Pages

Friday, November 30, 2012

പ്രതികരണം

പീഢന വാണിഭ വാര്‍ത്തകളുടെ പുതുമ നഷ്ടപ്പെട്ടതുകൊണ്ടാണോ ഇതിനേക്കാള്‍ വിലയുള്ള വാര്‍ത്തകള്‍ വേറെ പിറക്കുന്നതുകൊണ്ടാണോ  കണ്ണൂരില്‍ സ്വന്തം വീട്ടില്‍ 13 വയസ്സുകാരി കഴിഞ്ഞ 2 വര്‍ഷക്കാലമായി സ്വന്തം പിതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരാല്‍ പീഢിപ്പിക്കപ്പെട്ട വാര്‍ത്ത മലയാളം സംസാരിക്കുന്ന മാധ്യമങ്ങള്‍ ഉള്‍പേജില്‍ ചെറിയൊരു
വാര്‍ത്തയില്‍ ഒതുക്കിയത്?

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യമായല്ല നാം വായിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരി ഇതേ പ്രശ്നത്തില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ സംഭവം പോലും കണ്ണുതുറപ്പിക്കാത്ത ക്രൂര മനസ്സിന് മലയാളിയും അടിമയായോ? എന്തുകൊണ്ട് ഇതിനൊരു പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല? സമ്പൂര്‍ണ്ണ സാക്ഷരതയിലും വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ചതും സാംസ്കാരികതയില്‍ മുന്നിട്ടു നില്‍ക്കുന്നതുമായ കേരളത്തില്‍ ഈവിധം വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചു വരുന്നത് തടയാന്‍ കര്‍ശന നിയമ നടപടികള്‍ എന്തേ പ്രാബല്യത്തില്‍ വരുന്നില്ല? ജന്മം നല്‍കിയ പിതാവില്‍ നിന്നും കൂടെപ്പിറപ്പായ സഹോദരനില്‍ നിന്നും ഇത്തരം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്ന ഇതുപോലെയുള്ള അനേക പെണ്‍കുട്ടികള്‍ സമൂഹം അറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി ഭയന്ന് മൌനം ഭജിക്കുകയാണ്.

ഈ സംഭവം വിരല്‍ ചൂണ്ടുന്ന ധാര്‍മിക മൂല്യച്യുതി  നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ആരും അറിയാതിരുന്നതോ അതോ അറിഞ്ഞിട്ടു കണ്ണടച്ചതോ?
"22 female Kottayam" എന്ന മലയാള ചലച്ചിത്രം സംവേദിക്കുന്ന സന്ദേശം നമ്മുടെ പെണ്‍കുട്ടികളെ ചങ്കൂറ്റമുള്ളവരാക്കണം. നിയമങ്ങള്‍ കണ്ണടയ്ക്കുന്നിടത്ത് സ്വയം രക്ഷിക്കാന്‍ അവര്‍ പ്രാപ്തരാകേണ്ട കാലമാണിത്.

Thursday, November 29, 2012

എഴുത്തുപെട്ടി

കാലം പുരോഗമിച്ചപ്പോള്‍ നമുക്ക് അന്യമായി പോയ പല സംഗതികളില്‍ മുഖ്യമായ ഒന്നാണ് എഴുത്തുപെട്ടി. ഒരു കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍ ഏക ആശ്രയം ഈ പെട്ടികള്‍ മാത്രമായിരുന്നു. വഴിവക്കിലും പ്രധാന കവലകളിലും ചുട്ടു പൊള്ളുന്ന ഉച്ച വെയിലിലും തകര്‍ത്തു പെയ്യുന്ന പേമാരിയിലും പരിഭവമോ സങ്കടമോ ഇല്ലാതെ തനിച്ചിരിക്കുന്ന ഈ പാവം പെട്ടിയുടെ ഇന്നത്തെ ദുര്യോഗം കാണുമ്പോള്‍ കഷ്ടം തോന്നുന്നില്ലേ...?   'തപാലാപ്പീസ്' എന്ന ശീര്‍ഷകം എഴുതിയ ബോര്‍ഡിനു സമീപം ആരെയോ കാത്ത് നിരാശാകാമുകനെ പോലെ നില്‍ക്കുന്ന ഇന്നത്തെ എഴുത്തുപെട്ടികള്‍ക്ക് അന്നന്നത്തെവിശപ്പിനുള്ള ആഹാരം പോലും കൃത്യമായിലഭിക്കുന്നില്ല. ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയ ആഘോഷവേളകളില്‍ ഇവന്‍ നമ്മെ സഹായിച്ചിട്ടുള്ളത്കണക്ക്പറഞ്ഞുതീര്‍ക്കാന്‍കഴിയില്ല. പ്രണയങ്ങള്‍ക്കും വിരഹങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി എത്രയോ ദൂതുകള്‍ ഇവന്‍ നമുക്ക് വേണ്ടി കൈമാറി....? എത്ര സുഖ ദുഃഖങ്ങള്‍ക്ക് മൂകസാക്ഷ്യംവഹിച്ചു...? 
എഴുത്തുപെട്ടിയുടെ ജോലികള്‍ ഇന്ന് ഇ മെയിലും SMS ഉം ഓര്‍ക്കൂട്ടും ഫേസ് ബുക്കും ട്വിറ്ററും  ഏറ്റെടുത്തപ്പോള്‍ അവനു കൂട്ടിനെത്തുന്നത് കോടതി നോട്ടീസും രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റി അറിയിപ്പും മാത്രമായിമാറിയിരിക്കുന്നു.

Wednesday, November 28, 2012

പ്രചോദനം

മറ്റൊരു വ്യക്തിയുടെ ഏതെങ്കിലും സല്‍ഗുണങ്ങള്‍ പിന്തുടരാന്‍ നമ്മളില്‍ നാം തന്നെ ഉളവാക്കുന്നതാണ് പ്രചോദനം (Inspiration). അത് മണ്മറഞ്ഞു പോയ മതപണ്ഡിതന്മാരുടെതോ ലോക നേതാക്കന്മാരുടെതോ മാത്രമല്ല, നമ്മുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ സഹപാഠികളില്‍ നിന്നു കൂടി ആവാം. ചിലപ്പോള്‍ ഒരു കൊച്ചു കുട്ടിയുടെ പ്രവൃത്തികള്‍ കൂടി നമ്മളില്‍ ചിന്താശേഷി ഉണര്‍ത്തുകയും ഒരുപക്ഷെ നമ്മളില്‍ ഉണ്ടായിരുന്ന ചില ദുഷിച്ച ശീലങ്ങളില്‍ നിന്നും മാറ്റമുണ്ടാക്കാന്‍ കഴിയുകയും ചെയ്യും.  പക്ഷെ പ്രചോദനം ഉള്‍ക്കൊണ്ടു സ്വഭാവത്തിലോ ശീലങ്ങളിലോ മാറ്റമുണ്ടാവണമെങ്കില്‍ അതിനെ സ്വീകരിക്കാനുള്ള മനസ്സ് അത്യന്താപേക്ഷിതമാണ്.
മാത്രമല്ല പ്രചോദനം ഉള്‍ക്കൊള്ളുന്നതോടൊപ്പം അത് പകര്‍ന്നു കൊടുക്കാനും നമുക്ക് കഴിയണം. നമ്മളില്‍ Unique ആയത് എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് പ്രാവര്‍ത്തികമാവൂ. ഇനിയും അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനുള്ള അന്വേഷണം ആവട്ടെ ഇന്ന് മുതല്‍....

Tuesday, November 27, 2012

ഗൃഹാതുരത്വം

മലയാളി എന്ന വാക്ക്‌ പ്രവാസിയുടെ പര്യായമായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേരളവും അതിന്റെ സാംസ്കാരിക തനിമയും പ്രവാസി മലയാളികളായ നമുക്കെന്നും ഹൃദയമിഡിപ്പിനക്കാള്‍ പ്രിയപ്പെട്ടത് തന്നെയാണ്..ഗൃഹാതുരത്വത്തിന്‍റെ നാള്‍വഴികളിലൂടെ പ്രയാണം ചെയ്യുന്ന പ്രവാസിയുടെ മനസ്സില്‍ നിലാവുറങ്ങുന്ന നാട്ടിടവഴിയും നക്ഷത്രങ്ങള്‍ മുഖം നോക്കുന്ന പുഴകളും പച്ചപ്പട്ടുടുത്ത വയലേലകളും കേള്‍ക്കാന്‍ കൊതിക്കുന്ന കൊയ്ത്തുപാട്ടും വഞ്ചിപ്പാട്ടും നാടന്‍ പാട്ടുകളും പ്രിയങ്ങളില്‍ പ്രിയപ്പെട്ടതാകുന്നു.  
പിന്നിട്ട വഴികളിലേക്കുള്ള ഒരെത്തിനോട്ടം,ബാല്യത്തിലേക്കൊരു മടക്കയാത്ര,അവിടെ ലഭിക്കുന്ന സുഖമുള്ള നിനവുകളുടെ സാന്ദ്രഭാവം ഈ പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്കില്‍ ഓര്‍മ്മകള്‍ ഉടക്കി നില്‍ക്കുന്ന ചില നാള്‍വഴികള്‍...
ഈ ഓര്‍മ്മകള്‍ ഗൃഹാതുരത്വത്തോടൊപ്പം ഒരു നങ്കൂരം കൂടിയല്ലേ?
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" ബാല്യമെന്ന ഗൃഹാതുരതയിലെക്ക് എത്തുവാനുള്ള മോഹമെന്ന കപ്പലിനെ നങ്കൂരമിടുവാന്‍ തിരുമുറ്റമെന്ന തുറമുഖത്തെ കവി കാണുന്നു. 
മുന്നോട്ട് പോകുന്തോറും മനസ്സിനും മസ്തിഷ്കത്തിനും മോഹവും ഉല്ലാസവും ഉണര്‍വും ഉത്തേജനവും പകരുന്ന ഓര്‍മ്മകളായ ഗൃഹാതുരതയുടെ സുഖവും ആഴവും വലിപ്പവും കൂടുകയുംഅവിടെക്കൊന്നു മടങ്ങിപ്പോകാന്‍ ആഗ്രഹം ജനിപ്പിക്കയും ചെയ്യും.

Monday, November 26, 2012

നഷ്ടബോധം

നഷ്ടങ്ങള്‍ എന്നും വേദനയുളവാക്കുന്നവയാണ്. അത് വ്യക്തിബന്ധങ്ങള്‍ ആയാലും ഭൌതീകമായ വസ്തുവകകള്‍ ആയാലും താല്കാലികമോ ശാശ്വതമോ ആയാലും നഷ്ടപ്പെടുമ്പോള്‍ നികത്താനാവാത്ത ഒരു വിടവ് അന്തരംഗത്തില്‍ ഉണ്ടാകുന്നു. ഭൌതീകമായ നഷ്ടങ്ങള്‍ ഒരു പക്ഷെ തിരിച്ചെടുക്കാനോ അല്ലെങ്കില്‍ പകരം വേറൊന്നു കൈവശമാക്കാനോ സാധിച്ചേക്കാം. പക്ഷെ വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ വിടവുകള്‍ ചെറിയ തോതില്‍ സൃഷ്ടിക്കപ്പെട്ടു തക്ക സമയത്ത് പരിഹരിക്കാന്‍ ശ്രമിക്കാനുള്ള മടികൊണ്ടോ വിട്ടുകൊടുക്കാനുള്ള മനസ്സില്ലാതെയോവളര്‍ന്നു വലുതായി പിന്നീട് ശ്രമിച്ചാല്‍ പോലും പരിഹാരം കണ്ടെത്താനാവാത്ത വിധത്തില്‍ വലുതാകുകയാണ് ചെയ്യുന്നത്.
എതിര്‍ഭാഗത്ത് നില്‍ക്കുന്ന ആളിന്‍റെ മാനസിക വൈകല്യം മനസ്സിലാക്കി ക്ഷമിച്ചാലും ഒരുപക്ഷെ അവരത് തിരിച്ചറിയണമെന്നില്ല. ഒരുപാട് തവണ ക്ഷമിച്ചിട്ടും വീണ്ടും അവര്‍ക്ക് ദുഃഖം കൊടുക്കരുതെന്ന് അവര്‍ മനസ്സിലാക്കാതെ പോകുന്നതും നമ്മില്‍ ഏറെ വിഷമവും നിരാശയും വെറുപ്പും ഉളവാക്കും. ഇതുണ്ടാക്കുന്ന നഷ്ടബോധം ഇരു കൂട്ടര്‍ക്കും ഉണ്ടാവുന്നു.
മാനുഷിക പരിമിതികള്‍ക്കതീതമായ ഒരു ക്ഷമ ആവശ്യമായി വരുമ്പോള്‍ അതിനുള്ള ശക്തി ദൈവത്തില്‍ നിന്നും ആര്‍ജ്ജിക്കാന്‍ നമുക്ക് ശ്രമിക്കാം.

Sunday, November 25, 2012

ആത്മ നിയന്ത്രണം

നിയന്ത്രണങ്ങള്‍ നിറഞ്ഞ നിത്യജീവിതത്തില്‍പലതരം നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിയന്ത്രണങ്ങളില്ലാതെ മനസ്സിലേക്ക് ഓടിവരുന്ന ചില ചിന്തകള്‍ പങ്കു വയ്ക്കട്ടെ,

നിയന്ത്രണങ്ങള്‍ രണ്ട് വിധമുണ്ട്, ഒന്ന് നിയമ നിയന്ത്രണങ്ങള്‍ പോലെയുള്ള നിര്‍
ബന്ധിത നിയന്ത്രണങ്ങള്‍, അടുത്തത് സ്വഭാവങ്ങളിലും ശീലങ്ങളിലും ഉണ്ടാവേണ്ട സാന്മാര്‍ഗ്ഗിക ജീവിതത്തിനു ഉതകുന്ന ആത്മ നിയന്ത്രണങ്ങള്‍.

സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും നമ്മെ സഹായിക്കുന്ന നിയന്ത്രണങ്ങളാണ്‌ ആത്മ നിയന്ത്രണം.തെറ്റിലേക്ക് പോകാന്‍ സാധ്യതയില്ലാത്ത ഒരിടത്ത് നിയന്ത്രിതമായിരിക്കുന്നതിനേക്കാള്‍ തെറ്റുകള്‍ക്ക് സാധ്യതയും വഴികളും സുലഭമായ ഇടങ്ങളില്‍ നിയന്ത്രണത്തിന് കീഴ്പെട്ടു ജീവിക്കുക എന്നതാണ്.

നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് സര്‍വ്വ പ്രപഞ്ചത്തിന്‍ മേലും വാഴാന്‍ അധികാരം നല്‍കി ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഭൂമിയിലാക്കിയത്. കാലാന്തരത്തില്‍ പല കര്‍ശന നിയന്ത്രണങ്ങള്‍ മനുഷ്യന് ദൈവം തന്നെ ഏര്‍പ്പെടുത്തേണ്ട ഒരവസ്ഥ മനുഷ്യനുണ്ടാക്കി. തന്മൂലം ഒരു പ്രത്യേക വലയത്തിനുള്ളില്‍ മാത്രം ജീവിച്ചാലേ മരണാനന്തരമുള്ള ഒരു നിത്യജീവിതത്തിന് അര്‍ഹതയുണ്ടാവൂ എന്ന സ്ഥിതിവിശേഷത്തിലേക്ക് മനുഷ്യന്‍ എത്തിപ്പെട്ടു. ഈ വലയത്തോട് ലയിച്ചു പോയാല്‍ അതൊരു ഭാരമായി തോന്നാതെ മുന്നേറാന്‍ സാധിക്കും.
ഭൌതീകവും ആത്മീയവും നിര്‍മ്മിതവും സ്വയാര്‍ജ്ജിതവുമായ നിയന്ത്രണങ്ങള്‍ നമുക്ക് മുന്നിലും നമ്മെ ചുറ്റിയും വരാനിടയായത് അങ്ങനെയാണ്.
നിയന്ത്രണമില്ലാത്ത ജീവിതത്തില്‍ അവശ്യമായ ചില നിയന്ത്രണങ്ങള്‍ക്ക് കീഴ്പെട്ടു ഒരു നിയന്ത്രിത രേഖയില്‍ കൂടിയുള്ള പ്രയാണം ഒരു ശുഭ പര്യവസായി ആയ ലക്ഷ്യത്തിലെത്തിക്കും.

Saturday, November 24, 2012

മാറ്റങ്ങള്‍

മാറ്റങ്ങള്‍ മനുഷ്യജീവിതത്തില്‍ അനിവാര്യമാണെന്ന വാചകം നാം വര്‍ഷങ്ങളായി കേള്‍ക്കുന്നു. ഏതു തരത്തിലുള്ള മാറ്റങ്ങളാണ് നമുക്ക് അനിവാര്യം എന്ന് മനസ്സിലാക്കുന്നവര്‍ എത്ര പേരുണ്ടാവും? ഇന്ന് സാമൂഹിക, രാഷ്ട്രീയ, കലാ - സാംസ്കാരിക-കായിക മേഖലകളിലെല്ലാം മാറ്റങ്ങള്‍ നാം കാണുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, നാം രണ്ട്-നമുക്ക് രണ്ടില്‍ നിന്ന് നാം ഒന്ന് നമുക്കൊന്നിലേക്കുള്ള മാറ്റം, വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ വന്ന മാറ്റം ചിന്തകളില്‍ വന്ന മാറ്റം  തുടങ്ങി കാലം മാറുന്നതിനു സമാന്തരമായി നല്ലതും അല്ലാത്തതുമായ ഒരുപാട് മാറ്റങ്ങള്‍ നാം കാണുകയും അവയില്‍ പല മാറ്റങ്ങളും നാം സ്വീകരിക്കയും ചിലതിലേക്ക് നാം വഴുതി വീഴുകയും ചെയ്യുന്നു. കാലാകാലങ്ങളായി ഈ മാറ്റങ്ങള്‍ നമുക്ക് നല്‍കാന്‍ പലരും വിവിധ മേഖലകളില്‍ കടന്നു വന്നത് നമുക്കറിയാം. 
കാലോചിതങ്ങളായ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനോടെല്ലാം അനുരൂപപ്പെടാതെ നമുക്ക് അനുയോജ്യമായത് മാത്രം വേര്‍തിരിച്ചറിഞ്ഞു മാറ്റങ്ങളെ സ്വീകരിക്കാനും തിരസ്കരിക്കാനും നമുക്ക് ഇടയാവണം.

Friday, November 23, 2012

മൌനം

ഇന്നലെ ഞാന്‍ പറഞ്ഞ 'പുഞ്ചിരി' നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണെങ്കില്‍ 'മൌനം' പല പ്രശ്ന ഘട്ടങ്ങളിലും അകപ്പെടാതെ നമ്മെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.

നമ്മുടെ സ്വഭാവം, പെരുമാറ്റം, സംസാരം ഇവയൊക്കെയാണ് നമ്മുടെ വ്യക്തിത്വം മറ്റുള്ളവരില്‍ എത്തിക്കുന്നത്. പൊട്ടിത്തെറിക്കാന്‍ തോന്നുന്ന ചില സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കാന്‍ സാധിച്ചാല്‍ ഗുരുതരമായെക്കാവുന്നപ്രശ്നങ്ങളില്‍നിന്നുംനമുക്ക്ഒഴിവാകാന്‍സാധിക്കും.
പക്ഷെ പലപ്പോഴും മാനുഷികമായ പരിമിതികള്‍ നമ്മെ അതിനു അനുവദിക്കാറില്ല എന്നത് സത്യം തന്നെ. 

 
എല്ലാത്തിനും പ്രതികരിക്കുന്ന സ്വഭാവം പല അപകടങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കാറുണ്ട്. നമ്മുടെ ചില നിസ്സാര വാക്കുകള്‍ ചിലപ്പോള്‍ മറ്റൊരാളെ അളവിലധികം വേദനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, മറ്റുള്ളവരില്‍ നിന്ന് നാം ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തിരികെ നല്‍കാന്‍ വാക്കുകളേക്കാള്‍ മൌനത്തിനു കഴിയും. 

പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിക്കുക; പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കുക, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക. 

ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ഒരു നിമിഷത്തെ മൌനത്തെ നമുക്ക് പിന്തുടരാം. അത് നമ്മുടെ വ്യക്തിത്വം മറ്റുള്ളവരില്‍ വര്‍ധിപ്പിക്കാന്‍ കാരണമായേക്കും.

Thursday, November 22, 2012

പുഞ്ചിരി

നമ്മുടെ ശാരീരികവും മാനസികവും ബൌദ്ധികവുമായ ജീവിതത്തിനു പുതിയൊരു ഉണര്‍വ്വും ഉന്മേഷവും പകരാന്‍ പുഞ്ചിരി നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ചിരിക്കുന്നത് ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും നല്ലതെന്ന് വൈദ്യശാസ്ത്രവും പറയുന്നുണ്ട്. ചില നിസ്സാര കാര്യങ്ങളുടെ മേല്‍ നമുക്കുണ്ടാവാറുള്ള വലിയ സമ്മര്‍ദ്ദങ്ങള്‍ ഒരു നറുപുഞ്ചിരിയില്‍ മായിച്ചു കളയാന്‍ സാധിക്കും. നമ്മോട് വിദ്വേഷം ഉണ്ടെന്നു നമുക്ക് തോന്നുന്ന ഒരാളെ നോക്കി ഒന്ന് പുഞ്ചിരിച്ചാല്‍ അവിടെ ഉണ്ടായിരുന്ന ഒരു മതില്‍കെട്ടിനെ വെണ്ണ പോലെ ഉരുക്കി കളയാന്‍ ഉപകാരപ്രദമായേക്കും. നമ്മെ നോക്കി ഒരാള്‍ പുഞ്ചിരിക്കുമ്പോള്‍ അവര്‍ നമുക്ക് പകര്‍ന്നു തരുന്ന ഒരു എനര്‍ജി വളരെ വലുതാണ്‌.
ഭയപ്പാടോടെ ആരംഭിക്കയും വേദനയോടെ അവസാനിക്കയും ചെയ്യുന്ന വളരെ നൈമിഷികമായ യാത്രയുടെ വിസ്മയങ്ങള്‍ നിറഞ്ഞ  ജീവിതത്തില്‍, സുഖ സന്തോഷങ്ങളെ മാത്രമല്ല; ദുഃഖ വിലാപങ്ങളെ കൂടി പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞാല്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിര്‍വൃതി അനുഭവവേദ്യമാകും.
നമ്മുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമാവാന്‍ പുഞ്ചിരി നമ്മെ സഹായിക്കുമ്പോള്‍ പ്രശ്നങ്ങളില്‍ അകപ്പെടാതെ സംരക്ഷിക്കുന്ന ഒന്നിനെ കുറിച്ച് നാളെ ചിന്തിക്കാം.

Wednesday, November 21, 2012

കരയും കടലും

ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ ദൈവം അതിനെ രണ്ട് മുഖ്യ ഭാഗങ്ങളായി വേര്‍തിരിച്ചതാണ് കടലും കരയും. ആര്‍ത്തിരമ്പുന്ന തിരമാലകളാല്‍ മുഖരിതമായ കടല്‍ പലപ്പോഴും ജീവിതത്തിന്‍റെ പ്രശ്ന സങ്കീര്‍ണ്ണതയെ വരച്ചു കാട്ടാനാണ് സാധാരണ ചിത്രകാരന്മാരും ചലച്ചിത്ര സംവിധായകരും ശ്രമിക്കുക. സുനാമി പോലെയുള്ള കടല്‍ ക്ഷോഭങ്ങളിലൂടെ ഈ കോപാഗ്നി നാം കണ്ടറിഞ്ഞതുമാണ്. എന്നാല്‍ സംഘര്‍ഷ ഭരിതമായ മനസ്സുമായി അലയുന്ന നായകന്‍റെ മനസ്സ് ശാന്തമാക്കാനായി കൊണ്ടിരുത്തുന്നതും ഇതേ കടല്‍തീരത്താണ്. ഒരേ സ്ഥലത്തുനിന്നു തന്നെ പ്രശ്നവും സമാധാനവും. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ ഉയര്‍ന്നടിച്ചു വരുന്ന തിരമാലയെ നോക്കി പ്രതീക്ഷയോടെ നില്‍ക്കയും അത് വരുമ്പോള്‍ ഓടി അകലാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് നാമെല്ലാം. എന്നാല്‍ തൊട്ടു മുന്നില്‍ തിരമാലകള്‍ അടിച്ചു കയറുമ്പോഴും അതിനടുത്തിരുന്നു അതിനെ വീക്ഷിക്കുമ്പോള്‍ മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ചയായി മാറുന്നു.

ഇനി കരയിലേക്ക് നോക്കിയാല്‍ കാടും മലയും വൃക്ഷലതാദികളും നിറഞ്ഞ മനോഹരമായ അവസ്ഥയിലും അവിടെ മഴയ്ക്കായി കാത്തിരിക്കുന്ന കൊടും ചൂടിന്‍റെ ദിനരാത്രങ്ങളും അതെ മഴ വരുത്തുന്ന കെടുതികളുടെ വിനാശങ്ങളും നമുക്കറിയാം.

നമ്മുടെ എല്ലാം ഉള്ളിലുമുണ്ട് ഒരു കടലും കരയും. ആ കടലില്‍ തിരമാലകള്‍ ഉയരുമ്പോള്‍ അവിടെ തന്നെ സാന്ത്വനവും ശാന്തിയും ഉണ്ടെന്നു മനസ്സിലാക്കിയാല്‍ മറ്റെങ്ങും അത് തേടി പോകേണ്ട ആവശ്യമില്ല.

Tuesday, November 20, 2012

ലക്‌ഷ്യം

ഇന്നലെ ഞാന്‍ പറഞ്ഞ സാധ്യതയെ കുറിച്ചുള്ള ആശങ്ക കൂടാതെ പ്രതീക്ഷയോടെ മുന്നേറുന്നവര്‍ക്ക് കൈവരിക്കാനാവുന്നതാണ് ലക്‌ഷ്യം. ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത്  നാലാം ക്ലാസ്സില്‍ പഠിച്ച  ദ്രോണാചാര്യര്‍ ശിഷ്യന്മാരുടെ ലക്ഷ്യബോധത്തെ പരീക്ഷിച്ച കഥയാണ്. ശിഷ്യഗണങ്ങളില്‍ ആരും ചിന്തിക്കാത്ത ലക്‌ഷ്യത്തില്‍ മാത്രം കണ്ണ് നട്ട അര്‍ജ്ജുനനെ മാത്രമാണ് അവിടെ ദ്രോണര്‍ അമ്പെയ്യാന്‍  അനുവദിക്കുന്നത് തന്നെ. മറ്റുള്ളവരും ലക്‌ഷ്യം കണ്ടിരുന്നു. പക്ഷെ അവര്‍ ലക്ഷ്യത്തോടൊപ്പം അതിനടുത്തുള്ള മറ്റ് പലതും കൂടി ശ്രദ്ധിച്ചു. ഒരുപക്ഷെ അത് തടസ്സങ്ങള്‍ ആവാം, ലക്‌ഷ്യം നേടുന്നതിനു തടസ്സമാകുന്ന ഒന്നിനെയും നോക്കുക പോലും ചെയ്യാതെ ലക്ഷ്യത്തില്‍ മാത്രം നോക്കിയാലേ വിജയം ലഭിക്കൂ എന്നതാണ് നാം ആ കഥയിലൂടെ മനസ്സിലാക്കിയത്.

ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നത് കൊണ്ട് എന്ത് വളഞ്ഞ മാര്‍ഗ്ഗം ഉപയോഗിച്ചും ലക്‌ഷ്യം നേടാം എന്ന് തെറ്റിദ്ധരിക്കരുത്. നേരായ മാര്‍ഗ്ഗം തന്നെയാണ് ലക്ഷ്യപ്രാപ്തിക്ക് അഭികാമ്യം. എളുപ്പ വഴികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോള്‍ അത് ലക്‌ഷ്യം തെറ്റിക്കാനും നാശത്തിലേക്ക് വഴി തെളിക്കാനും സാധ്യതയുണ്ട്. എന്തിനു പോയാലും ഏതു വഴി സ്വീകരിച്ചാലും ലക്‌ഷ്യം മറക്കാതിരിക്കുക. അപ്പോള്‍ നമ്മുടെ വഴികളും നേരോടെ തന്നെയാവും. അല്ലെങ്കില്‍ അങ്ങനെ ആവണം.

Monday, November 19, 2012

സാധ്യതകള്‍

സാധ്യതകളെ കുറിച്ച് പലപ്പോഴും നമുക്ക് ആശങ്കകളാണ്. എന്ത് കാര്യം ചെയ്യുമ്പോഴും ചെയ്യാന്‍ആഗ്രഹിക്കുമ്പോഴും തീരുമാനിക്കുമ്പോഴും ഫലപ്രാപ്തിയുടെ സാധ്യതകളെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ തീരുമാനങ്ങളില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറാണ് അധികവും. ആത്മവിശ്വാസത്തെ തളര്‍ത്തുന്നതും അനാവശ്യമായതും അര്‍ത്ഥശൂന്യമായതുമായ ഒരു ഭയം നമ്മില്‍ ഉളവാക്കുന്നതും ഈ ആശങ്കയാണ്.

 എന്നാല്‍ ഈ ആശങ്ക കൂടാതെ സധൈര്യം മുന്നിട്ടിറങ്ങിയവരെല്ലാം ലക്ഷ്യപ്രാപ്തി നേടിയതായും നാം പഠിക്കുന്നുണ്ട്. പില്‍ക്കാലത്ത് ലോകജനതയ്ക്ക് തന്നെ പ്രയോജനകരങ്ങളായി മാറിയ അനേക കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കൈവരിച്ചവര്‍ അത് നേടിയത് സാധ്യതകളെ കുറിച്ചുള്ള ആശങ്ക കൂടാതെ വര്‍ഷങ്ങളോളം ക്ഷമയോടെ പ്രയത്നിച്ചതിന്‍റെ ഫലമാണെന്ന് നമുക്കറിയാം. ഇനിയും ഇത്തരം   ആശങ്കകളെ തള്ളിക്കളഞ്ഞു അസാധ്യം എന്ന് സംശയിക്കാതെ സാധ്യതയിലേക്ക്‌ നമുക്കും നീങ്ങാം.
==========================================================
"വേറൊരാള്‍ക്ക് കഴിയുന്നത് എന്തുകൊണ്ട് എനിക്ക് സാധ്യമല്ല....?
മറ്റെല്ലാവര്‍ക്കും കഴിയുന്നത്‌ എന്തുകൊണ്ട് എനിക്ക് സാധ്യമല്ല...?
ആര്‍ക്കും കഴിയാത്തത് എന്തുകൊണ്ട് എനിക്ക് സാധ്യമാക്കിക്കൂടാ...?"
==========================================================
ഇതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം

Wednesday, November 14, 2012

സമാധാനം

സമാധാനം ഇല്ലാത്ത ലോകത്ത് സമാധാനത്തെ കുറിച്ച് എന്തെഴുതണം എന്ന് എനിക്കും അറിയില്ല. എവിടെ നോക്കിയാലും പ്രകൃത്യാ ഉള്ളതോ മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്നതോ ആയ സമാധനമില്ലായ്മയുടെ വാര്‍ത്തകളാണ്‌  നാം കേള്‍ക്കുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ക്ഷാമത്തിന്‍റെയും പ്രകൃതി ക്ഷോഭങ്ങളുടെയും ഫലമായ സമാധാനമില്ലായ്മ ഒരു കൂട്ടര്‍ അനുഭവിക്കുമ്പോള്‍, ഇപ്രകാരം ഒരു ബുദ്ധിമുട്ടുകളുമില്ലാതെ ജീവിക്കുന്ന സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും  
അക്രമങ്ങളും അനീതികളും അഴിമതികളും കാരണങ്ങളാവുന്നു. 

സമാധാനം നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് അതിനായി പലതും ചെയ്യുന്നു. ഇത്തരത്തില്‍ സമാധാന കാംക്ഷികളായ ആളുകളെ ചൂഷണം ചെയ്യുന്ന മറ്റൊരു വിഭാഗം കപട മുഖങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നു. പൈസാ കൊടുത്തും ക്രിയകള്‍ ചെയ്തും സമാധാനത്തിനായി ഓടുന്ന തലമുറ. എന്നാല്‍ എവിടെ ആര്‍ക്ക് കിട്ടുന്നു അവര്‍ ആഗ്രഹിക്കുന്ന പൂര്‍ണ്ണ സമാധാനം...?

മതഗ്രന്ഥങ്ങള്‍ പറയുന്നു ഇവിടെ സമാധാനം....ആരാധനാലയങ്ങള്‍ മത്സരിച്ചു പറയുന്നു ഇവിടെയാണ് സമാധാനം....കപട സന്യാസിമാര്‍ വശീകരിക്കുന്നതും മനുഷ്യന്‍റെ ഈ ബലഹീനതയെ ആണ്. ദരിദ്രന് ഇല്ലായ്മ അസമാധാനത്തിനു കാരണമാണെങ്കില്‍ ഉള്ളവന് നഷ്ടമാകുമോ എന്ന ഭയം ഇതുളവാക്കുന്നു. 

സമാധാനം ഉണ്ടാക്കുവാന്‍ മനുഷ്യന്‍ അപ്രാപ്തനാവുമ്പോള്‍ പൂര്‍ണ്ണതയുള്ള ദൈവീക സമാധാനത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. 

Tuesday, November 13, 2012

വിദൂര ശക്തി

ചിലപ്പോള്‍ നമ്മുടെ കണ്മുന്നില്‍ കാണുന്നതോ അടുത്ത് ചേര്‍ന്ന് നില്‍ക്കുന്നതോ ആയ വ്യക്തികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായ ഒരു ശക്തി നമ്മില്‍ നിന്ന് വിദൂരതയില്‍ ആയിരിക്കുന്നവരില്‍ നിന്ന് ലഭിക്കാറുണ്ട്. ഈ ശക്തി നെഗറ്റിവും പോസിറ്റിവുമായ ഒരു ഫലം നമ്മില്‍ ഉളവാക്കാന്‍ സാധിക്കുന്ന ഒന്നാണ്. ചരിത്രത്തില്‍ നമുക്ക് വായിച്ചറിവ് മാത്രമുള്ള ചില കഥാപാത്രങ്ങളോട് നമുക്ക് തോന്നുന്ന മാനസികമായ ഒരു അടുപ്പവും വൈകാരികമായ വെറുപ്പും ഈ വിദൂര ശക്തിയുടെ ഉദാഹരണങ്ങളാണ്. സൌഹൃദത്തിനും പ്രണയത്തിനും ആത്മബന്ധങ്ങള്‍ക്കും ഈ ഒരു ശക്തി കാരണമാവാറുണ്ട്.
ഒരുപക്ഷെ നമ്മുടെ ചിന്താഗതികള്‍ക്ക് അനുരൂപമായി ചിന്തിക്കുന്നവര്‍ ആകാം, അല്ലെങ്കില്‍ നാം ആഗ്രഹിക്കുന്ന സമയത്ത് അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ ആവാം ഈ ശക്തി നമ്മില്‍ പ്രതിഫലിപ്പിക്കുന്നത്. അവരോടുണ്ടാവുന്ന ബഹുമാനം, സ്നേഹം അത് അനിര്‍വചനീയമാണ്. നമുക്ക് ഈ ശക്തി പകര്‍ന്നു തന്നത് മറ്റാരെങ്കിലും ആയിരിക്കും. ഈയൊരു ശക്തി നമ്മിലും ഉല്‍പാദിതമാക്കി ദൂരത്തുള്ള പലരെയും  ആശ്വസിപ്പിക്കുവാന്‍ നമുക്ക് ശ്രമിക്കാം.

Monday, November 12, 2012

സ്നേഹം

'സ്നേഹം' എത്ര മനോഹരമായ വികാരം...! വായിച്ചറിഞ്ഞ പുസ്തകങ്ങളിലെയും കേട്ടറിഞ്ഞ കഥകളിലെയും കണ്ടു മറന്ന വെള്ളിത്തിരയിലെയും പ്രമേയങ്ങളില്‍ ഏറെ വന്നിട്ടുള്ള സാരാംശം....! യഥാര്‍ത്ഥ സ്നേഹത്തിന് ആകാശത്തോളം ഉയരവും ആഴിയോളം ആഴവും ദൈവത്തോളം ശക്തിയും ഉണ്ട്....! അത് അളക്കാന്‍ അളവുകോല്‍ ഒന്നുമില്ല....! ശൈശവ കാലത്ത് മുലയൂട്ടിയ അമ്മയുടെ വാത്സല്യവും പിച്ച വച്ച് തുടങ്ങിയപ്പോള്‍ വീഴാതെ കൈപിടിച്ച് താങ്ങിയ അച്ഛന്‍റെ കരുതല
ും അംഗനവാടി മുതല്‍ കലാലയം വരെ കൂടെ നടന്ന ചങ്ങാതിമാരുടെ സ്നേഹവും കൌമാരപ്രയത്തില്‍ മനസ്സില്‍ പ്രണയം മൊട്ടിടുന്ന കാലത്ത് സഹപാഠിയോടു തോന്നിയ ഇഷ്ടവും പക്വതയായപ്പോള്‍ സുഖ ദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ ലഭിച്ച ജീവിത സഖിയോട് ഉണ്ടായ സ്നേഹവും...അങ്ങനെ എത്രയെത്ര തലങ്ങലളില്‍ ഈ സ്നേഹം നാം അനുഭവിച്ചു...? ഒരിക്കലും മരിക്കാത്ത വികാരമായി എന്നും നമ്മോടൊപ്പം സ്നേഹം ഉണ്ടാവും....ഇനിയും നാം എത്രയോ സ്നേഹം വാങ്ങാനും കൊടുക്കാനുമിരിക്കുന്നു ഈ ജീവിതയാത്രയില്‍....! സ്നേഹിച്ചവര്‍ കൈവിട്ടു പോയാലും സ്നേഹം മരിക്കില്ല....!

Friday, November 9, 2012

മഞ്ഞുതുള്ളി

മഞ്ഞുതുള്ളികള്‍ എന്നും മനസ്സിന് കുളിര്‍മ്മയേകുന്ന ഒന്നാണ്. കലുഷിതമായ മനസ്സില്‍ ശാന്തതയുടെ ഭാവമായ തണുപ്പേകാന്‍ ഒരു മഞ്ഞുതുള്ളിക്ക് കഴിഞ്ഞേക്കുമെന്ന ചിന്തയില്‍ നിന്നാവാം മധുരവും ശാന്തവുമായ വികാരങ്ങള്‍ക്ക് എന്നും ഒരു മഞ്ഞുതുള്ളിയുടെ നനുത്ത സ്പര്‍ശമേകാന്‍ കവികളും സാഹിത്യകാരും ശ്രദ്ധിച്ചിരുന്നത്. ശൈശവകാല ഓര്‍മ്മകളില്‍ ആലിപ്പഴമായും കൌമാര പ്രണയത്തിന്‍റെ പ്രതീകമായി, പിന്നണിയില്‍  മഞ്ഞിന്‍ കണങ്ങളുടെ സാന്നിധ്യം നിറഞ്ഞ ഗാനങ്ങളും കവിതകളും ലോകാരംഭം മുതല്‍ക്കേ ഉണ്ടായിരുന്നതിന് കാരണവും മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യവും വിശുദ്ധിയും നിഷ്കളങ്ക രൂപവുമാണെന്ന് നമുക്ക് വിശ്വസിക്കാം.

Thursday, November 8, 2012

ഒബാമയുടെ മതം

അമേരിക്കയുടെ പ്രഥമ പൌരനായി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ബരാക്ക് ഒബാമ ഒരു മുസ്ലിം മതവിശ്വാസിയാണെന്നാണ് അമേരിക്കയിലുള്ള ചിലരുള്‍പ്പെടെ ലോകമെങ്ങുമുള്ള ഭൂരിഭാഗം  ആള്‍ക്കാരുടെയും വിചാരം. എന്നാല്‍ ഒബാമ അദ്ദേഹത്തിന്‍റെ വിശ്വാസത്തെ പറ്റി സ്വയം പറഞ്ഞിരിക്കുന്നത് വീക്ഷിച്ചാല്‍  അദ്ദേഹം ഒരു ക്രിസ്ത്യാനി ആണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

"I'm a Christian by choice. My family didn't – frankly, they weren't folks who went to church every week. And my mother was one of the most spiritual people I knew, but she didn't raise me in the church. So I came to my Christian faith later in life, and it was because the precepts of Jesus Christ spoke to me in terms of the kind of life that I would want to lead – being my brothers' and sisters' keeper, treating others as they would treat me. I think also understanding that Jesus Christ dying for my sins spoke to the humility we all have to have as human beings, that we're sinful and we're flawed and we make mistakes, and that we achieve salvation through the grace of God. But what we can do, as flawed as we are, is still see God in other people and do our best to help them find their own grace. That's what I strive to do. That's what I pray to do every day. I think my public service is part of that effort to express my Christian faith."

അദ്ദേഹത്തിന്‍റെ പിതാവ് ഒരു  നാമധേയ മുസ്ലിം ആയിരുന്നെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു തികഞ്ഞ നിരീശ്വരവാദി ആയിട്ടാണ് തന്‍റെ പിതാവും മുത്തച്ഛനും ജീവിച്ചിരുന്നതെന്നും  പറയുന്ന ഒബാമ തന്‍റെ അമ്മയും ഒരു നാമധേയ ക്രിസ്ത്യാനി  ആയിരുന്നതിനാല്‍ ഏതു തരം വിശ്വാസത്തിലും പിന്തുടരാന്‍ സ്വാതന്ത്ര്യം തനിക്ക് നല്‍കിയിരുന്ന ഒരാളായിരുന്നെന്ന് പറയുന്നു. ഗ്രീക്ക്,ആഫ്രിക്കന്‍  ഐതീഹ്യ പുസ്തകങ്ങളോടൊപ്പം ബൈബിളും ഖുറാനും ഭഗവത്‌ഗീതയും തന്‍റെ വീടിന്‍റെ അലമാരയില്‍ സൂക്ഷിച്ചിരുന്നത് ബാല്യകാല ഓര്‍മ്മകളില്‍ നിലകൊള്ളുന്നുണ്ട്. ക്രിസ്മസ്, ഈസ്ടര്‍ തുടങ്ങിയ വിശേഷ ദിനങ്ങളില്‍ പള്ളികളിലും ചൈനീസ് ന്യു ഇയര്‍ സമയത്ത് ബുദ്ധിസ്റ്റ്  ക്ഷേത്രങ്ങളിലും മാതാവ് തന്നെ  കൂട്ടിക്കൊണ്ടു പോയിരുന്നതായും ഓര്‍ക്കുന്നു.

  1988 ല്‍ ആണ്  ജ്ഞാനസ്നാനം സ്വീകരിച്ചു താനൊരു പൂര്‍ണ്ണ ക്രിസ്തീയ വിശ്വാസിയായി മാറിയതെന്നും അതിനുള്ള പ്രചോദനം യേശു ക്രിസ്തുവുമായുള്ള വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാന്‍ മാനസികമായി തനിക്ക് ഇടയായതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാരാക് ഒബാമയെ 'അന്തിക്രിസ്തു' എന്നു വരെ വിശേഷിപ്പിച്ച സാഹചര്യങ്ങള്‍ നില നില്‍ക്കെ പലര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിവിന്‍റെ പുതിയൊരു വെളിച്ചം വീശാന്‍ ഈ ലേഖനത്തിലൂടെ കഴിയുന്നെങ്കില്‍ ഞാനും കൃതാര്‍ത്ഥനാവുന്നു.

-പനയം ലിജു.

Tuesday, November 6, 2012

വിശ്വസ്തത

മനുഷ്യജീവിതത്തില്‍ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിശ്വസ്തത. സൌഹൃദങ്ങള്‍, കുടുംബം, അധ്യാപക - വിദ്യാര്‍ഥി, മാതാപിതാക്കള്‍ - കുഞ്ഞുങ്ങള്‍, മുതലാളി - തൊഴിലാളി എന്ന് വേണ്ടാ, എണ്ണിപ്പറയാന്‍ കഴിയാത്ത വിധം എല്ലാ ബന്ധങ്ങളിലും വിശ്വസ്തത നഷ്ടപ്പെടുന്നു. ജീവന് സുരക്ഷ നല്‍കാന്‍ ബാധ്യതയുള്ള സുരക്ഷാഭടന്‍റെ വിരല്‍തുമ്പില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയില്‍ ജീവന്‍ കൊടുക്കേണ്ടി വന്ന ഇന്ദിരാഗാന്ധിയുടെ മരണം തൊഴിലിനോടുള്ള അവിശ്വസ്തതയ്ക്ക് ഉദാഹരണമായപ്പോള്‍; പ്രതീക്ഷയോടെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍  അധികാരത്തിലേറ്റുന്ന ജനങ്ങളോട് കാണിക്കുന്ന അവിശ്വസ്തത ധാര്‍മികമായ അവിശ്വസ്തതയായി. 
സാന്മാര്‍ഗ്ഗിക ഉപദേശങ്ങള്‍ പഠിപ്പിച്ച സ്വന്തം ഗുരുവിനെ ചതിച്ച യൂദാസ് ഗുരുനിന്ദയായി  വിശ്വാസ വഞ്ചന പ്രവര്‍ത്തിച്ചപ്പോള്‍; അല്പനേരത്തെ സുഖങ്ങള്‍ക്കായി സ്വന്തം നാടിനെ വഞ്ചിച്ച ചാരന്‍മാര്‍ അവിശ്വസ്തതയിലൂടെ ദേശദ്രോഹമാണ് ചെയ്തത്.

ബന്ധങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ താല്‍ക്കാലികമായ മോഹങ്ങള്‍ക്കായി ഇതര ബന്ധങ്ങള്‍ തേടിപ്പോയി കുടുംബ ജീവിതം തകര്‍ത്ത കഥകള്‍ എത്രയാണ് നാം  ദിനമ്പ്രതി വായിച്ചും കണ്ടും അറിയുന്നത് ! ലോക്കല്‍ നേതാക്കന്മാര്‍ വാങ്ങുന്ന കൈക്കൂലിയും  ബഡാ നേതാക്കള്‍ വാങ്ങുന്ന കോഴയും അവിശ്വസ്തതയുടെ വ്യത്യസ്ത പദങ്ങള്‍ മാത്രമാണ്. അധികാര ദുര്‍വിനിയോഗവും ചതിയും കബളിപ്പിക്കലും എല്ലാം അവിശ്വസ്തതയുടെ വ്യത്യസ്ത മുഖങ്ങളായി നമ്മുടെ മുന്നില്‍ കാണുമ്പോള്‍ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക....ഇത്തരം പ്രവൃത്തികളിലൂടെ നഷ്ടമാക്കുന്നത് ആത്മാഭിമാനത്തോടൊപ്പം സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും അഭിമാനം കൂടിയാണ്.
 

Monday, November 5, 2012

പ്രകാശം

ഭൂലോകത്തിന് മുഴുവന്‍ വെളിച്ചം പകരുന്ന സൂര്യപ്രകാശം മുതല്‍ ചെറിയൊരു മെഴുകുതിരി നാളം തരുന്ന വെളിച്ചവും പ്രകാശത്തിന്‍റെ പ്രതിരൂപങ്ങളാണ്. കാഴ്ച്ചയുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ലെന്നു പറയുന്നതു പോലെ സൂര്യപ്രകാശത്തിന്‍റെ വില നാമറിയാറില്ല. കാരണം, സൂര്യന്‍ പോയ്മറഞ്ഞാലുടനെ രാവിന്‍റെ പുതിയ ലോകത്തിലേക്ക് നാം കടക്കുന്നു. എന്നാല്‍ ഇരുളില്‍  തിരിനാളം തെളിക്കുന്ന ഒരു മെഴുകുതിരിയ്ക്ക് ആ വെളിച്ചം പകര്‍ന്നു കൊടുക്കുന്നത് ഒരു തീപ്പെട്ടിക്കുള്ളിലെ ഒരുപാട് കമ്പുകളില്‍, ഒന്നില്‍ നിന്നുതിരുന്ന തീ നാളമാണ്. പ്രകൃത്യാ ലഭിക്കുന്ന പ്രകാശമായ സൂര്യപ്രകാശത്തെ സര്‍വേശ്വരനായ ദൈവത്തിന്‍റെ വെളിച്ചമായി കാണുമ്പോള്‍ ഒരു ചെറിയ തീപ്പെട്ടിക്കോലായി ഇരുളില്‍ വെളിച്ചം പകരാന്‍ നമുക്ക് ശ്രമിക്കാം.

Sunday, November 4, 2012

മനുഷ്യത്വം

ആധുനിക ജീവിതത്തിന്‍റെ തിരക്കുകളില്‍ നമുക്ക് അന്യമാവുന്ന നന്മയുടെ ഗുണങ്ങളില്‍ ഒന്നായി മനുഷ്യത്വം മാറിക്കഴിഞ്ഞു. മറ്റെല്ലാ ജീവജാലങ്ങളില്‍ നിന്നും മനുഷ്യന് മാത്രം ദൈവം നല്‍കിയ സവിശേഷതകളില്‍ ഏറ്റവും പ്രധാനം സ്വയം ചിന്തിക്കാനും വിവേചിക്കാനും ഉള്ള കഴിവാണ്. ഈ കഴിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും അവനെ മനുഷ്യത്വം ഉള്ളവനാക്കുന്നതും. എന്നാല്‍, സ്വാര്‍ഥതയുടെ പടുകുഴിയില്‍ വീണുപോയ മനുഷ്യന്‍ സഹജീവികളോടുള്ള സമീപനത്തില്‍ വ്യതിയാനം വന്നതോടെ സ്വയം സൃഷ്‌ടിച്ച കൂടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്ക് അധീനനാവുകയും അതിലൂടെ അവന്‍റെ മനുഷ്യത്വം തന്നെ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥാന്തരത്തിന് അടിമയാവുകയുമാണുണ്ടായത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക മേഖലകളില്‍ പോലും മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഇന്ന്‍ നിറഞ്ഞു നില്‍ക്കുന്നു. 
മനുഷ്യത്വത്തിന്‍റെ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തികളില്‍ ആരംഭിച്ച് കുടുംബങ്ങളിലൂടെ സമൂഹത്തില്‍ ഒരു പരിവര്‍ത്തനമുണ്ടാക്കാന്‍ ഇടയായാല്‍ നമ്മുടെ ജീവിതം സാര്‍ത്ഥകമാവും. 

Friday, November 2, 2012

നിസ്വാര്‍ഥത

സ്വാര്‍ഥതയും സ്നേഹവും അടുത്തായി എഴുതാന്‍ പോലും പാടില്ലാത്ത വാക്കുകളാണെന്ന് കേട്ടിട്ടുണ്ട്. ഒരമ്മ സ്വന്തം കുഞ്ഞിനു കൊടുക്കുന്ന ചുംബനത്തില്‍ പോലും അതിലൂടെ അമ്മയ്ക്ക് ലഭിക്കുന്ന ഒരു നിര്‍വൃതിയ്ക്കായുള്ള സ്വാര്‍ഥത ഉണ്ടത്രേ. സ്വാര്‍ഥത കലര്‍ന്ന സ്നേഹത്തിനു സൗന്ദര്യം കുറവായിരിക്കും. സ്വയം എന്ന ചിന്ത വെടിയാനും ഞാന്‍ എന്ന ഭാവം മറക്കാനും പലപ്പോഴും പരാജിതരാകുന്ന അവസ്ഥയ്ക്കൊരു മാറ്റം വേണ്ടേ...?

'അനാഥരരുടെ അമ്മ' എന്നറിയപ്പെട്ട മദര്‍ തെരേസ്സ പറയുകയുണ്ടായി: ''ഈ തെരുവിലെ കുഞ്ഞുങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു". സ്വാര്‍ത്ഥതയില്ലാത്ത ഈ കാഴ്ചപ്പാടാണ് സമ്പന്ന രാഷ്ട്രത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട അവരെ സൗഭാഗ്യങ്ങള്‍ വെടിഞ്ഞ്; കല്‍ക്കട്ടയിലെ ചേരികളില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും ജീവനുള്ള രൂപമായി നിലകൊള്ളാന്‍ പ്രാപ്തയാക്കിയത്.

നിത്യ സൗഭാഗ്യങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ എല്ലാവരോടും നിസ്വാര്‍ഥ മനോഭാവത്തോടെ സഹവര്‍ത്തിക്കാന്‍ ശ്രമിക്കാം.

Thursday, November 1, 2012

ക്ഷമ

മനുഷ്യന് അത്യാവശ്യം വേണ്ടിയതും എന്നാല്‍ അധികം ആര്‍ക്കും കഴിയാത്തതുമായ ഒന്നാണ് ക്ഷമ. ഇതൊരു പ്രവൃത്തിയാണോ വികാരമാണോ എന്ന്‍ വ്യക്തമായി പറയാന്‍ കഴിയില്ല. ഉള്ളില്‍ കത്തുന്ന കോപം ജ്വലിക്കുന്ന നേരങ്ങളില്‍ ആ കോപത്തെ അടക്കി സംയമനം പാലിക്കുന്ന ക്ഷമയുടെ രൂപം ഒരു പ്രവൃത്തിയായി പറയാം. എന്നാല്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കാതെയുള്ള പ്രവൃത്തികള്‍ മറ്റുള്ളവരില്‍ നിന്ന് ഉണ്ടാകുമ്പോള്‍ ഒരു പക്ഷെ നമുക്ക് ദേഷ്യം തോന്നിയാലും അതിനോട് നാം കാട്ടുന്ന സ്നേഹപൂര്‍വ്വമായ സമീപനം 'ക്ഷമ' എന്ന വികാരത്തെ കാണിക്കുന്നു. കൊച്ചു കുഞ്ഞുങ്ങളില്‍ നിന്നോ എന്തെങ്കിലും വൈകല്യമുള്ളവരില്‍ നിന്നോ ഉണ്ടാകുന്ന താല്‍കാലികമായ അപമര്യാദയോ അവിവേകമോ നാം ക്ഷമിക്കുമ്പോള്‍ ഈ വികാരമാണ് നമുക്കുണ്ടാവുക.
ഏതു മതവും എല്ലാ വേദഗ്രന്ഥങ്ങളും നമുക്ക് ഓതി തരുന്നത് ഈ ക്ഷമയുടെ പാഠങ്ങളാണ്.
പ്രവൃത്തിയും വികാരവുമായ 'ക്ഷമ' ഒരു ശീലമായി നമ്മിലൂടെ പരിവേഷിപ്പിക്കാന്‍ ശ്രമിക്കാം.