Pages

Sunday, July 14, 2013

ചരിത്രമായി മാറിയ ടെലിഗ്രാം

ടെലിഗ്രാം ഇന്നുമുതല്‍ ചരിത്രമായി മാറുന്നു. 163 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് ഇന്ന് രാത്രിയോടെ ടെലിഗ്രാം ചരിത്രത്തിന്‍റെ താളുകളിലേക്ക് മാറ്റപ്പെടുന്നത്. ഭൂതലതിലൂടെ കമ്പികള്‍ കെട്ടി അവയിലൂടെ പ്രത്യേകം ക്രോഡീകരിച്ച കോഡുകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്ന ഒരു സംവിധാനമായിരുന്നു ടെലിഗ്രാം. 1837 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സാമുവല്‍ മോഴ്സാണ് ഇന്ന് നിലവില്‍ ഉള്ളതുപോലെയുള്ള ഡോട്ടും ഡാഷും ചേര്‍ന്ന കോഡുകള്‍ക്ക് രൂപം നല്‍കിയത്.1850 നവംബര്‍ 5 നു  ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊല്‍ക്കത്തയില്‍ നിന്നാണ് പരീക്ഷണാര്‍ത്ഥം ആദ്യ ടെലിഗ്രാം സന്ദേശം  43.5  കി.മീ.അകലെയുള്ള ഡയമണ്ട് ഹാര്‍ബരിലേക്ക് അയക്കുന്നത്.  1854 ല്‍ ആണ് ഇത് പൊതുജന സേവനത്തിനായി കൊടുക്കപ്പെടുന്നത്.

ഒരു കാലത്ത് ഏറ്റവും വേഗതയേറിയ ആശയ വിനിമയ മാര്‍ഗ്ഗം ടെലിഗ്രാം ആയിരുന്നു. സന്തോഷമോ ദുഃഖമോ അതി ശീഘ്രം അറിയിക്കാന്‍ വേറൊരു മാര്‍ഗം അന്നില്ലായിരുന്നു. മറ്റ് ആശയ വിനിമയ സേവനങ്ങളെ പോലെ ടെലിഗ്രാമും യുദ്ധകാര്യങ്ങള്‍ക്കാണ്  ആദ്യം ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ റയില്‍വേ കാര്യക്ഷമമായി ഇത് ഉപയോഗിച്ച്. റയില്‍വേ റിസര്‍വേഷന്‍, ചരക്ക് നീക്കങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും കാലക്രമേണ റെയില്‍വേയില്‍ ഇതിനായി കമ്പി തപാല്‍ വിഭാഗം തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ടെലിഗ്രാമിന്‍റെ സേവനം ഈ കാലത്തും ഉപയോഗിച്ചുകൊണ്ടിരുന്നത് ഇന്ത്യന്‍ സേനാ വിഭാഗങ്ങളായിരുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ മാത്രം സന്ദേശങ്ങള്‍ അറിയിക്കുന്ന സംവിധാനമാണ് ഇതിനുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഫാക്സ്, ഇ മെയില്‍, SMS ഒക്കെ വന്നപ്പോള്‍ പിന്തള്ളപ്പെട്ട ടെലിഗ്രാം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ തീരുമാനമാവുകയും ഇന്ന് രാത്രി മുതല്‍ അത് നടപ്പിലാവുകയുമാണ്.
മുഖാമുഖം കണ്ടു സംസാരിക്കാനും നിമിഷാര്‍ധത്തില്‍ സന്ദേശങ്ങള്‍ കൈമാറാനുമുള്ള ആധുനിക സൌകര്യങ്ങള്‍ വന്നപ്പോള്‍ നമ്മോടു വിട പറഞ്ഞു പോകുന്ന ടെലിഗ്രാമിനെയും അത് നല്കിതന്ന സേവനങ്ങളെയും സ്മരിക്കാം.
-പനയം ലിജു, സിംഗപ്പൂര്‍ 

No comments: