Pages

Thursday, December 27, 2012

കോപം (Wrath)

'കോപം' ഇല്ലാത്തവര്‍ ആരുമില്ല. പക്ഷെ എന്തിനായി കോപിക്കുന്നു എന്നതാണ് കോപത്തിന്‍റെ വില മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നത്. ദൈവ പുത്രനായ ക്രിസ്തുവും കോപിച്ചതായി കാണുന്നുണ്ട്.  വിശുദ്ധമായ ദേവാലയത്തെ വ്യാപാര ശാലയാക്കി മാറ്റിയത് കണ്ടപ്പോള്‍ ആണെന്ന് മാത്രം. അവന്‍റെ കോപത്തിന് ഒരു ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നു. നല്‍വഴിയില്‍ നടക്കുന്നതിനു തടസ്സം നില്‍ക്കുന്ന സാഹചര്യങ്ങളോടും, അങ്ങനെ നടക്കാത്ത  വ്യക്തികളോടുമാണ് കോപത്തിന്‍റെ ഭാഷയോ രൂപമോ പ്രകടിപ്പിക്കുന്നതെങ്കില്‍ ആ കോപത്തിന് ഒരു നല്ല ഫലം പ്രദാനം ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കോപിക്കുന്നതും ശിക്ഷിക്കുന്നതും ഒരു പരിധി വരെ അങ്ങനെയാണ്. മാതാപിതാക്കളുടെ കോപം തീര്‍ക്കാനാണ് കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതെങ്കില്‍ അത് ശിക്ഷണം ആവില്ല, പകരം കോപത്തില്‍ നിന്നുരുത്തിരിഞ്ഞ ശിക്ഷമാത്രമാവുന്നു. സ്നേഹിതരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ അല്പം കോപിക്കുകയും ചെയ്യുന്നതും പല സൌഹൃടങ്ങളിലും സഹജമാണ്. പക്ഷെ,  പലപ്പോഴും  സ്വയം ചിന്തിക്കാതെ, ഉപബോധ മനസ്സിന്‍റെ അല്‍പ നേരത്തെ വികലമായ ചിന്തകള്‍ക്ക് അധീനരായി മറ്റുള്ളവരോട് കോപിക്കാനൊരവാസരം സൃഷ്ടിച്ചു കോപിക്കുന്ന അവസ്ഥകള്‍ ഉണ്ട്. "അവനോടു രണ്ട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെറുതായി പോകുമോ" എന്നൊരു ഭയം. അത് ഒരു നല്ല സ്രോതസ്സില്‍ നിന്ന് ഉത്ഭവിക്കുന്ന ചിന്തയല്ല. അത്തരം കോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിയാനും പെട്ടെന്ന് സാധിക്കും. അല്ലെങ്കില്‍ മൂന്നാമതൊരാള്‍ പറയുമ്പോള്‍ ഒരു തിരിച്ചറിവുണ്ടായിട്ടു വേഗം അതില്‍ നിന്ന് പിന്മാറാനുള്ള ചിന്തയിലേക്ക് മനസ്സ് സഞ്ചരിക്കും.
ഏകാന്തമായി ഇരിക്കുന്ന സമയത്ത് ഉറങ്ങും മുന്‍പേ അന്നത്തെ ദിവസത്തെ സംഭവങ്ങളെ കുറിച്ചൊരു തിരിഞ്ഞു നോട്ടം നടത്തി വിശകലനം ചെയ്ത് സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ അനാവശ്യമായ കോപത്തില്‍ നിന്ന് മോചനം ലഭിക്കും.
-പനയം ലിജു

No comments: