പീഢന വാണിഭ വാര്‍ത്തകളുടെ പുതുമ നഷ്ടപ്പെട്ടതുകൊണ്ടാണോ ഇതിനേക്കാള്‍ വിലയുള്ള വാര്‍ത്തകള്‍ വേറെ പിറക്കുന്നതുകൊണ്ടാണോ കണ്ണൂരില്‍ സ്വന്തം വീട്ടില്‍ 13 വയസ്സുകാരി കഴിഞ്ഞ 2 വര്‍ഷക്കാലമായി സ്വന്തം പിതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരാല്‍ പീഢിപ്പിക്കപ്പെട്ട വാര്‍ത്ത മലയാളം സംസാരിക്കുന്ന മാധ്യമങ്ങള്‍ ഉള്‍പേജില്‍ ചെറിയൊരു
വാര്‍ത്തയില്‍ ഒതുക്കിയത്?
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യമായല്ല നാം വായിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരി ഇതേ പ്രശ്നത്തില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ സംഭവം പോലും കണ്ണുതുറപ്പിക്കാത്ത ക്രൂര മനസ്സിന് മലയാളിയും അടിമയായോ? എന്തുകൊണ്ട് ഇതിനൊരു പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല? സമ്പൂര്‍ണ്ണ സാക്ഷരതയിലും വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ചതും സാംസ്കാരികതയില്‍ മുന്നിട്ടു നില്‍ക്കുന്നതുമായ കേരളത്തില്‍ ഈവിധം വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചു വരുന്നത് തടയാന്‍ കര്‍ശന നിയമ നടപടികള്‍ എന്തേ പ്രാബല്യത്തില്‍ വരുന്നില്ല? ജന്മം നല്‍കിയ പിതാവില്‍ നിന്നും കൂടെപ്പിറപ്പായ സഹോദരനില്‍ നിന്നും ഇത്തരം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്ന ഇതുപോലെയുള്ള അനേക പെണ്‍കുട്ടികള്‍ സമൂഹം അറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി ഭയന്ന് മൌനം ഭജിക്കുകയാണ്.
ഈ സംഭവം വിരല്‍ ചൂണ്ടുന്ന ധാര്‍മിക മൂല്യച്യുതി നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ആരും അറിയാതിരുന്നതോ അതോ അറിഞ്ഞിട്ടു കണ്ണടച്ചതോ?
"22 female Kottayam" എന്ന മലയാള ചലച്ചിത്രം സംവേദിക്കുന്ന സന്ദേശം നമ്മുടെ പെണ്‍കുട്ടികളെ ചങ്കൂറ്റമുള്ളവരാക്കണം. നിയമങ്ങള്‍ കണ്ണടയ്ക്കുന്നിടത്ത് സ്വയം രക്ഷിക്കാന്‍ അവര്‍ പ്രാപ്തരാകേണ്ട കാലമാണിത്.
No comments:
Post a Comment