Pages

Wednesday, October 31, 2012

നിഴലുകള്‍

ഈ പ്രപഞ്ചത്തിലുള്ള സര്‍വ്വ ജീവജാലങ്ങള്‍ക്കും സകല വസ്തു വകകള്‍ക്കും നിഴലുണ്ട്. ബാഹ്യമായ ഒരു വെളിച്ചത്തിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ നിഴല്‍ രൂപപ്പെടുന്നുള്ളൂ. എന്നാല്‍ എപ്പോഴും വെളിച്ചത്തിന്‍റെ സ്രോതസ്സിന് വിപരീത ദിശയില്‍ നില്‍ക്കാനാണ് നിഴല്‍ ആഗ്രഹിക്കുന്നത്. പൂര്‍ണ്ണ വെളിച്ചമുള്ള പകലിലും  രാത്രിയിലെ നിലാവിലും  നിഴലിന്‍റെ നിറം ഇരുള്‍ നിറഞ്ഞത്‌ മാത്രമാണ്.  എപ്പോഴും നമ്മെ പിന്തുടരുന്ന;  ഇരുള്‍ നിറമണിഞ്ഞ നിഴല്‍ പോലും നാം ഇരുട്ടിലാകുമ്പോള്‍ നമ്മെ കൈവെടിയുന്നു.

ഇരുള്‍ നിറഞ്ഞ ഇടവഴികളിലൂടെ യാനം ചെയ്യുന്ന നമ്മെ സ്വന്തം നിഴല്‍ പോലും കൈവിട്ടാലും കൈവിടാത്തവനായ ദൈവത്തില്‍ ആശ്രയിക്കാം....അവന്‍ നമ്മെ വെളിച്ചത്തിലൂടെ വഴി നടത്തട്ടെ.

Monday, October 29, 2012

നിരാശ

ആശകള്‍ നിറവേറാതെ പോകുമ്പോള്‍ നമുക്ക് ഉണ്ടാവുന്ന ഒരു തോന്നലാണ് നിരാശ. എന്നാല്‍ നാം ആഗ്രഹിക്കുന്ന സമയപരിധിക്കുള്ളില്‍ നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറപ്പെടാതെ പോകുന്ന സന്ദര്‍ഭങ്ങളെയാണ് നാം നിരാശ എന്ന് വിളിക്കുന്നത്‌. കാരണം, ഒരു പക്ഷെ ഈ ആഗ്രഹപൂര്‍ത്തീകരണമായിരിക്കാം  അപ്പോഴത്തെ നമ്മുടെ പ്രധാന ലക്ഷ്യം. അല്‍പസമയം കൂടി ക്ഷമയോടെ കാത്തിരുന്നാല്‍ ലഭിക്കാവുന്ന അല്ലെങ്കില്‍ സഫലമാക്കപ്പെടാവുന്ന ഒന്നായിരിക്കാം ഈ ആശകള്‍.
നമ്മെക്കാള്‍  നമ്മുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന ദൈവം ഓരോ ദാനങ്ങള്‍ നമുക്ക് നല്കിതരുന്നതിന് ഒരു സമയം കുറിച്ചു വച്ചിട്ടുണ്ടെന്ന സത്യം പലപ്പോഴും നാം വിസ്മരിച്ചിട്ട് നാം ഉദ്ദേശിക്കുന്ന സമയത്തും രീതിയിലും മാര്‍ഗ്ഗത്തിലും അത് ലഭിക്കുവാന്‍ ആശിക്കുന്നു.
കൂടുതല്‍ പ്രാര്‍ഥനയോടെ ക്ഷമയോടെ ദൈവത്തിന്‍റെ സമയത്ത് അവന്‍റെ തീരുമാനപ്രകാരം ആശകള്‍ നിറവേറപ്പെടാന്‍ കാത്തിരിക്കാം.

Sunday, October 28, 2012

ഓര്‍മ്മകള്‍

പിന്നിട്ട വഴികളിലെ അനുഭവങ്ങള്‍ എന്നും നനുത്ത ഓര്‍മ്മകള്‍ പ്രദാനം ചെയ്യുന്നവയാണ്.ബാല്യത്തിന്‍റെ കുസൃതുകളും, കൌമാരത്തിന്‍റെവികൃതികളും യൌവ്വനത്തിന്‍റെ ചാപല്യങ്ങളും സ്കൂള്‍ കലാലയ ജീവിതത്തിന്‍റെ സുഖമുള്ള നിമിഷങ്ങളും ഓര്‍മ്മകളുടെ മുകുളങ്ങളില്‍ മായാ മരീചികയായി നില്‍ക്കുമ്പോള്‍ മനസ്സില്‍ മഞ്ഞുതുള്ളി വീണ പോലെയില്ലേ...? ജീവിതത്തിന്‍റെ തിരക്കിനിടയില്‍ കൈവിട്ടു പോയ സൗഹൃദങ്ങളും പ്രണയവും തിരിച്ചു നല്‍കാന്‍ ഇന്ന് ഓര്‍മ്മകള്‍ക്ക് മാത്രമേ കഴിയൂ.
ഇന്നലെകളെ പോലെ ഇന്നുകളും നാളെ ഓര്‍മ്മകളായി മാറും....ഇന്നത്തെ അനുഭവങ്ങള്‍ നാളെയുടെ ഓര്‍മ്മകളാവുമ്പോള്‍ നീറുന്ന ഓര്‍മ്മകള്‍ക്ക് പകരം സുഖമുള്ള ഓര്‍മ്മകളായി മാത്രം നിലനില്‍ക്കട്ടെ.

Saturday, October 27, 2012

നിശ്ശബ്ദത

ഇന്നലെ ഞാന്‍ പറഞ്ഞ ഇരുട്ടിനെ പോലെ തന്നെ സൃഷ്ടിക്കാന്‍ കഴിയാത്ത മറ്റൊന്നിന്‍റെ അഭാവത്തില്‍ മാത്രമുണ്ടാവുന്ന ഒന്നത്രേ നിശ്ശബ്ദത. ചിലപ്പോള്‍ ചില നഷ്ടങ്ങള്‍, വേദനകള്‍, നൊമ്പരങ്ങള്‍ ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ കടന്നു വരുമ്പോള്‍ ആരോടും പങ്കു വയ്ക്കാനാവാതെ, ഉള്ളിലൊതുക്കി, മനസ്സിന്‍റെ മണിയറയ്ക്കുള്ളിലിട്ടു പൂട്ടി വിങ്ങുന്ന ഹൃദയവും തേങ്ങുന്ന മനസ്സുമായി സ്വയം ഒതുങ്ങിക്കൂടുന്ന വേളകളില്‍ ഒഴിവാക്കാനാവാത്ത ചില കൂടിചേരലുകളില്‍ വേറിട്ട്‌ നില്‍ക്കാന്‍ നാം കണ്ടെത്തുന്ന ഒരു കുറുക്കുവഴി. സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന സത്യം തിരിച്ചറിയുമ്പോഴും സമൂഹത്തിന്‍റെ സന്തോഷങ്ങളില്‍ പങ്കു ചേരുവാന്‍ കഴിയാത്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദത നമ്മെ ഒരുപാട് സഹായിക്കാറുണ്ട്. 

ചിലപ്പോള്‍ നാം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തികച്ചും ന്യായമാണെങ്കിലും അത് മനസ്സിലാക്കാന്‍ എതിര്‍ഭാഗത്തുള്ളവര്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴും ഈ നിശബ്ദതയെ തന്നെ നാം കൂട്ട് പിടിക്കുന്നു. 

നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഈ രാവിലിരുന്ന് നിശ്ശബ്ദതയെ കുറിച്ചെഴുതുമ്പോഴും അറിയാതെ എന്‍റെ മനസ്സും നിശ്ശബ്ദമാകുന്നു....ഈ നിശ്ശബ്ദത മനസ്സിനൊരു ശാന്തി പകരുന്നു.

Friday, October 26, 2012

ഇരുട്ട്

ഇരുട്ടിന് ഒരു നിര്‍വചനം ഉണ്ടോ...? വെളിച്ചത്തിന്‍റെ അഭാവമാണ് നാം ഇരുട്ട് എന്ന് വിളിക്കുന്നത്‌. ഇരുട്ട് എന്നൊരു പ്രതിഭാസം സൃഷ്ടിക്കുവാന്‍ കഴിയില്ല. വെളിച്ചമാണ് നമുക്ക് ഉണ്ടാക്കുവാന്‍ കഴിയുക. അത് ഇല്ലാതാകുമ്പോള്‍ അഥവാ അതിനെ ഒഴിവാക്കുമ്പോളത്രേ ഇരുള്‍ ഉണ്ടാവുന്നത്. ഇരുളിന്‍റെ നിഗൂഡത ഭയം നല്‍കുന്നു. വെളിച്ചമെന്നും പോസിറ്റിവ് എനെര്‍ജി നമ്മില്‍ പകരുന്നതാണ്. മറയില്ലാത്ത പ്രകാശത്തില്‍ നിന്നും മറഞ്ഞിരിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ സ്വയം സൃഷ്ടിക്കുന്ന ഒരവസ്ഥയാണ് ഇരുട്ട്. വെളിച്ചം നഷ്ടപ്പെട്ട് ഇരുളിലായ ഇടങ്ങളില്‍ ഒരു മെഴുകുതിരി നാളമായ് വെളിച്ചം പകരാന്‍ നമുക്ക് ശ്രമിക്കാം.

''....Positive picture come out from negatives developed in a darkroom, So if you find yourself lonely and in dark, understand that, Life is working on a beautiful picture for you.....

What ever be your situation in your life be thankful to GOD till the END........"

Thursday, October 25, 2012

മറുകര

മൂവന്തി നേരത്ത് ശീതകാറ്റിന്‍റെ മൃദുസ്പര്‍ശമേറ്റ് നക്ഷത്രങ്ങള്‍ മുഖം നോക്കുന്ന ശാന്തമായൊഴുകുന്ന പുഴയ്ക്കരികില്‍ ഇരിക്കുമ്പോള്‍ മറുകരയില്‍ കാണുന്ന മങ്ങിയ വെളിച്ചത്തിന്‍റെ പ്രതിബിംബം ഇങ്ങേക്കരയിലെ എന്നെ നോക്കി പറയുന്നത് കഥയോ കവിതയോ....?

Wednesday, October 24, 2012

ഏകാന്തത

ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ നാമെല്ലാവരും ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നവരാണ്. ഏകാന്തത ഒരു നെഗറ്റിവ് അവസ്ഥയാണെന്ന് നാം കരുതുന്നു. ഒന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ ഒറ്റയ്ക്കിരിക്കുന്നതിനേക്കാള്‍ ഏകാന്തത അനുഭവപ്പെടുന്നത് ഒരു കൂട്ടത്തില്‍ നാം ആയിരിക്കുമ്പോഴല്ലേ....? (there is no place in the world where you can be so lonely as in a crowd). നാം ആയിരിക്കുന്ന സമൂഹം നമ്മുടെ അപ്പോഴത്തെ അവസ്ഥയെ അറിയാത്തവരാനെങ്കില്‍ അവിടെ നാം അനുഭവിക്കുന്ന ഏകാന്തത വല്ലാത്ത ഒരു വെറുപ്പ്‌ നമ്മില്‍ തന്നെയുണ്ടാക്കാനും സാധ്യതയേറെയാണ്. പലപ്പോഴും മാനസിക പിരിമുറുക്കങ്ങളില്‍ ആകുമ്പോള്‍ പറയാറുള്ള വാചകം തന്നെ അതിനു ഉദാഹരണം. leave me alone. 
നിരാശയുടെയും വേദനയുടെയും പല ഘട്ടങ്ങളിലും അറിയാതെ നാം ആഗ്രഹിക്കുന്നത് ഏകാന്തതയാണ്. എകാന്തതയിലാണ് സ്വതന്ത്രമായി ചിന്തിക്കാനും വിഷാദമോ ദുഃഖമോ ഉണ്ടെങ്കില്‍ അതിന്‍റെ കാരണം വിചിന്തനം ചെയ്യാനും അതിനെ നമുക്ക് അനുയോജ്യവും അഭികാമ്യവുമായ വഴികളിലൂടെ തര്‍ജ്ജനം ചെയ്യുവാനും നമുക്ക് സാധിക്കുക. ഏകനാണെന്ന നെഗറ്റിവ് ചിന്ത മാറ്റി ഇനിയും ഏകാന്തത ആസ്വദിക്കാന്‍ ശ്രമിക്കാം.

Tuesday, October 23, 2012

പ്രതീക്ഷ

പ്രതീക്ഷകള്‍ നിറഞ്ഞതാണ്‌ മനുഷ്യ ജീവിതം. പ്രതീക്ഷകളാണ് നമ്മെ ഓരോ ദിനവും മുന്നോട്ട് നയിക്കുന്നത്.   മനസ്സില്‍ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങള്‍ പൂവണിയുമെന്ന പ്രതീക്ഷ... ഉയരങ്ങളില്‍ വിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ.... കൈവിട്ടു പോയതെല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ...മലരിലെ മധുവൂറാന്‍ മധുപത്തിന്‍ പ്രതീക്ഷ.... ആഴിയില്‍ അലിഞ്ഞു ചേരാന്‍ അരുവിയുടെ പ്രതീക്ഷ....മഴത്തുള്ളികള്‍ക്കായുള്ള വേഴാമ്പലിന്‍റെ പ്രതീക്ഷ.....ഉദയാര്‍ക്കനായുള്ള രാവിന്‍റെ പ്രതീക്ഷ.....ചന്ദ്രകാന്തിക്കായുള്ള സന്ധ്യയുടെ പ്രതീക്ഷ.....സാഫല്യത്തിനായുള്ള പ്രണയത്തിന്‍റെ പ്രതീക്ഷ....നാളെകള്‍ക്കായുള്ള ഇന്നിന്‍റെ പ്രതീക്ഷ....അങ്ങനെ എത്രയെത്ര പ്രതീക്ഷകള്‍.....


ഇന്നലെകളുടെ നഷ്ടങ്ങള്‍ ഓര്‍ത്ത് വിലപിക്കാതെ, നാളെയുടെ ശുഭപ്രതീക്ഷയുണര്‍ത്തുന്ന നന്മകള്‍ക്കായി പ്രത്യാശിച്ചു കൊണ്ട് ഇന്നിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്താം.

Monday, October 22, 2012

വൈകി വന്ന നിദ്ര

രാവിലെ ഉറക്കമെണീക്കുമ്പോള്‍ തുറക്കാന്‍ മടിക്കുന്ന കണ്ണുകളുടെ ദയനീയാവസ്ഥ മനസ്സിലാക്കുമ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം: ഇന്ന് വൈകിട്ട് നേരത്തെ കിടന്നുറങ്ങണം, അതിനു മുന്‍പ് ചെയ്തു തീര്‍ക്കാനുള്ള പട്ടികയെല്ലാം മനസ്സില്‍ കുറിച്ചിടുകയും ചെയ്യുന്നുണ്ടാവും ഈ തീരുമാനത്തോടൊപ്പം. പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം....വൈകിട്ട് ഇത് തന്നെ വീണ്ടും അവസ്ഥ. എഴുതി തീര്‍ക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ടെങ്കിലും ഒന്നുപോലും പൂര്‍ത്തിയായി എന്ന സംതൃപ്തിയോടെ ഉറങ്ങാന്‍ ഒരു ദിവസവും കഴിയുന്നില്ല എന്നതാണ് സത്യം. 

വൈകി കിടക്കുന്ന ശീലം മാറ്റാന്‍ മനസ്സില്‍ ആഗ്രഹം ഉണ്ടായാലും വരാനിരിക്കുന്ന ഉറക്കത്തിനു അത് മനസ്സിലാവണമെന്നില്ല. അതോ മനപൂര്‍വമാണോ ക്ഷണക്കത്തയച്ചു കാത്തു കിടന്നാലും നിദ്ര മിഴികളെ തലോടണമെങ്കില്‍ നേരത്തെ പറഞ്ഞ സമയമാവണം. 

പിന്നെ ഉറക്കത്തോടെതിര്‍ത്തു നില്‍ക്കാന്‍ ഒരു രസവുമുണ്ട്. അതിങ്ങനെ ആസ്വദിച്ചു കാറ്റും കൊണ്ടിരിക്കുമ്പോള്‍  രാവിലെ നേരിടാന്‍ പോകുന്ന ഉറക്കക്ഷീണത്തെ കുറിച്ച് ഓര്‍ക്കാറില്ല. 

ഉറക്കമില്ലയ്മയുടെ കഥയും പറഞ്ഞിരിക്കുമ്പോഴും നില്‍ക്കാതെ ഓടുന്ന ഘടികാരത്തിന്‍റെ സൂചി ഒരു വൃത്തം കൂടി വരച്ചു തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നത് ശ്രദ്ധിക്കുന്നില്ല. ഇനിയുള്ള ബാക്കി കഥ നാളെ പറയാം. ശുഭരാത്രി.

Sunday, October 21, 2012

ബന്ധങ്ങള്‍

പൊക്കിള്‍കൊടിയില്‍ തുടങ്ങുന്ന അമ്മ - കുഞ്ഞ് ബന്ധത്തില്‍ തുടങ്ങി എത്രയെത്ര വിഭിന്ന ബന്ധങ്ങളിലൂടെ  ജീവിത പന്ഥാവില്‍ നാം കടന്നു പോകുന്നു...! ചില ബന്ധങ്ങള്‍ നമുക്ക് പ്രകൃത്യാ ലഭിക്കുന്നതും മുതിര്‍ന്നവര്‍ പറഞ്ഞു തരുന്നതുമാണെങ്കില്‍ മറ്റ് ചിലത് നാം സ്വയം തെരഞ്ഞെടുക്കുന്നതും  തിരിച്ചറിയുന്നതുമാണ്.

ബന്ധങ്ങളുടെ എല്ലാം പൊതുവായ മൂല ഘടകം സ്നേഹം മാത്രമാണ്. എന്നാല്‍ സ്നേഹബന്ധങ്ങളുടെ ആഴം മനസ്സിലാക്കാതെ ആര്‍ക്കും എപ്പോഴും പറയാവുന്ന വാക്കായ 'ഗുഡ് ബൈ' എന്ന്‍ മുഖത്തടിചിട്ട് ബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞു ചിലര്‍ എന്നെന്നേക്കുമായി നമ്മുടെ ജീവിതത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ചിലപ്പോള്‍ അറിയാതെയാണെങ്കിലും ഹൃദയത്തില്‍ വിങ്ങിപ്പൊട്ടുന്ന ഒരു നോമ്പരമുണ്ടാവുന്നു.

തകര്‍ക്കപ്പെട്ട ബന്ധങ്ങളുടെ നോവും പേറിയുള്ള എകാന്തയാത്രയില്‍ കൂടെ കൈപിടിക്കാന്‍, പുതിയൊരു ബന്ധം നല്‍കാന്‍ ഒരു അജ്ഞാത സുഹൃത്തിനെ കിട്ടിയാല്‍, നഷ്ടസ്വപ്നങ്ങളുടെ കളിയരങ്ങില്‍ വിധിയോടു വിളയാടുന്ന നമ്മെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളോട് കഥപറയാന്‍, കൂട്ടിനൊരാള്‍ വന്നാല്‍ അവര്‍ക്ക് കൊടുക്കുന്ന സ്നേഹം അളവറ്റതാവുന്നു.

ശിഥിലമാക്കപ്പെട്ട ബന്ധങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും മാത്രം നല്‍കി കൊഴിഞ്ഞു പോയ ദിനങ്ങളുടെ നഷ്ടങ്ങളുടെ കണക്കുകള്‍ തിരിഞ്ഞു നോക്കാതെ വിരിയാനിരിക്കുന്ന നന്മകളുടെ മാത്രമായ പൊന്‍പുലരികളെ കനവു കണ്ടു മുന്നോട്ട് നീങ്ങാം....

സ്വപ്‌നങ്ങള്‍

സ്വപ്നം കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്...?അടച്ച കണ്ണുകളാല്‍  ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളേക്കാള്‍ ഏവര്‍ക്കും പ്രിയം ബാഹ്യമായ നേത്രങ്ങള്‍ തുറന്നിരിക്കുമ്പോള്‍ ഉള്‍ക്കണ്ണുകളാല്‍ കാണുന്ന പകല്‍ക്കിനാവുകളാണ്. ഇത്തരം ദിവാസ്വപ്നങ്ങളിലൂടെ നമുക്ക്  നിമിഷാര്‍ധത്തില്‍ മൈലുകള്‍ സഞ്ചരിച്ചു മടങ്ങിയെത്താന്‍ കഴിയുമെന്നത് തന്നെയാണ് ഇതിനെ വേറിട്ട്‌ നിര്‍ത്തുന്ന വലിയ കാര്യം.
വിസയും പാസ്പോര്‍ട്ടും ടിക്കറ്റും ഇല്ലാതെ ബസിലും ട്രെയിനിലും വിമാനത്തിലുമേറി  ഭൂഖണ്ഡങ്ങള്‍ താണ്ടി പ്രയാണം ചെയ്യാന്‍ ഇത്തരം ദിവാസ്വപ്നങ്ങള്‍ നമ്മെ സഹായിക്കാറുണ്ട്.
സ്വപ്നങ്ങളുടെ തേരിലേറി യാത്ര ചെയ്യുമ്പോഴും, സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചെങ്കില്‍...എന്നാണ് സ്വപ്നലോകത്തെ യാത്രികര്‍ സ്വപ്നം കാണുന്നത്.

സ്വപ്‌നങ്ങള്‍ എന്നും മധുരമുള്ളവയാണ്....അവ നമ്മെ മുന്നോട്ട് നയിക്കാന്‍ ശക്തമാണ്. ചില സ്വപ്‌നങ്ങള്‍ നമ്മുടെ ലക്ഷ്യങ്ങളായി മാറുമ്പോള്‍ ചിലത് സാങ്കല്പിക ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവ മാത്രമായി നില്‍ക്കുന്നു.

ലക്ഷ്യമായി  മാറുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള കാത്തിരിപ്പുകള്‍ ജീവിതത്തില്‍ പ്രചോദനങ്ങളായി മാറട്ടെ.

Friday, October 19, 2012

വിരഹം

സ്നേഹം അഭിനയമാവുന്നു.....
വിശ്വാസം വഞ്ചിക്കപ്പെടുന്നു....
ബന്ധങ്ങള്‍ ശിഥിലമാവുന്നു.....
ഓര്‍മ്മകള്‍ മരവിയ്ക്കുന്നു.....
സ്വപ്‌നങ്ങള്‍ നഷ്ടങ്ങളാവുന്നു.....മഞ്ഞകച്ചയണിഞ്ഞു കുങ്കുമം ചാര്‍ത്തി സുന്ദരിയായി നില്‍ക്കുന്ന സന്ധ്യയുടെ കാതില്‍, "സന്ധ്യേ നീയും ഞാനും ഒരിക്കലും പിരിയുകയില്ല....എന്നും ഈ തീരത്ത് നമ്മള്‍ ഒരുമിക്കും" എന്ന് സൂര്യന്‍ മന്ത്രിച്ചപ്പോള്‍ അവള്‍ ഒന്നും പറഞ്ഞില്ല...
അവളുടെ മൌനത്തില്‍ സൂര്യനെ കടലില്‍ മുക്കി കൊല്ലാനുള്ള ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം അവന്‍ തിരിച്ചറിഞ്ഞില്ല...
 
തന്‍റെ കിരണങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത പ്രഭാതത്തെ കൈവെടിയാന്‍ സൂര്യന് കഴിയുമോ...? അതിനാല്‍ സന്ധ്യയുടെ ചതിക്കുഴിയില്‍ വീഴാതെ മരണത്തെ അതിജീവിച്ചു സൂര്യന്‍ വീണ്ടും ഉദിക്കും.....എത്ര സന്ധ്യകള്‍ പോയ്‌ മറഞ്ഞാലും പൊന്‍ പ്രഭ വിടര്‍ത്തി താന്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ പൊന്‍പുലരികള്‍ ഇനിയും ഉണ്ടാവും എന്ന് സൂര്യന് അറിയാം....സൂര്യനെ സന്ധ്യ ചതിക്കാന്‍ ശ്രമിച്ചാല്‍ അതിലും സുന്ദരമായ ദിനങ്ങള്‍ പുഞ്ചിരിക്കുന്ന പൂക്കളുമായി സൂര്യനെ വരവേല്‍ക്കും....പക്ഷെ സൂര്യനെ നഷ്ടപ്പെടുത്തിയ സന്ധ്യ ഇരുളിലേക്കാണ് പതിക്കുക....അപ്പോഴും ഇരുളിന്‍റെ നിഗൂഡത സന്ധ്യയെ അന്ധയാക്കാതിരിക്കാൻ സൂര്യൻ അവൾക്ക്‌ തോഴനായി വാർത്തിങ്കളിനെ കാവലിരുത്തി സ്വന്തം വെളിച്ചം അവനിലൂടെ സന്ധ്യക്കേകും...ഏകയാണെന്നവൾക്ക്‌ തോന്നാതിരിക്കാൻ കൂടെ ഒരായിരം നക്ഷത്രങ്ങളെ കാവലിരുത്തും....!സൂര്യന്‍റെ ദുഃഖം അവന്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന് കരഞ്ഞുതീര്‍ക്കുമ്പോള്‍.... കണ്ണീര്‍കണങ്ങള്‍ മഴത്തുള്ളികളായിതീരുമ്പോള്‍ സന്ധ്യ താല്‍ക്കാലികമായി പുനര്‍ജനിക്കുന്നു.... 

ഒരിക്കല്‍ നീയെന്നെ ഒരുപാട് വേദനിപ്പിച്ചാണ് പോയത്....അന്ന് നീ നല്‍കിയ വേദന എനിക്ക് കരകയറാവുന്നതിലപ്പുറമായിരുന്നു.....ആ വേദനയോടു ഞാന്‍ പൊരുത്തപ്പെട്ടപ്പോഴെല്ലാം പിന്തിരിപ്പിക്കുന്ന ശക്തിയായി നിന്നോടുള്ള എന്‍റെ ഇഷ്ടം കടന്നു വന്നിട്ടുണ്ട്...നീയ
െന്നെ പൂര്‍ണ്ണമായും മറന്നു എന്നറിഞ്ഞ നിമിഷം നിനക്കതിനു കഴിഞ്ഞല്ലോ എന്നതായിരുന്നു എന്‍റെ ദുഃഖം....നിന്‍റെ സ്നേഹം വാക്കുകളില്‍ മാത്രമായിരുന്നെന്ന് മനസ്സിലാക്കാന്‍ എനിക്കിത്ര നൊമ്പരങ്ങള്‍ രുചിച്ചറിയേണ്ടി വന്നു.....
ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ പൂവണിയും മുമ്പേ അന്ന്‍ ആ പാതിരാവില്‍ എന്നെ തനിച്ചാക്കി നീ പടിയിറങ്ങിയപ്പോള്‍ എഴുതിവച്ച കുറിമാനം ഇന്ന്‍ ഞാനൊന്നു കൂടി വായിച്ചു. മധുരിക്കുന്ന ഓര്‍മ്മകളെല്ലാം കണ്ണീരിന്‍റെ നൊമ്പരമാക്കി നീ പോയപ്പോള്‍ പ്രണയത്തിന്‍റെ പൂര്‍വ്വ സായാഹ്നങ്ങളില്‍ നമ്മള്‍ ശലഭങ്ങളായി പാറി പറന്ന നാളുകളുടെ ഓര്‍മ്മകളെല്ലാം ഒരു മുത്തശ്ശികഥ പോലെ മനസ്സിലൂടെ മിന്നി മറയുന്നു....
ഞാനെന്‍ മണിവീണ മീട്ടിയപ്പോഴോന്നും നീയതിന്‍ രാഗം തിരിച്ചറിഞ്ഞില്ല;
ഇന്നെന്‍ മണിവീണ പൊട്ടിച്ചിലമ്പുമ്പോള്‍ നീയതിന്‍ താളത്തില്‍ നൃത്തം ചവിട്ടുന്നു.
ഓര്‍മ്മതന്‍ തീക്കനനില്‍ എരിയവേ ഞാനിന്ന്
മറവിയുടെ പേമാരി പെയ്യുവാന്‍ മോഹിച്ചു.
വരച്ചു തീരാത്ത ആ ചിത്രത്തിലെ നിറം മങ്ങിയ ചായക്കൂട്ടുകള്‍ നോക്കി നില്‍ക്കെ, ഞാന്‍ എന്നോട് തന്നെ ചോദിച്ചു......ഇതെന്‍റെ ജീവിതം തന്നെയല്ലേ...?
 
മനസ്സിന്‍റെ മണിവീണയിയുടെ തുരുമ്പിച്ച തന്ത്രികള്‍ മീട്ടിയൊരു ഗാനം ആലപിക്കാന്‍ മോഹമുണ്ടെങ്കിലും വിറയാര്‍ന്ന ചുണ്ടുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു....! മരവിച്ച മനസ്സിന്‍റെ പൊട്ടിയ കമ്പികള്‍ കൂട്ടിയിണക്കിയൊരു പഴകിയ ഗാനം പാടുമ്പോള്‍ ശ്രുതിമധുരിമയും താളബോധവും കൈവിട്ടു പോകുന്നു....!
 എഴുതാന്‍ ബാക്കി വച്ച പുസ്തകതാളുകള്‍ തിരിഞ്ഞൊന്നു ചികയുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം....സഫലമാകാത്ത സ്വപ്നങ്ങളും പൂവണിയാത്ത മോഹങ്ങളും തോരാത്ത കണ്ണീരും....പെയ്തൊഴിയാന്‍ മടിച്ചു നില്‍ക്കുന്ന വാനം പോലെ.....കാര്‍മേഘ സമാനമായ നൊമ്പരങ്ങള്‍ക്ക് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ കാണാനാവുമോ എന്ന്‍ വിതുമ്പുന്ന ചുണ്ടിന്‍ സ്വരം പറയാതെ പറയുമ്പോള്‍ മിഴികളില്‍ തഴുകുന്ന വിരല്‍ത്തുമ്പുകള്‍ നനയുന്നത് ആരുമറിയാതിരിക്കട്ടെ.....!
നിശാഗന്ധി പൂക്കുന്ന നിര്‍മ്മലമായ നിശയുടെ നിശബ്ദതയില്‍ നിര്‍വികാരത നല്‍കുന്ന നിര്‍വൃതിയില്‍ നഷ്ടപെട്ട നാളുകളുടെ നല്‍സ്മരണകള്‍ നാമറിയാത്ത നമ്മെത്തെടിയെത്തുന്ന നിമിഷങ്ങള്‍ നിറമിഴികളോടെ അയവിറക്കുമ്പോള്‍ അറിയാതെയാണെങ്കിലും ആ ഓര്‍മ്മകള്‍ എന്നിലേക്ക്‌ ഓടിയെത്തുന്നു....
പലകുറി പറഞ്ഞെങ്കിലും എന്‍റെ വാക്കുകള്‍ക്ക്‌ വില കല്‍പ്പിക്കാന്‍ അന്ന് നീ കൂട്ടാക്കിയില്ല....ഇന്ന് നീ അത് തിരിച്ചറിഞ്ഞപ്പോള്‍ നമുക്കിടയിലെ ദൂരവും കൂടി....
പാതിരാപ്പൂവിന്‍ നെടുവീര്‍പ്പു പോലെ കുറെ നഷ്ടപ്പെട്ട ഓര്‍മ്മകളും പേറി ഞാനിവിടെ ഈ ഏകാന്ത രാവില്‍ ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ കഴിഞ്ഞോളാം.... 
ഇരുള്‍ വഴിയിലേക്കെന്‍റെ കാലടികള്‍ നീങ്ങവേ പിന്നിലങ്ങെവിടെയോ ഒരു തേങ്ങല്‍ ഞാന്‍ കേട്ടു; പിന്നെയാ പാതയില്‍ വഴിതെറ്റി ഞാന്‍ നില്‍ക്കെ, എന്‍ മനക്കോണില്‍ നിന്നാ തേങ്ങല്‍ ഉയരുന്നു;
നിന്‍റെ ഈ പാതയില്‍ ലക്ഷ്യമെന്നുള്ളത് മരുഭൂമിയില്‍ കാണും മായാ മരീചിക
 

Thursday, October 18, 2012

പ്രണയം

പ്രണയം - ഉദയസൂര്യന്‍റെ ആദ്യകിരണങ്ങള്‍ പോലെ മനോഹരവും നിലാവുള്ള രാത്രിയില്‍ തങ്കത്തിളക്കം ചൊരിയുന്ന ചന്ദ്രകാന്തി പോലെ സുന്ദരവുമാണ്....ആകാശത്തോളം ഉയരവും ആഴിയോളം ആഴവും ദൈവത്തോളം ശക്തവുമാണ്...
അതിന്‍റെ മധുരം പ്രവചനാതീതവും അവര്‍ണ്ണനീയവുമാണ്.
അതിന്‍റെ ഉത്ഭവം ഹൃദയത്തിന്‍റെ അന്തര്‍ഭാഗത്ത്‌ നിന്നാണ്.
അതൊരിക്കല്‍ അനുഭവിച്ചാല്‍ അതിന്‍റെ ഔന്നത്യങ്ങള്‍ തേടി സഞ്ചരിക്കാത്തവര്‍ ആരുമുണ്ടാവില്ല.
https://www.facebook.com/likepanayamliju 

Wednesday, October 17, 2012

അദൃശ്യ സുന്ദരി

എന്‍റെ സ്വപ്നങ്ങളുടെ പൂവാടിയില്‍ വീണ്ടും പനിനീര്‍ പൂമഴ പെയ്യുമ്പോള്‍....കനവുകള്‍ക്ക് കുളിരേകുന്ന...മോഹങ്ങള്‍ക്ക് അഴകേകുന്ന....മായിക മാസ്മരിക ശക്തിയുടെ സ്വരൂപം നേരില്‍ കണ്ടറിയാന്‍ കൊതിയാകുന്നു.....

Tuesday, October 16, 2012

ദൂരെയൊരു താരം

അങ്ങകലെ വിണ്ണില്‍ തെളിഞ്ഞ നക്ഷത്രം പോലെ...എങ്ങുനിന്നോ എനിക്കായി തെളിഞ്ഞു വരുന്ന എന്‍ പ്രിയ സഖീ....എന്നെത്തും നീയെന്നരികില്‍ എനിക്കൊരു വഴികാട്ടിയായി.....?
https://www.facebook.com/likepanayamliju

Monday, October 15, 2012

കുട്ടിക്കാലത്തെ മഴ ഓര്‍മ്മകള്‍

അന്ന് ഞാനൊരു അഞ്ചാം ക്ലാസ് വിദ്യാര്‍ഥി.പഠിച്ച സ്കൂളുകളിലെല്ലാം അധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ സല്‍പേരിനൊപ്പം കുസൃതികള്‍ കൊണ്ടും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചതായിരുന്നു എന്‍റെ ബാല്യ കൌമാരകാലം. പിന്നിട്ട വഴികളിലേക്കൊന്നു തിരിഞ്ഞു പോയപ്പോള്‍ ചിരിയും ചമ്മലും ഉണ്ടാക്കുന്ന അത്തരം ചില മരിക്കാത്ത  ഓര്‍മ്മകളില്‍ ഉള്‍ക്കണ്ണുകള്‍ ഉടക്കിനിന്നുപോയി. 

അതില്‍ എല്ലാ കഥകളും പറയാനാവില്ലെങ്കിലും ഇന്നും എന്‍റെ ചിന്തകളില്‍,എഴുത്തുകളില്‍ അറിയാതെ കടന്നു വരുന്ന 'മഴ'യെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. നാലാം ക്ലാസിന് ശേഷം വീടിനടുത്തുള്ള സ്കൂളിനോട് വിടപറഞ്ഞ് നെല്‍പ്പാടങ്ങള്‍ താണ്ടി അക്കരെയുള്ള വിദ്യാലയത്തില്‍ പോയ സമയം....ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വയല്‍ വരമ്പുകളെ കാണാതാക്കി ഒഴുകുന്ന മഴവെള്ളപ്പാച്ചിലില്‍ കൂട്ടുകാരൊത്തു പരസ്പരം വെള്ളം തെറിപ്പിച്ചു കളിയാടാന്‍ ഉത്സാഹം കാട്ടിയപ്പോള്‍ സ്കൂള്‍ ബാഗ് ഒഴുകിപോയതും, റേഡിയോ പരസ്യങ്ങളില്‍ കേട്ട് വാശിപിടിച്ചു വാങ്ങിപ്പിച്ച സെന്റ്‌ ജോര്‍ജ്ജ് കുടയുടെ കമ്പികള്‍ കാറ്റടിച്ചു ഓടിഞ്ഞതും വീട്ടില്‍ വന്നു ആരും കാണാതെ കുട ഒളിപ്പിച്ചു വച്ചിട്ട് ഒന്നുമറിയാത്ത പോലെ വീണ്ടും കളിക്കാന്‍ പോയതും പിന്നീടത്‌ വീട്ടുകാര്‍ കണ്ടുപിടിച്ചപ്പോള്‍ കിട്ടിയ ചൂരല്‍ കഷായത്തിന്‍റെ  രുചിയും ഓര്‍മ്മയില്‍ നില്‍ക്കുമ്പോള്‍ തന്നെ അന്നൊരു നാളില്‍ ഉച്ചയ്ക്ക് പെയ്ത മഴയില്‍ നനയാന്‍ കൊതിച്ച് സ്കൂള്‍ മുറ്റത്തെ ചെളിവെള്ളത്തില്‍ കളിച്ചപ്പോള്‍ അധ്യാപകന്‍റെ കണ്ണില്‍പെട്ടതും  എല്ലാമോര്‍ക്കുമ്പോള്‍ തിരിച്ചറിയുന്ന ഒരു വലിയ സത്യം.....'മഴ അന്നും എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു'

Saturday, October 13, 2012

ഘടികാരം

12 അക്കങ്ങള്‍ വൃത്ത രൂപത്തില്‍ ക്രമീകരിച്ചു വ്യത്യസ്ത നീളത്തിലും വീതിയിലും നിര്‍മ്മിച്ചിരിക്കുന്ന മൂന്ന്‍ സൂചികകള്‍ കേന്ദ്രത്തിലുറപ്പിച്ച് താഴെ നടുവിലായ് നിമിഷങ്ങള്‍ എണ്ണി രണ്ടു പാര്‍ശ്വങ്ങളില്‍ തൊട്ടുരുമ്മുന്ന പ്രതീതിയുണ്ടാക്കി ആടിക്കളിക്കുന്ന പെന്‍ഡുലം. ഇതാണ് ഘടികാരം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ചിത്രം. അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങിയ ബാലപാഠപുസ്തകങ്ങളില്‍ 'ഘ' എന്ന അക്ഷരത്തിന്‍റെ സ്ഥിരം അവകാശി.

ചുവരില്‍, തളരാതെ ഓടുന്ന ഘടികാരത്തിന്‍ ചെറു സൂചിക ഒരു പൂര്‍ണ്ണ വൃത്തം വരയ്ക്കുമ്പോള്‍ പറയാന്‍ ശ്രമിക്കുന്നൊരു കഥയില്‍ കഴിഞ്ഞു പോയ ദിനത്തിന്‍റെ ഓര്‍മ്മകളും പിറക്കാനിരിക്കുന്ന പ്രഭാതത്തിന്‍റെ പ്രതീക്ഷകളും ചേര്‍ത്തടുക്കി വച്ചിരിക്കുന്നു.

ആധുനിക ലോകത്ത് ടൈം പീസുകളുടെയും മൊബൈല്‍ ഫോണിന്‍റെയും അലാറങ്ങള്‍ കേട്ടുണരുന്ന നമ്മള്‍  തിരികെ ഉറങ്ങും വരേയ്ക്കും പലപ്പോഴായി പലതിനും ഈ ഘടികാരത്തിന്‍റെ വ്യത്യസ്ത രൂപ ഭാവങ്ങളുടെ സഹായം തേടുന്നു.