Pages

Saturday, December 29, 2012

കുത്തി കെടുത്തിയ ജ്യോതി

"ഭാരതം എന്‍റെ നാടാണ്, എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മാരാണ്...."
ഈ പ്രതിജ്ഞാ വാചകം ഉരുവിടാത്ത ഒരാള്‍ പോലും ഇന്ത്യയില്‍ ഉണ്ടാവില്ല. ശൈശവ കാലം മുതല്‍ക്കേ കേട്ടും ചൊല്ലിയും പരിശീലിച്ചും വളര്‍ന്ന വാചകങ്ങള്‍! ഇന്നതിന്‍റെ മൂല്യം എന്തായി....? 'ജ്യോതി' എന്ന പെണ്‍കുട്ടിക്ക് വേണ്ടി മനസ്സില്‍ ഒരു നിമിഷമെങ്കിലും പ്രാര്‍ഥിക്കാത്ത മനുഷ്യര്‍ ഇന്ത്യയില്‍ ഉണ്ടാവില്ല. അവളെ കുറിച്ചും ഭാരതീയന്‍റെ അതിക്രൂരമായ മാംസ ദാഹത്തെ കുറിച്ചും സംസാരിക്കാത്ത വ്യക്തികള്‍ ലോകത്തുണ്ടാവില്ല.
ഇന്ത്യയില്‍, ശാരീരിക പീഡനത്തിനു വിധേയയാവുന്ന ആദ്യത്തെ പെണ്‍കുട്ടിയല്ല 'ജ്യോതി',  അവളുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു എല്ലാവരും ദുഃഖത്തില്‍ പങ്കു ചേര്‍ന്നു...   രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ മന്ത്രിമാരുടെ അഴിമതി കഥകളോ, സിനിമാതാരങ്ങളുടെ സ്വത്ത്‌ വിവര പ്രശ്നങ്ങളോ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ് മത്സരമോ പോലെ പുതിയൊരു വാര്‍ത്തയുണ്ടാവും....മാധ്യമങ്ങള്‍ അതിന്‍റെ പിന്നാലെ പോകും....ആത്യന്തികമായ നഷ്ടം അവളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാത്രം....!
ഭാരത സ്ത്രീകള്‍ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു...നിര്‍ത്തിയിട്ട കാറുകളിലും ഓടിക്കൊണ്ടിരിക്കുന്ന ബസിലും ട്രെയിനിലും പറന്നു പോകുന്ന വിമാനത്തിലും അവള്‍ പീഡിപ്പിക്കപ്പെടുന്നു.
സ്വന്തം വീടിനുള്ളില്‍ പോലും അവള്‍ സുരക്ഷിതയല്ല. പുതിയ വാര്‍ത്തകള്‍ പിറക്കുമ്പോള്‍ ജ്യോതി മറവിയുടെ ലോകത്തേക്ക് പുറം തള്ളപ്പെടും...അപ്പോഴേക്കും ഗോവിന്ദചാമിയെ പോലെ ജയിലിനുള്ളില്‍ മൃഷ്ടാന്ന ഭോജനം കഴിച്ചു സുമുഖന്മാരായി ഈ പ്രതികളും മോചിതരാകും.
പ്രിയ സഹോദരിമാരെ നിങ്ങള്‍ തയ്യാറാവൂ, ഒരു ടെസ്സ എബ്രഹാമിനെ പോലെ കരുത്തുള്ള പെണ്ണാകൂ....അല്ലെങ്കില്‍, നിങ്ങളിലും പലര്‍ ഒരു ജ്യോതിയോ സൌമ്യയോ ആയേക്കാന്‍ സാധ്യതയുണ്ട്.
-പനയം ലിജു

No comments: