മനുഷ്യജീവിതത്തില്‍ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിശ്വസ്തത. സൌഹൃദങ്ങള്‍, കുടുംബം, അധ്യാപക - വിദ്യാര്‍ഥി, മാതാപിതാക്കള്‍ - കുഞ്ഞുങ്ങള്‍, മുതലാളി - തൊഴിലാളി എന്ന് വേണ്ടാ, എണ്ണിപ്പറയാന്‍ കഴിയാത്ത വിധം എല്ലാ ബന്ധങ്ങളിലും വിശ്വസ്തത നഷ്ടപ്പെടുന്നു. ജീവന് സുരക്ഷ നല്‍കാന്‍ ബാധ്യതയുള്ള സുരക്ഷാഭടന്‍റെ വിരല്‍തുമ്പില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയില്‍ ജീവന്‍ കൊടുക്കേണ്ടി വന്ന ഇന്ദിരാഗാന്ധിയുടെ മരണം തൊഴിലിനോടുള്ള അവിശ്വസ്തതയ്ക്ക് ഉദാഹരണമായപ്പോള്‍; പ്രതീക്ഷയോടെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അധികാരത്തിലേറ്റുന്ന ജനങ്ങളോട് കാണിക്കുന്ന അവിശ്വസ്തത ധാര്‍മികമായ അവിശ്വസ്തതയായി.
സാന്മാര്‍ഗ്ഗിക ഉപദേശങ്ങള്‍ പഠിപ്പിച്ച സ്വന്തം ഗുരുവിനെ ചതിച്ച യൂദാസ് ഗുരുനിന്ദയായി വിശ്വാസ വഞ്ചന പ്രവര്‍ത്തിച്ചപ്പോള്‍; അല്പനേരത്തെ സുഖങ്ങള്‍ക്കായി സ്വന്തം നാടിനെ വഞ്ചിച്ച ചാരന്‍മാര്‍ അവിശ്വസ്തതയിലൂടെ ദേശദ്രോഹമാണ് ചെയ്തത്.
ബന്ധങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ താല്‍ക്കാലികമായ മോഹങ്ങള്‍ക്കായി ഇതര ബന്ധങ്ങള്‍ തേടിപ്പോയി കുടുംബ ജീവിതം തകര്‍ത്ത കഥകള്‍ എത്രയാണ് നാം ദിനമ്പ്രതി വായിച്ചും കണ്ടും അറിയുന്നത് ! ലോക്കല്‍ നേതാക്കന്മാര്‍ വാങ്ങുന്ന കൈക്കൂലിയും ബഡാ നേതാക്കള്‍ വാങ്ങുന്ന കോഴയും അവിശ്വസ്തതയുടെ വ്യത്യസ്ത പദങ്ങള്‍ മാത്രമാണ്. അധികാര ദുര്‍വിനിയോഗവും ചതിയും കബളിപ്പിക്കലും എല്ലാം അവിശ്വസ്തതയുടെ വ്യത്യസ്ത മുഖങ്ങളായി നമ്മുടെ മുന്നില്‍ കാണുമ്പോള്‍ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക....ഇത്തരം പ്രവൃത്തികളിലൂടെ നഷ്ടമാക്കുന്നത് ആത്മാഭിമാനത്തോടൊപ്പം സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും അഭിമാനം കൂടിയാണ്.
No comments:
Post a Comment