Pages

Saturday, October 27, 2012

നിശ്ശബ്ദത

ഇന്നലെ ഞാന്‍ പറഞ്ഞ ഇരുട്ടിനെ പോലെ തന്നെ സൃഷ്ടിക്കാന്‍ കഴിയാത്ത മറ്റൊന്നിന്‍റെ അഭാവത്തില്‍ മാത്രമുണ്ടാവുന്ന ഒന്നത്രേ നിശ്ശബ്ദത. ചിലപ്പോള്‍ ചില നഷ്ടങ്ങള്‍, വേദനകള്‍, നൊമ്പരങ്ങള്‍ ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ കടന്നു വരുമ്പോള്‍ ആരോടും പങ്കു വയ്ക്കാനാവാതെ, ഉള്ളിലൊതുക്കി, മനസ്സിന്‍റെ മണിയറയ്ക്കുള്ളിലിട്ടു പൂട്ടി വിങ്ങുന്ന ഹൃദയവും തേങ്ങുന്ന മനസ്സുമായി സ്വയം ഒതുങ്ങിക്കൂടുന്ന വേളകളില്‍ ഒഴിവാക്കാനാവാത്ത ചില കൂടിചേരലുകളില്‍ വേറിട്ട്‌ നില്‍ക്കാന്‍ നാം കണ്ടെത്തുന്ന ഒരു കുറുക്കുവഴി. സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന സത്യം തിരിച്ചറിയുമ്പോഴും സമൂഹത്തിന്‍റെ സന്തോഷങ്ങളില്‍ പങ്കു ചേരുവാന്‍ കഴിയാത്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദത നമ്മെ ഒരുപാട് സഹായിക്കാറുണ്ട്. 

ചിലപ്പോള്‍ നാം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തികച്ചും ന്യായമാണെങ്കിലും അത് മനസ്സിലാക്കാന്‍ എതിര്‍ഭാഗത്തുള്ളവര്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴും ഈ നിശബ്ദതയെ തന്നെ നാം കൂട്ട് പിടിക്കുന്നു. 

നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഈ രാവിലിരുന്ന് നിശ്ശബ്ദതയെ കുറിച്ചെഴുതുമ്പോഴും അറിയാതെ എന്‍റെ മനസ്സും നിശ്ശബ്ദമാകുന്നു....ഈ നിശ്ശബ്ദത മനസ്സിനൊരു ശാന്തി പകരുന്നു.

No comments: