Pages

Monday, December 24, 2012

(അ)ശാന്തിയുടെ ഡിസംബര്‍

ലോകത്തിനു ശാന്തിയും സമാധാനവും വിതറിക്കൊണ്ട് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി, സമാധാന പ്രഭുവായി, ലോകരക്ഷകനായി, സര്‍വ്വലോകത്തിനും മഹാസന്തോഷമായി ദൈവപുത്രനായ യേശുക്രിസ്തു കന്യകാസൂനുവായി ഭൂജാതനായെന്നു വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ മാസത്തില്‍ തന്നെ അസമാധാനതിന്‍റെയും അശാന്തിയുടെയും പര്യായങ്ങള്‍ എന്ന് പറയാവുന്ന സംഭവങ്ങള്‍ നമ്മുടെ കണ്‍ വെട്ടത്ത് നടന്നത് ഒരു വിരോധാഭാസമായി തോന്നുന്നുണ്ടോ....?
ചരിത്രത്തിന്‍റെ പഴകിയ താളുകള്‍ തിരിഞ്ഞു ചികഞ്ഞാല്‍ ഓര്‍മ്മകളില്‍ മരവിക്കാതെ നില്‍ക്കുന്ന ചില സംഭവങ്ങള്‍ നല്‍കുന്ന നടുക്കുന്ന കാഴ്ചകള്‍ സംഭാവിച്ചിരിക്കുന്നതും ഇതേ ഡിസംബര്‍ മാസത്തിലാണ്.
മത വിദ്വേഷത്തിന്‍റെ ഉദാഹരണമായി ലോകത്തിനു മുന്നില്‍ കണ്ട ബാബറി മസ്ജിദ്, ഭോപ്പാല്‍ ദുരന്തം, പ്രകൃതി ക്ഷോഭത്തിന്‍റെ മൃഗീയമായ ശേഷിപ്പായ സുനാമി ഒടുവില്‍ ഇതാ ഭാരതാംബയുടെ മസ്തിഷ്കത്തില്‍ സംഭവിച്ച ക്രൂരതയുടെ മൂര്‍ത്തീഭാവമായ ഡല്‍ഹിയിലെ കൂട്ടമാനഭംഗം.....
ഇനിയും ഒരാഴ്ച കൂടി ബാക്കിയുണ്ട് ഈ മാസം തീരാന്‍....എന്തെല്ലാം ഇനിയും കാണാനിരിക്കുന്നു....?
ഭൂമിയെ ദേവിയായും, പ്രകൃതിയെ അമ്മയായും എല്ലാ ഭാരതീയരെയും സഹോദരീ സഹോദരങ്ങളായും കാണാനും സഹജീവികളോടും മൃഗങ്ങളോട് പോലും ദയയോടെ വര്‍ത്തിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരുത്തമ സംസ്കാരത്തില്‍ ജീവിക്കുന്ന നമ്മുടെ ഭാരതത്തില്‍ നാം അറിവോടെ ചെയ്യുന്ന തെറ്റുകള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളെങ്കിലും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ദൈവ ശിക്ഷയായ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മുക്തരാവാന്‍ കഴിയും.


No comments: