Pages

Saturday, December 15, 2012

കവിതാദിനം

"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്‍റെ -
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?"

ആധുനിക കവിത്രയത്തില്‍ശ്രദ്ധേയനായമഹാകവി കുമാരനാശാന്‍റെ 'വീണപൂവ്‌' എന്ന കവിതയിലെ അര്‍ത്ഥവത്തായ വരികള്‍....
പ്രകൃതിയിലെ വളരെ നിസ്സാരങ്ങള്‍ എന്ന് നാം കരുതുന്ന വിഷയങ്ങളുടെ ആഴം കവിതയിലൂടെ സംവേദിപ്പിച്ച, സമൂഹത്തിലെ ഒറ്റപ്പെട്ടതും താഴെക്കിടയില്‍ കാണപ്പെടുന്നതുമായ വസ്തുതകള്‍ക്ക് വര്‍ണ്ണനകളിലൂടെ നിറം ചാര്‍ത്തുകയും ചെയ്ത മഹാനായ കവി. മാഹാകാവ്യങ്ങള്‍ ഒന്നുമെഴുതാതെ ഖണ്ഡകാവ്യങ്ങളിലൂടെ മാത്രം മഹാകവി പദവി നേടിയ അതുല്യ കവി കുമാരനാശാന്‍റെ 'വീണപൂവ്‌' ആദ്യ കോപ്പി പ്രസിദ്ധീകരിച്ച ദിനമാണ് ധനു 1(ഈ വര്‍ഷം ഡിസം.16).
മലയാള കവിതാ ശാഖയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച 'വീണപൂവ്‌' പ്രസിദ്ധീകരിച്ച ഈ ദിനം 'മലയാളം കവിതാദിനം' എന്ന പേരില്‍ ആചരിക്കാന്‍ തീരുമാനം ആയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. കവിതകളുടെ ആസ്വാദനത്തിലും രചനയിലും പുതിയ തലമുറയ്ക്ക് താല്‍പര്യവും അഭിനിവേശവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഈ സംരംഭത്തില്‍ നമുക്കും പങ്കു ചേരാം.
മലയാള സാഹിത്യത്തില്‍ അതുല്യങ്ങളായ സംഭാവകള്‍ നല്‍കിയ കവിശ്രേഷ്ഠരെ സ്മരിക്കാന്‍ ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം.
പുത്തന്‍ തലമുറയിലെ ഇളമുറക്കാരായ എല്ലാ കവി സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ 'കവിതാദിനാശംസകള്‍'
-പനയം ലിജു