Pages

Tuesday, May 21, 2013

രഞ്ജിനിയും ശ്രീശാന്തും പിന്നെ മണിയും


മാറി വരുന്ന വാര്‍ത്തകളോടുള്ള മലയാളിയുടെ ഭ്രമം പണ്ടേ പേര് കേട്ടതാ... സന്തോഷ്‌ മാധവനും സന്തോഷ്‌ പണ്ഡിറ്റും പ്രിഥ്വിരാജും ശ്രീശാന്തും ഗണേശനും എല്ലാം ഈ ശ്രേണിയില്‍ പലപ്പോഴായി വന്നുപോയവര്‍.... നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കാന്‍ മനപൂര്‍വം മറക്കുന്ന നമ്മള്‍ കുറ്റം കേള്‍ക്കേണ്ട താമസം അതിന്‍റെ നിജസ്ഥിതി ആരായാന്‍ പോലും തയ്യാറാവാതെ വാര്‍ത്തയാക്കുകയും ചെയ്യും. പണ്ടൊക്കെ പത്രക്കാരും റേഡിയോ / ടെലിവിഷന്‍ ചാനലുകളും വിചാരിച്ചാല്‍ മാത്രമേ വാര്‍ത്തകള്‍ ജനിച്ചിരുന്നുള്ളൂ. പക്ഷെ, ഇന്ന്‍ കാലം മാറിയപ്പോള്‍ സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ വന്നപ്പോള്‍ പാലാരിവട്ടം ശശി വിചാരിച്ചാലും വാര്‍ത്ത ഉണ്ടാക്കുകയും ലോകം മുഴുവന്‍ നൊടിയിടയില്‍ പരത്തുകയും ചെയ്യാം.
ഇത്തരം ചൂടന്‍ വാര്‍ത്തകളില്‍ അവസാനം സ്ഥാനം നേടിയിരിക്കുന്നത് ലോകപ്രശസ്തരായ ചുരുക്കം മലയാളികളില്‍ ഒരാളായ ശ്രീശാന്തും, മലയാളം സംസാരിക്കാന്‍ അറിയാത്ത മലയാളി അവതാരകയായ രഞ്ജിനി ഹരിദാസും തെന്നിന്ത്യയില്‍ പ്രശസ്തനായ മലയാളി താരം കലാഭവന്‍ മണിയുമാണ്. (ഞാനിത് എഴുതുമ്പോള്‍ ഉള്ള വിവരമാണിത്. നാളെ നിങ്ങളിത് വായിക്കുമ്പോഴേക്കും ഇത് മാറി വേറെ ആരെങ്കിലും വന്നേയ്ക്കാം). അത്ര അത്യാവശ്യമില്ലാത്ത ഒരു പ്രാധാന്യം ഇത്തരം വാര്‍ത്തകള്‍ക്ക് നമ്മള്‍ കൊടുക്കുന്നില്ലേ എന്ന സംശയത്തില്‍ നിന്നുമാണ് ഇത്തരമൊരു കുറിപ്പെഴുത്തിലേക്ക് എന്നെ എത്തിച്ചത്.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടുന്നു, സ്വര്‍ണ്ണത്തിന്‍റെ വില ഇടിഞ്ഞിട്ടു കൂടുന്നു, 90 വയസ്സുള്ള വൃദ്ധ മുതല്‍ 6 മാസം പ്രായമുള്ള കൈക്കുഞ്ഞ് വരെ പീഡിപ്പിക്കപ്പെടുന്നു, കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും കളഞ്ഞിട്ടു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടുന്നു, ഒളിച്ചോടി പോയ കാമുകിയുടെ ജഡം കായലില്‍ പൊങ്ങി, മന്ത്രിക്ക് അവിഹിതം, സിനിമാതാരം പോലീസിനെ തല്ലി, കായിക താരം കോഴക്കേസില്‍ പിടിയില്‍, ചാനല്‍ അവതാരിക നിയമം ലംഘിച്ചു,പിന്നെ നാല് വെട്ടുകേസും മൂന്ന്‍ കുത്തു കേസും കൂടി ആയാല്‍ 48 പേജുള്ള ഒരു ദിവസത്തെ പത്രമായി.
ഈ വാര്‍ത്തകള്‍ ദിനംപ്രതി കൂടുന്നതല്ലാതെ അത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും ചെയ്യുന്നതായി ഒരു വാര്‍ത്തയും എങ്ങും കാണുന്നില്ല. പത്രക്കാര്‍ ഈ വാര്‍ത്തകളൊക്കെ സെറ്റ് ചെയ്ത് വച്ചിട്ട് സ്ഥലവും തീയതിയും ആളിന്‍റെ പ്രായവും പേരും മാത്രം ദിവസേനെ മാറ്റി അച്ചടിച്ചു വിടുന്നത് പോലെ ആയി കാര്യങ്ങള്‍.
ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്ത; ശ്രീശാന്തിന്‍റെ കഥ സിനിമയാക്കുന്നു. സംഭവത്തിന്‍റെ സത്യാവസ്ഥ മുഴുവന്‍ പുറത്ത് വന്നിട്ടു കൂടിയില്ല. അതിനുള്ളില്‍ കഥ എഴുതാന്‍ തുടങ്ങി. ഒരുത്തന്‍റെ പരാജയം ആഘോഷിക്കപെടുന്നു. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്ന്‍ തന്നെയാണ് എന്‍റെയും അഭിപ്രായം. ഞാന്‍ ശ്രീശാന്തിനെയോ രഞ്ജിനിയേയോ മണിയെയോ കുറ്റക്കാരല്ലെന്ന് പറയാനല്ല ശ്രമിക്കുന്നത്. സ്വന്തം വീട്ടിലെ കുറ്റങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു രസിക്കാന്‍ മലയാളികളെ കഴിഞ്ഞേ ആരുമുള്ളൂ. മലയാളിയെ കളിയാക്കുന്ന തമിഴന്‍റെ കൂടെ ചേര്‍ന്ന് നമ്മളും നമ്മുടെ നാടിനെയും നാട്ടുകാരെയും കളിയാക്കും. കോടികളുടെ അഴിമതി നടത്തിയാലും അവന്‍റെ ഒരു നേതാവിനെ കുറിച്ച് മറ്റുള്ളവരോട് അവന്‍ മോശമായി സംസാരിക്കില്ല.
ഇനിയിപ്പോ അടുത്ത ഒരു ഇരയെ കിട്ടുന്ന വരെ ഇത് ആഘോഷിക്കാം. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയൊരു ഇരയും വിഷയവും വാര്‍ത്തയും ഉണ്ടാവാതിരിക്കില്ല. അപ്പോള്‍ പത്രക്കാര്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്കിനും അങ്ങോട്ട്‌ ശ്രദ്ധ തിരിക്കാം... കാതോര്‍ത്തിരിക്കാം ആ വാര്‍ത്തയ്ക്കായി... കണ്‍ തുറന്നിരിക്കാം ആ വ്യക്തിയ്ക്കായി.
-പനയം ലിജു.

1 comment:

ഷാജു അത്താണിക്കല്‍ said...

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ സൈറ്റുകളിൽ നല്ല ചർച്ചകൾ നടക്കുന്നു എങ്കിലും കൂടുതലും ലൈക്കിന്റെയും കമാന്റിന്റേയും ഗ്രാഫ് ഉയർത്താൻ തന്നെ,
പക്ഷെ അതിലേറെ നമ്മുടെ വലിയ ചാനലുകൾ ഇതൊക്കെ കൊണ്ടാടുകയാണ്, വെറും റേറ്റിങ്ങിന്ന് വേണ്ടി മാത്രം.....
മലയാളിയുടെ എല്ലാ വശവും മനസ്സിലാക്കി തന്നെയാണ് ചാനലുകൾ ഇന്ന് കൊണ്ടാടുന്നത്........