Pages

Monday, December 31, 2012

Good Bye 2012

2012 പടിയിറങ്ങുകയായി....നേട്ടങ്ങളും കോട്ടങ്ങളും, ലാഭങ്ങളും നഷ്ടങ്ങളും, സന്തോഷവും ദുഃഖവും സമ്മിശ്ര അനുഭവങ്ങള്‍ സമ്മാനിച്ചു ഒരു വര്‍ഷം കൂടി വിട വാങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ നഷ്ടങ്ങള്‍ മാത്രമല്ല, 2012 നമുക്ക് നല്‍കിയ സന്തോഷങ്ങളും നന്മകളും കൂടി നമുക്ക് അയവിറക്കാം...
അടുത്ത വര്‍ഷം സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ആകട്ടെ എന്ന് പ്രാര്‍ഥിക്കാം.

Sunday, December 30, 2012

അംഗീകാരം

താരാരാധനയും രാഷ്ട്രീയ നേതാക്കളോടുള്ള അമിതമായ  ബഹുമാനവും ക്രിക്കറ്റ് കളിക്കാരോടുള്ള അളവില്‍ കവിഞ്ഞ സ്നേഹവും കാണിക്കുന്ന അനേകര്‍, വസ്ത്രധാരണത്തിലും ജീവിത രീതികളിലും, സ്വഭാവങ്ങളിലും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍, പലപ്പോഴും സ്വന്തം കുടുംബങ്ങളിലോ, സൌഹൃദ വലയത്തിലോ ഉള്‍പ്പെട്ടു നില്‍ക്കുന്നവരുടെ കഴിവുകളെ അംഗീകരിക്കാന്‍ മനസ്സ് കാട്ടാറില്ല. അത് കഴിവുകളുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിപരമായ ഒരു കാര്യം സംസാരിക്കാനോ ഉപദേശം തേടാനോ പോലും കൂടെ നില്‍ക്കുന്ന ഒരാളെ ആശ്രയിക്കാന്‍ മടിയാണ്. ഒരു തമിഴ് നാട്ടുകാരന്‍ അവന്‍റെ നാട്ടില്‍ പിറന്ന ഒരാള്‍ പറയുന്നതിന് കൂടുതല്‍ വിശ്വാസ്യത കല്പ്പിക്കുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനത്ത് ജീവിക്കുന്ന നമ്മള്‍ മറ്റൊരു മലയാളിയെ വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്നു.
നമ്മുടെ സ്വാര്‍ത്ഥതയാണോ അസൂയയാണോ ഇതിനുഹേതുവാകുന്നത്? ചെറിയ നേട്ടങ്ങളില്‍ ഒരുപാട് അഹങ്കരിക്കുന്ന ആളുകള്‍ അവരുടെ ഇടയില്‍ ഉണ്ടെന്നത് നിഷേധിക്കാന്‍ ആവാത്ത കാര്യമാണെങ്കിലും അവരിലുള്ള നല്ലവര്‍ പലരെയും മനസ്സിലാക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം.
ഇതിന്‍റെ മറുവശം ചിന്തിച്ചാല്‍, അംഗീകരിക്കാന്‍ മടിക്കുന്നവരുടെ മുന്നില്‍  ശങ്കിച്ച് നില്‍ക്കാതെ, ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയോടെ ചെയ്ത് വാശി ഉപേക്ഷിച്ചു കഴിവുകള്‍ വേണ്ട വിധം ഉപയോഗിച്ചാല്‍, തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.
മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ നമ്മളും അംഗീകരിക്കപ്പെടും.
-പനയം ലിജു

Saturday, December 29, 2012

കുത്തി കെടുത്തിയ ജ്യോതി

"ഭാരതം എന്‍റെ നാടാണ്, എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മാരാണ്...."
ഈ പ്രതിജ്ഞാ വാചകം ഉരുവിടാത്ത ഒരാള്‍ പോലും ഇന്ത്യയില്‍ ഉണ്ടാവില്ല. ശൈശവ കാലം മുതല്‍ക്കേ കേട്ടും ചൊല്ലിയും പരിശീലിച്ചും വളര്‍ന്ന വാചകങ്ങള്‍! ഇന്നതിന്‍റെ മൂല്യം എന്തായി....? 'ജ്യോതി' എന്ന പെണ്‍കുട്ടിക്ക് വേണ്ടി മനസ്സില്‍ ഒരു നിമിഷമെങ്കിലും പ്രാര്‍ഥിക്കാത്ത മനുഷ്യര്‍ ഇന്ത്യയില്‍ ഉണ്ടാവില്ല. അവളെ കുറിച്ചും ഭാരതീയന്‍റെ അതിക്രൂരമായ മാംസ ദാഹത്തെ കുറിച്ചും സംസാരിക്കാത്ത വ്യക്തികള്‍ ലോകത്തുണ്ടാവില്ല.
ഇന്ത്യയില്‍, ശാരീരിക പീഡനത്തിനു വിധേയയാവുന്ന ആദ്യത്തെ പെണ്‍കുട്ടിയല്ല 'ജ്യോതി',  അവളുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു എല്ലാവരും ദുഃഖത്തില്‍ പങ്കു ചേര്‍ന്നു...   രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ മന്ത്രിമാരുടെ അഴിമതി കഥകളോ, സിനിമാതാരങ്ങളുടെ സ്വത്ത്‌ വിവര പ്രശ്നങ്ങളോ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ് മത്സരമോ പോലെ പുതിയൊരു വാര്‍ത്തയുണ്ടാവും....മാധ്യമങ്ങള്‍ അതിന്‍റെ പിന്നാലെ പോകും....ആത്യന്തികമായ നഷ്ടം അവളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാത്രം....!
ഭാരത സ്ത്രീകള്‍ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു...നിര്‍ത്തിയിട്ട കാറുകളിലും ഓടിക്കൊണ്ടിരിക്കുന്ന ബസിലും ട്രെയിനിലും പറന്നു പോകുന്ന വിമാനത്തിലും അവള്‍ പീഡിപ്പിക്കപ്പെടുന്നു.
സ്വന്തം വീടിനുള്ളില്‍ പോലും അവള്‍ സുരക്ഷിതയല്ല. പുതിയ വാര്‍ത്തകള്‍ പിറക്കുമ്പോള്‍ ജ്യോതി മറവിയുടെ ലോകത്തേക്ക് പുറം തള്ളപ്പെടും...അപ്പോഴേക്കും ഗോവിന്ദചാമിയെ പോലെ ജയിലിനുള്ളില്‍ മൃഷ്ടാന്ന ഭോജനം കഴിച്ചു സുമുഖന്മാരായി ഈ പ്രതികളും മോചിതരാകും.
പ്രിയ സഹോദരിമാരെ നിങ്ങള്‍ തയ്യാറാവൂ, ഒരു ടെസ്സ എബ്രഹാമിനെ പോലെ കരുത്തുള്ള പെണ്ണാകൂ....അല്ലെങ്കില്‍, നിങ്ങളിലും പലര്‍ ഒരു ജ്യോതിയോ സൌമ്യയോ ആയേക്കാന്‍ സാധ്യതയുണ്ട്.
-പനയം ലിജു

Thursday, December 27, 2012

കോപം (Wrath)

'കോപം' ഇല്ലാത്തവര്‍ ആരുമില്ല. പക്ഷെ എന്തിനായി കോപിക്കുന്നു എന്നതാണ് കോപത്തിന്‍റെ വില മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നത്. ദൈവ പുത്രനായ ക്രിസ്തുവും കോപിച്ചതായി കാണുന്നുണ്ട്.  വിശുദ്ധമായ ദേവാലയത്തെ വ്യാപാര ശാലയാക്കി മാറ്റിയത് കണ്ടപ്പോള്‍ ആണെന്ന് മാത്രം. അവന്‍റെ കോപത്തിന് ഒരു ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നു. നല്‍വഴിയില്‍ നടക്കുന്നതിനു തടസ്സം നില്‍ക്കുന്ന സാഹചര്യങ്ങളോടും, അങ്ങനെ നടക്കാത്ത  വ്യക്തികളോടുമാണ് കോപത്തിന്‍റെ ഭാഷയോ രൂപമോ പ്രകടിപ്പിക്കുന്നതെങ്കില്‍ ആ കോപത്തിന് ഒരു നല്ല ഫലം പ്രദാനം ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കോപിക്കുന്നതും ശിക്ഷിക്കുന്നതും ഒരു പരിധി വരെ അങ്ങനെയാണ്. മാതാപിതാക്കളുടെ കോപം തീര്‍ക്കാനാണ് കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതെങ്കില്‍ അത് ശിക്ഷണം ആവില്ല, പകരം കോപത്തില്‍ നിന്നുരുത്തിരിഞ്ഞ ശിക്ഷമാത്രമാവുന്നു. സ്നേഹിതരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ അല്പം കോപിക്കുകയും ചെയ്യുന്നതും പല സൌഹൃടങ്ങളിലും സഹജമാണ്. പക്ഷെ,  പലപ്പോഴും  സ്വയം ചിന്തിക്കാതെ, ഉപബോധ മനസ്സിന്‍റെ അല്‍പ നേരത്തെ വികലമായ ചിന്തകള്‍ക്ക് അധീനരായി മറ്റുള്ളവരോട് കോപിക്കാനൊരവാസരം സൃഷ്ടിച്ചു കോപിക്കുന്ന അവസ്ഥകള്‍ ഉണ്ട്. "അവനോടു രണ്ട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെറുതായി പോകുമോ" എന്നൊരു ഭയം. അത് ഒരു നല്ല സ്രോതസ്സില്‍ നിന്ന് ഉത്ഭവിക്കുന്ന ചിന്തയല്ല. അത്തരം കോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിയാനും പെട്ടെന്ന് സാധിക്കും. അല്ലെങ്കില്‍ മൂന്നാമതൊരാള്‍ പറയുമ്പോള്‍ ഒരു തിരിച്ചറിവുണ്ടായിട്ടു വേഗം അതില്‍ നിന്ന് പിന്മാറാനുള്ള ചിന്തയിലേക്ക് മനസ്സ് സഞ്ചരിക്കും.
ഏകാന്തമായി ഇരിക്കുന്ന സമയത്ത് ഉറങ്ങും മുന്‍പേ അന്നത്തെ ദിവസത്തെ സംഭവങ്ങളെ കുറിച്ചൊരു തിരിഞ്ഞു നോട്ടം നടത്തി വിശകലനം ചെയ്ത് സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ അനാവശ്യമായ കോപത്തില്‍ നിന്ന് മോചനം ലഭിക്കും.
-പനയം ലിജു

Wednesday, December 26, 2012

തിരയില്‍ പെട്ടുപോയ സ്വപ്‌നങ്ങള്‍ Tsunami

ഇന്ന് ഡിസംബര്‍ 26, ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ, അത്ര വേഗത്തില്‍ മറവിയുടെ പുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയാത്ത ആ നടുക്കുന്ന വാര്‍ത്ത കേട്ട ദിനം, ക്രിസ്തുമസ് ആഘോഷങ്ങളുടെ ആവേശം കെട്ടടങ്ങും മുന്‍പേ കടലില്‍ പതിയിരുന്നു ആക്രമിച്ച,  കടല്‍  ക്ഷോഭത്തിന്‍റെ മൃഗീയമായ ശേഷിപ്പായ, റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി (2004).
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചു, അനേക ജീവന്‍ കോരിയെടുത്തു തിരമാലകള്‍ നിമിഷാര്‍ധത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അഗാധങ്ങളിലേക്ക് പോയപ്പോള്‍ പൊലിഞ്ഞു വീണത് ലക്ഷക്കണക്കിന്‌ ആളുകളുടെ സ്വപ്നങ്ങളാണ്. അത് ശേഷിപ്പിച്ച മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെയും കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങളുടെയും ദീനരോദനം എവിടെയൊക്കെയോ ഇന്നും മാറ്റൊലി കൊള്ളുന്നു.
മനുഷ്യന്‍റെ ആയുസ്സ് പുല്ലു പോലെയാകുന്നു, വയലിലെ പൂ പോലെ അത് പൂക്കുന്നു, കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെയാകുന്നു, അതിന്‍റെ സ്ഥലം പിന്നീടത് അറിയുകയുമില്ലെന്ന വേദവാക്യത്തിന്‍റെ പൊരുള്‍ അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞു തന്ന ഇത്തരമൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാവരുതെയെന്നു പ്രാര്‍ഥിക്കാം.

Tuesday, December 25, 2012

The Day After Christmas

ഈ വര്‍ഷത്തെ ക്രിസ്തുമസ് കഴിഞ്ഞു... നൊയമ്പുകള്‍ മുറിഞ്ഞു...വിപണികള്‍ കാലിയായി...ഓഫറുകള്‍ തീര്‍ന്നു....കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോലിമയോടെ ആഘോഷിക്കണം എന്നുള്ള ആഗ്രഹങ്ങള്‍ കുറച്ചൊക്കെ സഫലമായി....
ഇനി കച്ചവടക്കാര്‍ക്ക് ലാഭത്തിന്‍റെ കണക്കു നോക്കി തിട്ടപ്പെടുത്താനുള്ള ദിനങ്ങള്‍....ഗാനമേളക്കാര്‍ക്കും നൃത്ത സംഘങ്ങള്‍ക്കും വിശ്രമിക്കാനുള്ള ദിനങ്ങള്‍....വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ട്യൂഷനുള്ള സമയം....വീട്ടമ്മമാര്‍ക്ക് അടുക്കളയിലെ അധിക തിരക്കുകളില്‍ നിന്നൊരു അല്‍പ വിശ്രമം....കുറച്ചുപേര്‍ പുതുവര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു....
തിരക്കിനിടയില്‍ എല്ലാവരും മറന്നു പോയത് ഒന്ന് മാത്രം....
യേശുനാഥനു ഒരു Happy Birthday പോലും പറയാന്‍ കഴിഞ്ഞില്ല....
ദൈവമല്ലേ....! നമ്മുടെ തിരക്കുകള്‍ മനസ്സിലാക്കി ക്ഷമിക്കുമായിരിക്കും അല്ലെ....?
രണ്ട് ദിവസത്തെ ക്ഷീണമുണ്ടാവും....അതുകൊണ്ട് ഒന്ന്ഫ്രെഷ് ആയിട്ട് നാളെ പ്രാര്‍ഥിക്കാം അല്ലെ...? ദൈവമല്ലേ, ക്ഷമിക്കുമാരിക്കും....!!!

Monday, December 24, 2012

(അ)ശാന്തിയുടെ ഡിസംബര്‍

ലോകത്തിനു ശാന്തിയും സമാധാനവും വിതറിക്കൊണ്ട് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി, സമാധാന പ്രഭുവായി, ലോകരക്ഷകനായി, സര്‍വ്വലോകത്തിനും മഹാസന്തോഷമായി ദൈവപുത്രനായ യേശുക്രിസ്തു കന്യകാസൂനുവായി ഭൂജാതനായെന്നു വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ മാസത്തില്‍ തന്നെ അസമാധാനതിന്‍റെയും അശാന്തിയുടെയും പര്യായങ്ങള്‍ എന്ന് പറയാവുന്ന സംഭവങ്ങള്‍ നമ്മുടെ കണ്‍ വെട്ടത്ത് നടന്നത് ഒരു വിരോധാഭാസമായി തോന്നുന്നുണ്ടോ....?
ചരിത്രത്തിന്‍റെ പഴകിയ താളുകള്‍ തിരിഞ്ഞു ചികഞ്ഞാല്‍ ഓര്‍മ്മകളില്‍ മരവിക്കാതെ നില്‍ക്കുന്ന ചില സംഭവങ്ങള്‍ നല്‍കുന്ന നടുക്കുന്ന കാഴ്ചകള്‍ സംഭാവിച്ചിരിക്കുന്നതും ഇതേ ഡിസംബര്‍ മാസത്തിലാണ്.
മത വിദ്വേഷത്തിന്‍റെ ഉദാഹരണമായി ലോകത്തിനു മുന്നില്‍ കണ്ട ബാബറി മസ്ജിദ്, ഭോപ്പാല്‍ ദുരന്തം, പ്രകൃതി ക്ഷോഭത്തിന്‍റെ മൃഗീയമായ ശേഷിപ്പായ സുനാമി ഒടുവില്‍ ഇതാ ഭാരതാംബയുടെ മസ്തിഷ്കത്തില്‍ സംഭവിച്ച ക്രൂരതയുടെ മൂര്‍ത്തീഭാവമായ ഡല്‍ഹിയിലെ കൂട്ടമാനഭംഗം.....
ഇനിയും ഒരാഴ്ച കൂടി ബാക്കിയുണ്ട് ഈ മാസം തീരാന്‍....എന്തെല്ലാം ഇനിയും കാണാനിരിക്കുന്നു....?
ഭൂമിയെ ദേവിയായും, പ്രകൃതിയെ അമ്മയായും എല്ലാ ഭാരതീയരെയും സഹോദരീ സഹോദരങ്ങളായും കാണാനും സഹജീവികളോടും മൃഗങ്ങളോട് പോലും ദയയോടെ വര്‍ത്തിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരുത്തമ സംസ്കാരത്തില്‍ ജീവിക്കുന്ന നമ്മുടെ ഭാരതത്തില്‍ നാം അറിവോടെ ചെയ്യുന്ന തെറ്റുകള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളെങ്കിലും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ദൈവ ശിക്ഷയായ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മുക്തരാവാന്‍ കഴിയും.


Sunday, December 23, 2012

നിയമവും നിയന്ത്രണവും

കഴിഞ്ഞ ഒരാഴ്ച ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഭാരതത്തിന്‍റെ പേര് കളങ്കപ്പെടുത്തിയ വാര്‍ത്തയാണ് തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ അരങ്ങേറിയ കൂട്ട മാനഭംഗം. എന്നും കാണുന്ന ഇത്തരം വാര്‍ത്തകളുടെ രീതി മാറുന്നതല്ലാതെ ഉള്ളടക്കം മാറുന്നില്ല. കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയെ  ജന്മം നല്‍കിയ പിതാവും കൂടെപ്പിറന്ന സഹോദരനും നിഷ്കരുണം വീടിനുള്ളില്‍ പീഡിപ്പിച്ച സംഭവം എഴുതിയിട്ട് ചില ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ നടന്ന ഈ സംഭവത്തെ കുറിച്ച് ഒന്നും എഴുതേണ്ടാ എന്ന് കരുതിയിതാണെങ്കിലും അതിന്‍റെ വാര്‍ത്തകള്‍ തുടരെ കാണുമ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല. 

ഒരു വശത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍(ക്രൂരതകള്‍) ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന നിയമം നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു (തയ്യാറാക്കുന്നു എന്നാവും കൂടുതല്‍ ശരി), മറുവശത്ത് ഈ പ്രശ്നത്തിനെതിരെ ഉണ്ടായ ജനരോഷത്തെ കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ നേരിടുന്ന നിയമ പാലകര്‍. നിയമപാലകരുടെ ഈ കാര്യക്ഷമത കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ മുഖഛായ പാടെ മാറേണ്ട കാലം എന്നെ കഴിഞ്ഞിരിക്കുന്നു.

 പെണ്‍വാണിഭത്തിനും സ്ത്രീ പീഡനത്തിനും വേണ്ടി ഇന്ത്യന്‍ പത്രങ്ങള്‍ പ്രത്യേകം കോളങ്ങള്‍ ഉണ്ടാക്കി എഴുതാന്‍
 തുടങ്ങിയിട്ട് പല വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പല വാര്‍ത്തകള്‍ ആരുമറിയാതെ നമ്മുടെ ചുറ്റും അനുസ്യൂതം സംഭവിച്ചു കൊണ്ടിരിക്കുന്നു.

പത്രക്കാര്‍ എഴുതട്ടെ.....ചാനലുകാര്‍ കാണിക്കട്ടെ.....അന്വേഷകര്‍ അന്വേഷിക്കട്ടെ....പുതിയൊരു വാര്‍ത്ത വരുമ്പോള്‍ അവരെല്ലാം അതിന്‍റെ പിന്നാലെ പൊയ്ക്കോളും....ഞങ്ങള്‍ ഞങ്ങളുടെ പണിയും തുടരും.....ഇതാണ് ഇന്ത്യയിലെ ഓരോ കുറ്റവാളിയുടെയും മനോഭാവം....

സ്വന്തം രാജ്യത്തെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വന്നതില്‍ തികച്ചും ഖേദത്തോടെ
- പനയം ലിജു

Saturday, December 22, 2012

റോസാപ്പൂവ്

പൂക്കളില്‍ അതിസുന്ദരിയും ആകര്‍ഷണീയമായതും നറുമണം പകരുന്നതുമാണ് റോസാപ്പൂവ്. ഉദ്യാനത്തില്‍ കാണുന്ന പുഷ്പഗണത്തില്‍ റോസാപ്പൂവിനെ വേറിട്ട്‌ നിര്‍ത്തുന്നത് അതിന്‍റെ ഭംഗിയാണോ സുഗന്ധമാണോ എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ല. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകാത്മക രൂപമായി റോസാപ്പൂവ് മാറിയതിനു നിദാനമായതും ഈ പ്രത്യേകതകള്‍ തന്നെയാണ്. എന്നാല്‍ അത് നില്‍ക്കുന്നത് മുള്ളുകള്‍ക്കിടയിലാണ്. HIV ബാധിതയായ 'അക്ഷര' എന്നൊരു സ്കൂള്‍ വിദ്യാര്‍ഥിയുമായി സംസാരിച്ച വിഷയം  ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. ഏകദേശം 20 മിനിട്ടോളം ആ കുട്ടിയോട് സംസാരിച്ചപ്പോള്‍ എവിടെയും എനിക്ക് തോന്നിയില്ല ഞാന്‍ സംസാരിക്കുന്നത് ഒരു രോഗിണിയായ കുട്ടിയോടാണെന്നു. നിസ്സാര പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ ഒരു കുപ്പി വിഷത്തിലും ഒരു തുണ്ട് കയറിലും ജിവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ഒരു മാതൃകയാണ് അക്ഷര മോളുടെ ജീവിതം എന്ന് അന്ന് പറഞ്ഞിരുന്നു.എന്ത് വിഷമ അവസ്ഥകളെയും പോസിറ്റിവ് ആയി കാണുകയും അതോടൊപ്പം മറ്റുള്ളവര്‍ക്ക് കൈത്താങ്ങല്‍ നല്‍കുകയും ചെയ്യുന്ന മനുഷ്യരായി അഥവാ, മുള്ളുകള്‍ക്കിടയില്‍ സൌരഭ്യം പരത്തുന്ന റോസാ പുഷ്പങ്ങളായി നമുക്ക് ജീവിക്കാം.

Thursday, December 20, 2012

21-12-12 ലോകാവസാനമോ....?

അങ്ങനെ ലോകം അവസാനിക്കുന്നു എന്ന് പറയപ്പെട്ട ഒരു നാള്‍ കൂടി കടന്നു വന്നു....ശാസ്ത്രലോകം തന്നെ നിഷേധിച്ച അടിസ്ഥാന രഹിതമായ ഈ പ്രവചനത്തെ  കുറിച്ച് ഈ ദിനം കഴിയും വരെയെങ്കിലും അല്പം ഭീതിയോടെ നോക്കുന്ന അനേകര്‍ ഇനിയുമുണ്ടെന്നതിനാലാണ് അന്ത്യകാലത്തെ കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ ഒന്നായ വി.ബൈബിളിന്‍റെ ആധികാരികമായ പശ്ചാത്തലത്തില്‍ ഈ വിഷയത്തെക്കുറിച്ച് അല്പം പറയാം എന്ന് കരുതുന്നത്. വേദഗ്രന്ഥങ്ങള്‍ പലതും ഈ വിഷയം അല്പമെങ്കിലും പറയുന്നുണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഞാന്‍ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളിലെ ഉള്ളടക്കത്തെ എടുത്തു എഴുതുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രമാണ് അതിലേക്ക് ഞാന്‍ പോകാത്തത്.
ബൈബിളില്‍ ലോകത്തിന്‍റെ ഉല്‍പ്പത്തി കാലത്ത് തന്നെ ഇതിനൊരു അന്ത്യമുണ്ടെന്നും അത് എപ്രകാരം ആയിരിക്കുമെന്നും പറയുന്നുണ്ട്. ആദി മനുഷ്യനായ ആദാമിലൂടെ ലോകത്ത് പാപം കടന്നു വന്നതുപോലെ രണ്ടാം ആദാമായ യേശുക്രിസ്തുവിലൂടെ പാപത്തില്‍ നിന്നുള്ള രക്ഷ ഈ ലോകത്തിലേക്ക് അയച്ചു.  പാപത്തിന്‍റെ അഗാധഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗ്ഗത്തിന്‍റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി പിറന്നത് സര്‍വ്വലോകത്തിന്‍റെയും സന്തോഷമായിരുന്നതുപോലെ  സര്‍വ്വ മനുഷ്യരുടെയും പാപങ്ങള്‍ക്ക് പരിഹാരമായി മരിക്കേണ്ടതും ദൈവ നിയോഗമായിരുന്നു. പഴയനിയമ കാലത്തെ ജനങ്ങള്‍ ഒരു മിശിഹായുടെ വരവിനായി കാത്തിരുന്നത് പോലെ മരിച്ചു ഉയര്‍ത്തെഴുന്നേറ്റു  സ്വര്‍ഗ്ഗാരോഹണം ചെയ്ത കര്‍ത്താവിന്‍റെ രണ്ടാം വരവിനാണ്. ഇന്നത്തെ ജനം കാത്തിരിക്കുന്നത്.ഈ രണ്ടാം വരവും ലോകാവസാനവുമായി ബന്ധമുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് മനസ്സിലാവുന്നുണ്ടാവുമല്ലോ. 
ബൈബിള്‍ പ്രകാരവും അവസാന കാലത്തിന്‍റെ ലക്ഷണങ്ങള്‍ നാമിന്നു ലോകത്ത് കാണുന്നുണ്ട്. പക്ഷെ, കര്‍ത്താവിന്‍റെ രണ്ടാം വരവിന്‍റെ സമയത്തെക്കുറിച്ച് പിതാവായ ദൈവമല്ലാതെ ദൈവദൂതന്മാരോ പുത്രനോ പോലും അറിയുന്നില്ല എന്നത്രേ ബൈബിള്‍ വചനം. (മത്തായി 24,25അദ്ധ്യായങ്ങള്‍) അവസാനകാലത്തെ കുറിച്ചുള്ള അടയാളങ്ങളെ പറ്റി മറ്റു പല വേദഭാഗങ്ങളും ഉണ്ടെങ്കിലും അതിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല.
ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതാദ്യമായല്ല, അവസാനത്തേതുമാണെന്നു തോന്നുന്നില്ല.... പക്ഷെ മുന്‍കൂട്ടി അറിയുന്ന ഒരു ദിവസവും അത് സംഭവിക്കില്ല എന്നതാണ് സത്യം.

Wednesday, December 19, 2012

വിനയം

ലോകമെങ്ങും ക്രിസ്തുമസ് വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും എങ്ങും ദൃശ്യം.... കാതിനു ഇമ്പമേകുന്ന ക്രിസ്തുമസ് ഗാനങ്ങള്‍ എവിടെയും അലയടിക്കുന്നു.ക്രിസ്മസ് സ്പെഷ്യല്‍ വ്യാപാരങ്ങളാല്‍ വിപണികള്‍ സമൃദ്ധം....കഴിഞ്ഞ ഓണത്തിന് വിറ്റതിന്‍റെ ഇരട്ടി കച്ചവടം ലക്ഷ്യമിട്ട് ബിവറെജുകാര്‍....ഈ തിരക്കുപിടിച്ച ആഘോഷ പരിപാടികള്‍ക്കിടയില്‍ ക്രിസ്തുവിനെ ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയം കിട്ടുമോന്നു സംശയമാണ്....കുറഞ്ഞ പക്ഷം കര്‍ത്താവ്‌ നമുക്ക് പറഞ്ഞും പഠിപ്പിച്ചും കാണിച്ചും തന്ന ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതെങ്കിലും നന്നായിരിക്കും.
സ്നേഹമാണ് യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങളില്‍ അടിസ്ഥാനപരമെങ്കിലും അതിനോട് സാദൃശ്യമുള്ള പല സത്ഗുണങ്ങളും പ്രവൃത്തികളിലൂടെ കാണിച്ചവനാണ് യേശു. അതില്‍ പ്രധാനമായ ഒന്നാണ് 'വിനയം' സ്വന്തം ശിഷ്യന്മാരുടെ കാല്‍പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ ഉദാത്തമായ മാതൃകയാണ് നമുക്ക് കാട്ടിത്തന്നത്. ആരുടേയുംകാലു കഴുകാന്‍ കഴിഞ്ഞില്ലെങ്കിലും കാലു വാരാതെ സ്നേഹിക്കാന്‍ ഈ ക്രിസ്തുമസ് കാലം നമുക്ക് ശ്രമിക്കാം.

Tuesday, December 18, 2012

നാക്കും വാക്കും

ഒരു കഥ ഞാന്‍ ഒരിക്കല്‍ കേള്‍ക്കുകയുണ്ടായി; ഒരാള്‍ തന്‍റെ സേവകനെ മാര്‍ക്കറ്റിലയച്ചിട്ടു അവിടെയുള്ള ഏറ്റവും നല്ല സാധനം വാങ്ങി വരാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു 'നാക്ക്' വാങ്ങി കൊണ്ടുവന്നു. അതിനു ശേഷം ഏറ്റവും മോശമായ സാധനം വാങ്ങാന്‍ പറഞ്ഞു വിട്ടപ്പോഴും അയാള്‍ വീണ്ടും ഒരു 'നാക്ക്' തന്നെ വാങ്ങികൊണ്ട് വന്നു.  സ്വാഭാവികമായും അദ്ദേഹം സേവകനോട് കാരണം ആരാഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു; നാക്ക് നന്നായാല്‍ എല്ലാം നന്നായി, നാക്ക് മോശമായാലോ അതിലും മോശമായത് വേറൊന്നുമില്ല എന്നത്രേ കഥ.
നാം ഉരുവിടുന്ന വാക്കുകള്‍, അതിനു എത്രത്തോളം സ്വാധീനം മറ്റുള്ളവരില്‍ ചെലുത്താനാവുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ നാം തമാശയ്ക്ക് പറയുന്ന വാക്കുകളാവാം അല്ലെങ്കില്‍ അപ്പോള്‍ നാമായിരിക്കുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നമ്മെ പറയാന്‍ നിര്‍ബന്ധിക്കുന്നതാവാം. പക്ഷെ, കേള്‍ക്കുന്നയാളില്‍ അതെങ്ങനെ പരിവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഭയാനകമാവാന്‍ സാധ്യതയുണ്ട്. ആസ്ട്രേലിയന്‍ റേഡിയോ ജോക്കികള്‍ ഒരു തമാശയ്ക്ക് ചെയ്ത കാര്യം ഒരു സ്ത്രീയുടെ മരണത്തിലാണ് കലാശിച്ചത്.
മറ്റുള്ളവരില്‍ അരോചകത്വമുളവാക്കുന്ന വാക്കുകളുടെ അസമയത്തുള്ള പ്രയോഗം ഒരുപക്ഷെ, ഒരു ബന്ധം തന്നെ തകര്‍ത്തേക്കാം. ചിലപ്പോള്‍ വലിയൊരു ദുഃഖം നല്‍കി, പശ്ചാത്തപിക്കാന്‍ പോലും അവസരം നല്‍കാതെ ജീവിതകാലം മുഴുവന്‍ മനസ്സിന് സംഘര്‍ഷമായി മാറുന്ന എന്നെന്നേക്കുമായുള്ള ഒരു വേര്‍പിരിയലിന് പോലും കാരണമായേക്കാം...
നാക്കിന്‍റെ പ്രയോഗം സൂക്ഷിക്കാം, വാക്കുകളുടെ ഉപയോഗം കുറയ്ക്കാം,
കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും ഉള്ളവരായിരിക്കാം.

Monday, December 17, 2012

ആരാണ് ഉത്തരവാദി

ഇന്നലെ  പറഞ്ഞതുമായി തന്നെ ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ചിന്തിക്കാനാണ് ഇന്നാഗ്രഹിക്കുന്നത്.  സ്വയരക്ഷയ്ക്കുള്ള വ്യക്തിയുടെ അവകാശത്തെ പരിഗണിച്ചു ആത്മരക്ഷയ്ക്കായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള അവകാശം അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി അംഗീകരിച്ചത് 1791 ഡിസംബര്‍ 15ന് ആയിരുന്നു.വീടിനുള്ളിലോ പുറത്തോ ആക്രമണത്തിന് ഇരയായാല്‍ സ്വയരക്ഷയ്ക്കുള്ള അവകാശത്തിന്‍റെ ഭാഗമായ ആയുധ സ്വാതന്ത്ര്യ നിയമത്തിന്‍റെ ദുരുപയോഗം മൂലമുണ്ടാകുന്ന അപകടകരമായ മറുവശത്തിന്‍റെ ഉദാത്തമായ ഉദാഹരണമാണ് ഇന്ന് നാം കേള്‍ക്കുന്ന വാര്‍ത്തകള്‍.
 
124 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വെറും നാല് കോടി
തോക്കുകള്‍ മാത്രം വ്യക്തികള്‍ക്ക് സ്വന്തമെങ്കില്‍ കേവലം
31കോടി ജനങ്ങളുള്ള അമേരിക്കയില്‍ 27 കോടി ആളുകളും സ്വന്തം തോക്ക് കൈവശം വച്ചിരിക്കുന്നു. അതായത് ഏകദേശം 87ശതമാനം ജനങ്ങള്‍ക്കും അംഗീകൃത തോക്കുകള്‍ സ്വന്തം. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഉണ്ടായ 20 വലിയ കൂട്ടക്കൊലകളില്‍ 11എണ്ണവും അമേരിക്കയിലായിരുന്നു. കര്‍ശനമായ ആയുധ നിയന്ത്രണ നിയമമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം കൂട്ടക്കൊല നടന്ന കണക്ടികട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളില്‍ നടന്ന 61 കൂട്ടക്കൊലയില്‍ 49 സംഭാവങ്ങളിലും ഉപയോഗിച്ചത്  നിയമപ്രകാരമുള്ള തോക്കുകള്‍ തന്നെയാണ്. ആയുധവ്യവസായം, അമേരിക്കയുടെ നയപരമായ വ്യവസ്ഥകളെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായി മാറിയതും തോക്ക് ലോബികളുടെ ശക്തമായ സ്വാധീനവും ഈ നിയമം ഭേദഗതി ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്നു.
 
അറുപതുകളില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതിന് അനുവദിച്ചിരുന്ന അതെ മൂല്യപരിമിതിയില്‍ മാത്രമേ അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വര്‍ണ്ണ ഇറക്കുമതി അനുവദിക്കൂ എന്ന ഇന്ത്യന്‍ നിയമത്തിന്‍റെ ബാലിശ സ്വഭാവം തന്നെയല്ലേ കാലാകാലങ്ങളില്‍ നിയമസംഹിതകളില്‍ വരുത്തേണ്ട ഭേദഗതിയുടെ അഭാവം മൂലം ഇവിടെ നാം കാണുന്നത്?

കണക്ടികടില്‍ കൂട്ടക്കൊല നടത്തിയ ഇരുപത് കാരന്‍ ആദം ലാന്സയുടെ അമ്മ നാന്‍സിയുടെ ഹോബി തോക്ക്ശേഖരണമായിരുന്നു എന്നറിയുമ്പോള്‍ മകന്‍ ഇത് ചെയ്തതില്‍ അതിശയോക്തിക്ക് വഴിയില്ല. ഇത്തരത്തില്‍ തോക്ക് ശേഖരണംവിനോദമാക്കിയ അനേകര്‍ അവിടെയുണ്ട്.  എവിടെയാണ് പിഴച്ചത്....? ആര്‍ക്കാണ് പിഴച്ചത്....? ആരാണ് ഉത്തരവാദി....?

Sunday, December 16, 2012

എന്തുകൊണ്ട് ഇങ്ങനെ.....?

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലകള്‍ ഇന്നൊരു നിത്യ സംഭവമായി മാറിയിരിക്കുന്നു. പഠിക്കുന്ന സ്കൂളില്‍ അക്രമങ്ങള്‍ നടത്താന്‍ തയ്യാറാവുന്ന വിദ്യാര്‍ഥികള്‍. പ്രതികളുടെ പ്രായം കേട്ടാല്‍ അവിശ്വസനീയം. എന്താണ് ഇന്നത്തെ തലമുറയ്ക്ക് സംഭവിക്കുന്നത്‌...? സ്ത്രീപീഡനവും പെണ്‍ വാണിഭവും  മുതല്‍ കൊലപാതകം വരെയുള്ള കേസുകള്‍ പരിശോധിച്ചാല്‍ അതില്‍ വളരെ പ്രായം കുറഞ്ഞവരുടെ പങ്കാളിത്തം കാണാന്‍ കഴിയുന്നു. അമിതമായ നിയന്ത്രണം ഇന്ത്യയില്‍ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുമ്പോള്‍ അമേരിക്ക പോലെയുള്ള വികസിത രാഷ്ട്രങ്ങളില്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ അറിയേണ്ട കാര്യങ്ങള്‍ സ്കൂളുകളിലൂടെ തന്നെ പഠിക്കുന്ന  കുട്ടികളില്‍ ഇതെങ്ങനെ ഉണ്ടാവുന്നു...?
വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നിയന്ത്രണത്തില്‍ ജീവിക്കുന്നവന് അല്പം സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അവന്‍ അതിനെ ദുര്‍വിനിയോഗം ചെയ്യുന്നു, എന്തിനും സ്വാതന്ത്ര്യം ഉള്ളവന് അത് എങ്ങനെ വിനിയോഗിക്കണം എന്നറിയില്ല.
നന്മ തിന്മകളെ തിരിച്ചറിഞ്ഞു നല്ലതും മുന്നേറാന്‍ ആവശ്യവുമായതിനെ മാത്രം തെരഞ്ഞെടുത്ത് പോകാനുള്ള വിവേചന ബുദ്ധി നഷ്ടപ്പെടുന്നതാണ് ഇതിനു മുഖ്യകാരണം. നൈമിഷികങ്ങളായ സുഖങ്ങള്‍ മാത്രമാണ് അവന്‍റെ ലക്‌ഷ്യം.
മാധ്യമങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും അതിപ്രസരം ഇതിനൊരു കാരണമാണോ....? എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ നമ്മുടെ തലമുറ മറക്കുന്നു....? ഉത്തരം കണ്ടെത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

Saturday, December 15, 2012

കവിതാദിനം

"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്‍റെ -
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?"

ആധുനിക കവിത്രയത്തില്‍ശ്രദ്ധേയനായമഹാകവി കുമാരനാശാന്‍റെ 'വീണപൂവ്‌' എന്ന കവിതയിലെ അര്‍ത്ഥവത്തായ വരികള്‍....
പ്രകൃതിയിലെ വളരെ നിസ്സാരങ്ങള്‍ എന്ന് നാം കരുതുന്ന വിഷയങ്ങളുടെ ആഴം കവിതയിലൂടെ സംവേദിപ്പിച്ച, സമൂഹത്തിലെ ഒറ്റപ്പെട്ടതും താഴെക്കിടയില്‍ കാണപ്പെടുന്നതുമായ വസ്തുതകള്‍ക്ക് വര്‍ണ്ണനകളിലൂടെ നിറം ചാര്‍ത്തുകയും ചെയ്ത മഹാനായ കവി. മാഹാകാവ്യങ്ങള്‍ ഒന്നുമെഴുതാതെ ഖണ്ഡകാവ്യങ്ങളിലൂടെ മാത്രം മഹാകവി പദവി നേടിയ അതുല്യ കവി കുമാരനാശാന്‍റെ 'വീണപൂവ്‌' ആദ്യ കോപ്പി പ്രസിദ്ധീകരിച്ച ദിനമാണ് ധനു 1(ഈ വര്‍ഷം ഡിസം.16).
മലയാള കവിതാ ശാഖയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച 'വീണപൂവ്‌' പ്രസിദ്ധീകരിച്ച ഈ ദിനം 'മലയാളം കവിതാദിനം' എന്ന പേരില്‍ ആചരിക്കാന്‍ തീരുമാനം ആയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. കവിതകളുടെ ആസ്വാദനത്തിലും രചനയിലും പുതിയ തലമുറയ്ക്ക് താല്‍പര്യവും അഭിനിവേശവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഈ സംരംഭത്തില്‍ നമുക്കും പങ്കു ചേരാം.
മലയാള സാഹിത്യത്തില്‍ അതുല്യങ്ങളായ സംഭാവകള്‍ നല്‍കിയ കവിശ്രേഷ്ഠരെ സ്മരിക്കാന്‍ ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം.
പുത്തന്‍ തലമുറയിലെ ഇളമുറക്കാരായ എല്ലാ കവി സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ 'കവിതാദിനാശംസകള്‍'
-പനയം ലിജു

Friday, December 14, 2012

ഇ - തൂലിക

'തൂലിക' എന്ന വാക്കിനു പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു...വെള്ളപേപ്പറില്‍ മഷിപ്പേന കൊണ്ടെഴുതിയ കവിതകളും കഥകളും വായിച്ചിരുന്ന കാലം മാറി....ഇലക്ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നമുക്ക് ഇന്ന് എല്ലാം  ഇ-മാധ്യമങ്ങളാണ്. ഇ - ടിക്കറ്റ്, ഇ-മെയില്‍, ഇ - പാസ്, ഇ - പേപ്പര്‍  അങ്ങനെ എല്ലാത്തിനും 'ഇ' ഒരു തലകഷ്ണം ആയി മാറിയിരിക്കുന്നു. എഴുത്തുകാര്‍ പോലും ഇന്ന് പേപ്പറില്‍ എഴുതുന്നത് വളരെ ചുരുക്കമാണ്. 'തൂലിക പടവാളാക്കിയ കവി' എന്ന പദപ്രയോഗം അര്‍ത്ഥശൂന്യമായി. പണ്ടൊക്കെ ഒരു അപേക്ഷ പൂരിപ്പിക്കാന്‍ പേനയും പേപ്പറും ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് എല്ലാം ഓണ്‍ ലൈന്‍ ആണ്. ദിനപ്പത്രങ്ങള്‍ പോലും അച്ചടിപ്രതിയെക്കാള്‍ കൂടുതല്‍ ഓണ്‍ ലൈനില്‍ ആണുള്ളത്.
പക്ഷെ, എത്രയൊക്കെ ഓണ്‍ ലൈന്‍ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും പേപ്പറില്‍ അച്ചടിച്ച്‌ വരുന്നൊരു പത്രമോ കടലാസില്‍ എഴുതിയ വരികളോ  വായിക്കുന്ന സുഖം ഈ ഓണ്‍ ലൈന്‍ വാര്‍ത്ത വായിക്കുമ്പോള്‍ കിട്ടുന്നുണ്ടോ...? കാലം പോകുന്ന വേഗതയില്‍ നാമും പിന്തുടര്‍ന്നാലെ മതിയാവൂ എന്നൊരു സത്യം നില നില്‍ക്കെ തന്നെ വല്ലപ്പോഴും പേപ്പറില്‍ പേന കൊണ്ടെഴുതുവാനും അത് വായിക്കാനും ഒന്ന് ശ്രമിച്ചു കൂടെ...?
സമ്പൂര്‍ണ്ണ ഇ ട്രാന്‍സാക്ഷന്‍ നിലവില്‍ വരുത്തി കറന്‍സി നോട്ടുകള്‍ ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ വികസിത രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ അക്കൂട്ടത്തില്‍ നമ്മുടെ പേനയും പുറം തള്ളപ്പെട്ടു 'തൂലിക' ''ഇ - തൂലിക'' ആവുന്നൊരു കാലവും ഉണ്ടാവുമോ....?

Thursday, December 13, 2012

മാതൃത്വത്തിന്‍റെ മാഹാത്മ്യം

മനുഷ്യജീവിതത്തില്‍ എത്രയൊക്കെ ഉയരങ്ങള്‍ കീഴടക്കിയാലും മനസ്സിന്‍റെ നേര്‍ത്ത കോണുകളില്‍ നിന്ന് ഒരിക്കലും മായിച്ചുകളയാന്‍ കഴിയാത്തൊരു ബന്ധമാണ് 'അമ്മ'.  സ്ത്രീകള്‍ക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹമാണ് മാതൃത്വം."മാതൃ ദേവോ ഭവഃ"  എന്ന തത്വം കേട്ടുവളര്‍ന്ന നമ്മള്‍ നമുക്കായി വിശപ്പടിക്കിയ, ആഗ്രഹങ്ങള്‍ മാറ്റിവച്ച, ആരും കാണാതെ കണ്ണീര്‍ തൂകിയ അമ്മയെന്ന മാഹാത്മ്യത്തെ മറന്നുപോകുന്ന പ്രവൃത്തികളെ വിചിന്തനം ചെയ്യാം. അമ്മ മക്കള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയെങ്കിലും എന്‍റെ ഇന്നത്തെ വിഷയം ഒരമ്മയുടെ പിറവിയാണ്.

അമ്മയ്ക്കുമില്ലേ ഒരു ജനനം...? ഒരു കുഞ്ഞു ജനിക്കുമ്പോഴാണ് ഒരമ്മ  ജന്മമെടുക്കുന്നത്.മാതൃത്വത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കാതെ ഗര്‍ഭത്തില്‍ തന്നെ കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്ന നവ സമൂഹമേ, ഒരമ്മയാകാനായി പ്രാര്‍ഥനകളും വഴിപാടുകളുമായി പുണ്യസ്ഥലങ്ങള്‍ കയറിയിറങ്ങുന്ന അനേക സ്ത്രീകള്‍ വസിക്കുന്ന ഒരു ഭൂമിയിലാണ് ദൈവ ദാനമായി ലഭിച്ച കുഞ്ഞുങ്ങളെ ഈ ലോകം കാണാന്‍ പോലും ഒരവസരം നിഷേധിച്ചുകൊണ്ട് നീ കൊല ചെയ്യുന്നതെന്നു മനസ്സിലാക്കുക.

അമ്മയാകുക എന്ന പുണ്യ പദവിക്ക് ഭാഗ്യം ലഭിക്കാത്ത സഹോദരിമാരെ ഓര്‍ത്താല്‍ ഈ കൊടും ക്രൂരതയ്ക്ക് മനസ്സ് വരുമോ...? ഒരമ്മയാകാന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള സ്ത്രീകളുടെ പ്രാര്‍ഥനകള്‍ക്ക് സര്‍വേശ്വരന്‍ മറുപടി കൊടുക്കട്ടെ.

Tuesday, December 11, 2012

12-12-12

12-12-12, ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. എഴുതുമ്പോള്‍ കാണുന്നതിന്‍റെ ഭംഗി മാത്രമുള്ള ഇത്തരം ചില തീയതികളും സമയങ്ങളും കഴിഞ്ഞ 12 വര്‍ഷങ്ങളായി നാം കാണുന്നുണ്ട്. 01.01.01 ല്‍ തുടങ്ങിയ ഈ മാന്ത്രിക സംഖ്യാ ശ്രേണി നാം കൂടുതല്‍ കണ്ടത് 2011ല്‍ ആയിരുന്നു. 1-1-11, 11-1-11, 1-11-11, 11-11-11 ഇങ്ങനെ  നാല് വ്യത്യസ്ത സമാനത നാം 2011ല്‍ കണ്ടു. എന്തെങ്കിലും SMS ഇതിനെ കുറിച്ച് എല്ലാ വര്‍ഷവും വരാറുണ്ടെങ്കിലും ഞാനത് അത്ര കാര്യമായൊന്നും എടുത്തിരുന്നില്ല. കാരണം വരുന്ന മെസ്സെജിലെല്ലാം ഇനി ഇങ്ങനെയൊരു തീയതി 100 വര്‍ഷത്തിനു ശേഷമേ വരൂ എന്ന അടിക്കുറിപ്പിനോട് യോജിക്കാന്‍ കഴിയാത്തത് തന്നെ. ഓരോ പതിമൂന്നു മാസത്തിലും ഇപ്രകാരം ഒരു തീയതി തീര്‍ച്ചയായും വരുമെന്നും ചിലത് വേറെയും വരുമെന്നും അറിയാവുന്നതും ഒരു കാരണമായിരിക്കാം.

മൂന്ന്‍ നമ്പരുകള്‍ ഒരേപോലെ വരുന്നത് ഇനി 2101 ല്‍ മാത്രമാണെങ്കിലും, 11-12-13 എന്നൊരു മാന്ത്രിക സംഖ്യ കൂടി ഈ നൂറ്റാണ്ടിലെ അവസാനത്തെതായി കടന്നുവരാനുണ്ട്. അടുത്ത വര്ഷം ഈ തീയതി വരുമ്പോഴും ഇന്നുണ്ടാക്കുന്നത് പോലെ തന്നെയൊരു പുകിലും പ്രതീക്ഷയും ഉണ്ടാകുകയും ചെയ്യും.

ഈ നമ്പര്‍ 4D എടുക്കാനും വണ്ടിക്കിടാനും വേണ്ടി എത്രയോ പൈസാ ഈ ദിനങ്ങളില്‍ പാഴാക്കുന്നുണ്ടാവും....?

ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു..... മാന്ത്രിക നമ്പരുകള്‍ മാത്രമല്ല ഈ കാണുന്ന ഓരോ തീയതിയും ദിവസവും നിമിഷവും പോയാല്‍ പിന്നീട് നൂറല്ലകോടിക്കണക്കിനു വര്‍ഷങ്ങള്‍ കാത്തിരുന്നാലും ലഭിക്കില്ല.

ലഭിച്ചിരിക്കുന്ന സമയത്തെമറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമിക്കാം.

-പനയം ലിജു.

Saturday, December 8, 2012

സൌജന്യം

സൌജന്യങ്ങളുടെ കാലമാണിത്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ മുതല്‍ ഫ്രിഡ്ജ് വാങ്ങിയാല്‍ പെന്‍സില്‍ ഫ്രീ, free consultation, free download, free entry, free delivery, free parking, free to join, free sign up, free zone, എന്ന് വേണ്ടാ, എന്തിനും ഏതിനും ഫ്രീ വാഗ്ദാനം ചെയ്യുകയും കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു ലോകം. സൌജന്യം (Free) എന്ന് കേട്ടാല്‍ ഉടനെ അവിടേക്ക് എന്ത് ചെലവും ചെയ്ത് പോകാന്‍ തയ്യാറാവുന്ന തലമുറ. രണ്ടിനും ചേര്‍ത്തുള്ള വിലയാണോ അതില്‍ കാണിച്ചിരിക്കുന്നതെന്ന് നോക്കാതെ ഫ്രീ ആയി തരുന്ന സാധനത്തിന്‍റെ ഗുണനിലവാരം പോലും മനസ്സിലാക്കാതെ സൌജന്യങ്ങളുടെ പിന്നാലെ പായുന്നു...
കടയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഫ്രീ ആയി ലഭിക്കുമ്പോള്‍ പിന്നാലെ ഓടുന്ന നാം അറിയാത്ത ഒന്നുണ്ട്. നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ടായിരിക്കുന്ന,  ജന്മനാ ലഭിച്ചിരിക്കുന്ന ചില താലന്തുകള്‍, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ചില ഗുണങ്ങള്‍ തുടങ്ങിയവ നമുക്ക് തികച്ചും സൌജന്യമായി ലഭിച്ചതാണ്. അത് വാങ്ങാന്‍ നാം വില കുറഞ്ഞ സ്ഥലങ്ങള്‍ തേടി പോകേണ്ട ആവശ്യമില്ല. ഡിസ്കൌണ്ട് സെയിലോ ഓഫര്‍ സീസണോ നോക്കിയിരിക്കേണ്ട കാര്യമില്ല.
നമ്മളില്‍ സ്വതവേ അന്തര്‍ലീനമായിരിക്കുന്ന ആ വ്യത്യസ്ഥ ഗുണങ്ങളും കഴിവുകളും കണ്ടെത്തി വികസിപ്പിച്ചു പരിപോഷിപ്പിക്കാന്‍ ശ്രമിക്കാം.

Friday, December 7, 2012

സമയം

ഞാന്‍ ഉള്‍പ്പെടെ എല്ലാവരും എന്തിനും പറയുന്ന ഒഴിവു വാക്കാണ്‌ 'സമയമില്ല'. ആര്‍ക്കും ഒന്നിനും  സമയം ഇല്ല. ഒരു ദിവസം ചെയ്തു തീര്‍ക്കേണ്ട  കാര്യങ്ങള്‍ക്ക് 24 മണിക്കൂര്‍ തികയുന്നില്ല. എന്നോട് ചിലര്‍ ചോദിച്ചിട്ടുണ്ട് "ഇതിനൊക്കെ എപ്പോഴാ സമയം...?" അവര്‍ക്ക് തോന്നുന്നത് അവരെക്കാള്‍ സമയം എനിക്കുണ്ടെന്ന്....പക്ഷെ എനിക്കൊന്നിനും സമയമില്ലെന്ന പരാതിയാണ് എനിക്കുമുള്ളത്. ഒഴിവുള്ള സമയത്തെയും ചെയ്യാനുള്ള കാര്യങ്ങളെയും ക്രമപ്പെടുത്തുന്നതില്‍ വരുന്ന വീഴ്ചയാണ് നമ്മെ ഇങ്ങനെയൊരു ചിന്തയില്‍ കൊണ്ടെത്തിക്കുന്നത്. സമയം കൂടുതലോ കുറവോ അല്ല. 
സമയം വേണ്ട വിധത്തില്‍ വിനിയോഗിക്കാതിരിക്കുമ്പോള്‍  ഉണ്ടാവുന്ന നഷ്ടം വളരെ വലുതാണ്‌. ഓരോ പ്രായത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വിടുമ്പോള്‍ പിന്നീട് അതോര്‍ത്ത് ഒരുപാട് ദുഖിക്കേണ്ടി വരുന്നു. അതുണ്ടാക്കുന്ന നഷ്ടബോധം പരിഹാരമില്ലാത്തതാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതു പോലെ ചെയ്‌താല്‍ അഥവാ സമയം തക്കത്തില്‍ വിനിയോഗിച്ചാല്‍ ചെയ്യുന്ന കാര്യങ്ങള്‍ ശുഭപര്യവസായി ആയി തീരുകയും ചെയ്തു തീര്‍ക്കാന്‍ ബാക്കി വച്ചിരിക്കുന്നവ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും.
ഒരു സെക്കന്‍ഡ്‌ പോലും പാഴാക്കാന്‍ ഇല്ലെന്ന ബോധ്യത്തോടെ ലഭിച്ചിരിക്കുന്ന സമയത്തെ പ്രയോജനപ്പെടുത്താം.
To know the value of one year, Ask a student who failed in his annual exam;
To know the value of one month,Ask a mother who given birth to a pre matured baby;
To know the value of one week,Ask an editor of a weekly publication;
To know the value of one day,Ask a daily waged labour;
To know the value of one hour,Ask a lover who waits;
To know the value of one minute,Ask a passenger who missed the train;
To know the value of one second,Ask an athlet who won second place.

Thursday, December 6, 2012

മെഴുകുതിരി

മെഴുകുതിരി നമുക്ക് ഇരുളില്‍ വെളിച്ചം പകരാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ്. പ്രകാശതിന്‍റെ മറ്റ് സ്രോതസ്സുകളില്‍ നിന്ന് മെഴുകുകുതിരി വെളിച്ചത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത അത് നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു എന്നതാണ്. ചെറിയൊരു നൂലിന്‍റെ അഗ്രത്തുള്ള ഇത്തിരി വെട്ടം നില നില്‍ക്കാനായി അതിനു നല്‍കപ്പെട്ടിരിക്കുന്ന മെഴുകിന്‍റെ കവചവും തിരിയും ചേരുമ്പോഴാണ് അത് മെഴുകുതിരി ആവുന്നത്. ഈ കവചം ഒരു  ചെറുവിരല്‍ വണ്ണം ആയാല്‍ പോലും അതിന്‍റെ ആവശ്യകത വളരെ നിര്‍ണ്ണായകമാണ്.
സ്വയം ഉരുകി തീര്‍ന്നു കൊണ്ടാണ് ഓരോ മെഴുകുതിരികളും നമുക്ക് വെളിച്ചം പകരുന്നത്. ആരാധനാലയങ്ങളില്‍ മെഴുകുതിരി ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ കാരണവും ഇത് തന്നെയാവാം. ശാസ്ത്രം പഠിച്ചു തുടങ്ങിയ പ്രാഥമിക വിദ്യാലയങ്ങളില്‍ , ഭൌതീക മാറ്റത്തിനുള്ള  ഉദാഹരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതാണ് മെഴുകു ഉരുകുന്നത്. എന്നാല്‍ തിരി കത്തുന്നത് രാസമാറ്റം മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള അഹങ്കാരമെന്ന തിരിയെ എരിച്ചു കളഞ്ഞാല്‍ നമുക്ക് അനേകരില്‍ വെളിച്ചം പകരാനും കഴിയും. ഉരുകി തീര്‍ന്ന മെഴുകു കവചമായ ആത്മാവിനു ഒരു നല്ല അച്ചിനുള്ളിലൂടെ കടന്നു വരുമ്പോള്‍ പുതിയ രൂപം കൈവരുന്നു. 

പള്ളികളില്‍ മെഴുകുതിരി കത്തിച്ചു വക്കുക മാത്രമല്ലാതെ, നമ്മിലുള്ള അഹങ്കാരത്തിന്‍റെ തിരിയെ കത്തിച്ചു കളഞ്ഞു പുതിയ രൂപം ധരിക്കാം.

-പനയം ലിജു

Sunday, December 2, 2012

തീരുമാനം

നാമെല്ലാം എപ്പോഴും ഓരോരോ തീരുമാനങ്ങള്‍ എടുക്കുന്നവരാണ്. പ്രത്യേകിച്ച്, പിറന്നാള്‍, പുതുവര്‍ഷം തുടങ്ങിയ വിശേഷദിനങ്ങള്‍ ഇത്തരം പല പുതിയ തീരുമാനങ്ങള്‍ക്കും വേദിയാകാറുണ്ട്. പക്ഷെ നാമെടുക്കുന്ന ചില തീരുമാനങ്ങള്‍ നാം പാലിക്കാന്‍ ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും നല്ലൊരു പരിധിവരെ പാലിക്കുന്നതില്‍ പരാജയപ്പെടുകയാണ് ഉണ്ടാവുക. കടുത്ത തീരുമാനങ്ങള്‍ അല്ലെങ്കില്‍ കഴിവിനപ്പുരത്തുള്ള തീരുമാനങ്ങള്‍ എടുക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നമ്മുടെ തീരുമാനങ്ങള്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ അല്ലാതെ സ്വയം തോന്നി എടുക്കുന്നതാണെങ്കില്‍ അത് പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ ഒരു പരിധി വരെ സാധിക്കും. തീരുമാനങ്ങള്‍ ഒരു ബാധ്യതയോ സ്വയ നിയന്ത്രിത രേഖയോ ആയി തോന്നിയാല്‍ അതൊരു തീരുമാനമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ കഴിയില്ല.

ചിലപ്പോള്‍ വ്യക്തമായൊരു തീരുമാനം എടുക്കാന്‍ കഴിയാതെ മനസ്സ് പതറുന്നതും സാധാരണമാണ്. ആലോചിക്കാതെ എടുത്തു ചാടി പെട്ടെന്ന് തീരുമാനം എടുക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം എടുത്തുചാട്ടക്കാര്‍ പിന്നീട് ദുഖിക്കേണ്ടി വരുന്നതാണ് കൂടുതല്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

നാമെടുക്കുന്ന തീരുമാനങ്ങള്‍ ബാധ്യതകള്‍ ആവാതെ, നിയന്ത്രണ രേഖയാവാതെ സ്വയ ബോധപൂര്‍വ്വം ആവാന്‍ ശ്രമിക്കാം.  ഒപ്പം വ്യക്തമായി ആലോചിച്ചു നല്ലതെന്ന് മനസ്സിലാക്കിയ ശേഷവും.

Saturday, December 1, 2012

ഡിസംബര്‍

അങ്ങനെ ഡിസംബര്‍ മാസവും വന്നെത്തി. വര്‍ഷത്തിന്‍റെ അവസാന മാസം....ഇന്ന് ഈ മാസം തുടങ്ങിയത് തന്നെ ഈ ഒനൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭയാനകമായ ഒരു മാരക രോഗത്തിനെതിരെ അണിനിരക്കാനുള്ള ആഹ്വാനവുമായിട്ടാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിന്‍റെ ആദ്യദിനം അതെ വര്‍ഷത്തിലെ സെപ്തംബര്‍ മാസത്തിന്‍റെ ആദ്യ ദിനവും അവസാന ദിനം ഏപ്രില്‍ മാസത്തിന്‍റെ അവസാന ദിനവും ആയിരിക്കും.

ഹേമന്ത ഋതുവില്‍ നിന്ന് ശിശിരത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നത് ഈ മാസത്തിലാണ്. കൂടാതെ ഇന്ത്യയില്‍ ആദ്യമായി തീവണ്ടി യാത്ര തുടങ്ങിയതും(1851) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതും (1911)ഡിസംബര്‍ മാസത്തിലാണ്. ലോകത്ത് അധികം രാജ്യങ്ങളിലും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഈ മാസത്തിലാണെന്നതു എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ച ഒരു മാസം കൂടിയാണ് ഡിസംബര്‍ മാസം. ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന്‍ മൂവായിരത്തിലേറെ പേര്‍ മരണമടഞ്ഞ ഭോപ്പാല്‍ ദുരന്തം (1984), റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി (2004)തുടങ്ങിയവയാണ് അതില്‍ പ്രധാനം.

ഇനി മുപ്പത്തിയൊന്നു നാളുകള്‍ കൂടി പിന്നിടുമ്പോള്‍ 2012 നോടും നാം വിട ചൊല്ലും....പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നമുക്ക് ഇപ്പോഴേ ഒരുങ്ങാം.