Pages

Sunday, December 30, 2012

അംഗീകാരം

താരാരാധനയും രാഷ്ട്രീയ നേതാക്കളോടുള്ള അമിതമായ  ബഹുമാനവും ക്രിക്കറ്റ് കളിക്കാരോടുള്ള അളവില്‍ കവിഞ്ഞ സ്നേഹവും കാണിക്കുന്ന അനേകര്‍, വസ്ത്രധാരണത്തിലും ജീവിത രീതികളിലും, സ്വഭാവങ്ങളിലും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍, പലപ്പോഴും സ്വന്തം കുടുംബങ്ങളിലോ, സൌഹൃദ വലയത്തിലോ ഉള്‍പ്പെട്ടു നില്‍ക്കുന്നവരുടെ കഴിവുകളെ അംഗീകരിക്കാന്‍ മനസ്സ് കാട്ടാറില്ല. അത് കഴിവുകളുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിപരമായ ഒരു കാര്യം സംസാരിക്കാനോ ഉപദേശം തേടാനോ പോലും കൂടെ നില്‍ക്കുന്ന ഒരാളെ ആശ്രയിക്കാന്‍ മടിയാണ്. ഒരു തമിഴ് നാട്ടുകാരന്‍ അവന്‍റെ നാട്ടില്‍ പിറന്ന ഒരാള്‍ പറയുന്നതിന് കൂടുതല്‍ വിശ്വാസ്യത കല്പ്പിക്കുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനത്ത് ജീവിക്കുന്ന നമ്മള്‍ മറ്റൊരു മലയാളിയെ വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്നു.
നമ്മുടെ സ്വാര്‍ത്ഥതയാണോ അസൂയയാണോ ഇതിനുഹേതുവാകുന്നത്? ചെറിയ നേട്ടങ്ങളില്‍ ഒരുപാട് അഹങ്കരിക്കുന്ന ആളുകള്‍ അവരുടെ ഇടയില്‍ ഉണ്ടെന്നത് നിഷേധിക്കാന്‍ ആവാത്ത കാര്യമാണെങ്കിലും അവരിലുള്ള നല്ലവര്‍ പലരെയും മനസ്സിലാക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം.
ഇതിന്‍റെ മറുവശം ചിന്തിച്ചാല്‍, അംഗീകരിക്കാന്‍ മടിക്കുന്നവരുടെ മുന്നില്‍  ശങ്കിച്ച് നില്‍ക്കാതെ, ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയോടെ ചെയ്ത് വാശി ഉപേക്ഷിച്ചു കഴിവുകള്‍ വേണ്ട വിധം ഉപയോഗിച്ചാല്‍, തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.
മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ നമ്മളും അംഗീകരിക്കപ്പെടും.
-പനയം ലിജു

No comments: