Pages

Saturday, May 9, 2015

മാതൃദിനം Mother's Day

ഇന്ന് ലോക മാതൃദിനം. അമ്മയെ സ്നേഹിക്കാൻ ഒരു ദിനം പ്രത്യേകമായി വേണോ എന്നൊരു ചോദ്യം സ്വാഭാവികമായും വന്നേക്കാം....അമ്മയെക്കാൾ കൂടുതൽ മെയിഡുകളും ബേബി ഡേ കെ യർ സെന്ററുകളിലെ ആയമാരുമായി സമയം ചെലവഴിക്കയും സ്നേഹവും സംരക്ഷണവും മാതാ പിതാക്കൾ കൊടുക്കുന്ന ശമ്പളത്തിലും ഫീസിലുമായി പരിവർത്തനം ചെയ്യപ്പെടുന്ന  ന്യൂ ജനറേഷൻ കുട്ടികൾക്ക്‌ ഈയൊരു ദിനമെങ്കിലും സ്വന്തം അമ്മയുടെ മഹത്വത്തെ മനസ്സിലാക്കാനും ഒരു വരിയെങ്കിലും അമ്മയ്ക്കായി എഴുതാനും ഒരു ചിത്രം വരയ്ക്കാനും ഒരു സമ്മാനപ്പൊതി കൊടുക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന അഥവാ ആഗ്രഹിക്കേണ്ടി വരുന്ന ഒരു കാലഘട്ടത്തിൽ ഈ ദിനത്തിനു പ്രസക്തി കൂടുതലല്ലേ എന്ന് തോന്നിയാൽ അതിശയോക്തിയില്ല.
സ്വന്തം അമ്മമാർക്ക്‌ മാതൃദിനം ആശംസിക്കാൻ കഴിയാതെ, പ്രസവാനുബന്ധമായി മരണപ്പെട്ടു പോയ അമ്മമാരെയും പ്രസവ വേദന മാറും മുൻപേ ആശുപത്രി കിടക്കകളിലും അമ്മത്തൊട്ടിലുകളിലും തള്ളമാരാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും ഇത്തരുണത്തിൽ ഓർക്കുന്നതും ഈ ദിനത്തോടുള്ള ആദരവാണ്‌.
കാലം ആധുനികതയ്ക്ക്‌ കീഴ്പ്പെടുമ്പോൾ; നവ തലമുറ മാധ്യമങ്ങളാൽ നിയന്ത്രിതമാവുമ്പോൾ; നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രക്തബന്ധങ്ങളിൽ പൊക്കിൾക്കൊടി ബന്ധവും ഇടം നേടി തുടങ്ങിയിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ മാതാ - പിതാ - മക്കൾ ബന്ധം പോലും കൈമോശമാവുന്നു. മാതാപിതാക്കൾ ഇരുവരും ജോലി ചെയ്യുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ മെയിഡുകളും ബേബി ഡേ കെ യറുകളും അനിവാര്യം തന്നെയാണ്‌. എന്നാൽ കുഞ്ഞുങ്ങൾ ഡേ കെ യറിൽ നിന്ന് വന്ന ശേഷം / മാതാ പിതാക്കൾ ജോലി കഴിഞ്ഞു വന്ന ശേഷം അൽപം സമയം കുഞ്ഞുങ്ങളോടൊത്ത്‌ ചെലവഴിക്കാൻ പോലും സമയമില്ലാതെ ഓഫീസ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുന്ന അച്ഛനും, ഫേയ്‌ സ്‌ ബുക്കിൽ കാൻഡി ക്രഷ്‌ കളിക്കാൻ സമയം തികയാത്ത അമ്മയും ഒന്ന് ഓർത്ത്‌ വച്ചോളൂ....ഇന്ന് നിന്റെ തിരക്കുകൾ കുഞ്ഞുങ്ങളെ ബേബി ഡേ കെ യറിലേക്ക്‌ അയക്കുന്നെങ്കിൽ നാളെ അവന്റെ തിരക്കുകൾ നിനക്കായി വൃദ്ധസദനം കണ്ടെത്തും....
-പനയം ലിജു, സിംഗപ്പൂർ.