‍ ആയി.
എറണാകുളം ജില്ലയില്‍ തൃപ്പുണിത്തുറ സ്വദേശിയായ ജയന്‍ എന്ന് ഓമനപ്പേരുള്ള ജയസൂര്യ മിമിക്രിയിലൂടെയാണ് കലാ രംഗത്ത് തുടക്കം കുറിച്ചത്. മിമിക്രിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഉള്ളിലുള്ള സിനിമാ മോഹവും അതിനുള്ള പരിശ്രമങ്ങളും അദ്ദേഹത്തിന് ചാനല്‍ അവതാരകന്‍ ആവാനും അതിലൂടെ സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുന്നതിനും  സഹായകമായി.
2001 ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയസൂര്യയെ തേടി വന്ന അടുത്ത ചിത്രത്തില്‍ നായക വേഷമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാ പയ്യന്‍' തുടര്‍ന്നു ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍. എല്ലാത്തിലും സ്വന്തമായി ഒരു അടയാളമിടാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ജയസൂര്യയുടെ സൂക്ഷമത അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.ലോലിപ്പോപ്,  കോക്ടെയില്‍, ബ്യൂട്ടിഫുള്‍, മുംബൈ പോലീസ്, പുണ്യാളന്‍ അഗര്‍ബത്തീസ്, അപ്പോത്തിക്കരി, ലുക്കാ ച്ചുപ്പി, ആട് ഒരു ഭീകര ജീവിയാണ് , ട്രിവാന്‍ഡ്രം ലോഡ്ജ്, ഇയ്യോബിന്റെ പുസ്തകം, ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍, അമര്‍ അക്ബര്‍ അന്തോണി, സു സു സുധീ വാത്മീകം തുടങ്ങി എണ്‍പതോളം മലയാളം ചിത്രങ്ങള്‍ക്ക് പുറമേ അഞ്ച് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ജന്മ സിദ്ധമായ ഹാസ്യവും മിമിക്രിയില്‍ നിന്ന് കൈവന്ന പരിചയ സമ്പത്തും ചാനല്‍ അവതാരകനില്‍ നിന്ന് ലഭിച്ച ജനപ്രിയവും ജയസൂര്യ എന്ന നടന്‍റെ പേരിനെ അന്വര്‍ത്ഥമാക്കി ജയിക്കുന്ന സൂര്യനാക്കി മാറ്റി.
പക്ഷെ, അര്‍ഹിക്കുന്ന അംഗീകാരം ഈ താരത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയാം. സംസ്ഥാന അവാര്‍ഡുകളുടെ അന്തിമ ലിസ്റ്റില്‍ പേര് വന്നിട്ട് അവസാന നിമിഷം തള്ളപ്പെട്ട സാഹചര്യം പല തവണ നേരിടേണ്ടിവന്നു. അതിനെയും അദ്ദേഹം പോസിറ്റീവായി കണ്ടപ്പോഴും വിഷമിച്ചത് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുകയും  അത് ചെയ്യാന്‍ കാട്ടിയ സമര്‍പ്പണത്തെ മനസ്സിലാക്കയും ചെയ്ത പ്രേക്ഷരായിരുന്നു.
എന്നാല്‍ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ജയസൂര്യ മലയാളി പ്രേക്ഷര്‍ക്ക് അഭിമാനവും അര്‍ഹിച്ചത് നഷ്ടമായില്ല എന്നുള്ള ആശ്വാസവുമാണ്.
തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യേണ്ട കര്‍മം ആത്മാര്‍ഥമായും സത്യസന്ധമായും  ചെയ്‌താല്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും തേടിയെത്തും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ജയന് കിട്ടിയ ഈ അവാര്‍ഡ്.
ഇനിയും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടതുണ്ട്....ധൈര്യമായി മുന്നേറൂ....താങ്കളെ പ്രോത്സാഹിപ്പിക്കാന്‍ താങ്കളുടെ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന, കഴിവിനു പ്രചോദനം പകരുന്ന മലയാളി പ്രേക്ഷകരുണ്ട് താങ്കളുടെ പിന്നില്‍....എല്ലാ ആശംസകളും....
സ്നേഹാദരങ്ങളോടെ
പനയം ലിജു, സിംഗപ്പൂര്‍

Sunday, February 28, 2016

പൊലിഞ്ഞു വീണ നക്ഷത്രങ്ങള്‍

രണ്ടായിരത്തി പതിനാറിന്‍റെ രണ്ടാം മാസം വിട വാങ്ങുന്നു. ഒരുപക്ഷെ എത്രയും വേഗം പോകണേ എന്ന്‍ നമ്മള്‍ പ്രാര്‍ഥിച്ചതും പോകാന്‍ വൈകിയതുമായ മാസവുമായിരുന്നു ഈ ഫെബ്രുവരി. സങ്കടങ്ങള്‍ മാത്രം നല്‍കിയ ഫെബ്രുവരി. കാലം ചിലപ്പോള്‍ അങ്ങനെയാണ്....ഒരു സാഡിസ്റ്റിനെ പോലെ നമുക്ക് ദുഃഖങ്ങള്‍ ഒന്നു വിടാതെ നല്‍കിയിട്ട് കണ്ണീര്‍ക്കടലില്‍ കയ്യും കാലുമിട്ടടിച്ചു മനസ്സ് നീറുന്നത് നോക്കി മാറി നിന്നിട്ടു ചിരിക്കുകയാണ്. അപ്രതീക്ഷിത മരണങ്ങളുടെ തുടര്‍ക്കഥയായി മാറിയ ഈ കണ്ണീരിന്‍റെ കഥ പറയുമ്പോള്‍ ജനുവരി അവസാന ആഴ്ച മുതല്‍ തുടങ്ങണം. മലയാളികളെ ഒരുപാട് ചിരിപ്പിച്ച മലയാളികള്‍ ഒരുപാട് സ്നേഹിച്ച മലയാളത്തിന്‍റെ മകളെങ്കിലും തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നമ്മുടെ കല്പന ചേച്ചിയുടെ ജീവന്‍ മരണം കവര്‍ന്നത് അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചു. മരണസമയത്ത് പോലും ആര്‍ക്കുമൊരു ബുദ്ധിമുട്ടാവാതെ ശാന്തമായി കീഴടങ്ങിയപ്പോള്‍ ബാക്കിയാക്കിയ നഷ്ടം മലയാളികള്‍ക്ക് ഉണങ്ങാത്ത ബാഷ്പമായി മിഴികളില്‍ നിറഞ്ഞു.
കല്പനയുടെ വിയോഗത്തിന്‍റെ കണ്ണീരില്‍ നിന്ന്‍ കരകയറും മുന്‍പേ അടുത്ത വാര്‍ത്തയെത്തി മലയാളിയുടെ 33സ്വീകരണമുറിയില്‍ വാര്‍ത്താ അവലോകനത്തിന്‍റെ കണ്ണാടിയായി പ്രതിഷ്ടിക്കപ്പെട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീ. ടി.എന്‍. ഗോപകുമാര്‍. വെറും അവലോകനം മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രവൃത്തി മണ്ഡലം, ശ്രദ്ധയില്‍ പെടുന്ന അശരണരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ കഴിയുന്നിടത്തോളം തുക സമാഹരിച്ചു അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിയ്ക്കാനും പരിശ്രമിച്ചിരുന്ന ഒരു നല്ല മനുഷ്യ സ്നേഹിയെ കൂടിയാണ് ടി എന്‍ സാറിന്‍റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായത്.
പുതുവര്‍ഷത്തിന്‍റെ പ്രാരംഭ മാസത്തില്‍ തന്നെ രണ്ട് വലിയ വേര്‍പാടുകള്‍ തന്ന 2016 രണ്ടാം മാസവും തന്‍റെ സംഹാര താണ്ഡവം തുടര്‍ന്നു.
യുവ സംഗീത സംവിധായികയും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍. കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി ഈണം മുഴക്കി പഴംപാട്ടില്‍ മുങ്ങിപ്പോയ അനശ്വര സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തോട് വിധി കാട്ടിയ ക്രൂരത സഹിക്കാവുന്നതിലപ്പുറമാണ്. ഭര്‍ത്താവിന്‍റെ ആകസ്മിക മരണത്തിന്‍റെ വേദനയില്‍ നിന്നും കര കയറി വരുമ്പോഴേയ്ക്കും മകന്‍റെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന ഹത ഭാഗ്യയായ ഒരമ്മയ്ക്ക് ആകെയുണ്ടായിരുന്ന ആശ്വാസവും
തണലുമായിരുന്നു മകള്‍ ഷാന്‍ ജോണ്‍സണ്‍. ഇവിടെ വിധിയുടെ മുന്നില്‍ വീണ്ടും തോല്‍വിക്ക് കീഴടങ്ങിയ ആ സ്ത്രീയുടെ കണ്ണീരുണക്കാന്‍ ശക്തിയുള്ള വാക്കുകള്‍ ഒരു ഭാഷയിലും കണ്ടെത്താനാവില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു തുടങ്ങിയപ്പോള്‍ തന്നെ അടര്‍ത്തിയെടുക്കാനായി എങ്ങനെ മനസ്സു വന്നു എന്നത്   പ്രഹേളികയായി തുടരുന്നു.
ഇനിയും തൃപ്തിപ്പെടാത്ത മരണത്തിന്‍റെ വായിലേക്ക് അടുത്തടുത്ത ദിവസങ്ങളിലായി പൊലിഞ്ഞ് വീണ മൂന്ന്‍ ജീവനുകള്‍ വീണ്ടും നമ്മെ സ്തബ്ധരാക്കി. ഒരു കാലത്ത് മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞു നിന്നിരുന്ന മൂന്ന്‍ പേരുകള്‍, ഗാന രചന: ഓ എന്‍ വി, പശ്ചാത്തല സംഗീതം: രാജാമണി, ഛായാഗ്രഹണം: ആനന്ദക്കുട്ടന്‍. പതുങ്ങി നിന്ന്‍ വെടിയുതിര്‍ത്ത വേടന്‍റെ തോക്കിലെ തുടരെയുള്ള വെടിയുണ്ടകള്‍ കവര്‍ന്ന പോലെ മൂന്ന്‍ ജീവനുകള്‍ കൊത്തിയെടുത്തു. 

തൊട്ടടുത്ത ദിവസം മലയാള സാഹിത്യ സ്നേഹികളുടെ മനസ്സിൽ ലാളിത്യത്തിന്റെ ഭാഷയുമായി ഇടം നേടിയ, കേരള സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങൾ ലോകമലയാളിക്ക്‌ അടുത്തറിയാൻ അവസരമൊരുക്കിയ സഹൃദയനായൊരു സംഘാടകൻ ശ്രീ.അക്ബർ കക്കട്ടിൽ മാഷും യാത്രാമൊഴി പറയാതെ വിടവാങ്ങി.

ഒടുവില്‍ സിനിമയ്ക്ക് വേണ്ടി ജീവിച്ചു, സിനിമയെ പ്രണയിച്ചു, സിനിമയ്ക്ക് ഒരു നവ ഭാവുകത്വം നല്‍കിയ യുവ സംവിധായകന്‍ ശ്രീ. രാജേഷ്‌ പിള്ള, തന്‍റെ ചിത്രത്തിന്‍റെ റിലീസ് വിശേഷങ്ങള്‍ അറിയാന്‍ പോലും നില്‍ക്കാതെ ആഘോഷങ്ങള്‍ക്കായി കാതു നില്‍ക്കാതെ മരണത്തിന്‍റെ ലോകത്തേയ്ക്ക് യാത്രയായി.
കലാ സാംസ്കാരിക സാഹിത്യ സംഗീത രംഗത്ത് നികത്താനാവാത്ത നഷ്ടങ്ങള്‍ നല്‍കിയ ഒരു മാസം കൂടി ഇന്ന്‍ യാത്രയാവുകയാണ്. നമ്മള്‍ പറഞ്ഞയക്കുകയാണെന്ന് പറയാം. ഇനി വരുന്ന മാസങ്ങള്‍ ദുഃഖത്തിന്‍റെയും നഷ്ടതിന്‍റെയും സങ്കടത്തിന്‍റെയും നെടുവീര്‍പ്പിന്‍റെയും ആവാതെ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 
പനയം ലിജു, സിംഗപ്പൂര്‍.
www.facebook.com/likepanayamliju

Thursday, September 24, 2015

പിതൃ ദേവോ ഭവഃ

"സൂര്യനായ്‌ തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം..."
അമ്മയെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും മുഖപുസ്തകത്തിൽ അരങ്ങു വാഴുമ്പൊഴും അച്ഛനെ കുറിച്ചെഴുതാൻ ഒരു ആവേശം എന്നും എന്നിൽ ഉണ്ടായിരുന്നു. മുഖപുസ്തക പോസ്റ്റുകളിലൂടെയും കമന്റായും ഒരുപാട്‌ ഞാനത്‌ എഴുതിയിട്ടുമുണ്ട്‌. അമ്മയുടെ വാത്സല്യത്തിലും കരുത്തായി നിഴലായി അമ്മയ്ക്ക്‌ ധൈര്യമായി നിൽക്കുന്നത്‌ അച്ഛന്റെ കരുതലും പിന്തുണയുമാണ്‌. മക്കൾക്ക്‌ വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാവുന്ന അമ്മയെ കുറിച്ച്‌ വാ തോരാതെ പറയുമ്പോഴും അതേ അമ്മയ്ക്ക്‌ വേണ്ടിയും പലതും ത്യജിക്കാനും ഇഷ്ടങ്ങൾ മറച്ചു വയ്ക്കാനും ശ്രമിക്കുന്ന മൗന സ്നേഹിയായ അച്ഛൻ താരതമ്യേന ആരാലും പ്രശംസിക്കപ്പെടാതെയും കവിതകൾക്ക്‌ ഇതിവൃത്തമാവാതെയും ചിത്രകാരന്റെ ചായം പതിയാതെയും മറഞ്ഞു നിൽക്കുന്നു; ഒരു പരിഭവമോ പരാതിയോ കൂടാതെ.... അമ്മതൻ അമ്മിഞ്ഞ പാലിലും രുചിയ്ക്കുന്ന മധുരമെൻ അച്ഛന്റെ വിയർപ്പിൻ ഉപ്പുനീരിൻ പരിണാമമെന്ന് ഒരു പക്ഷേ അച്ഛനെ എന്നും വില്ലൻ സ്ഥാനത്തും അമ്മയെ മാത്രം സ്നേഹത്തിൻ പര്യായമായും കാണുന്ന മക്കൾക്കറിയുമോ എന്ന് സംശയമാണ്‌. പിച്ച വച്ചു തുടങ്ങുന്ന നാൾ മുതൽ ഉറക്കാത്ത കാലുകൾക്ക്‌ താങ്ങായി; പിഞ്ചു കരങ്ങൾക്ക്‌ ബലമായി കൂടെ നിൽക്കുന്നത്‌ അച്ഛൻ എന്ന ദൈവീക സ്വരൂപമാണ്‌. അമ്മയില്ലാതെ മക്കളില്ലെന്ന് പറയുന്ന നാം മനസ്സിലാക്കുന്നില്ല അച്ഛൻ ഇല്ലാതെ അമ്മയ്ക്ക്‌ പൂർണ്ണത ലഭിക്കുന്നില്ലെന്ന സത്യം.
എന്റെ ജീവിതത്തിൽ എനിക്കെന്നും പ്രചോദനവും ഉത്തേജനവും ആയത്‌ എന്റെ അച്ഛനാണ്‌. എന്റെ ആദ്യ ഗുരു...എന്റെ റോൾ മോഡൽ....കാതങ്ങൾ അകലെ കയ്യും കാലും എത്താത്ത ദേശത്ത്‌ ആയിരിക്കുമ്പോഴും എന്നുമെൻ നെഞ്ചിൽ സ്നേഹം നിറയുന്നത്‌ എന്റെ അച്ഛന്റെ മകനായി പിറക്കാൻ ലഭിച്ച ഭാഗ്യം മാത്രം. എന്തെങ്കിലും കഴിവുകളോ ഗുണങ്ങളോ എന്നിലുണ്ടെങ്കിൽ അതിന്റെയെല്ലാം സ്രോതസ്‌ എന്റെ അച്ഛൻ മാത്രം. നെഞ്ചു പൊട്ടുന്ന വേദനയിലും ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി ചിരിക്കാനും എനിക്ക്‌ കഴിഞ്ഞത്‌ അച്ഛന്റെ മനസ്സറിയാൻ സാധിച്ചതു കൊണ്ട്‌ മാത്രമാണ്‌. എന്നും ആർക്കു വേണ്ടിയും എല്ലാം വിട്ടു കൊടുക്കാനും ആരുടെയും ആവശ്യങ്ങൾക്ക്‌ മുൻപിൽ 'ഇല്ല' എന്ന് പറയാതിരിക്കാനും ഞാൻ പഠിച്ചതും സഹോദരസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ ഞാൻ ശ്രമിക്കുന്നതിനും പിന്നിൽ ഒരേ ഒരാൾ മാത്രം... എന്റെ അച്ഛൻ.... എന്റെ അച്ഛനു ആയുരാരോഗ്യ സൗഖ്യം എന്നും ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ നിർത്തട്ടെ...ഒപ്പം  എന്റെ കുഞ്ഞുങ്ങൾക്ക്‌ നല്ലൊരു അച്ഛനാവാൻ എനിക്കും കഴിയണമേ എന്നുള്ള ആഗ്രഹവും...!
My Best Teacher...
My Inspiration....
My Role model...
My Father....

Saturday, May 9, 2015

മാതൃദിനം Mother's Day

ഇന്ന് ലോക മാതൃദിനം. അമ്മയെ സ്നേഹിക്കാൻ ഒരു ദിനം പ്രത്യേകമായി വേണോ എന്നൊരു ചോദ്യം സ്വാഭാവികമായും വന്നേക്കാം....അമ്മയെക്കാൾ കൂടുതൽ മെയിഡുകളും ബേബി ഡേ കെ യർ സെന്ററുകളിലെ ആയമാരുമായി സമയം ചെലവഴിക്കയും സ്നേഹവും സംരക്ഷണവും മാതാ പിതാക്കൾ കൊടുക്കുന്ന ശമ്പളത്തിലും ഫീസിലുമായി പരിവർത്തനം ചെയ്യപ്പെടുന്ന  ന്യൂ ജനറേഷൻ കുട്ടികൾക്ക്‌ ഈയൊരു ദിനമെങ്കിലും സ്വന്തം അമ്മയുടെ മഹത്വത്തെ മനസ്സിലാക്കാനും ഒരു വരിയെങ്കിലും അമ്മയ്ക്കായി എഴുതാനും ഒരു ചിത്രം വരയ്ക്കാനും ഒരു സമ്മാനപ്പൊതി കൊടുക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന അഥവാ ആഗ്രഹിക്കേണ്ടി വരുന്ന ഒരു കാലഘട്ടത്തിൽ ഈ ദിനത്തിനു പ്രസക്തി കൂടുതലല്ലേ എന്ന് തോന്നിയാൽ അതിശയോക്തിയില്ല.
സ്വന്തം അമ്മമാർക്ക്‌ മാതൃദിനം ആശംസിക്കാൻ കഴിയാതെ, പ്രസവാനുബന്ധമായി മരണപ്പെട്ടു പോയ അമ്മമാരെയും പ്രസവ വേദന മാറും മുൻപേ ആശുപത്രി കിടക്കകളിലും അമ്മത്തൊട്ടിലുകളിലും തള്ളമാരാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും ഇത്തരുണത്തിൽ ഓർക്കുന്നതും ഈ ദിനത്തോടുള്ള ആദരവാണ്‌.
കാലം ആധുനികതയ്ക്ക്‌ കീഴ്പ്പെടുമ്പോൾ; നവ തലമുറ മാധ്യമങ്ങളാൽ നിയന്ത്രിതമാവുമ്പോൾ; നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രക്തബന്ധങ്ങളിൽ പൊക്കിൾക്കൊടി ബന്ധവും ഇടം നേടി തുടങ്ങിയിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ മാതാ - പിതാ - മക്കൾ ബന്ധം പോലും കൈമോശമാവുന്നു. മാതാപിതാക്കൾ ഇരുവരും ജോലി ചെയ്യുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ മെയിഡുകളും ബേബി ഡേ കെ യറുകളും അനിവാര്യം തന്നെയാണ്‌. എന്നാൽ കുഞ്ഞുങ്ങൾ ഡേ കെ യറിൽ നിന്ന് വന്ന ശേഷം / മാതാ പിതാക്കൾ ജോലി കഴിഞ്ഞു വന്ന ശേഷം അൽപം സമയം കുഞ്ഞുങ്ങളോടൊത്ത്‌ ചെലവഴിക്കാൻ പോലും സമയമില്ലാതെ ഓഫീസ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുന്ന അച്ഛനും, ഫേയ്‌ സ്‌ ബുക്കിൽ കാൻഡി ക്രഷ്‌ കളിക്കാൻ സമയം തികയാത്ത അമ്മയും ഒന്ന് ഓർത്ത്‌ വച്ചോളൂ....ഇന്ന് നിന്റെ തിരക്കുകൾ കുഞ്ഞുങ്ങളെ ബേബി ഡേ കെ യറിലേക്ക്‌ അയക്കുന്നെങ്കിൽ നാളെ അവന്റെ തിരക്കുകൾ നിനക്കായി വൃദ്ധസദനം കണ്ടെത്തും....
-പനയം ലിജു, സിംഗപ്പൂർ.

Thursday, June 5, 2014

How old are you

റോഷന്‍ ആന്‍ഡ്രൂസ് , ബോബി-സഞ്ജയ് ടീമിന്‍റെ ചിത്രം ` How old are you ' കണ്ടു. മഞ്ജു വാര്യരുടെ തിരിച്ചു വരവിനോപ്പം ഇതിന്‍റെ പ്രമേയവും ഈ ചിത്രത്തെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിന് സഹായിച്ചു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന മികവും ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയുടെ പിന്‍ബലവും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ പ്രകടനവും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു എന്ന്‍ തന്നെ പറയാം. വിവാഹിതരായ സ്ത്രീകള്‍ സ്വപ്‌നങ്ങള്‍ ബലിയര്‍പ്പിക്കാതെ ഭര്‍ത്താവിന്‍റെ സപ്പോര്‍ട്ട് ഇല്ലെങ്കിലും അത് നേടിയെടുക്കുന്നത്‌ കാണിക്കുന്നതിലൂടെ ഇതിനെ ഒരു സ്ത്രീ പക്ഷ സിനിമയെന്നും ഭര്‍തൃ വിരുദ്ധ സിനിമയെന്നും മഞ്ജുവിന്‍റെ ആത്മകഥാംശം ഉള്ള സിനിമയെന്നും പല വ്യാഖ്യാനങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു.
പക്ഷെ, അത്തരത്തില്‍ ഈ സിനിമയെ വിലയിരുത്തുന്നവരോട് എന്‍റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നു. "Who decides the expiry date of a woman's dream" എന്ന്‍ ഈ സിനിമ പ്രേക്ഷകനോട് ചോദിക്കുന്ന ചോദ്യത്തിന് ഒരു മറുചോദ്യം ചോദിക്കട്ടെ, സ്ത്രീയുടെ സ്വപ്നങ്ങള്‍ മൂടി വയ്ക്കാന്‍ അവളോട്‌ ആരാണ് പറഞ്ഞത്? എന്തിനാണ് അവള്‍ അതിനെ പ്രോത്സാഹിപ്പിക്കാത്ത ഒരു പങ്കാളിയെ തെരഞ്ഞെടുത്തത്? അവള്‍ സ്വയം ഒരു ഘട്ടത്തില്‍ വേണ്ടെന്നു വച്ച സ്വപ്‌നങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
അതുകൊണ്ട് ഒരിക്കലും ഈ ചിത്രം ഒരു ഭര്‍തൃ വിരുദ്ധ ചിത്രമോ മഞ്ജുവിന്‍റെ സ്വകാര്യ ജീവിതമായി ബന്ധമുള്ളതോ ആയി കണക്കാക്കേണ്ട കാര്യമില്ല. കുടുംബിനികളായ സ്ത്രീകള്‍ നിരുപമയെ പോലെ ചെയ്യണം എന്നതിന് പകരം സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ള സ്ത്രീകള്‍ അത് മൂടി വച്ച് കുടുംബ ജീവിതത്തില്‍ പ്രവേശിച്ച  നിരുപമ ആവാതെയിരിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ ചരിത്ര വിജയം നേടിയെടുത്ത ചില മഹിളാ രത്നങ്ങളെ ചിത്രത്തിന്‍റെ അവസാനം കാണിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ അതില്‍ എത്ര പേര്‍ വിവാഹിതരായിരുന്നു എന്നും നിരുപമയെ പോലെ ആയിരുന്നോ അവരുടെ സാഹചര്യം എന്നും ചിന്തിക്കാവുന്നതാണ്.

വാല്‍ക്കഷണം: കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഇത് കണ്ടിട്ട് കെട്ടിയോന്മാരെ അനുസരിക്കാതെ ജൈവ കൃഷി തുടങ്ങാം എന്ന് ചിന്തിച്ചാല്‍ ഇന്ത്യന്‍ പ്രസിഡന്‍റ് വിളിച്ച് ഡിന്നര്‍ തരുമെന്ന് വ്യാമോഹിക്കണ്ട.
-പനയം ലിജു, സിംഗപ്പൂര്‍

Friday, January 10, 2014

ജനുവരിയുടെ ഭാഗ്യം

പുതുവര്‍ഷം പിറന്നാലുടന്‍ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നന്മകളുടെയും ആശംസകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മാസമാണ് "ജനുവരി". പതിവ് പോലെ 2014 ജനുവരിയും ആശംസകളുടെ പ്രവാഹത്താല്‍ സുഖിച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ താല്കാലികമായ പ്രശംസ മാത്രമാണെന്നും കഴിഞ്ഞ 2013 വര്‍ഷങ്ങളോടും ജനുവരിയില്‍ ഇതൊക്കെ തന്നെ പറഞ്ഞ നമ്മള്‍ ഡിസംബര്‍ ആകുമ്പോഴേക്കും കൊഴിഞ്ഞു വീണ പതിനൊന്നു മാസത്തെ നന്മകള്‍ ഓര്‍ക്കാതെ ഒരു വര്‍ഷം സമ്മാനിച്ച സങ്കടവും ദുഃഖവും നഷ്ടങ്ങളും മാത്രം അയവിറക്കി അടുത്ത വര്‍ഷത്തെ സുദിനങ്ങളെ കാത്തിരിക്കാനും പ്രകീര്‍ത്തിക്കാനും തുടങ്ങുമെന്ന് പാവം ജനുവരി അറിയുന്നില്ല.... ജനുവരിയുടെ മാത്രം ഭാഗ്യവും ഡിസംബറിന്‍റെ നിര്‍ഭാഗ്യവുമാണിത്. 2014 നോട് പറയാനുള്ളത് ; ഇതൊന്നും കേട്ട് സുഖിക്കണ്ടാ.... ഡിസംബര്‍ ആകുമ്പോള്‍ നീ ചെയ്ത നല്ലതെല്ലാം മറന്നിട്ട് 2015 നെ പ്രശംസിക്കാന്‍ തുടങ്ങും....
-പനയം ലിജു, സിംഗപ്പൂര്‍

Friday, November 29, 2013

ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍

ന്യൂ ജനറേഷന്‍ എന്ന വാക്കിന് ഏറ്റവും പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ  കാലഘട്ടത്തില്‍ അതിന്‍റെ അര്‍ഥം തന്നെ പലപ്പോഴും മാറിപ്പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്.  കാലം മാറുമ്പോള്‍ കോലം മാറുന്നു എന്ന് പറയുന്ന പോലെ മാറ്റങ്ങളോട് അതിശീഘ്രം അനുരൂപപ്പെടുന്ന മലയാളിയുടെ സ്വഭാവരീതികള്‍ ന്യൂ ജനറേഷനിലൂടെ സമസ്ത മേഖലകളിലും വ്യാപകമായിരിക്കുന്നു. ഇതില്‍ മുഖ്യമായ  ഒന്നാണ് വിവാഹം.  ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടും പ്രതീക്ഷകളും തുടങ്ങി പുതിയ തലമുറയിലെ വിവാഹചടങ്ങുകള്‍ വരെ ഈ മാറ്റത്തിന്‍റെ കണ്ണികളാണ്. 
വിവാഹം എന്നത് ലോകാരംഭം മുതല്‍ക്കെ നിലവില്‍ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ്. ആയുഷ്കാലം മുഴുവന്‍കൂടെയുണ്ടായിരിക്കേണ്ട ആള്‍എന്ന നിലയില്‍വിവാഹം കഴിക്കുന്ന പങ്കാളിയെ കുറിച്ചുള്ള സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഓരോ വ്യക്തിയും മനസ്സില്‍താലോലിച്ചു കൊണ്ടുനടക്കുന്നു. ഈ കാഴ്ചപ്പാടുകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടായി വരുന്നതായി നമുക്കറിയാം.
പണ്ടൊക്കെ ഒരു പുരുഷനോട് ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ചോദിച്ചാല്‍, പറയുന്നത് ഇപ്രകാരം ആയിരുന്നു;
“സ്വഭാവം, സൌന്ദര്യം, തന്നെയും മാതാപിതാക്കളെയും സ്നേഹിക്കാന്‍ കഴിയുന്നവള്‍, ജോലിക്ക് പോകാതെ മക്കളെയും പ്രായമുള്ള മാതാപിതാക്കളെയും ശുശ്രൂഷിച്ചു വീട്ടില്‍തന്നെ ജീവിക്കുന്ന ഒരു പെണ്ണ്....” എന്നിങ്ങനെ പോകുന്നു അവന്‍റെ സങ്കല്‍പ്പങ്ങള്‍....  
അന്നൊരു പെണ്ണിനോട് ചോദിച്ചാല്‍, ഗവണ്മെന്റ് ജോലി,അല്ലെങ്കില്‍സ്ഥിര വരുമാനം ഉള്ളൊരു ജോലി, സ്വഭാവ ഗുണങ്ങള്‍(പുകവലി,മദ്യപാനം ഒന്നും ഇല്ലാത്ത) തന്നെ സ്നേഹിക്കാനും പോറ്റാനും കഴിയുന്ന ഒരാള്‍ഇങ്ങനെയാണ് അവളുടെ ഐഡിയല്‍ഭര്‍ത്താവ്‌....
ഏകദേശം എണ്‍പതുകളുടെ പകുതിയോടെ ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ വില ഉണ്ടാവാന്‍ തുടങ്ങി. പത്താം ക്ലാസ്സും പ്രീ ഡിഗ്രിയും കഴിഞ്ഞ് പഠിത്തം ഉപേക്ഷിച്ചു ടൈപ്പ്റൈറ്റിംഗിനു പൊയ്ക്കൊണ്ടിരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കുകയും നഴ്സിംഗ്,എഞ്ചിനീയറിംഗ്, മെഡിസിന്‍ മേഖലകളില്‍ അവര്‍ സജീവമാകുകയും ചെയ്തു. പതിനെട്ട് വയസ്സ് തികയുമ്പോള്‍ തന്നെ വിവാഹം കഴിപ്പിച്ചു അയക്കുന്ന രീതിയിലും  തുലോം വ്യതിയാനം വരികയും പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വിവാഹം ആലോചിക്കുന്ന സമ്പ്രദായം  പ്രാവര്‍ത്തികമാവാനും തുടങ്ങി.
ഇതേ മാറ്റം ആണ്‍കുട്ടികളിലും വന്നു. സ്ത്രീധനമായി കാറും വീടും ചോദിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു; നഴ്സിംഗ് പോലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ വിദേശത്ത് ജോലി ചെയ്യാനും വിദ്യാഭ്യാസം കുറവായാലും വിദേശ ജോലിയുള്ള പുരുഷന്മാരെ വിവാഹം കഴിക്കാനും താല്പര്യം കൂടുതല്‍ പ്രകടിപ്പിച്ചു തുടങ്ങി.
രണ്ടായിരത്തോടെ അഭിരുചികളില്‍ വീണ്ടും മാറ്റങ്ങള്‍ ഇരുകൂട്ടരിലും ഉണ്ടായി. മുല്ലപ്പൂ ചൂടിയ നീണ്ട മുടിയുള്ള  സെറ്റ് സാരിയുടുത്ത  ഗ്രാമീണ പെണ്‍കൊടികളുടെ സ്ഥാനത്ത് ജീന്‍സും ടോപ്പും ഇട്ടു അല്പം മോഡേന്‍ ആയ, സോഷ്യബിള്‍ആയ ഒരു പെണ്ണിനെ കെട്ടാന്‍ ആണ്‍കുട്ടികള്‍ ആഗ്രഹിച്ചു തുടങ്ങി.
പെണ്ണുങ്ങളും സമാന്തരമായ മാറ്റങ്ങള്‍ അവരുടെ സങ്കല്‍പ്പ പുരുഷന്മാരിലും വരുത്തി... മദ്യപിക്കുന്ന പുരുഷന്മാരെ പൊതുവേ വെറുത്തിരുന്ന സ്ത്രീകള്‍ "കമ്പനിക്ക് ഒന്നോ രണ്ടോ പെഗ് അടിക്കുന്നതില്‍ തെറ്റൊന്നുമില്ല" എന്ന് പറയുന്നതിനോടൊപ്പം കെട്ടിയോന്  അത്യാവശ്യം കമ്പനി കൊടുക്കാന്‍ തയ്യാറാവുന്ന പെണ്ണുങ്ങളും ഇന്ന്‍ നമ്മുടെ സമൂഹത്തിലുണ്ട്. സോഷ്യലി, ഒക്കെഷണലി ഒരു സിഗരറ്റ് വലിക്കുന്നത് സ്റ്റാറ്റസിന്‍റെ ഭാഗമായി കാണാന്‍ തുടങ്ങി.
ഈ വിഷയവുമായി ബന്ധപ്പെട്ട്  വിവാഹിതരാവാന്‍ തയ്യാറെടുക്കുന്ന  ഒട്ടേറെ യുവതീയുവാക്കളുമായി നേരിട്ടും അല്ലാതെയും സംസാരിച്ചതില്‍നിന്ന്‍മനസ്സിലായത്‌;  പെണ്‍കുട്ടികളില്‍  അധികവും സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനമുള്ള ജോലിയും മുന്‍ഗണനയില്‍  പറയുമ്പോള്‍, ആണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനും, ജോലിക്കും, കുടുംബത്തിനും പ്രാധാന്യം നല്‍കുന്നു.
മുംബൈ മലയാളിയായ ഒരു പെണ്‍കുട്ടി പറയുന്നു, പോസ്റ്റ്‌ ഗ്രാജ്വേറ്റ് ആയ, നല്ല ജോലിയുള്ള സെല്‍ഫ് മെയിഡ് ആയ ഒരു പുരുഷനെയാണ് താല്പര്യം, ഒത്തിരി ഹൈ ക്ലാസ്  ഫാമിലി അല്ലെങ്കിലും മിഡില്‍ ക്ലാസ് ആയിരിക്കണം, സോഷ്യല്‍ ഡ്രിങ്കിംഗ് സ്വീകാര്യം. 
പ്രവാസികളായ  ചെറുപ്പക്കാരില്‍ മലയാളികളുടെ പാരമ്പര്യ സങ്കല്‍പങ്ങളില്‍ നിന്ന്‍ വലിയ വ്യത്യാസമില്ലാത്ത കാര്യങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്,
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി പറയുന്നു  " എന്നെക്കാള്‍ കുറച്ചുകൂടി വിദ്യാഭ്യാസം ഉള്ളതായിരിക്കണം, മലയാളം സംസാരിക്കാന്‍ അറിയുന്ന ആളായിരിക്കണം, ഇവിടെ തന്നെ ജോലിയുള്ള ആളാണെങ്കില്‍ കൂടുതല്‍ സന്തോഷം, കാരണം നാട്ടില്‍ പോയി താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല"
ഇവിടെ ജോലി ചെയ്യുന്ന ഒരു  യുവാവിനോട് ചോദിച്ചപ്പോള്‍ "കേരളത്തില്‍ നിന്നൊരു നാടന്‍ പെണ്ണിനെയാണ് ഇഷ്ടമെന്ന് പറഞ്ഞു,  നീളമുള്ള മുടിയും, സ്വഭാവ ഗുണവും ഉള്ളൊരു നാടന്‍ പെണ്‍കുട്ടി, തരക്കേടില്ലാത്ത കുടുംബം, സ്ത്രീധനം ചോദിക്കില്ലെങ്കിലും അവര്‍ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കും, വിദ്യാഭ്യാസം വേണം, പക്ഷെ ജോലി നിര്‍ബന്ധമല്ല. വിവാഹശേഷം ജോലിക്ക് വിടാന്‍ താല്പര്യവുമില്ല"
പ്രണയ വിവാഹങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നു. പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്ന "പ്രണയത്തിനു കണ്ണില്ല" എന്ന വാചകം ഇപ്പോള്‍ കുറച്ചൊക്കെ തിരുത്തേണ്ടി വന്നിരിക്കുന്നു. ലേസര്‍ ട്രീറ്റ്മെന്‍റ് ചെയ്ത് കാഴ്ച കിട്ടിയ പ്രണയങ്ങളാണ് ഇപ്പോള്‍  അധികവും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുളിങ്കൊമ്പില്‍ പിടിക്കുന്ന പ്രണയങ്ങള്‍. വിവാഹത്തിന് വയ്ക്കുന്നതുപോലെ തന്നെ പ്രണയത്തിനും മാനദണ്ഡങ്ങള്‍ വന്നു. വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സ്ഥിതിയും കുടുംബ പാരമ്പര്യവും ഒക്കെ നോക്കി തന്നെയാണ് പ്രണയിക്കുന്നത്.  ഈ വിഷയത്തില്‍പണ്ടൊക്കെ പെണ്ണിനെ ചതിക്കുന്ന ആണ്‍കുട്ടികളുടെ കഥ കേട്ടിരുന്ന നാം  ഇപ്പോള്‍ കേള്‍ക്കുന്നത് അധികവും പെണ്ണിന്‍റെ ചതിയില്‍ പെട്ട ആണുങ്ങളുടെ കഥകളാണ്. ടൈം പാസ് പ്രണയങ്ങള്‍ പെണ്ണുങ്ങളും ശീലിച്ചു.
ഒരു പെണ്‍കുട്ടി പറഞ്ഞത് "പ്രണയിക്കാനും കറങ്ങി നടക്കാനുമൊന്നും നേരമില്ല, കല്യാണം കഴിച്ച് റിസ്ക്‌ എടുക്കാനുമില്ല... ഒരുമിച്ചു താമസിക്കാന്‍ തയ്യാര്‍ "
ഭാരത സംസ്കാരത്തില്‍ വന്ന മറ്റൊരു വിപ്ലവം തന്നെയാണ് 'ലിവിംഗ് ടുഗതര്‍' സമ്പ്രദായം.  പ്രണയിക്കുന്നവര്‍ നിയമപ്രകാരം  വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന രീതി മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നും ഇതിനുള്ള ഒരു ഗുണമെന്ന് ഈ രീതിയില്‍ ജീവിക്കുന്നവര്‍ പറയുന്നത് "യോജിച്ചു പോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ ഏത് സമയത്തും വേര്‍പിരിയാമെന്നുള്ള കണ്ടീഷന്‍  ഇതിനുണ്ട് " എന്നതാണ്.  പാശ്ചാത്യ സംസ്കാരത്തിലെ ഒരു തെറ്റായ സംവിധാനം ഇതിലൂടെ അഡോപ്റ്റ് ചെയ്യുന്നു എന്ന് ഒരു കൂട്ടം വാദിക്കുമ്പോളും അതിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം  വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.
പ്രീ മാരിറ്റല്‍ ഡിവോഴ്സ് വളരെയേറെ കൂടിയിരിക്കുന്നു. കല്യാണത്തിന് മുന്പ് തന്നെ പിരിയുന്ന ബന്ധങ്ങളാണിവ. കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ വരന്‍റെ സമ്മാനമായി പെണ്ണിന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം, വാട്സ് ആപ്പിലും സ്കൈപ്പിലും സംസാരവും വീഡിയോ ചാറ്റും തുടങ്ങുകയായി. ഹണിമൂണിനെ പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, വിവാഹ വസ്ത്രം, റിസപ്ഷന്‍, വരന്റെയോ വധുവിന്റെയോ പൂര്‍വ കാമുകന്‍/കാമുകിയെ കുറിച്ചുള്ള തര്‍ക്കം  ഇങ്ങനെ പോകുന്ന ഈഗോയില്‍ പൊഴിയുന്ന ബന്ധങ്ങള്‍.
പങ്കാളികളുടെ തെരഞ്ഞെടുപ്പിലും കുടുംബ ജീവിതത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും ന്യൂ ജനറേഷന്‍നന്നേ മാറിയിരിക്കുന്നു. ദീര്‍ഘ വീക്ഷണത്തോടെയുള്ള മാനദണ്ഡങ്ങളാണ് അവര്‍മുന്നോട്ട് വയ്ക്കുന്നത്. എന്നിട്ടും കേരളത്തില്‍ ഡിവോഴ്സ് നിരക്ക് ദിനപ്രതി കൂടി വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 
ടെക്നോളജിയുടെ ഉച്ചസ്ഥായിയില്‍നില്‍ക്കുന്ന തലമുറയ്ക്ക് സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ ജീവിതചര്യയുടെ ഭാഗമായി മാറിയതില്‍അത്ഭുതപ്പെടാനില്ല. അതിലൂടെ ഒരുപാട് ആശയവിനിമയവും വ്യാവസായിക വികസനവും വളര്‍ച്ചയും സൗഹൃദ വളര്‍ച്ചയും ഉണ്ടാവുന്നു എന്ന സത്യം നില നില്‍ക്കെ തന്നെ, മറുവശത്ത് അതിന്‍റെ ദൂഷ്യഫലങ്ങളും അനുഭവിക്കുന്നു.
വിവാഹം എല്ലാ ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും അന്ത്യമാണെന്നു കരുതുന്നവരാണ് ന്യൂ ജനറേഷനില്‍ ചിലര്‍. സ്വസ്ഥത നഷ്ടപ്പെടാന്‍ പോകുന്ന കൂട്ടുകാരന്‍റെ അവസാനത്തെ സന്തോഷമായി ബാച്ചിലര്‍ പാര്‍ട്ടിയും മദ്യത്തിലും മുന്തിയ ഭക്ഷണത്തിലും ആഘോഷിച്ചു നല്ല ജീവിതത്തോട് വിട പറയുന്നു എന്നിങ്ങനെ നെഗറ്റിവ് എനര്‍ജിയുമായി ദാമ്പത്യത്തിലേക്ക് കയറുന്നവര്‍ക്ക് ബാധ്യതകളും ഉത്തരവാദിത്തങ്ങളും വീര്‍പ്പുമുട്ടലുകള്‍ ഉളവാക്കുന്നു. ഇങ്ങനെ സമൂഹം ഉണ്ടാക്കി വച്ച അപക്വ ധാരണകള്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു.
ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, കുടുംബങ്ങള്‍നിമിഷാര്‍ധത്തില്‍ശിഥിലമാക്കപ്പെടുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെല്ലാം. സ്വന്തം  പങ്കാളിയിലെ നല്ലതിനെ കാണാന്‍കൂട്ടാക്കാതെ മോഹന വാഗ്ദാനങ്ങള്‍നല്‍കുന്ന വ്യാജ സൗഹൃദങ്ങളില്‍ വിശ്വസിച്ചു ചതിക്കപ്പെട്ട കഥകള്‍ഓരോ ദിവസവും കൂടുന്നു.
ഒരു ദശാബ്ദം മുന്‍പ് വരെ 'ഡിവോഴ്സ്' എന്ന വാക്ക് ഒരു മാന്യതയില്ലാത്ത പദമായിരുന്നു. ഇപ്പോള്‍ഓരോ നൂറു വിവാഹങ്ങളില്‍ഒരെണ്ണം ഡിവോഴ്സില്‍ചെന്നെത്തുന്നു എന്നതാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിവാഹമോചന നിരക്ക്. ഈ കണക്ക് അമേരിക്കയെ അപേക്ഷിച്ച് ഏകദേശം പകുതിയാണ്. ഇതില്‍അധികവും 25 മുതല്‍ 35 വരെയുള്ള പ്രായപരിധിയില്‍പെട്ട ദമ്പതികളാണ്. 'പ്രഥമ ദൃഷ്ട്യാ പ്രണയം'(love at first sight) എന്ന വിഭാഗത്തില്‍വരുന്ന  ധൃത വിവാഹങ്ങളാണ് ഇത്തരത്തില്‍അകാല ചരമം പ്രാപിക്കുന്ന ബന്ധങ്ങള്‍. അതിന് കാരണമാകുന്നത് വളരെ നിസ്സാരമായ പ്രശ്നങ്ങളും!
ഒരിക്കല്‍ഒരു സംഭവകഥ ഇപ്രകാരം കേള്‍ക്കാനിടയായി; രാവിലെ ഭര്‍ത്താവ് ജോലിക്ക് പോകാനിറങ്ങുമ്പോള്‍സ്വീകരണമുറിയിലെ മേശപ്പുറത്ത് പൊടി കിടക്കുന്നത് കണ്ടിട്ട് അതില്‍എഴുതി വച്ചു"ഇത് വൃത്തിയാക്കുക" അയാള്‍വൈകിട്ട്  തിരിച്ചെത്തിയപ്പോള്‍അങ്ങനെ തന്നെ കിടക്കുന്ന മേശ കണ്ടിട്ട് ഭാര്യയെ വഴക്ക് പറഞ്ഞു. അവള്‍ചോദിച്ചു; ഇത് എഴുതിയ സമയം മതിയാരുന്നല്ലോ അത് വൃത്തിയാക്കാന്‍...തമ്മില്‍വാക്ക് തര്‍ക്കമായി, ഒടുവില്‍വിവാഹമോചനത്തില്‍ ഈ പ്രശ്നം കൊണ്ടെത്തിച്ചു. ഭര്‍ത്താവ് സ്വന്തം മാതാപിതാക്കളെ വിട്ടു, മാറി താമസിക്കാന്‍കൂട്ടാക്കുന്നില്ല എന്നത് മുതല്‍വീട്ടുജോലികളില്‍സഹായിക്കുന്നില്ല എന്ന കാരണം വരെ വിവാഹ മോചനത്തിനായി ഭാര്യ പറയുമ്പോള്‍, തന്നെ അനുസരിക്കാനും ബഹുമാനിക്കാനും അവള്‍ക്കാവുന്നില്ലെന്ന കാരണം പറഞ്ഞു ഭര്‍ത്താക്കന്മാരും ഡിവോഴ്സ് കേസ് ഫയല്‍ചെയ്യുന്നു. അപക്വമായ പ്രണയങ്ങളും ജോലിയും വിദ്യാഭ്യാസവും  സാമ്പത്തിക ചുറ്റുപാടും ഉണ്ടാകുന്ന ഈഗോയും കോംപ്ലക്സും  ഇതില്‍മുഖ്യ പങ്ക് വഹിക്കുന്നു. 
മനശാസ്ത്രജ്ഞന്‍ SD സിംഗ് പറയുന്നു; Love at first sight കൂടുതലും ബാഹ്യമായ ആകര്‍ഷണം മാത്രമാണ്. അതിലൂടെ ഉണ്ടാവുന്ന വിവാഹങ്ങളും ബാഹ്യമായ വിവാഹം മാത്രമായി ശേഷിക്കുന്നു. അവര്‍ക്കിടയില്‍ വൈകാരികമായ ഒരു ബന്ധം പലപ്പോഴും ഉടലെടുക്കുന്നില്ല.
പ്രശസ്ത മനശാസ്ത്രജ്ഞന്‍ഡോ.സി.ജെ.ജോണ്‍പറയുന്നു; ഇന്നത്തെ ദമ്പതികള്‍പരസ്പരം മനസ്സിലാക്കുന്നതിനു മുന്‍പേ പങ്കാളിയെ കുറിച്ചൊരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു. തല്‍ഫലമായി വിവാഹത്തിന് മുന്‍പുള്ള പ്രതീക്ഷകള്‍വളരെ ഉയര്‍ന്നതും വിവാഹ ശേഷം അതില്‍വിട്ടുവീഴ്ച ചെയ്യാന്‍തയ്യാറാകാതെയും വരുന്ന സാഹചര്യത്തില്‍ബന്ധങ്ങള്‍പരസ്പര ധാരണാ വിധേയമാകാതെ പോകുന്നു. കൂടുതല്‍പ്രാധാന്യം ജോലിക്ക് കൊടുക്കുകയും തന്മൂലം പങ്കാളിയോടൊപ്പം സ്വകാര്യ സമയം കുറയുകയും ചെയ്യുന്നതും  ഇന്നത്തെ വിവാഹ മോചനത്തിനുള്ള പ്രധാന കാരണമാണ്. പരസ്പരം അംഗീകരിക്കാനും അഭിനന്ദിക്കാനും ബഹുമാനിക്കാനും വിശ്വസിക്കാനും കഴിയുന്നില്ല.
ഏത് മതത്തിലായാലും വിവാഹം എന്നത് ഒരു പവിത്രമായ ചടങ്ങാണ്. രണ്ട് വ്യത്യസ്ത ചുറ്റുപാടില്‍ നിന്ന്, ജീവിത സാഹചര്യങ്ങളില്‍ നിന്ന്, ചിലപ്പോള്‍ വ്യത്യസ്ത സ്ഥലങ്ങളിലും മതങ്ങളിലും നിന്ന് വരുന്ന രണ്ട് വ്യക്തികള്‍ അവരുടെ  ശിഷ്ടകാലം ഒന്നിച്ചു ജീവിക്കാന്‍ സമൂഹ മദ്ധ്യേ എടുക്കുന്ന  ഒരു തീരുമാനത്തിന്‍റെ പ്രത്യക്ഷമായ ചടങ്ങാണ്  വിവാഹം.  അതുകൊണ്ടുതന്നെ അത് ഏറ്റവും ഭംഗിയായും എന്നും ഓര്‍ക്കാന്‍ ഉതകുന്ന രീതിയിലും നടത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നത് സ്വാഭാവികം. ഓരോരുത്തരും അവരവരുടെ സാമ്പത്തിക  നിലയ്ക്ക് അനുയോജ്യമാകും വിധം അത് നടത്താന്‍ ശ്രമിക്കുന്നു. പക്ഷെ, സ്വന്തം പരിമിതികളെ മറന്നു ഒരു മത്സരക്കളമായി വിവാഹ ചടങ്ങുകളെ കാണാന്‍ തുടങ്ങിയപ്പോള്‍ അനാവശ്യമായ ചെലവുകള്‍ വന്നുതുടങ്ങി.
വിവാഹ ചടങ്ങുകളിലെ ആഡംബരങ്ങളില്‍കഴിഞ്ഞ ഒരു ദശാബ്ദമായി വന്‍തോതിലുള്ള  ഒരു വിപ്ലവമാണ് സംഭവിക്കുന്നത്... അനാവശ്യമായി ലക്ഷക്കണക്കിന്‌പൈസ ഈ ഇനത്തില്‍ധൂര്‍ത്തടിക്കപ്പെടുന്നു. ഈ മേഖലയില്‍ഈവന്‍റ്  മാനേജ്മെന്റിന്റെ വരവോടെ വീട്ടുകാരുടെ ജോലി കുറയുകയും ചെലവ് കൂടുകയും ചെയ്തു. "സൗകര്യങ്ങള്‍കൂടുമ്പോള്‍അസൗകര്യങ്ങളും കൂടുന്നു" എന്ന സാഹചര്യമാണ് ഇപ്പോള്‍. വിവാഹ വസ്ത്രമെടുക്കുന്നതില്‍തുടങ്ങി ആള്‍ക്കാരെ ക്ഷണിക്കുന്നത് വരെ ചെയ്തു തരാന്‍ഈവന്‍റ് മാനെജ്മെന്‍റ് പ്രവര്‍ത്തിക്കുന്നു.
പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും വിശ്വസിക്കാനും കഴിയുമ്പോള്‍ മാത്രമേ വിവാഹങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാലത്തിനൊത്ത് നാമും വളരെ ദൂരം പിന്നിട്ടു. മാറ്റങ്ങള്‍ഒരുപാട് ഇനിയും വരാനുണ്ട്. ഇന്നലെകളെ  വിസ്മരിക്കുന്ന  ഇന്നിന്‍റെ മാറ്റങ്ങള്‍പോലെ നാളെയുടെ മാറ്റങ്ങള്‍ഇന്നിനെ മറക്കാന്‍കാരണമാവുമോ....?
 
-പനയം ലിജു , സിംഗപ്പൂര്‍


Thursday, October 17, 2013

നിയമവിധേയമാകുന്ന കേരളം

കേരളത്തിലെ റോഡുകളില്‍ അമിത വേഗതയും സിഗ്നല്‍ മറികടന്നുള്ള യാത്രയും ഒഴിവാക്കാന്‍ കാമറകള്‍ . ദേശീയ പാതകളില്‍ ആരംഭിച്ച ഈ കാമറകള്‍ ക്രമേണ മറ്റ് മുഖ്യ റോഡുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്‍റെ അപ്പുറത്തുള്ള നിയമങ്ങള്‍ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന് ലാഘവത്തോടെ ഇതിനെ എഴുതിതള്ളാന്‍ കഴിയില്ല കാരണം ശിക്ഷാ നടപടികളും ശക്തമായി തന്നെ തുടങ്ങിയിട്ടുണ്ട്. ഹെല്‍മറ്റ്,ലൈസന്‍സ്,ഇല്ലാതെയുള്ള യാത്ര, തെറ്റായ ട്രാക്കിലൂടെയുള്ള സഞ്ചാരം, സീറ്റ് ബെല്‍റ്റ്‌ ഇല്ലാതെ പോകുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങി ഇരുപതോളം കുറ്റങ്ങള്‍ പിടിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കും. ഒരിക്കല്‍ പിഴയടച്ച വാഹനം അതെ തെറ്റ് ആവര്‍ത്തിച്ചാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനും  ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നത് വരെയുള്ള ശിക്ഷകളാണ് നടപ്പാക്കുന്നത്.
നിയമം ലംഘിക്കുന്ന വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിന്‍റെ ചിത്രമടക്കം വാഹനത്തിന്‍റെ ഉടമസ്ഥന്‍റെ വീട്ടില്‍ തപാല്‍ വഴി എത്തും. ഇതെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ സംവിധാനം വഴിയാണ് പ്രവര്‍ത്തിക്കുന്നത്.2014 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും ഇത്തരത്തില്‍ സുരക്ഷ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
പിഴയടക്കാനുള്ള നോട്ടീസ് പോസ്റ്റ്‌ മാനില്‍ നിന്ന്‍ കൈപ്പറ്റാന്‍ കൂട്ടാക്കാതെയിരുന്നാലും കൈപ്പറ്റിയിട്ട് പിഴ അടക്കാതിരുന്നാലും റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ക്കാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതില്‍ നിന്ന്‍ എന്ത് മനസ്സിലാക്കാം? നിയമങ്ങളുടെ കുറവല്ല അത് നടപ്പിലാക്കാനുള്ള കര്‍ശനമായ സംവിധാനത്തിന്‍റെ അപര്യാപ്തത മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കര്‍ശനമായ നിയമങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന കാര്യം മറന്നിട്ട് സര്‍ക്കാരിന്‍റെ ആവശ്യമായി കണ്ടിരുന്നത് ഓരോ വ്യക്തികളുടെയും തെറ്റാണ്. നിയമങ്ങളും പിഴയും കര്‍ശനമായപ്പോള്‍ അപകടങ്ങളും കുറഞ്ഞതായി നാം കണ്ടു. മദ്യപിച്ചു വാഹനമോടിച്ചാല്‍ കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ തുടങ്ങി.
നിയമങ്ങള്‍ നടപ്പിലാക്കാന്‍ നമ്മള്‍ സഹകരിച്ചാല്‍ കേരളത്തെ വിദേശ രാജ്യങ്ങളുടെ നിരയിലേക്ക് കൊണ്ടുവന്നു മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാക്കി മാറ്റാന്‍ കഴിയും. അപകട രഹിതമായ റോഡുകളും സമാധാനപരമായ കേരളവും നമുക്ക് കെട്ടിപ്പടുക്കാം.
-പനയം ലിജു, സിംഗപ്പൂര്‍

Monday, October 14, 2013

ഒരബദ്ധം ഏത് പോലീസുകാരനും പറ്റും....!

ഇതാ പറയുന്നത് ആവശ്യമില്ലാത്ത പരിപാടിക്ക് പോകുമ്പോള്‍ കുറച്ചൊക്കെ നോക്കിയും കണ്ടും ചെയ്യണമെന്ന്...കണ്ടില്ലേ എവിടെയോ കണ്ടുമുട്ടിയ ആളുമോത്ത്(അല്ലേലും ഈ കാര്യത്തില്‍ പിന്നെ മുന്‍ പരിചയം ഒന്നും അത്യാവശ്യമല്ലല്ലോ) രണ്ടെണ്ണം വീശിയപ്പോ പാവം അറിഞ്ഞില്ല അല്പം ഓവറായത്... ദാഹവും വിശപ്പും ക്ഷീണവും മാറ്റി കൂട്ടുകാര്‍ യാത്ര പറഞ്ഞു പിരിഞ്ഞപ്പോ കയ്യിലിരുന്ന ബാഗ് മാറിപ്പോയത് പാവം ശ്രദ്ധിച്ചില്ല. എന്നിട്ടിപ്പോ എന്തായി...വെള്ളമടിച്ചു ബഹളം വച്ച മാനന്തവാടി മത്തായിച്ചന്‍റെ കയ്യിലിരുന്ന ബാഗില്‍ തിരുവനന്തപുരത്തെ രഘു പോലീസിന്‍റെ സര്‍വീസ് റിവോള്‍വറും അഞ്ചുണ്ടയും.....
മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന രഘു പോലീസിന് ഇനി ആരു എസ്കോര്‍ട്ട് പോകുമോ ആവോ...

ഒരബദ്ധം ഏത് പോലീസുകാരനും പറ്റും....! പക്ഷെ, ഒന്നേ പറ്റാവൂ...!!
-പനയം ലിജു, സിംഗപ്പൂര്‍

Monday, October 7, 2013

എട്ടിന്‍റെ പണി



മലയാള മനോരമയില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരക ഘടകമായത്. "ഷാരൂഖിന് എട്ടിന്‍റെ പണി" എന്നതാണ് പ്രസ്തുത വാര്‍ത്തയുടെ തലക്കെട്ട്‌. 2008ല്‍ കെ.ജെ.റൌളിംഗ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പ്രസംഗം കടപ്പാട് പറയാതെ ഷാരൂഖ് ഖാന്‍ കോപ്പിയടിച്ചത് അവിടെയുണ്ടായിരുന്ന ഏതോ ബുദ്ധിജീവി മനസ്സിലാക്കിയെന്നതാണ് വിഷയം. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രം എന്ന്‍ പരസ്യവാചകങ്ങളിലൂടെ ദിനംപ്രതി പറയുന്ന ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു ദിനപ്പത്രം, മലയാള ഭാഷയുടെ ശുദ്ധിയെ വിലമതിയ്ക്കാതെ ഒരു 'ന്യൂ ജനറേഷന്‍' വാക്കിലൂടെ ഒരു വാര്‍ത്തയ്ക്ക് തലക്കെട്ട്‌ ഉണ്ടാക്കുന്ന ഗതികേടിലെക്ക് അധഃപതിച്ചുവോ?


മാതൃഭാഷയുടെ മനോഹാരിതയെയും സ്ഫുടതയെയും അതിന്‍റെ സംഗീതാത്മകമായ ഉച്ചാരണ ശുദ്ധിയെയും കുറിച്ച് വാതോരാതെ പ്രസംഗിക്കയും എഴുതുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ഇത്തരം പദപ്രയോഗങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭാഷയെ കൊലയ്ക്ക് കൊടുക്കാന്‍ കൂട്ട് നില്‍ക്കുകയല്ലേ ചെയ്യുന്നത്?


സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കാലാ കാലങ്ങളില്‍ ഇത്തരം പല പ്രയോഗങ്ങള്‍ കടന്നു വന്നിട്ടുണ്ട്. പക്ഷെ, അതൊന്നും നമ്മള്‍ ഒരിക്കലും അച്ചടി ഭാഷയുടെ ഭാഗമാക്കാന്‍ തയ്യാറായിട്ടില്ല. സംസാര ഭാഷയും എഴുത്ത് ഭാഷയും വ്യതസ്തമാണ്. അച്ചടി ഭാഷ അഥവാ എഴുത്തുഭാഷയില്‍ വാക്കുകളുടെ മൂല്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. 'എട്ടിന്‍റെ പണി' എന്ന വാക്കിനു പകരം പ്രയോഗിക്കാന്‍ മലയാളത്തില്‍ സഭ്യമായ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ അവിടെ എഴുതിയത്. കാലത്തിനൊത്ത് നീങ്ങാന്‍ ധാര്‍മ്മിക ബോധമില്ലാതെ പത്രമാധ്യമവും തയ്യാറാവുന്നു എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.


ശ്രേഷ്ടഭാഷാ പദവി നേടിയ ഒരു ഭാഷയാണ്‌ നമ്മുടെ അമ്മ മലയാളം. അതിനെ ഒരു വിധത്തിലും അവഹേളിക്കാനോ നിന്ദിക്കാനോ ഒരു മലയാളിയും തയ്യാറാവരുത്.


-പനയം ലിജു, സിംഗപ്പൂര്‍

Tuesday, August 27, 2013

സമ്മതമാണോ.....? പിന്നെന്ത് പേടിക്കാന്‍....!!

അറിഞ്ഞില്ലേ? പെണ്ണിന് സമ്മതമാണെങ്കില്‍  ഇനിയിപ്പോ അവള്‍ക്ക് 18 ആയില്ലെന്നോര്‍ത്ത് പേടിച്ചു ഒളിക്കേണ്ടാ... അതെ...സംഗതി അത് തന്നെ... കാലം ന്യൂ ജനറേഷന്‍ ആണേലും അങ്ങട്ട് വെട്ടിതുറന്നെഴുതാന്‍ ഒരു മടി... കാര്യം മനസ്സിലായില്ലേ...
18 വയസ്സ് വരെ പെണ്ണ് സര്‍ക്കാരിന്‍റെ സ്വത്തല്ലെന്നും അവള്‍ക്കു സുഖങ്ങള്‍ നിഷിധമല്ലെന്നും എന്തരോ ഒക്കെ പറയുന്നുണ്ട്. ആ.. പറയുമ്പോള്‍ എല്ലാം പറയണോല്ലോ... ഇതിന്‍റെ കൂടെ തന്നെ മറ്റേ സാധനം കൂടി നടത്തും....ബോധവല്‍ക്കരണം...അപ്പൊ പിന്നെ എല്ലാരും അങ്ങ് നന്നായിക്കോളും... പ്രീ മാരിറ്റല്‍ കൌണ്സിലിംഗ് നടത്തി കല്യാണം കഴിക്കാന്‍ പറഞ്ഞു വിടുന്ന പോലെ വിവാഹ പൂര്‍വ ലൈംഗീക ബന്ധം തെറ്റാണെന്നും അതിന്‍റെ ദൂഷ്യവശങ്ങളും അവസാനം രൂപയുടെ മൂല്യച്യതിയെ കുറിച്ചു വരെ ബോധവല്‍ക്കരണം നടത്തി പറഞ്ഞു വിടും....ഈ ബോധവല്‍ക്കരണം കൊണ്ട് നാട് നന്നാവുമെങ്കില്‍ ഇന്ത്യ നന്നാവേണ്ട കാലം പണ്ടേ കഴിഞ്ഞു.
ഒരു കൊച്ചിനെ പീഡിപ്പിച്ചതിന്‍റെ സമരം തീരുന്നെനു മുന്‍പേ നാലെണ്ണം വേറെ നടന്ന സ്ഥലത്താണ് ബോധവല്‍ക്കരണവും നിയമവും. അയ്യോ പീഡനം എന്നൊന്നും പറയാന്‍ പറ്റില്ല. പെണ്ണിന്‍റെ സമ്മതത്തോടെ സുഖം പകര്‍ന്നതല്ലേ...അത് പീഡനം ആവില്ലല്ലോ....
വിളിക്കുമ്പോള്‍ 'ഹലോ ചക്കരെ' ക്ക് പകരം,
"താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിയ്ക്ക് പുറത്താണ് ...ദയവായി അല്‍പസമയത്തിന് ശേഷം വിളിക്കുക" എന്ന മെസ്സേജ് കേള്‍ക്കും വരെ...
...

Wednesday, August 21, 2013

ആരുടെ പിഴ....?

എന്തൊക്കെ നേടിയാല്‍ എന്ത് ഗുണം? മക്കളെ പഠിപ്പിച്ചു വലുതാക്കി ഡോക്ടറും എന്‍ജിനീയറും ആക്കാനും  റിയാലിറ്റി ഷോയില്‍ കോടികള്‍ സമ്മാനം വങ്ങാനയക്കുകയും യുവജനോത്സവ വേദികളില്‍ കലാതിലകവും പ്രതിഭയുമാക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ മറന്നുപോകുന്ന ഒരു സത്യം. മക്കളുടെ സാമീപ്യം ആവശ്യമുള്ളപ്പോള്‍ വന്നു കാണാന്‍ അവര്‍ക്ക് ലീവുണ്ടാവില്ല, ഫോണ്‍ ചെയ്യാന്‍ സമയവും ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്നു ഒന്നര മാസത്തിനു ശേഷം ജീര്‍ണ്ണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹത്തിനുടമയായ ഒരമ്മ, അവര്‍ തറവാടിത്തം ഇല്ലാത്തവരോ  അവരുടെ മക്കള്‍ പണമില്ലാത്തവരോ ആയിരുന്നില്ല. സമ്പന്നയും വിധവയുമായ അമ്മയുടെ മരണവാര്‍ത്ത പോലും മക്കള്‍ അറിയുന്നത് ഒന്നര മാസത്തിനു ശേഷമാണെന്ന് കേള്‍ക്കുമ്പോള്‍ അത് വായിച്ച നമുക്ക് ആ മക്കളോട് ദേഷ്യമാണോ അമ്മയോട് സഹതാപമാണോ ഉണ്ടായത്? മാസംതോറും ചെലവിനുള്ള പൈസ അയച്ചുകൊടുക്കുന്നതിലൂടെ കര്‍തവ്യങ്ങള്‍ പൂര്‍ണ്ണമായെന്നു കരുതുന്ന മക്കള്‍ തലമുറ.
സമാനമായ മറ്റൊരു സംഭവം ബാംഗ്ലൂരിലും നടന്നു. നാല് മാസത്തിനു ശേഷം മാത്രം മനസ്സിലാക്കിയ മരണ വിവരം. പക്ഷെ അത് അവിവാഹിതയായ സ്ത്രീയാണെന്നും മാനസികരോഗി ആയിരുന്നെന്നും ന്യായം പറഞ്ഞു മാറ്റിനിര്‍ത്താം. എന്നാല്‍ മാവേലിക്കരയിലെ സംഭവം എന്താണ് നമ്മോടു വിളിച്ചു പറയുന്നത്...? ശോ, കഷ്ടം ! എന്നൊരു നെടുവീര്‍പ്പല്ലാതെ മറ്റൊന്നും അത് വായിക്കുന്ന ആര്‍ക്കും പറയാനുണ്ടാവില്ല. എവിടെയാണ് പിഴച്ചത്? ആര്‍ക്കാണ് തെറ്റിയത്? മക്കള്‍ക്കായി സമ്പാദിച്ചു അവരെ ഇടക്ക് പോയി കാണാനും സന്തോഷത്തില്‍ പങ്കിടാനും മനസ്സ് ഉണ്ടായിരുന്ന അമ്മയ്ക്കോ ഒന്നര മാസമായി പെറ്റമ്മയുടെ യാതൊരു വിവരവുമില്ലെന്ന് തിരക്കിനിടയില്‍ മറന്നു പോയ മക്കള്‍ക്കോ? മരിക്കുന്നതിനു മുന്‍പുള്ള നിമിഷങ്ങളില്‍ ദൂരെയുള്ള മക്കള്‍ക്ക് സന്തോഷം മാത്രം നല്കണേ എന്നാവും ആ അമ്മ പ്രാര്‍ഥിച്ചത്.
-പനയം ലിജു, സിംഗപ്പൂര്‍

Sunday, July 14, 2013

ചരിത്രമായി മാറിയ ടെലിഗ്രാം

ടെലിഗ്രാം ഇന്നുമുതല്‍ ചരിത്രമായി മാറുന്നു. 163 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് ഇന്ന് രാത്രിയോടെ ടെലിഗ്രാം ചരിത്രത്തിന്‍റെ താളുകളിലേക്ക് മാറ്റപ്പെടുന്നത്. ഭൂതലതിലൂടെ കമ്പികള്‍ കെട്ടി അവയിലൂടെ പ്രത്യേകം ക്രോഡീകരിച്ച കോഡുകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്ന ഒരു സംവിധാനമായിരുന്നു ടെലിഗ്രാം. 1837 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സാമുവല്‍ മോഴ്സാണ് ഇന്ന് നിലവില്‍ ഉള്ളതുപോലെയുള്ള ഡോട്ടും ഡാഷും ചേര്‍ന്ന കോഡുകള്‍ക്ക് രൂപം നല്‍കിയത്.1850 നവംബര്‍ 5 നു  ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊല്‍ക്കത്തയില്‍ നിന്നാണ് പരീക്ഷണാര്‍ത്ഥം ആദ്യ ടെലിഗ്രാം സന്ദേശം  43.5  കി.മീ.അകലെയുള്ള ഡയമണ്ട് ഹാര്‍ബരിലേക്ക് അയക്കുന്നത്.  1854 ല്‍ ആണ് ഇത് പൊതുജന സേവനത്തിനായി കൊടുക്കപ്പെടുന്നത്.

ഒരു കാലത്ത് ഏറ്റവും വേഗതയേറിയ ആശയ വിനിമയ മാര്‍ഗ്ഗം ടെലിഗ്രാം ആയിരുന്നു. സന്തോഷമോ ദുഃഖമോ അതി ശീഘ്രം അറിയിക്കാന്‍ വേറൊരു മാര്‍ഗം അന്നില്ലായിരുന്നു. മറ്റ് ആശയ വിനിമയ സേവനങ്ങളെ പോലെ ടെലിഗ്രാമും യുദ്ധകാര്യങ്ങള്‍ക്കാണ്  ആദ്യം ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ റയില്‍വേ കാര്യക്ഷമമായി ഇത് ഉപയോഗിച്ച്. റയില്‍വേ റിസര്‍വേഷന്‍, ചരക്ക് നീക്കങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും കാലക്രമേണ റെയില്‍വേയില്‍ ഇതിനായി കമ്പി തപാല്‍ വിഭാഗം തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ടെലിഗ്രാമിന്‍റെ സേവനം ഈ കാലത്തും ഉപയോഗിച്ചുകൊണ്ടിരുന്നത് ഇന്ത്യന്‍ സേനാ വിഭാഗങ്ങളായിരുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ മാത്രം സന്ദേശങ്ങള്‍ അറിയിക്കുന്ന സംവിധാനമാണ് ഇതിനുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഫാക്സ്, ഇ മെയില്‍, SMS ഒക്കെ വന്നപ്പോള്‍ പിന്തള്ളപ്പെട്ട ടെലിഗ്രാം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ തീരുമാനമാവുകയും ഇന്ന് രാത്രി മുതല്‍ അത് നടപ്പിലാവുകയുമാണ്.
മുഖാമുഖം കണ്ടു സംസാരിക്കാനും നിമിഷാര്‍ധത്തില്‍ സന്ദേശങ്ങള്‍ കൈമാറാനുമുള്ള ആധുനിക സൌകര്യങ്ങള്‍ വന്നപ്പോള്‍ നമ്മോടു വിട പറഞ്ഞു പോകുന്ന ടെലിഗ്രാമിനെയും അത് നല്കിതന്ന സേവനങ്ങളെയും സ്മരിക്കാം.
-പനയം ലിജു, സിംഗപ്പൂര്‍ 

Monday, June 24, 2013

Latest News

രഞ്ജിനി തെറി പറഞ്ഞ അമേരിക്കൻ അച്ചായനോടുള്ള പ്രവാസി മലയാളികളുടെ സഹതാപം തീർന്നു...ഗണേശൻ ഊർജ്ജസ്വലനായി തിരിച്ചെത്തി...ശ്രീശാന്തിന്റെ പോക്കറ്റിൽ നിന്ന് തൂവാല ഊർന്ന് പോയതാണോ ഒത്തു കളിച്ചോ എന്ന് അന്വേഷിക്കട്ടെ, അവൻ പ്രാക്ടീസ്‌ തുടങ്ങി...മണി വനപാലകരെ തെറി വിളിച്ചോ തല്ലിയോ ആർക്കറിയണം...സരിത മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിരുന്നോ....ആ പോയെങ്കിൽ പോട്ടെ...മലയാളി ഹൗസിൽ ട്രിവാൻഡ്രം ലോഡ്ജ്‌ പണിയട്ടേ, നമുക്കെന്താ... എതിലെയോ പോയപ്പൊ വഴി തെറ്റി വന്ന തെറ്റയിൽ ഉണ്ടല്ലോ ഇപ്പോ. ഇനി കുറച്ചു നാൾ അങ്ങേരടെ പുറകെ പോകാം... അപ്പോഴേക്കും മഞ്ജുവും ദിലീപും ഒരു തീരുമാനത്തിൽ എത്തും......
മലയാളിക്ക്‌ എന്നും ആഘോഷത്തിന്റെ ദിനങ്ങൾ!

Sunday, June 23, 2013

ഉണ്ണിക്കുട്ടന്റെ എട്ടാം പിറന്നാള്‍

ഉണ്ണിക്കുട്ടന്‍ എന്നാണ് അവനെ സ്നേഹപൂര്‍വ്വം അവരെല്ലാം വിളിച്ചിരുന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ആശുപത്രിയില്‍, പ്രസവിച്ച അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട  ഉണ്ണി അവിടുത്തെ ജീവനക്കാരുടെ സംരക്ഷണയില്‍ വളരാന്‍ വിധിക്കപ്പെടുകയായിരുന്നു.
ഒരു പ്രണയം സമ്മാനിച്ച പാരിദോഷികമായ ഈ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ കൊന്നുകളയാനാണ് അവന്‍റെ അമ്മ ആദ്യമായി അവിടെയെത്തുന്നത്. പൈസയ്ക്ക് വേണ്ടി ഗര്‍ഭഛിദ്രം ഒരു വിനോദം പോലെ ചെയ്തു കൊടുക്കാന്‍ തയ്യാറായ സാഡിസ്റ്റ് ഗണത്തില്‍ പെട്ടൊരു ഡോക്ടര്‍ അവിടെയുള്ളപ്പോള്‍ ഇത്തരം കേസുമായി കടന്നു വരുന്ന അവിവാഹിത അമ്മമാരുടെയും ജീവിതം ആസ്വദിച്ചു തീരും മുന്‍പേ അബദ്ധത്തില്‍ ഗര്‍ഭം ധരിക്കുന്ന വിവാഹിതരായ സ്ത്രീകള്‍ക്കും ഒരിക്കലും നിരാശരാകേണ്ടി വന്നിട്ടില്ല.
ഉണ്ണിക്കുട്ടനെ ഗര്‍ഭത്തില്‍ നശിപ്പിക്കാന്‍ അവന്‍റെ അമ്മ അവിടെയെത്തുമ്പോഴേക്കും വൈകി പോയതുകൊണ്ടാണ് ആരോഗ്യവാനായ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞതും പ്രസവിച്ചേ മതിയാവൂ എന്ന അവസ്ഥയില്‍ വേറെ  നിവൃത്തിയില്ലാതെ അവള്‍ ഉണ്ണിയെ പ്രസവിക്കുന്നതും.
വിവാഹിതയല്ലാത്ത സ്ത്രീ അമ്മയായാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മുന്‍പില്ലാത്ത ബോധം അവള്‍ക്ക് ഇപ്പോള്‍ വന്നതുകൊണ്ടാവാം നോന്തുപ്രസവിച്ച കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ചിട്ട് നിര്‍ദയം അവള്‍ കടന്നു കളഞ്ഞത്. അങ്ങനെയാണ് ആ കുഞ്ഞ് അവരുടെ കണ്ണിലുണ്ണിയായ ഉണ്ണിക്കുട്ടനായി മാറിയത്.
പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ കുഞ്ഞിനെ പിരിഞ്ഞ് ജോലിസ്ഥലത്തേക്ക് പോരേണ്ടിവന്ന അവിടുത്തെ ഒരു നഴ്സ് ആയ സിസ്റ്റര്‍ ബിന്ദു, ഉണ്ണിക്കുട്ടനില്‍ അവളുടെ മിന്നുമോളെ കണ്ടു. മിന്നുമോള്‍ അമ്മയുടെ സ്നേഹം കൊതിക്കുമ്പോള്‍ തുളുമ്പുന്ന അവളുടെ മാറിടം അവള്‍ ഉണ്ണിക്കുട്ടന് നല്‍കി. തന്‍റെ മാറിടത്തിന്‍റെ ചൂട് പകര്‍ന്നു നല്‍കി ഉണ്ണിക്കുട്ടനുമായി ഒരു മാനസിക അടുപ്പത്തില്‍ ആയിത്തീരാന്‍ അവള്‍ക്ക് അധികനാള്‍ വേണ്ടി വന്നില്ല. അപക്വ പ്രണയത്തിന്‍റെ സമ്മാനമായ ഉണ്ണിയെ ഉപേക്ഷിച്ചു പോയ അവന്‍റെ അമ്മയ്ക്ക് പകരം അവള്‍ അവനു അമ്മയായി മാറുകയായിരുന്നു. ദിവസങ്ങള്‍ പിന്നിടവേ ഉണ്നിക്കുട്ടനുമായുള്ള അവളുടെ ആത്മബന്ധം കൂടി വന്നു.
ഒടുവില്‍ ആ ദിനം വന്നെത്തി.ആശുപത്രി ജീവനക്കാരുടെ മൂന്ന്‍ മാസത്തെ പരിചരണത്തിന് വിരാമമിട്ടുകൊണ്ട് ഉണ്ണിക്കുട്ടന്‍ ഇന്ന് അവരോടു വിട പറയുകയാണ്‌. ഉണ്ണിയെ പോലെ സ്വന്തമല്ലാത്ത തെറ്റിന്‍റെ ഫലമായുണ്ടായ  കൂട്ടുകാരുടെ അടുത്തേക്ക്. അവിടെ അവനെ പോലെ അമ്മയ്ക്ക് ഭാരമായ, അച്ഛന്‍ ആരെന്നറിയാത്ത കുറെ കൂട്ടുകാരുണ്ട്.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  ഉണ്ണി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇന്ന്‍ അവന്‍റെ എട്ടാം പിറന്നാളാണ്. അവന്‍റെ പിറന്നാള്‍ കൃത്യമായി ഓര്‍മ്മയുള്ള സിസ്റ്റര്‍ ബിന്ദു അവനെ കാണാനായി വന്നിരിക്കുന്നു. അവളുടെ മിന്നുമോളും ഒപ്പമുണ്ട്. പക്ഷെ, ഉണ്ണി ഇപ്പോള്‍ അവിടെയില്ല. ദൈവം സന്താന ഭാഗ്യം നല്‍കാത്ത  ഏതോ ഒരമ്മയ്ക്കും അച്ഛനുമൊപ്പം അവനിന്ന് എവിടെയോ ജീവിക്കുന്നുണ്ടാവും... എവിടെ ആയാലും ഉണ്ണിക്ക് നന്മ മാത്രം വരണേ എന്നൊരു ആത്മഗതത്തോടെ അവള്‍ നടന്നകന്നു... അമ്മയുള്ള ഒരു കുഞ്ഞും ഇവിടേക്ക് വരാന്‍ ഇടയാവരുതേ എന്ന പ്രാര്‍ഥനയോടെ...

-പനയം ലിജു, സിംഗപ്പൂര്‍.

Friday, May 24, 2013

റിയാലിറ്റിയും ഷോയും

റിയാലിറ്റി ഷോകളുടെ കാലമാണിത്. സംഗീതത്തില്‍ തുടങ്ങി, നൃത്തത്തിലൂടെ ഹാസ്യത്തിലും അഭിനയത്തിലും നടത്തിയ റിയാലിറ്റി ഷോകള്‍ കണ്ടു മടുത്ത ജനങ്ങള്‍ക്ക് വ്യത്യസ്തത നല്‍കാന്‍ ഒരു പ്രമുഖ മലയാളം ചാനല്‍ നടത്തി വരുന്ന നവ റിയാലിറ്റി ഷോയുടെ വാര്‍ത്തകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഴുവന്‍. റിയല്‍ റിയാലിറ്റി എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശം പറയുന്ന ഈ റിയാലിറ്റി ഷോയെ കുറിച്ച് നല്ലതായി ഒരു വാക്ക് പോലും ഇതുവരെ കേള്‍ക്കാത്ത സാഹചര്യത്തില്‍ എന്താണിതെന്ന് അറിയാന്‍ ഈയുള്ളവനും ഒരു ആകാംക്ഷ തോന്നി. എന്തെങ്കിലും നല്ലതോ മോശമോ എഴുതുന്നതിനു മുന്‍പേ ഇതെന്താണെന്നു അറിയണമല്ലോ !
അതിലേക്ക് കടക്കും മുന്‍പേ ഹാസ്യ റിയാലിറ്റി ഷോ എന്ന പേരും ജനങ്ങളെ കരയിക്കുന്ന (ഇത് കാണേണ്ടി വന്നല്ലോ എന്നോര്‍ത്ത്) ചില ഷോകള്‍ അസഹനീയമായി മാറിയിരിക്കുന്ന കാര്യം പറയാതെ വയ്യ. അടുത്തിടെ സിംഗപ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ അതിഥിയായി വന്ന ഒരു ഹാസ്യതാരം മുന്‍‌കൂര്‍ ജാമ്യമായി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. റിയാലിറ്റി ഷോകളിലൂടെ ദിവസേന ഹാസ്യം കാണാന്‍ തുടങ്ങിയ ജനങ്ങളോട് ആവര്‍ത്തന വിരസത തോന്നിയാല്‍ ക്ഷമിക്കണേ എന്ന ആമുഖത്തോടെയാണ് അദ്ദേഹം പരിപാടിയിലേക്ക് പ്രവേശിച്ചത്. വിഷയങ്ങളുടെ അപര്യാപ്തത ഇത്തരം പരിപാടികളില്‍ പ്രകടമാണ്. പിന്നെ ഇതിന്‍റെ ന്യായവിധിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഒരു കോമഡി സ്കിറ്റ് അവതരിപ്പിച്ചതിന്‍റെ വിശകലനം കേട്ടാല്‍ കവല പ്രസംഗം ചെയ്യുന്ന തീവ്രതയാണ്. അതൊരെണ്ണം സഹിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ തന്നെ വേറെയും സമാനമായ ഷോകള്‍ അതെ ചാനലില്‍. ജഡ്ജസിന്‍റെ രൂപവും വേഷവും കണ്ടാല്‍ പണ്ട് ഷോ കേസില്‍ വച്ചിരുന്ന കണ്ണും വായും ചെവിയും പൊത്തിയ പ്രതിമകള്‍ കണ്ട ഓര്‍മ്മയാണ് വരിക.
ഒടുവില്‍, ഒരു വീടിനുള്ളില്‍ കുറച്ചു പേരെ പുറം ലോക ബന്ധമില്ലാതെ താമസിപ്പിച്ചിട്ട് ബാത്ത് റൂമില്‍ വരെ ഒളി കാമറ വച്ച് ആ വീട്ടിലെ സകല സംഭവങ്ങളും പുറം ലോകത്തെ കാണിക്കുന്ന ഈ ഷോ കൊണ്ട് എന്താണ് ചാനലും നിര്‍മാതാവും ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമാവുന്നില്ല. ഈ പരിപാടി കഴിഞ്ഞു സമ്മാനവും വാങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ എന്താവും സംഭവിക്കുക എന്നും പറയാനാവില്ല.
ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ അല്ലല്ലോ ഇവരൊക്കെ എന്ന്‍ പറയുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം, ഈ വ്യക്തികളെ നമ്മള്‍ കണ്ടിരുന്നത് അവരുടെ കഥാപാത്രങ്ങളിലൂടെയും സ്റ്റേജിലെ പ്രകടനങ്ങളിലൂടെയും മാത്രമാണ്. അവരും സാധാരണ മനുഷ്യരാണ്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ വളരെ അന്തരമുണ്ട് അവരുടെ വ്യക്തിത്വത്തിന്. അതില്‍ നല്ലവരും മോശവും ഉണ്ടാവും. സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ സ്വഭാവവും അങ്ങനെയാണെന്നു നമ്മുടെ മിഥ്യാ ധാരണയാണ്. രഹസ്യങ്ങള്‍ പോലും പറയാന്‍ കഴിയാതെ, ആത്മഗതങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഈ ഷോ അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം നമ്മള്‍ കാണുന്നു എന്ന്‍ മാത്രം.
പിന്നെ, നയന്‍ താര തമിഴ് സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്ന് അവളെ കുറ്റം പറയുന്ന മലയാളികള്‍ അവളുടെ പടം കാണാന്‍ ഉത്സാഹം കാണിക്കുന്ന പോലെ എന്തൊക്കെ എതിരഭിപ്രായം വന്നാലും മലയാളി ഹൌസ് കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവും.
-പനയം ലിജു