Pages

Thursday, September 24, 2015

പിതൃ ദേവോ ഭവഃ

"സൂര്യനായ്‌ തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം..."
അമ്മയെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും മുഖപുസ്തകത്തിൽ അരങ്ങു വാഴുമ്പൊഴും അച്ഛനെ കുറിച്ചെഴുതാൻ ഒരു ആവേശം എന്നും എന്നിൽ ഉണ്ടായിരുന്നു. മുഖപുസ്തക പോസ്റ്റുകളിലൂടെയും കമന്റായും ഒരുപാട്‌ ഞാനത്‌ എഴുതിയിട്ടുമുണ്ട്‌. അമ്മയുടെ വാത്സല്യത്തിലും കരുത്തായി നിഴലായി അമ്മയ്ക്ക്‌ ധൈര്യമായി നിൽക്കുന്നത്‌ അച്ഛന്റെ കരുതലും പിന്തുണയുമാണ്‌. മക്കൾക്ക്‌ വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാവുന്ന അമ്മയെ കുറിച്ച്‌ വാ തോരാതെ പറയുമ്പോഴും അതേ അമ്മയ്ക്ക്‌ വേണ്ടിയും പലതും ത്യജിക്കാനും ഇഷ്ടങ്ങൾ മറച്ചു വയ്ക്കാനും ശ്രമിക്കുന്ന മൗന സ്നേഹിയായ അച്ഛൻ താരതമ്യേന ആരാലും പ്രശംസിക്കപ്പെടാതെയും കവിതകൾക്ക്‌ ഇതിവൃത്തമാവാതെയും ചിത്രകാരന്റെ ചായം പതിയാതെയും മറഞ്ഞു നിൽക്കുന്നു; ഒരു പരിഭവമോ പരാതിയോ കൂടാതെ.... അമ്മതൻ അമ്മിഞ്ഞ പാലിലും രുചിയ്ക്കുന്ന മധുരമെൻ അച്ഛന്റെ വിയർപ്പിൻ ഉപ്പുനീരിൻ പരിണാമമെന്ന് ഒരു പക്ഷേ അച്ഛനെ എന്നും വില്ലൻ സ്ഥാനത്തും അമ്മയെ മാത്രം സ്നേഹത്തിൻ പര്യായമായും കാണുന്ന മക്കൾക്കറിയുമോ എന്ന് സംശയമാണ്‌. പിച്ച വച്ചു തുടങ്ങുന്ന നാൾ മുതൽ ഉറക്കാത്ത കാലുകൾക്ക്‌ താങ്ങായി; പിഞ്ചു കരങ്ങൾക്ക്‌ ബലമായി കൂടെ നിൽക്കുന്നത്‌ അച്ഛൻ എന്ന ദൈവീക സ്വരൂപമാണ്‌. അമ്മയില്ലാതെ മക്കളില്ലെന്ന് പറയുന്ന നാം മനസ്സിലാക്കുന്നില്ല അച്ഛൻ ഇല്ലാതെ അമ്മയ്ക്ക്‌ പൂർണ്ണത ലഭിക്കുന്നില്ലെന്ന സത്യം.
എന്റെ ജീവിതത്തിൽ എനിക്കെന്നും പ്രചോദനവും ഉത്തേജനവും ആയത്‌ എന്റെ അച്ഛനാണ്‌. എന്റെ ആദ്യ ഗുരു...എന്റെ റോൾ മോഡൽ....കാതങ്ങൾ അകലെ കയ്യും കാലും എത്താത്ത ദേശത്ത്‌ ആയിരിക്കുമ്പോഴും എന്നുമെൻ നെഞ്ചിൽ സ്നേഹം നിറയുന്നത്‌ എന്റെ അച്ഛന്റെ മകനായി പിറക്കാൻ ലഭിച്ച ഭാഗ്യം മാത്രം. എന്തെങ്കിലും കഴിവുകളോ ഗുണങ്ങളോ എന്നിലുണ്ടെങ്കിൽ അതിന്റെയെല്ലാം സ്രോതസ്‌ എന്റെ അച്ഛൻ മാത്രം. നെഞ്ചു പൊട്ടുന്ന വേദനയിലും ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി ചിരിക്കാനും എനിക്ക്‌ കഴിഞ്ഞത്‌ അച്ഛന്റെ മനസ്സറിയാൻ സാധിച്ചതു കൊണ്ട്‌ മാത്രമാണ്‌. എന്നും ആർക്കു വേണ്ടിയും എല്ലാം വിട്ടു കൊടുക്കാനും ആരുടെയും ആവശ്യങ്ങൾക്ക്‌ മുൻപിൽ 'ഇല്ല' എന്ന് പറയാതിരിക്കാനും ഞാൻ പഠിച്ചതും സഹോദരസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ ഞാൻ ശ്രമിക്കുന്നതിനും പിന്നിൽ ഒരേ ഒരാൾ മാത്രം... എന്റെ അച്ഛൻ.... എന്റെ അച്ഛനു ആയുരാരോഗ്യ സൗഖ്യം എന്നും ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ നിർത്തട്ടെ...ഒപ്പം  എന്റെ കുഞ്ഞുങ്ങൾക്ക്‌ നല്ലൊരു അച്ഛനാവാൻ എനിക്കും കഴിയണമേ എന്നുള്ള ആഗ്രഹവും...!
My Best Teacher...
My Inspiration....
My Role model...
My Father....

Saturday, May 9, 2015

മാതൃദിനം Mother's Day

ഇന്ന് ലോക മാതൃദിനം. അമ്മയെ സ്നേഹിക്കാൻ ഒരു ദിനം പ്രത്യേകമായി വേണോ എന്നൊരു ചോദ്യം സ്വാഭാവികമായും വന്നേക്കാം....അമ്മയെക്കാൾ കൂടുതൽ മെയിഡുകളും ബേബി ഡേ കെ യർ സെന്ററുകളിലെ ആയമാരുമായി സമയം ചെലവഴിക്കയും സ്നേഹവും സംരക്ഷണവും മാതാ പിതാക്കൾ കൊടുക്കുന്ന ശമ്പളത്തിലും ഫീസിലുമായി പരിവർത്തനം ചെയ്യപ്പെടുന്ന  ന്യൂ ജനറേഷൻ കുട്ടികൾക്ക്‌ ഈയൊരു ദിനമെങ്കിലും സ്വന്തം അമ്മയുടെ മഹത്വത്തെ മനസ്സിലാക്കാനും ഒരു വരിയെങ്കിലും അമ്മയ്ക്കായി എഴുതാനും ഒരു ചിത്രം വരയ്ക്കാനും ഒരു സമ്മാനപ്പൊതി കൊടുക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന അഥവാ ആഗ്രഹിക്കേണ്ടി വരുന്ന ഒരു കാലഘട്ടത്തിൽ ഈ ദിനത്തിനു പ്രസക്തി കൂടുതലല്ലേ എന്ന് തോന്നിയാൽ അതിശയോക്തിയില്ല.
സ്വന്തം അമ്മമാർക്ക്‌ മാതൃദിനം ആശംസിക്കാൻ കഴിയാതെ, പ്രസവാനുബന്ധമായി മരണപ്പെട്ടു പോയ അമ്മമാരെയും പ്രസവ വേദന മാറും മുൻപേ ആശുപത്രി കിടക്കകളിലും അമ്മത്തൊട്ടിലുകളിലും തള്ളമാരാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും ഇത്തരുണത്തിൽ ഓർക്കുന്നതും ഈ ദിനത്തോടുള്ള ആദരവാണ്‌.
കാലം ആധുനികതയ്ക്ക്‌ കീഴ്പ്പെടുമ്പോൾ; നവ തലമുറ മാധ്യമങ്ങളാൽ നിയന്ത്രിതമാവുമ്പോൾ; നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രക്തബന്ധങ്ങളിൽ പൊക്കിൾക്കൊടി ബന്ധവും ഇടം നേടി തുടങ്ങിയിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ മാതാ - പിതാ - മക്കൾ ബന്ധം പോലും കൈമോശമാവുന്നു. മാതാപിതാക്കൾ ഇരുവരും ജോലി ചെയ്യുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ മെയിഡുകളും ബേബി ഡേ കെ യറുകളും അനിവാര്യം തന്നെയാണ്‌. എന്നാൽ കുഞ്ഞുങ്ങൾ ഡേ കെ യറിൽ നിന്ന് വന്ന ശേഷം / മാതാ പിതാക്കൾ ജോലി കഴിഞ്ഞു വന്ന ശേഷം അൽപം സമയം കുഞ്ഞുങ്ങളോടൊത്ത്‌ ചെലവഴിക്കാൻ പോലും സമയമില്ലാതെ ഓഫീസ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുന്ന അച്ഛനും, ഫേയ്‌ സ്‌ ബുക്കിൽ കാൻഡി ക്രഷ്‌ കളിക്കാൻ സമയം തികയാത്ത അമ്മയും ഒന്ന് ഓർത്ത്‌ വച്ചോളൂ....ഇന്ന് നിന്റെ തിരക്കുകൾ കുഞ്ഞുങ്ങളെ ബേബി ഡേ കെ യറിലേക്ക്‌ അയക്കുന്നെങ്കിൽ നാളെ അവന്റെ തിരക്കുകൾ നിനക്കായി വൃദ്ധസദനം കണ്ടെത്തും....
-പനയം ലിജു, സിംഗപ്പൂർ.