Pages

Wednesday, November 21, 2012

കരയും കടലും

ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ ദൈവം അതിനെ രണ്ട് മുഖ്യ ഭാഗങ്ങളായി വേര്‍തിരിച്ചതാണ് കടലും കരയും. ആര്‍ത്തിരമ്പുന്ന തിരമാലകളാല്‍ മുഖരിതമായ കടല്‍ പലപ്പോഴും ജീവിതത്തിന്‍റെ പ്രശ്ന സങ്കീര്‍ണ്ണതയെ വരച്ചു കാട്ടാനാണ് സാധാരണ ചിത്രകാരന്മാരും ചലച്ചിത്ര സംവിധായകരും ശ്രമിക്കുക. സുനാമി പോലെയുള്ള കടല്‍ ക്ഷോഭങ്ങളിലൂടെ ഈ കോപാഗ്നി നാം കണ്ടറിഞ്ഞതുമാണ്. എന്നാല്‍ സംഘര്‍ഷ ഭരിതമായ മനസ്സുമായി അലയുന്ന നായകന്‍റെ മനസ്സ് ശാന്തമാക്കാനായി കൊണ്ടിരുത്തുന്നതും ഇതേ കടല്‍തീരത്താണ്. ഒരേ സ്ഥലത്തുനിന്നു തന്നെ പ്രശ്നവും സമാധാനവും. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ ഉയര്‍ന്നടിച്ചു വരുന്ന തിരമാലയെ നോക്കി പ്രതീക്ഷയോടെ നില്‍ക്കയും അത് വരുമ്പോള്‍ ഓടി അകലാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് നാമെല്ലാം. എന്നാല്‍ തൊട്ടു മുന്നില്‍ തിരമാലകള്‍ അടിച്ചു കയറുമ്പോഴും അതിനടുത്തിരുന്നു അതിനെ വീക്ഷിക്കുമ്പോള്‍ മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ചയായി മാറുന്നു.

ഇനി കരയിലേക്ക് നോക്കിയാല്‍ കാടും മലയും വൃക്ഷലതാദികളും നിറഞ്ഞ മനോഹരമായ അവസ്ഥയിലും അവിടെ മഴയ്ക്കായി കാത്തിരിക്കുന്ന കൊടും ചൂടിന്‍റെ ദിനരാത്രങ്ങളും അതെ മഴ വരുത്തുന്ന കെടുതികളുടെ വിനാശങ്ങളും നമുക്കറിയാം.

നമ്മുടെ എല്ലാം ഉള്ളിലുമുണ്ട് ഒരു കടലും കരയും. ആ കടലില്‍ തിരമാലകള്‍ ഉയരുമ്പോള്‍ അവിടെ തന്നെ സാന്ത്വനവും ശാന്തിയും ഉണ്ടെന്നു മനസ്സിലാക്കിയാല്‍ മറ്റെങ്ങും അത് തേടി പോകേണ്ട ആവശ്യമില്ല.

No comments: