Pages

Monday, March 28, 2016

ജയസൂര്യ : വൈകി വന്ന അംഗീകാരം

സിനിമാ ലോകം കഴിവിന്‍റെ മാത്രം ലോകമല്ല, അത് ഭാഗ്യത്തിന്റെയും കൂടി ലോകമാണ്. മലയാള സിനിമയില്‍ കഴിവുണ്ടായിട്ടും അത് തെളിയിച്ചിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ ഒരുപാട് കലാകാരന്മാര്‍ സിനിമയുടെ ആദ്യകാലം മുതല്‍ക്കേ ഉണ്ട്. അഭിനേതാക്കളും സംവിധായകരും ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരും ഈ നിര്‍ഭാഗ്യത്തിന്‍റെ ഇരകളായി തീര്‍ന്നിട്ടുണ്ട്. ചിലര്‍ അതോടുകൂടി പിന്മാറി പോകുമ്പോള്‍ മറ്റു ചിലര്‍ അതിലൊന്നും പതറാതെ വീണ്ടും മുന്നിലേക്ക് അനുസ്യൂതം യാത്ര തുടരുന്നു. അത്തരത്തിലുള്ള ഒരു നടനാണ്‌ മലയാളികളുടെ പ്രിയപ്പെട്ട 'അയലത്തുവീട്ടിലെ പയ്യന്‍' ജയസൂര്യ.മലയാള സിനിമയില്‍ ചെയ്യുന്ന റോളുകളുടെ വലിപ്പ ചെറുപ്പം നോക്കാതെ, നായകനോ ഉപനായകണോ സഹനടനോ എന്ന് നോക്കാതെ കിട്ടുന്ന റോളുകളില്‍ എന്തെങ്കിലും വ്യത്യസ്തത വേഷത്തിലോ രൂപത്തിലോ ശരീര ഭാഷയിലോ  കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള നടനാണ്‌ ജയസൂര്യ. നായകനായ ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഊമയായ കഥാപാത്രമായിരുന്നു അദ്ദേഹം ചെയ്തത്. തുടര്‍ന്നു വ്യത്യസ്തമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ചിലത് ബോക്സോഫീസില്‍ ഹിറ്റുകളായി മാറിയപ്പോള്‍ മറ്റു ചിലത് പ്രേക്ഷക മനസ്സില്‍ മെഗാ ഹിറ്റുകള്‍ ആയി.
എറണാകുളം ജില്ലയില്‍ തൃപ്പുണിത്തുറ സ്വദേശിയായ ജയന്‍ എന്ന് ഓമനപ്പേരുള്ള ജയസൂര്യ മിമിക്രിയിലൂടെയാണ് കലാ രംഗത്ത് തുടക്കം കുറിച്ചത്. മിമിക്രിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഉള്ളിലുള്ള സിനിമാ മോഹവും അതിനുള്ള പരിശ്രമങ്ങളും അദ്ദേഹത്തിന് ചാനല്‍ അവതാരകന്‍ ആവാനും അതിലൂടെ സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുന്നതിനും  സഹായകമായി.
2001 ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയസൂര്യയെ തേടി വന്ന അടുത്ത ചിത്രത്തില്‍ നായക വേഷമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാ പയ്യന്‍' തുടര്‍ന്നു ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍. എല്ലാത്തിലും സ്വന്തമായി ഒരു അടയാളമിടാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ജയസൂര്യയുടെ സൂക്ഷമത അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.ലോലിപ്പോപ്,  കോക്ടെയില്‍, ബ്യൂട്ടിഫുള്‍, മുംബൈ പോലീസ്, പുണ്യാളന്‍ അഗര്‍ബത്തീസ്, അപ്പോത്തിക്കരി, ലുക്കാ ച്ചുപ്പി, ആട് ഒരു ഭീകര ജീവിയാണ് , ട്രിവാന്‍ഡ്രം ലോഡ്ജ്, ഇയ്യോബിന്റെ പുസ്തകം, ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍, അമര്‍ അക്ബര്‍ അന്തോണി, സു സു സുധീ വാത്മീകം തുടങ്ങി എണ്‍പതോളം മലയാളം ചിത്രങ്ങള്‍ക്ക് പുറമേ അഞ്ച് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ജന്മ സിദ്ധമായ ഹാസ്യവും മിമിക്രിയില്‍ നിന്ന് കൈവന്ന പരിചയ സമ്പത്തും ചാനല്‍ അവതാരകനില്‍ നിന്ന് ലഭിച്ച ജനപ്രിയവും ജയസൂര്യ എന്ന നടന്‍റെ പേരിനെ അന്വര്‍ത്ഥമാക്കി ജയിക്കുന്ന സൂര്യനാക്കി മാറ്റി.
പക്ഷെ, അര്‍ഹിക്കുന്ന അംഗീകാരം ഈ താരത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയാം. സംസ്ഥാന അവാര്‍ഡുകളുടെ അന്തിമ ലിസ്റ്റില്‍ പേര് വന്നിട്ട് അവസാന നിമിഷം തള്ളപ്പെട്ട സാഹചര്യം പല തവണ നേരിടേണ്ടിവന്നു. അതിനെയും അദ്ദേഹം പോസിറ്റീവായി കണ്ടപ്പോഴും വിഷമിച്ചത് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുകയും  അത് ചെയ്യാന്‍ കാട്ടിയ സമര്‍പ്പണത്തെ മനസ്സിലാക്കയും ചെയ്ത പ്രേക്ഷരായിരുന്നു.
എന്നാല്‍ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ജയസൂര്യ മലയാളി പ്രേക്ഷര്‍ക്ക് അഭിമാനവും അര്‍ഹിച്ചത് നഷ്ടമായില്ല എന്നുള്ള ആശ്വാസവുമാണ്.
തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യേണ്ട കര്‍മം ആത്മാര്‍ഥമായും സത്യസന്ധമായും  ചെയ്‌താല്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും തേടിയെത്തും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ജയന് കിട്ടിയ ഈ അവാര്‍ഡ്.
ഇനിയും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടതുണ്ട്....ധൈര്യമായി മുന്നേറൂ....താങ്കളെ പ്രോത്സാഹിപ്പിക്കാന്‍ താങ്കളുടെ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന, കഴിവിനു പ്രചോദനം പകരുന്ന മലയാളി പ്രേക്ഷകരുണ്ട് താങ്കളുടെ പിന്നില്‍....എല്ലാ ആശംസകളും....
സ്നേഹാദരങ്ങളോടെ
പനയം ലിജു, സിംഗപ്പൂര്‍

1 comment:

Rainy Dreamz ( said...

വളരെ ശരിയാണ്, കഴിവും പ്രയത്നവും ഏറെയുണ്ടായിട്ടും വളരെയേറെ തവണ അവാർഡ് നിർണ്ണയ ജൂറിയാൽ അകറ്റി നിർത്തപ്പെട്ടവനാണ് ജയസൂര്യ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടെന്ന് പറയാനാവില്ല.