Pages

Thursday, April 18, 2013

ഡോര്‍മിറ്ററികള്‍ പറയുന്നത്‌


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ ബലിപ്പെരുന്നാള്‍ കൊണ്ടാടുന്ന ബക്രീദ് ദിനം. അവധി ദിവസമായതിനാല്‍ ഉച്ചയൂണിനെ തുടര്‍ന്ന്‍ നല്ലൊരു ഉറക്കമൊക്കെ കഴിഞ്ഞതിന്‍റെ ആലസ്യത്തില്‍ നിന്നൊരു മുക്തിക്കായി വെറുതെ ഒന്ന് നടക്കാനിറങ്ങാം എന്ന് ചിന്തിച്ചപ്പോഴാണ് എന്‍റെ നാട്ടില്‍ നിന്ന് അടുത്തിടെ ഇവിടേക്ക് വന്ന ഒരു സുഹൃത്തിനെ കാണാമെന്ന് തോന്നിയത്. അങ്ങനെ മറ്റൊരു ചങ്ങാതിയേയും കൂട്ടി നാട്ടുകാരനായ എന്‍റെ സുഹൃത്ത് താമസിക്കുന്ന ഡോര്‍മിറ്ററിയിലേക്ക് യാത്ര പുറപ്പെട്ടു. 

അവിടെയെത്തിയ ഞങ്ങള്‍ ഡോര്‍മിറ്ററിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യുരിറ്റി അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്‍ ‍ എന്‍റെ സുഹൃത്ത് വെളിയിലേക്കിറങ്ങി വന്നു. അവിടെയുള്ള കാന്‍റിനില്‍ നിന്ന് ഓരോ ചായയും കുടിച്ച് സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. ഇവിടെ താമസിക്കുന്ന എന്‍റെ സുഹൃത്ത് സിംഗപ്പൂരില്‍ വന്നിട്ട് അധിക കാലം ആകാത്തതിനാല്‍ നാട്ടിലെയും വീട്ടിലെയും സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ശേഷം ജോലിയുടെയും താമസത്തിന്‍റെയും വിവരങ്ങള്‍ ആരായുന്നതില്‍ ഞാനല്പം ജിജ്ഞാസ കാട്ടി.
ഈ ചോദ്യങ്ങള്‍ക്ക് പൊതുവേ പറയാറുള്ളതുപോലെ സുഖം, സന്തോഷം എന്നീ സാധാരണ വാക്കുകളില്‍ ഉത്തരം തന്നെങ്കിലും ഇത്തരം ഡോര്‍മിറ്ററികളിലെ താമസത്തെ കുറിച്ചുള്ള ചെറിയൊരു അവബോധം ഉണ്ടായിരുന്ന ഞാന്‍, എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തുറന്നു പറയാന്‍ മടിക്കേണ്ടാ എന്ന് കുറച്ചു കൂടി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അയാള്‍ പറഞ്ഞുതുടങ്ങി. 
സിനിമകളിലൂടെയും ടി.വി.യിലൂടെയും കണ്ട സിംഗപ്പൂരിന്‍റെ  മനോഹരചിത്രത്തിലൂടെ മനസ്സില്‍ നെയ്തു കൂട്ടിയ ഒരുപാട് സ്വപ്‌നങ്ങള്‍ക്ക് ചിറകണിയിക്കാം എന്ന മോഹവുമായി ഇവിടേക്ക് പറക്കുമ്പോള്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല  ഇവിടെ തന്നെ കാത്തിരുന്നത്. പണം വാങ്ങി വിസ ശരിയാക്കി തന്ന ഏജന്‍റിന്‍റെ വാഗ്ദാനം ഇവിടെ വന്നു ജോലിക്ക് പ്രവേശിച്ചപ്പോഴേ മറന്നത് കൊണ്ട് അതിലേക്ക് ഇനി പോകാന്‍ താല്പര്യം ഇല്ലെന്നു പറഞ്ഞ സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞു: "ആദ്യമൊക്കെ എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്. കുറച്ചൊക്കെ കണ്ടില്ലെന്നു നടിച്ചു കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നാളെക്കാലത്ത് നല്ലൊരു ജോലി കിട്ടിയേക്കാം."
അപ്പോള്‍ അദ്ദേഹം പറഞ്ഞത്: ജോലി ഒരുപക്ഷെ നല്ലത് നാളെ  കിട്ടിയേക്കാം. പക്ഷെ അതുവരെ ഇവിടെയുള്ള താമസം എങ്ങനെ തുടരും എന്നതാണ് എന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ ചിന്ത. ഒരു മുറിയില്‍ താമസിക്കാവുന്നതിലധികം ആള്‍ക്കാരെ തിക്കിപ്പാര്‍പ്പിച്ചിരിക്കുവാണിവിടെ. ചെറിയൊരു ഹാളിന്നുള്ളില്‍ 18 പേര്‍ക്ക് കിടക്കാനുള്ള കട്ടിലും അതിനുള്ളില്‍ തന്നെ ചെറിയൊരു ഭാഗം വേര്‍തിരിച്ചു അടുക്കളയും കുളിമുറിയും കക്കൂസും സൗകര്യപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വരാന്‍ വൈകിയാല്‍ ആഹാരം പാചകം ചെയ്യാന്‍ സമയം ലഭിച്ചില്ലെങ്കില്‍ പട്ടിണി കിടക്കുക തന്നെ. ഞാന്‍ ചോദിച്ചു; ഇവിടെയൊരു കാന്‍റീന്‍ ഉള്ളപ്പോള്‍ എന്തിനു പട്ടിണി കിടക്കണം? അതിനയാള്‍ തന്ന മറുപടിയില്‍ അദ്ദേഹത്തിന്‍റെ വിഷമമുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കുകയാണുണ്ടായത്. അയാള്‍ പറഞ്ഞത്; ഈ കാന്‍റീന് ഇവിടെയുള്ളവര്‍ പറയുന്ന പേര് 'മരണവിലാസം റസ്റ്റാറന്‍റ്' എന്നാണ്. രാവിലത്തേത് രാത്രിയിലും രാത്രിയിലേത് ഉച്ചയ്ക്കുമാണിവിടെ തരുന്നത്. 
എന്നെക്കാള്‍ ദുരിതമനുഭവിക്കുന്ന അനേക ആളുകള്‍ ഉണ്ടിവിടെ. അറക്കാന്‍ കൊണ്ടുപോകുന്ന മാടിനെ പോലെ വെളുപ്പിനെ 4.45 നു ഒരു ടെമ്പോയുടെ പുറകില്‍ കയറ്റി കൊണ്ടുപോകും ജോലിസ്ഥലത്തേക്ക്. മഴയോ തണുപ്പോ വെയിലോ ഒന്നും ബാധകമല്ല. മഴയാണെങ്കില്‍ അവിടെയിരുന്നു നനയണം, മാടിനെപ്പോലെ! രാവിലെ ഏഴരയ്ക്കുള്ള ജോലിക്കാണ് ഇത്ര നേരത്തേ കൊണ്ടുപോകുന്നത്. ഒരു മെഡിക്കല്‍ ലീവ് പോലും ഇല്ലാതെ 365 ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യുന്ന അവര്‍ക്ക് ഓണവും ക്രിസ്മസും ബക്രീദും ഇല്ല. ശനിയോ ഞായറോ പലപ്പോഴും അറിയുകപോലുമില്ല. ശമ്പളം കിട്ടിക്കഴിഞ്ഞുള്ള ശനിയോ ഞായറോ നാട്ടിലേക്ക് പണം അയക്കാന്‍ ലിറ്റില്‍ ഇന്ത്യയില്‍ പോകുന്നതാണ് ആകെയുള്ള ഒരു യാത്ര. ഷിപ്പ് യാര്‍ഡിനുള്ളിലുള്ള ചെറിയ കമ്പനികളില്‍ വെല്‍ഡിംഗ്, പെയിന്‍റിംഗ് പോലെയുള്ള ജോലികളാണ് അധികം ആളുകളും ചെയ്യുന്നത്. MOM അനുശാസിക്കുന്ന ശമ്പളം നല്‍കാനോ അത് കൃത്യസമയത്ത് നല്‍കാനോ പല കമ്പനികളും ശ്രമിക്കാറില്ല. ഒരു വര്‍ക്ക് പെര്‍മിറ്റ്‌ കാരന് അവര്‍ നല്‍കുന്നത് 16-20 ഡോളര്‍ ആണ്. അതില്‍ ഒരു ദിവസത്തെ ഭക്ഷണവും നാട്ടിലേക്കുള്ള ഫോണ്‍ വിളിയും കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകാനും മരുന്നിനുമുള്ള പൈസാ സ്വന്തം കയ്യില്‍ നിന്ന് കൊടുക്കെണ്ടിവരിക മാത്രമല്ല അന്നത്തെ ശമ്പളം നല്‍കുകയുമില്ല.  
കൂട്ടുകാരൊത്ത് ഒന്ന് വെളിയില്‍ പോകാനോ അല്പം ഉല്ലസിക്കാനോ അവസരങ്ങള്‍ ഇല്ലാത്ത ഞങ്ങള്‍, ഇവിടെ മലയാളി സംഘടനകള്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ പലതിനും പോകാനും  പത്തു ഡോളര്‍ കൊടുത്ത് സദ്യ ഉണ്ണാനും ശ്രമിക്കാറുണ്ട്. അവിടെ പരിചയപ്പെടുന്ന പല ആളുകളും ഞങ്ങളുടെ ജോലിയും താമസവും അറിയുമ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ വിമുഖത കാണിക്കുകയാണ് പതിവ്. ഇവിടെ പലപ്പോഴും മറ്റ് രാജ്യങ്ങളിലെ ആള്‍ക്കാരുമായി പല പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അവരുമായി ഒരു സൗഹൃദം കാത്തുസൂക്ഷിക്കാറുള്ള ഞങ്ങള്‍ക്ക് സ്വദേശികളില്‍ നിന്നുണ്ടാവുന്ന ഇത്തരം അവഗണനകള്‍ ശരിക്കും അസഹനീയമാണ്.
പ്രിയ സുഹൃത്തേ, ഒരുപക്ഷെ താങ്കള്‍ക്കറിവില്ലായിരിക്കാം ഇതുപോലെ കഷ്ടപ്പാടിന്‍റെ കയ്പ്പുനീര്‍ കുടിച്ചു കഴിയുന്ന ഒരു കൂട്ടം മലയാളികളും ഫൈന്‍ സിറ്റിയായ നമ്മുടെ ഈ സിംഗപ്പൂരില്‍ ജീവിക്കുന്നുണ്ടെന്ന സത്യം. ഇവിടെ ഞങ്ങള്‍ കണ്ട രണ്ട് ഡോര്‍മിറ്ററികളിലായി ഏകദേശം 25,000 തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരില്‍ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, മലേഷ്യ, മ്യാന്മാര്‍, ഫിലിപ്പൈന്‍സ്, തായ് ലാന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുണ്ട്. ഷിപ്പ് യാര്‍ഡ്‌, റിഫൈനറി, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ജോലിക്കാരാണ്.    കമ്പനിയും ഡോര്‍മിറ്ററിയും ലിറ്റില്‍ ഇന്ത്യയുമാണ്(സമാനമായ സ്ഥലങ്ങള്‍ മറ്റ് രാജ്യക്കാര്‍ക്കും ഉണ്ട്) ഇവരുടെ ലോകം.
ഇവര്‍ക്കുമില്ലേ സ്വപ്‌നങ്ങള്‍....? ഇവര്‍ക്കുമില്ലേ ആഗ്രഹങ്ങളും പ്രതീക്ഷകളും....? ഇവരും മനുഷ്യരല്ലേ...? നമ്മുടെ സഹജീവികള്‍ അല്ലെ...? മലയാളികളായ നമ്മുടെ ഒരുപാടുപേര്‍ ഈ കൂട്ടത്തില്‍ ഉണ്ട്...അവര്‍ക്ക് വേണ്ടി വലുതായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കാണുമ്പോള്‍ ഒരു പുഞ്ചിരി, സ്നേഹത്തോടെ രണ്ട് വാക്ക് ഇത്രയെങ്കിലും ദയ കാട്ടാന്‍ നമുക്ക് കഴിയില്ലേ...? വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്ന മന്ത്രിമാര്‍ സെന്തോസയും ബേര്‍ഡ് പാര്‍ക്കും കണ്ടു മുസ്തഫയില്‍ ഷോപ്പിംഗും കഴിഞ്ഞു പോകുന്നതിനു മുന്‍പ് ഒരു മണിക്കൂര്‍ ഇവരെപോലെ കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 
ഇതു ഒരു ഡോര്‍മിറ്ററിയിലെ കഥ. ഇതുപോലെയുള്ള അനേക ഡോര്‍മിറ്ററികള്‍ വേറെയുമുണ്ട് ഇവിടെ. ഓരോ ഡോര്‍മിറ്ററികള്‍ക്കും പറയാനുണ്ടാവും ഇതുപോലെ വിവിധ  കഥകള്‍. ഈ രാജ്യത്തിന്‍റെ ഭരണ സംവിധാനത്തിന്‍റെയും ജീവിതരീതികളുടെയും സ്വകാര്യത കൊണ്ടുമാകാം, ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ പ്രത്യക്ഷ്യത്തില്‍ ഇവിടെയുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ ഒരുപക്ഷെ മനസ്സിലാക്കാന്‍ കഴിയില്ല.  യാന്ത്രികത കൂടുതല്‍ അനുഭവപ്പെടുന്ന സിംഗപ്പൂര്‍ ജീവിത ശൈലിയില്‍ ഇവരും ലയിച്ചു ചേര്‍ന്ന് പോകുന്നു. രണ്ടോ മൂന്നോ വര്‍ഷത്തെ കോണ്‍ട്രാക്റ്റ് കഴിഞ്ഞു ഇവരില്‍ ചിലര്‍ മടങ്ങിപോയെക്കാം. ബാധ്യതകള്‍ തീരാത്ത ചിലര്‍ വീണ്ടും ഇവിടെ തുടര്‍ന്നേക്കാം ഈ നരകയാതനകള്‍ ആസ്വാദനമാക്കിക്കൊണ്ട്.


- പനയം ലിജു 

No comments: