അങ്ങനെ ലോകം അവസാനിക്കുന്നു എന്ന് പറയപ്പെട്ട ഒരു നാള്‍ കൂടി കടന്നു വന്നു....ശാസ്ത്രലോകം തന്നെ നിഷേധിച്ച അടിസ്ഥാന രഹിതമായ ഈ പ്രവചനത്തെ കുറിച്ച് ഈ ദിനം കഴിയും വരെയെങ്കിലും അല്പം ഭീതിയോടെ നോക്കുന്ന അനേകര്‍ ഇനിയുമുണ്ടെന്നതിനാലാണ് അന്ത്യകാലത്തെ കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ ഒന്നായ വി.ബൈബിളിന്‍റെ ആധികാരികമായ പശ്ചാത്തലത്തില്‍ ഈ വിഷയത്തെക്കുറിച്ച് അല്പം പറയാം എന്ന് കരുതുന്നത്. വേദഗ്രന്ഥങ്ങള്‍ പലതും ഈ വിഷയം അല്പമെങ്കിലും പറയുന്നുണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഞാന്‍ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളിലെ ഉള്ളടക്കത്തെ എടുത്തു എഴുതുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രമാണ് അതിലേക്ക് ഞാന്‍ പോകാത്തത്.
ബൈബിളില്‍ ലോകത്തിന്‍റെ ഉല്‍പ്പത്തി കാലത്ത് തന്നെ ഇതിനൊരു അന്ത്യമുണ്ടെന്നും അത് എപ്രകാരം ആയിരിക്കുമെന്നും പറയുന്നുണ്ട്. ആദി മനുഷ്യനായ ആദാമിലൂടെ ലോകത്ത് പാപം കടന്നു വന്നതുപോലെ രണ്ടാം ആദാമായ യേശുക്രിസ്തുവിലൂടെ പാപത്തില്‍ നിന്നുള്ള രക്ഷ ഈ ലോകത്തിലേക്ക് അയച്ചു. പാപത്തിന്‍റെ അഗാധഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗ്ഗത്തിന്‍റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി പിറന്നത് സര്‍വ്വലോകത്തിന്‍റെയും സന്തോഷമായിരുന്നതുപോലെ സര്‍വ്വ മനുഷ്യരുടെയും പാപങ്ങള്‍ക്ക് പരിഹാരമായി മരിക്കേണ്ടതും ദൈവ നിയോഗമായിരുന്നു. പഴയനിയമ കാലത്തെ ജനങ്ങള്‍ ഒരു മിശിഹായുടെ വരവിനായി കാത്തിരുന്നത് പോലെ മരിച്ചു ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹണം ചെയ്ത കര്‍ത്താവിന്‍റെ രണ്ടാം വരവിനാണ്. ഇന്നത്തെ ജനം കാത്തിരിക്കുന്നത്.ഈ രണ്ടാം വരവും ലോകാവസാനവുമായി ബന്ധമുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് മനസ്സിലാവുന്നുണ്ടാവുമല്ലോ.
ബൈബിള്‍ പ്രകാരവും അവസാന കാലത്തിന്‍റെ ലക്ഷണങ്ങള്‍ നാമിന്നു ലോകത്ത് കാണുന്നുണ്ട്. പക്ഷെ, കര്‍ത്താവിന്‍റെ രണ്ടാം വരവിന്‍റെ സമയത്തെക്കുറിച്ച് പിതാവായ ദൈവമല്ലാതെ ദൈവദൂതന്മാരോ പുത്രനോ പോലും അറിയുന്നില്ല എന്നത്രേ ബൈബിള്‍ വചനം. (മത്തായി 24,25അദ്ധ്യായങ്ങള്‍) അവസാനകാലത്തെ കുറിച്ചുള്ള അടയാളങ്ങളെ പറ്റി മറ്റു പല വേദഭാഗങ്ങളും ഉണ്ടെങ്കിലും അതിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല.
ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതാദ്യമായല്ല, അവസാനത്തേതുമാണെന്നു തോന്നുന്നില്ല.... പക്ഷെ മുന്‍കൂട്ടി അറിയുന്ന ഒരു ദിവസവും അത് സംഭവിക്കില്ല എന്നതാണ് സത്യം.
No comments:
Post a Comment