Pages

Thursday, December 7, 2017

ചില സോഷ്യൽ വിഡ്ഢിത്തങ്ങൾ


കുറേകാലമായി എഴുതണം എന്നാലോചിച്ചിരുന്ന ഒരു വിഷയമാണ്. വിഷയം ഒന്നാണെങ്കിലും പല കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. ഒരു അടിസ്ഥാനവുമില്ലാത്ത ചില വിഡ്ഢിത്തങ്ങൾ സോഷ്യൽ മീഡിയ വഴി വെറുതെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ അത് ഉണ്ടാക്കി വിട്ടവനെക്കാളും ദേഷ്യം കാണുന്ന പാടെ ശരിയാണോന്ന് നോക്കാൻ പോലും തുനിയാതെ അടുത്ത ആൾക്കും ഗ്രൂപ്പിലും തട്ടിവിടുന്നവരോടാണ്. ചില ഉദാഹരണങ്ങൾ മാത്രം വിശദമാക്കാം.
1. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി നവംബർ ഡിസംബർ മാസങ്ങൾ ആയാൽ മുടങ്ങാതെ വരുന്നൊരു മെസ്സേജാണ്

"അടുത്ത വർഷം ഫെബ്രുവരി അപൂർവ മാസം...

4ഞായറാഴ്ച ,  4തിങ്കളാഴ്ച ,  4ചൊവ്വാഴ്ച , 4ബുധനാഴ്ച ,  4വ്യാഴാഴ്ച ,  4വെള്ളിയാഴ്ച ,  4ശനിയാഴ്ചകൾ.... ഇങ്ങനെ അപൂർവമായി ഇനി സംഭവിക്കാൻ പോകുന്നത് 832 വർഷങ്ങൾക്കു ശേഷം മാത്രമായിരിക്കും.."

ചിലപ്പോ ഇതോടൊപ്പം മണി ബാഗ് ഓഫറും കിട്ടും.

സത്യത്തിൽ ലോകത്തു ആകെ മൊത്തം ടോട്ടൽ കംപ്ലീറ്റ് 14 തരം വർഷങ്ങൾ മാത്രമേയുള്ളു. വ്യക്തമായി മനസിലാവുന്ന പോലെ പറഞ്ഞാൽ, ജനുവരി 1 ഞായർ മുതൽ ശനി വരെ ഏഴ് ദിവസങ്ങളിൽ ഒന്ന് മാത്രമേ വരൂ. അത് എങ്ങനൊക്കെ മാറിയാലും എട്ടാമതൊരു ദിവസം തുടങ്ങാൻ പറ്റില്ല. ഇതേ ഞായർ മുതൽ ശനി വരെ ജനുവരി ഒന്നാം തീയതി മാറി വരുന്നത് അധിവർഷവും വരും. അങ്ങനെ സാധാ വർഷങ്ങളും അധിവർഷങ്ങളും തുടങ്ങുന്ന ദിനം ഞായർ മുതൽ ശനി വരെ മാറി വരുന്ന പ്രകാരം 14 തരം വർഷങ്ങൾ മാത്രമേ നിലവിൽ വരൂ. അത് തന്നെയാണ്  7 മുതൽ 14 വർഷങ്ങൾക്കുള്ളിൽ ആവർത്തിച്ചു വരുന്നത്. അല്ലാതെ 832 വർഷങ്ങൾക്ക് ശേഷം വരുന്നത് ഒന്നും തന്നെയില്ല.

ഇതോടനുബന്ധമായി പറയാവുന്ന മറ്റൊന്നാണ് 12 മാസത്തിന്റെയും ഒന്നാം തീയതി ഒരേ ദിവസമായി വരുമെന്ന് പറഞ്ഞുള്ള അടുത്ത തട്ടിപ്പ്. ഭൂമി തിരിച്ചു വച്ചാൽ പോലും നടക്കാത്ത കാര്യമാണത്.
2. ഒരു വീഡിയോയിൽ കുറെ നമ്പറുകളോ ചീട്ടുകളോ കാണിച്ചിട്ട് ഒരെണ്ണം മനസ്സിൽ വിചാരിക്കാൻ പറയുന്നു. അടുത്ത സ്ലൈഡിൽ, വിചാരിച്ച നമ്പർ അപ്രത്യക്ഷമാവുന്നു. ഇതും കാണുമ്പൊൾ അത്ഭുതപ്പെട്ടു കണ്ണും തള്ളി അടുത്തയാൾക്ക് തട്ടിവിടും. ശരിക്കും എന്താണവിടെ സംഭവിക്കുന്നത് ? അതിൽ എന്തേലും മാജിക്കുണ്ടോ ? ഒരു ചുക്കുമില്ല. സംശയം ഉണ്ടെങ്കിൽ ഇനി ആ വീഡിയോ കാണുമ്പൊൾ ശ്രദ്ധിക്കാവുന്നതാണ്. ആദ്യം കാണിച്ച നമ്പറുകൾ / ചീട്ടുകൾ ഒരു സ്ക്രീൻ ഷോട്ട് എടുത്തുവച്ചിട്ട് ഒരു നമ്പർ മായ്ച്ച ശേഷമുള്ള സ്ക്രീൻ ഷോട്ടും എടുത്തിട്ട് താരതമ്യപ്പെടുത്തൂ. ആദ്യം കാണിച്ച നമ്പറുകൾ / ചീട്ടുകൾ ഒന്നുപോലും രണ്ടാമത്തേതിൽ ഉണ്ടാവില്ല. അതായത് നമ്മൾ എന്തു വിചാരിച്ചാലും, അത് അപ്രത്യക്ഷമായി എന്ന് കാണിച്ചു പറ്റിക്കുവാണ്.  അല്ലാതെ മാജിക്കല്ല. നമ്മൾ വിചാരിച്ച ഒരു നമ്പർ മാത്രം മാറ്റിയിട്ട് ബാക്കിയുള്ളത് അങ്ങനെ തന്നെ കാണിച്ചാലാണ് അത് മാജിക് ആവുന്നത്.
3. "ഇന്ന് നിങ്ങളുടെ വയസ്സും ജനിച്ച വർഷവും കൂട്ടിയാൽ 2017 കിട്ടും. 1000 വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നതാണ്"
പൊട്ടത്തരം എന്നല്ലാതെ എന്താണിതിന് പറയുക ? വയസ്സ് എന്നതിന്റെ നിർവചനം തന്നെ ഇപ്പോഴത്തെ വർഷവും ജനിച്ച വർഷവും തമ്മിലുള്ള വ്യത്യാസമാണ്. അത് ആയിരം വർഷത്തിലൊരിക്കൽ മാത്രമല്ല.
4. ഇനിയൊരു പാട്ടാണ്. അർത്ഥമറിയാതെ അസ്ഥാനത്തു പോസ്റ്റ് ചെയ്യാൻ വിധിക്കപ്പെട്ടൊരു പാട്ട്.
"ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ട് മൂളി വെയിൽ വീഴവേ

പതിയെ പറന്നെൻ അരികിൽ വരും

അഴകിന്റെ തൂവലാണ് നീ "

ഈ പാട്ട് പോസ്റ്റ് ചെയ്തു കണ്ടതുമുഴുവൻ ശുഭരാത്രി പറയാനാണ്. എന്നാൽ,

വിടവാങ്ങിപോകുന്ന രാത്രിയും പാട്ട് മൂളി വെയിൽ വീഴുന്നതും വർണിക്കുന്നത് പ്രഭാതത്തെയാണ്. 'രാത്രി' എന്നൊരു വാക്ക് അതിൽ വന്നതുകൊണ്ട് ശുഭരാത്രി പറയാനുള്ളതാണെന്ന് തെറ്റിദ്ധരിക്കരുത്.

5. മെസ്സേജ് മൂന്ന് ഗ്രൂപ്പിൽ ഷെയർ ചെയ്താൽ ടോമിച്ചൻ മുളകുപാടം റീചാർജ് ചെയ്തു തരും : പിന്നെ അങ്ങേർക്ക് തലയിൽ കൂടി വണ്ടി ഓടുന്നു...

6. ഓരോ ഷെയറിനും ഒരു സെന്റ് വീതം whatsapp കൊടുക്കും. ഷെയർ ചെയ്ത് ഈ കുട്ടിയെ രക്ഷിക്കൂ : whatsapp ഉം ഫെയ്‌സ്ബുക്കും ഇങ്ങനെ ഒരു നയാപൈസ പോലും ആർക്കും കൊടുക്കില്ല.

7."മൂന്നു ഗ്രൂപ്പിൽ ഷെയർ ചെയ്താൽ ബാറ്ററി ഫുൾ ചാർജ് ആവും. ചെയ്തു നോക്കൂ.. ഞാൻ ഷോക്ക് ആയി" അതെ ഷോക്ക് ആവും... പൊട്ടത്തരം ചെയ്തല്ലോ എന്നോർത്ത്. മെസ്സേജ് വഴിയല്ലേ ചാർജ് വരുന്നത്.

8."സിംഗപ്പൂർ ടീവി എന്തോ അനൗൺസ് ചെയ്തു, അതുകൊണ്ട് മൂന്ന് മുതൽ 12 വരെ ഫോൺ ഓഫ് ചെയ്തുവയ്ക്കണം. ഇല്ലെങ്കിൽ ആൽഫ ബീറ്റ ഗാമ രശ്മികൾ കുടുംബ സമേതം വന്ന് കരിച്ചു കളയും" സിംഗപ്പൂരിൽ ജീവിക്കുന്ന ഞാനിതുവരെ അങ്ങനൊരു ടിവിയും വാർത്തയും കണ്ടിട്ടില്ല.


ഇനിയും ഏറെയുണ്ട് ഇപ്രകാരം അശ്രദ്ധ കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന, സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ് പോസ്റ്റുകൾ. ഇതൊക്കെ കാണുമ്പൊൾ കണ്ണും പൂട്ടി 100 പേർക്ക് ഷെയർ ചെയ്യാതെ ഇതിൽ എന്തേലും സത്യമുണ്ടോ എന്ന് നോക്കാനും കൂടി ശ്രമിക്കുക. വായിച്ചു നോക്കാനൊന്നും സമയമില്ല എന്നാണ് മറുപടിയെങ്കിൽ, ദയവായി ഷെയർ ചെയ്യാതിരിക്കുക.

- പനയം ലിജു 

Tuesday, October 31, 2017

വെയിൽ കൊള്ളാത്ത ബാല്യങ്ങളെ വെയ്ൽ കൊല്ലുമ്പോൾ

ആത്മഹത്യാ പ്രവണത കുരുന്നുകളിൽ വളരെ കൂടുതലായി വന്നിരിക്കുന്നുവെന്ന്  സമീപകാല സംഭവങ്ങൾ നമുക്ക് കാട്ടിത്തന്നു.  മരണത്തെ ഭയമില്ലാത്ത ഒരു തലമുറയായി മാറുന്നു പുതിയ തലമുറ. പണ്ടൊക്കെ മരണം എന്ന് കേട്ടാൽ ഭയന്നിരുന്ന അവസ്ഥയിൽ നിന്ന് ലാഘവത്തോടെ മരണത്തെ കാണുകയും സ്വയം അതിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന വേദനാജനകമായ കാഴ്ച്ചകൾ. കുടുംബ കലഹമോ കടബാധ്യതയോ ബിസിനസ് തകർച്ചയോ ഒക്കെ കാരണങ്ങളായിരുന്ന ആത്മഹത്യകൾ ഇന്ന് പരീക്ഷയ്ക്ക് തോൽക്കുന്നതിനും അച്ഛനോ അമ്മയോ അടിക്കുന്നതിനും അധ്യാപകർ ഉപദേശിക്കുന്നതിനും കൂട്ടുകാരുമായി ഉണ്ടാവുന്ന നിസ്സാര പന്തയം തോൽക്കുന്നതിനും വരെ ആയിക്കഴിഞ്ഞു.  ടിവിയിൽ വരുന്ന സിനിമകളിലും സീരിയലുകളിലും കാണുന്ന കാഴ്ചകൾ, ഡയലോഗുകൾ ഒക്കെ അവരെ സ്വാധീനിക്കുന്നു.  അവർ കളിക്കുന്ന വീഡിയോ ഗെയിമുകളിൽ അധികവും വെടിവയ്പ്പും കത്തിക്കുത്തും സ്രാവ് വിഴുങ്ങുന്നതും പോലെയുള്ള കളികളാണ്. രക്തം ചൊരിയുന്നത് കാണാൻ അവർക്ക് ഹരമാണ്. സാഡിസ്റ്റ് മനോഭാവത്തിലേക്ക് വളരുന്ന തലമുറ, വേദന കാണുന്നതും സ്വയം വേദനിക്കുന്നതും അവർക്ക് പേടിയില്ലാതായി. Blue whale പോലെയുള്ള  കളികളുടെയും സ്വഭാവം ഇപ്രകാരം  സാഡിസത്തിലേക്കു അവരെ കൊണ്ടെത്തിക്കുന്നതാണ്  

നീല തിമിംഗലത്തിന്റെ വായിൽ അകപ്പെട്ട് അകാലത്തിൽ പൊലിഞ്ഞു പോയ ബാല്യങ്ങളുടെ എണ്ണം അവിശ്വസനീയമായി കൂടുന്നു. അതിൽ ഭാരതത്തിലെ കുട്ടികൾ കൂടി ഉൾപ്പെടുന്നു എന്നു കേട്ടപ്പോൾ മറ്റു രാജ്യങ്ങളിലെ കുട്ടികൾ കൊല്ലപ്പെട്ട വാർത്ത വായിച്ചതിനേക്കാൾ ഭീതി അല്പം കൂടി. റഷ്യൻ ആയാലും മലയാളി ആയാലും കുട്ടികളുടെ ജീവൻ വിലപ്പെട്ടത് തന്നെയാണ്.  പക്ഷെ, വെയ്ൽ ലക്ഷ്യമിടുന്ന പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കൾ വാർത്തകൾ കേട്ടു നടുങ്ങുന്നുണ്ടെങ്കിലും സ്വന്തം കുട്ടികൾ തിമിംഗലത്തിനു ഇരയാവില്ല എന്നൊരു അമിത വിശ്വാസം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, കുട്ടികളെ ശ്രദ്ധിക്കുന്നതിലും അവരുടെ സ്വകാര്യ സമയങ്ങൾ നിരീക്ഷിക്കുന്നതിലും പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

ഒപ്പം മാതാപിതാക്കളുടെ സ്വഭാവവും ഇതിലൊരു പ്രധാന ഘടകമാണ്. അച്ഛനും അമ്മയും പിണങ്ങി വഴക്കിടുമ്പോൾ പരസ്പരം പറയുന്ന വാക്കുകൾ, ഞാൻ പോയി ചത്തുകളയും... ഞാൻ ചാവുമ്പോൾ നീ മനസിലാക്കും... എന്നൊക്കെയുള്ള വാക്കുകൾ കുട്ടികളിൽ ആഴത്തിൽ പതിക്കുന്നു എന്നത് മറക്കരുത്. നെഗറ്റീവ് വാക്കുകൾ എപ്പോഴും അപകടമാണ്. ഒരു പോസിറ്റീവ് വാക്ക് ഒരാളിൽ 1000യൂണിറ്റ് ഊർജ്ജം പകരുമ്പോൾ ഒരു നെഗറ്റീവ് വാക്ക് 3000 യൂണിറ്റ് ഊർജ്ജം കളയുന്നു എന്നാണ് പറയുന്നത്. നാവിന്റെ ശക്തി നാം തിരിച്ചറിയണം.

കപ്പത്തണ്ടിലും pvc പൈപ്പിലും കമ്പി കയറ്റി രണ്ടറ്റത്തും ചെരിപ്പ് മുറിച്ചുണ്ടാക്കിയ വീൽ ഘടിപ്പിച്ചു വണ്ടിയോടിച്ചും ഓലക്കാൽ കൊണ്ട് ഉണ്ടാക്കിയ പന്ത് എറിഞ്ഞും കളിച്ചിരുന്ന കുട്ടികളുടെ കാലത്തു വെയിലിന്റെ ചൂട് അവന്റെ നിറം കുറച്ചിരുന്നില്ല. സ്‌കൂൾ വിട്ടു വരുന്ന സായാഹ്നങ്ങളിൽ പറമ്പുകളിൽ കാണുന്ന മാവിൽ കല്ലെറിഞ്ഞിട്ട മാങ്ങ കഴിച്ചപ്പോൾ പല്ല് പുളിച്ചത് അവൻ ആസ്വദിച്ചിരുന്നു. മഴവെള്ളത്തിൽ കാലിട്ടടിച്ചു കളിച്ചു തെന്നി വീണപ്പോൾ കയ്യും കാലും ഒടിഞ്ഞിരുന്നില്ല.

എന്നാൽ ഇന്നത്തെ കുട്ടികൾക്ക് എയർ കണ്ടീഷന്റെ കുളിർമയില്ലെങ്കിൽ ഉറക്കം  വരാതായി. അവന് അടിച്ചോട്ടം കളിയ്ക്കാൻ അറിയില്ല, ഓലക്കാൽ കൊണ്ട് പന്തുണ്ടാക്കി ഏറു പന്ത് കളിച്ചാൽ അവനു വിയർപ്പിൽ അണുബാധ ഉണ്ടാവുമെന്ന് പേടിയാക്കി. ഓല കൊണ്ട് മോതിരവും വാച്ചും ഉണ്ടാക്കി കളിച്ചിരുന്ന കഥകൾ കേട്ടാൽ അവൻ ചിരിക്കും...

കുട്ടികൾ പരിസ്ഥിതിയുമായി ഇണങ്ങി അതിന്റെ പരിണാമങ്ങളിൽ ലയിച്ചു വളരാൻ അനുവദിക്കാതെ മഴ നനഞ്ഞാലോ വെയിൽ കൊണ്ടാലോ പനി പിടിക്കും എന്ന് പേടിപ്പിച്ചു കുട്ടികളെ വീട്ടിനുള്ളിൽ അടച്ചിട്ട് അവർക്ക് കളിയ്ക്കാൻ വീഡിയോ ഗെയിമും കമ്പ്യൂട്ടറും വാങ്ങി കൊടുത്തു മൊബൈലിലും കംപ്യുട്ടറിലും ഓൺലൈൻ കളികളുടെ വിശാലലോകം അവനു തുറന്നിട്ടു കൊടുക്കുമ്പോൾ അവന്റെ ജീവിതം ഏതു വഴിയിലേക്കാണ് പോകുന്നതെന്നുകൂടി ചിന്തിക്കണം.

മണ്ണ് വാരിയെറിഞ്ഞും മഴവെള്ളം തെറിപ്പിച്ചും കളിച്ചു വളർന്ന കുട്ടികളിൽ അവനൊരു കൂട്ടുകെട്ടുണ്ടായിരുന്നു.... സമൂഹവുമായി ഇണങ്ങാൻ അവനു കഴിയുമാരുന്നു... എന്നാൽ അടച്ചിട്ട മുറികളിൽ മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കുന്നവൻ ഒറ്റയാണ്... അവൻ സംസാരിക്കുന്നത് സോഫ്റ്റ് വെയറുകളോടാണ്...ഗ്രൗണ്ടിലും പറമ്പിലും കളിയ്‌ക്കേണ്ട ക്രിക്കറ്റും ഫുട്ട് ബോളും പോലും ടച്ച് സ്‌ക്രീനിൽ ഉരസി നീങ്ങുന്ന വിരൽത്തുമ്പിലായി... സാങ്കല്പിക ലോകത്തിന്റെ മായിക പ്രഭാവമാണ് അവൻ അനുഭവിക്കുന്നത്. അത് താൽക്കാലികമായ സന്തോഷത്തോടൊപ്പം നിരന്തരമായ ഇലക്ട്രോണിക് അടിമത്വത്തിലേക്ക് അവനെ നയിക്കുന്ന കാര്യം വിസ്മരിക്കരുത്.

അത് കാണാതെ പോയ കുഞ്ഞുങ്ങളാണ് ഇന്ന് ബ്ലൂ വെയിൽ പോലെയുള്ള കില്ലർ ഗെയിമുകൾക്ക് കീഴ്‌പെട്ട് ജീവിതം മുളയ്ക്കും മുൻപേ പിഴുതെറിഞ്ഞവർ. കുഞ്ഞുങ്ങൾക്ക് ടെക്നൊളജിയോടൊപ്പം സ്വാതന്ത്ര്യവും നൽകാം. ചിന്താ ശേഷി വളർത്താം..

വെയിൽ കൊള്ളുന്ന ബാല്യങ്ങൾ ഉണ്ടാവട്ടെ... വെയ്ൽ കൊല്ലാതിരിക്കട്ടെ....


-പനയം ലിജു 

Tuesday, July 18, 2017

'Neethee' - a malayalam short film with English subtitles ....

Let your Act be the flame to your resilience
Let's Begin an END
'Neethee - Be the flame' a malayalam short film with English subtitles ....
Please watch and share your reviews as comments.....
https://youtu.be/0WjbhSNIr7s