Pages

Monday, December 17, 2012

ആരാണ് ഉത്തരവാദി

ഇന്നലെ  പറഞ്ഞതുമായി തന്നെ ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ചിന്തിക്കാനാണ് ഇന്നാഗ്രഹിക്കുന്നത്.  സ്വയരക്ഷയ്ക്കുള്ള വ്യക്തിയുടെ അവകാശത്തെ പരിഗണിച്ചു ആത്മരക്ഷയ്ക്കായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള അവകാശം അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി അംഗീകരിച്ചത് 1791 ഡിസംബര്‍ 15ന് ആയിരുന്നു.വീടിനുള്ളിലോ പുറത്തോ ആക്രമണത്തിന് ഇരയായാല്‍ സ്വയരക്ഷയ്ക്കുള്ള അവകാശത്തിന്‍റെ ഭാഗമായ ആയുധ സ്വാതന്ത്ര്യ നിയമത്തിന്‍റെ ദുരുപയോഗം മൂലമുണ്ടാകുന്ന അപകടകരമായ മറുവശത്തിന്‍റെ ഉദാത്തമായ ഉദാഹരണമാണ് ഇന്ന് നാം കേള്‍ക്കുന്ന വാര്‍ത്തകള്‍.
 
124 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വെറും നാല് കോടി
തോക്കുകള്‍ മാത്രം വ്യക്തികള്‍ക്ക് സ്വന്തമെങ്കില്‍ കേവലം
31കോടി ജനങ്ങളുള്ള അമേരിക്കയില്‍ 27 കോടി ആളുകളും സ്വന്തം തോക്ക് കൈവശം വച്ചിരിക്കുന്നു. അതായത് ഏകദേശം 87ശതമാനം ജനങ്ങള്‍ക്കും അംഗീകൃത തോക്കുകള്‍ സ്വന്തം. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഉണ്ടായ 20 വലിയ കൂട്ടക്കൊലകളില്‍ 11എണ്ണവും അമേരിക്കയിലായിരുന്നു. കര്‍ശനമായ ആയുധ നിയന്ത്രണ നിയമമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം കൂട്ടക്കൊല നടന്ന കണക്ടികട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളില്‍ നടന്ന 61 കൂട്ടക്കൊലയില്‍ 49 സംഭാവങ്ങളിലും ഉപയോഗിച്ചത്  നിയമപ്രകാരമുള്ള തോക്കുകള്‍ തന്നെയാണ്. ആയുധവ്യവസായം, അമേരിക്കയുടെ നയപരമായ വ്യവസ്ഥകളെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായി മാറിയതും തോക്ക് ലോബികളുടെ ശക്തമായ സ്വാധീനവും ഈ നിയമം ഭേദഗതി ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്നു.
 
അറുപതുകളില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതിന് അനുവദിച്ചിരുന്ന അതെ മൂല്യപരിമിതിയില്‍ മാത്രമേ അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വര്‍ണ്ണ ഇറക്കുമതി അനുവദിക്കൂ എന്ന ഇന്ത്യന്‍ നിയമത്തിന്‍റെ ബാലിശ സ്വഭാവം തന്നെയല്ലേ കാലാകാലങ്ങളില്‍ നിയമസംഹിതകളില്‍ വരുത്തേണ്ട ഭേദഗതിയുടെ അഭാവം മൂലം ഇവിടെ നാം കാണുന്നത്?

കണക്ടികടില്‍ കൂട്ടക്കൊല നടത്തിയ ഇരുപത് കാരന്‍ ആദം ലാന്സയുടെ അമ്മ നാന്‍സിയുടെ ഹോബി തോക്ക്ശേഖരണമായിരുന്നു എന്നറിയുമ്പോള്‍ മകന്‍ ഇത് ചെയ്തതില്‍ അതിശയോക്തിക്ക് വഴിയില്ല. ഇത്തരത്തില്‍ തോക്ക് ശേഖരണംവിനോദമാക്കിയ അനേകര്‍ അവിടെയുണ്ട്.  എവിടെയാണ് പിഴച്ചത്....? ആര്‍ക്കാണ് പിഴച്ചത്....? ആരാണ് ഉത്തരവാദി....?

1 comment:

ഷാജു അത്താണിക്കല്‍ said...

അമേരിക്കയിലും ഫലസ്തീനിലും നമ്മുടെ സഹോദരങ്ങൾ പിടഞ്ഞ് മരിക്കുന്നത് കാണാൻ കഴിയില്ല,
അമേരിക്ക തേങ്ങുന്നു