Pages

Monday, October 7, 2013

എട്ടിന്‍റെ പണി



ലയാള മനോരമയില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരക ഘടകമായത്. "ഷാരൂഖിന് എട്ടിന്‍റെ പണി" എന്നതാണ് പ്രസ്തുത വാര്‍ത്തയുടെ തലക്കെട്ട്‌. 2008ല്‍ കെ.ജെ.റൌളിംഗ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പ്രസംഗം കടപ്പാട് പറയാതെ ഷാരൂഖ് ഖാന്‍ കോപ്പിയടിച്ചത് അവിടെയുണ്ടായിരുന്ന ഏതോ ബുദ്ധിജീവി മനസ്സിലാക്കിയെന്നതാണ് വിഷയം. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രം എന്ന്‍ പരസ്യവാചകങ്ങളിലൂടെ ദിനംപ്രതി പറയുന്ന ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു ദിനപ്പത്രം, മലയാള ഭാഷയുടെ ശുദ്ധിയെ വിലമതിയ്ക്കാതെ ഒരു 'ന്യൂ ജനറേഷന്‍' വാക്കിലൂടെ ഒരു വാര്‍ത്തയ്ക്ക് തലക്കെട്ട്‌ ഉണ്ടാക്കുന്ന ഗതികേടിലെക്ക് അധഃപതിച്ചുവോ?


മാതൃഭാഷയുടെ മനോഹാരിതയെയും സ്ഫുടതയെയും അതിന്‍റെ സംഗീതാത്മകമായ ഉച്ചാരണ ശുദ്ധിയെയും കുറിച്ച് വാതോരാതെ പ്രസംഗിക്കയും എഴുതുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ഇത്തരം പദപ്രയോഗങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭാഷയെ കൊലയ്ക്ക് കൊടുക്കാന്‍ കൂട്ട് നില്‍ക്കുകയല്ലേ ചെയ്യുന്നത്?


സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കാലാ കാലങ്ങളില്‍ ഇത്തരം പല പ്രയോഗങ്ങള്‍ കടന്നു വന്നിട്ടുണ്ട്. പക്ഷെ, അതൊന്നും നമ്മള്‍ ഒരിക്കലും അച്ചടി ഭാഷയുടെ ഭാഗമാക്കാന്‍ തയ്യാറായിട്ടില്ല. സംസാര ഭാഷയും എഴുത്ത് ഭാഷയും വ്യതസ്തമാണ്. അച്ചടി ഭാഷ അഥവാ എഴുത്തുഭാഷയില്‍ വാക്കുകളുടെ മൂല്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. 'എട്ടിന്‍റെ പണി' എന്ന വാക്കിനു പകരം പ്രയോഗിക്കാന്‍ മലയാളത്തില്‍ സഭ്യമായ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ അവിടെ എഴുതിയത്. കാലത്തിനൊത്ത് നീങ്ങാന്‍ ധാര്‍മ്മിക ബോധമില്ലാതെ പത്രമാധ്യമവും തയ്യാറാവുന്നു എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.


ശ്രേഷ്ടഭാഷാ പദവി നേടിയ ഒരു ഭാഷയാണ്‌ നമ്മുടെ അമ്മ മലയാളം. അതിനെ ഒരു വിധത്തിലും അവഹേളിക്കാനോ നിന്ദിക്കാനോ ഒരു മലയാളിയും തയ്യാറാവരുത്.


-പനയം ലിജു, സിംഗപ്പൂര്‍

No comments: