Pages

Friday, November 29, 2013

ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍

ന്യൂ ജനറേഷന്‍ എന്ന വാക്കിന് ഏറ്റവും പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ  കാലഘട്ടത്തില്‍ അതിന്‍റെ അര്‍ഥം തന്നെ പലപ്പോഴും മാറിപ്പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്.  കാലം മാറുമ്പോള്‍ കോലം മാറുന്നു എന്ന് പറയുന്ന പോലെ മാറ്റങ്ങളോട് അതിശീഘ്രം അനുരൂപപ്പെടുന്ന മലയാളിയുടെ സ്വഭാവരീതികള്‍ ന്യൂ ജനറേഷനിലൂടെ സമസ്ത മേഖലകളിലും വ്യാപകമായിരിക്കുന്നു. ഇതില്‍ മുഖ്യമായ  ഒന്നാണ് വിവാഹം.  ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടും പ്രതീക്ഷകളും തുടങ്ങി പുതിയ തലമുറയിലെ വിവാഹചടങ്ങുകള്‍ വരെ ഈ മാറ്റത്തിന്‍റെ കണ്ണികളാണ്. 
വിവാഹം എന്നത് ലോകാരംഭം മുതല്‍ക്കെ നിലവില്‍ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ്. ആയുഷ്കാലം മുഴുവന്‍കൂടെയുണ്ടായിരിക്കേണ്ട ആള്‍എന്ന നിലയില്‍വിവാഹം കഴിക്കുന്ന പങ്കാളിയെ കുറിച്ചുള്ള സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഓരോ വ്യക്തിയും മനസ്സില്‍താലോലിച്ചു കൊണ്ടുനടക്കുന്നു. ഈ കാഴ്ചപ്പാടുകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടായി വരുന്നതായി നമുക്കറിയാം.
പണ്ടൊക്കെ ഒരു പുരുഷനോട് ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ചോദിച്ചാല്‍, പറയുന്നത് ഇപ്രകാരം ആയിരുന്നു;
“സ്വഭാവം, സൌന്ദര്യം, തന്നെയും മാതാപിതാക്കളെയും സ്നേഹിക്കാന്‍ കഴിയുന്നവള്‍, ജോലിക്ക് പോകാതെ മക്കളെയും പ്രായമുള്ള മാതാപിതാക്കളെയും ശുശ്രൂഷിച്ചു വീട്ടില്‍തന്നെ ജീവിക്കുന്ന ഒരു പെണ്ണ്....” എന്നിങ്ങനെ പോകുന്നു അവന്‍റെ സങ്കല്‍പ്പങ്ങള്‍....  
അന്നൊരു പെണ്ണിനോട് ചോദിച്ചാല്‍, ഗവണ്മെന്റ് ജോലി,അല്ലെങ്കില്‍സ്ഥിര വരുമാനം ഉള്ളൊരു ജോലി, സ്വഭാവ ഗുണങ്ങള്‍(പുകവലി,മദ്യപാനം ഒന്നും ഇല്ലാത്ത) തന്നെ സ്നേഹിക്കാനും പോറ്റാനും കഴിയുന്ന ഒരാള്‍ഇങ്ങനെയാണ് അവളുടെ ഐഡിയല്‍ഭര്‍ത്താവ്‌....
ഏകദേശം എണ്‍പതുകളുടെ പകുതിയോടെ ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ വില ഉണ്ടാവാന്‍ തുടങ്ങി. പത്താം ക്ലാസ്സും പ്രീ ഡിഗ്രിയും കഴിഞ്ഞ് പഠിത്തം ഉപേക്ഷിച്ചു ടൈപ്പ്റൈറ്റിംഗിനു പൊയ്ക്കൊണ്ടിരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കുകയും നഴ്സിംഗ്,എഞ്ചിനീയറിംഗ്, മെഡിസിന്‍ മേഖലകളില്‍ അവര്‍ സജീവമാകുകയും ചെയ്തു. പതിനെട്ട് വയസ്സ് തികയുമ്പോള്‍ തന്നെ വിവാഹം കഴിപ്പിച്ചു അയക്കുന്ന രീതിയിലും  തുലോം വ്യതിയാനം വരികയും പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വിവാഹം ആലോചിക്കുന്ന സമ്പ്രദായം  പ്രാവര്‍ത്തികമാവാനും തുടങ്ങി.
ഇതേ മാറ്റം ആണ്‍കുട്ടികളിലും വന്നു. സ്ത്രീധനമായി കാറും വീടും ചോദിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു; നഴ്സിംഗ് പോലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ വിദേശത്ത് ജോലി ചെയ്യാനും വിദ്യാഭ്യാസം കുറവായാലും വിദേശ ജോലിയുള്ള പുരുഷന്മാരെ വിവാഹം കഴിക്കാനും താല്പര്യം കൂടുതല്‍ പ്രകടിപ്പിച്ചു തുടങ്ങി.
രണ്ടായിരത്തോടെ അഭിരുചികളില്‍ വീണ്ടും മാറ്റങ്ങള്‍ ഇരുകൂട്ടരിലും ഉണ്ടായി. മുല്ലപ്പൂ ചൂടിയ നീണ്ട മുടിയുള്ള  സെറ്റ് സാരിയുടുത്ത  ഗ്രാമീണ പെണ്‍കൊടികളുടെ സ്ഥാനത്ത് ജീന്‍സും ടോപ്പും ഇട്ടു അല്പം മോഡേന്‍ ആയ, സോഷ്യബിള്‍ആയ ഒരു പെണ്ണിനെ കെട്ടാന്‍ ആണ്‍കുട്ടികള്‍ ആഗ്രഹിച്ചു തുടങ്ങി.
പെണ്ണുങ്ങളും സമാന്തരമായ മാറ്റങ്ങള്‍ അവരുടെ സങ്കല്‍പ്പ പുരുഷന്മാരിലും വരുത്തി... മദ്യപിക്കുന്ന പുരുഷന്മാരെ പൊതുവേ വെറുത്തിരുന്ന സ്ത്രീകള്‍ "കമ്പനിക്ക് ഒന്നോ രണ്ടോ പെഗ് അടിക്കുന്നതില്‍ തെറ്റൊന്നുമില്ല" എന്ന് പറയുന്നതിനോടൊപ്പം കെട്ടിയോന്  അത്യാവശ്യം കമ്പനി കൊടുക്കാന്‍ തയ്യാറാവുന്ന പെണ്ണുങ്ങളും ഇന്ന്‍ നമ്മുടെ സമൂഹത്തിലുണ്ട്. സോഷ്യലി, ഒക്കെഷണലി ഒരു സിഗരറ്റ് വലിക്കുന്നത് സ്റ്റാറ്റസിന്‍റെ ഭാഗമായി കാണാന്‍ തുടങ്ങി.
ഈ വിഷയവുമായി ബന്ധപ്പെട്ട്  വിവാഹിതരാവാന്‍ തയ്യാറെടുക്കുന്ന  ഒട്ടേറെ യുവതീയുവാക്കളുമായി നേരിട്ടും അല്ലാതെയും സംസാരിച്ചതില്‍നിന്ന്‍മനസ്സിലായത്‌;  പെണ്‍കുട്ടികളില്‍  അധികവും സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനമുള്ള ജോലിയും മുന്‍ഗണനയില്‍  പറയുമ്പോള്‍, ആണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനും, ജോലിക്കും, കുടുംബത്തിനും പ്രാധാന്യം നല്‍കുന്നു.
മുംബൈ മലയാളിയായ ഒരു പെണ്‍കുട്ടി പറയുന്നു, പോസ്റ്റ്‌ ഗ്രാജ്വേറ്റ് ആയ, നല്ല ജോലിയുള്ള സെല്‍ഫ് മെയിഡ് ആയ ഒരു പുരുഷനെയാണ് താല്പര്യം, ഒത്തിരി ഹൈ ക്ലാസ്  ഫാമിലി അല്ലെങ്കിലും മിഡില്‍ ക്ലാസ് ആയിരിക്കണം, സോഷ്യല്‍ ഡ്രിങ്കിംഗ് സ്വീകാര്യം. 
പ്രവാസികളായ  ചെറുപ്പക്കാരില്‍ മലയാളികളുടെ പാരമ്പര്യ സങ്കല്‍പങ്ങളില്‍ നിന്ന്‍ വലിയ വ്യത്യാസമില്ലാത്ത കാര്യങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്,
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി പറയുന്നു  " എന്നെക്കാള്‍ കുറച്ചുകൂടി വിദ്യാഭ്യാസം ഉള്ളതായിരിക്കണം, മലയാളം സംസാരിക്കാന്‍ അറിയുന്ന ആളായിരിക്കണം, ഇവിടെ തന്നെ ജോലിയുള്ള ആളാണെങ്കില്‍ കൂടുതല്‍ സന്തോഷം, കാരണം നാട്ടില്‍ പോയി താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല"
ഇവിടെ ജോലി ചെയ്യുന്ന ഒരു  യുവാവിനോട് ചോദിച്ചപ്പോള്‍ "കേരളത്തില്‍ നിന്നൊരു നാടന്‍ പെണ്ണിനെയാണ് ഇഷ്ടമെന്ന് പറഞ്ഞു,  നീളമുള്ള മുടിയും, സ്വഭാവ ഗുണവും ഉള്ളൊരു നാടന്‍ പെണ്‍കുട്ടി, തരക്കേടില്ലാത്ത കുടുംബം, സ്ത്രീധനം ചോദിക്കില്ലെങ്കിലും അവര്‍ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കും, വിദ്യാഭ്യാസം വേണം, പക്ഷെ ജോലി നിര്‍ബന്ധമല്ല. വിവാഹശേഷം ജോലിക്ക് വിടാന്‍ താല്പര്യവുമില്ല"
പ്രണയ വിവാഹങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നു. പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്ന "പ്രണയത്തിനു കണ്ണില്ല" എന്ന വാചകം ഇപ്പോള്‍ കുറച്ചൊക്കെ തിരുത്തേണ്ടി വന്നിരിക്കുന്നു. ലേസര്‍ ട്രീറ്റ്മെന്‍റ് ചെയ്ത് കാഴ്ച കിട്ടിയ പ്രണയങ്ങളാണ് ഇപ്പോള്‍  അധികവും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുളിങ്കൊമ്പില്‍ പിടിക്കുന്ന പ്രണയങ്ങള്‍. വിവാഹത്തിന് വയ്ക്കുന്നതുപോലെ തന്നെ പ്രണയത്തിനും മാനദണ്ഡങ്ങള്‍ വന്നു. വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സ്ഥിതിയും കുടുംബ പാരമ്പര്യവും ഒക്കെ നോക്കി തന്നെയാണ് പ്രണയിക്കുന്നത്.  ഈ വിഷയത്തില്‍പണ്ടൊക്കെ പെണ്ണിനെ ചതിക്കുന്ന ആണ്‍കുട്ടികളുടെ കഥ കേട്ടിരുന്ന നാം  ഇപ്പോള്‍ കേള്‍ക്കുന്നത് അധികവും പെണ്ണിന്‍റെ ചതിയില്‍ പെട്ട ആണുങ്ങളുടെ കഥകളാണ്. ടൈം പാസ് പ്രണയങ്ങള്‍ പെണ്ണുങ്ങളും ശീലിച്ചു.
ഒരു പെണ്‍കുട്ടി പറഞ്ഞത് "പ്രണയിക്കാനും കറങ്ങി നടക്കാനുമൊന്നും നേരമില്ല, കല്യാണം കഴിച്ച് റിസ്ക്‌ എടുക്കാനുമില്ല... ഒരുമിച്ചു താമസിക്കാന്‍ തയ്യാര്‍ "
ഭാരത സംസ്കാരത്തില്‍ വന്ന മറ്റൊരു വിപ്ലവം തന്നെയാണ് 'ലിവിംഗ് ടുഗതര്‍' സമ്പ്രദായം.  പ്രണയിക്കുന്നവര്‍ നിയമപ്രകാരം  വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന രീതി മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നും ഇതിനുള്ള ഒരു ഗുണമെന്ന് ഈ രീതിയില്‍ ജീവിക്കുന്നവര്‍ പറയുന്നത് "യോജിച്ചു പോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ ഏത് സമയത്തും വേര്‍പിരിയാമെന്നുള്ള കണ്ടീഷന്‍  ഇതിനുണ്ട് " എന്നതാണ്.  പാശ്ചാത്യ സംസ്കാരത്തിലെ ഒരു തെറ്റായ സംവിധാനം ഇതിലൂടെ അഡോപ്റ്റ് ചെയ്യുന്നു എന്ന് ഒരു കൂട്ടം വാദിക്കുമ്പോളും അതിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം  വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.
പ്രീ മാരിറ്റല്‍ ഡിവോഴ്സ് വളരെയേറെ കൂടിയിരിക്കുന്നു. കല്യാണത്തിന് മുന്പ് തന്നെ പിരിയുന്ന ബന്ധങ്ങളാണിവ. കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ വരന്‍റെ സമ്മാനമായി പെണ്ണിന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം, വാട്സ് ആപ്പിലും സ്കൈപ്പിലും സംസാരവും വീഡിയോ ചാറ്റും തുടങ്ങുകയായി. ഹണിമൂണിനെ പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, വിവാഹ വസ്ത്രം, റിസപ്ഷന്‍, വരന്റെയോ വധുവിന്റെയോ പൂര്‍വ കാമുകന്‍/കാമുകിയെ കുറിച്ചുള്ള തര്‍ക്കം  ഇങ്ങനെ പോകുന്ന ഈഗോയില്‍ പൊഴിയുന്ന ബന്ധങ്ങള്‍.
പങ്കാളികളുടെ തെരഞ്ഞെടുപ്പിലും കുടുംബ ജീവിതത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും ന്യൂ ജനറേഷന്‍നന്നേ മാറിയിരിക്കുന്നു. ദീര്‍ഘ വീക്ഷണത്തോടെയുള്ള മാനദണ്ഡങ്ങളാണ് അവര്‍മുന്നോട്ട് വയ്ക്കുന്നത്. എന്നിട്ടും കേരളത്തില്‍ ഡിവോഴ്സ് നിരക്ക് ദിനപ്രതി കൂടി വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 
ടെക്നോളജിയുടെ ഉച്ചസ്ഥായിയില്‍നില്‍ക്കുന്ന തലമുറയ്ക്ക് സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ ജീവിതചര്യയുടെ ഭാഗമായി മാറിയതില്‍അത്ഭുതപ്പെടാനില്ല. അതിലൂടെ ഒരുപാട് ആശയവിനിമയവും വ്യാവസായിക വികസനവും വളര്‍ച്ചയും സൗഹൃദ വളര്‍ച്ചയും ഉണ്ടാവുന്നു എന്ന സത്യം നില നില്‍ക്കെ തന്നെ, മറുവശത്ത് അതിന്‍റെ ദൂഷ്യഫലങ്ങളും അനുഭവിക്കുന്നു.
വിവാഹം എല്ലാ ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും അന്ത്യമാണെന്നു കരുതുന്നവരാണ് ന്യൂ ജനറേഷനില്‍ ചിലര്‍. സ്വസ്ഥത നഷ്ടപ്പെടാന്‍ പോകുന്ന കൂട്ടുകാരന്‍റെ അവസാനത്തെ സന്തോഷമായി ബാച്ചിലര്‍ പാര്‍ട്ടിയും മദ്യത്തിലും മുന്തിയ ഭക്ഷണത്തിലും ആഘോഷിച്ചു നല്ല ജീവിതത്തോട് വിട പറയുന്നു എന്നിങ്ങനെ നെഗറ്റിവ് എനര്‍ജിയുമായി ദാമ്പത്യത്തിലേക്ക് കയറുന്നവര്‍ക്ക് ബാധ്യതകളും ഉത്തരവാദിത്തങ്ങളും വീര്‍പ്പുമുട്ടലുകള്‍ ഉളവാക്കുന്നു. ഇങ്ങനെ സമൂഹം ഉണ്ടാക്കി വച്ച അപക്വ ധാരണകള്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു.
ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, കുടുംബങ്ങള്‍നിമിഷാര്‍ധത്തില്‍ശിഥിലമാക്കപ്പെടുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെല്ലാം. സ്വന്തം  പങ്കാളിയിലെ നല്ലതിനെ കാണാന്‍കൂട്ടാക്കാതെ മോഹന വാഗ്ദാനങ്ങള്‍നല്‍കുന്ന വ്യാജ സൗഹൃദങ്ങളില്‍ വിശ്വസിച്ചു ചതിക്കപ്പെട്ട കഥകള്‍ഓരോ ദിവസവും കൂടുന്നു.
ഒരു ദശാബ്ദം മുന്‍പ് വരെ 'ഡിവോഴ്സ്' എന്ന വാക്ക് ഒരു മാന്യതയില്ലാത്ത പദമായിരുന്നു. ഇപ്പോള്‍ഓരോ നൂറു വിവാഹങ്ങളില്‍ഒരെണ്ണം ഡിവോഴ്സില്‍ചെന്നെത്തുന്നു എന്നതാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിവാഹമോചന നിരക്ക്. ഈ കണക്ക് അമേരിക്കയെ അപേക്ഷിച്ച് ഏകദേശം പകുതിയാണ്. ഇതില്‍അധികവും 25 മുതല്‍ 35 വരെയുള്ള പ്രായപരിധിയില്‍പെട്ട ദമ്പതികളാണ്. 'പ്രഥമ ദൃഷ്ട്യാ പ്രണയം'(love at first sight) എന്ന വിഭാഗത്തില്‍വരുന്ന  ധൃത വിവാഹങ്ങളാണ് ഇത്തരത്തില്‍അകാല ചരമം പ്രാപിക്കുന്ന ബന്ധങ്ങള്‍. അതിന് കാരണമാകുന്നത് വളരെ നിസ്സാരമായ പ്രശ്നങ്ങളും!
ഒരിക്കല്‍ഒരു സംഭവകഥ ഇപ്രകാരം കേള്‍ക്കാനിടയായി; രാവിലെ ഭര്‍ത്താവ് ജോലിക്ക് പോകാനിറങ്ങുമ്പോള്‍സ്വീകരണമുറിയിലെ മേശപ്പുറത്ത് പൊടി കിടക്കുന്നത് കണ്ടിട്ട് അതില്‍എഴുതി വച്ചു"ഇത് വൃത്തിയാക്കുക" അയാള്‍വൈകിട്ട്  തിരിച്ചെത്തിയപ്പോള്‍അങ്ങനെ തന്നെ കിടക്കുന്ന മേശ കണ്ടിട്ട് ഭാര്യയെ വഴക്ക് പറഞ്ഞു. അവള്‍ചോദിച്ചു; ഇത് എഴുതിയ സമയം മതിയാരുന്നല്ലോ അത് വൃത്തിയാക്കാന്‍...തമ്മില്‍വാക്ക് തര്‍ക്കമായി, ഒടുവില്‍വിവാഹമോചനത്തില്‍ ഈ പ്രശ്നം കൊണ്ടെത്തിച്ചു. ഭര്‍ത്താവ് സ്വന്തം മാതാപിതാക്കളെ വിട്ടു, മാറി താമസിക്കാന്‍കൂട്ടാക്കുന്നില്ല എന്നത് മുതല്‍വീട്ടുജോലികളില്‍സഹായിക്കുന്നില്ല എന്ന കാരണം വരെ വിവാഹ മോചനത്തിനായി ഭാര്യ പറയുമ്പോള്‍, തന്നെ അനുസരിക്കാനും ബഹുമാനിക്കാനും അവള്‍ക്കാവുന്നില്ലെന്ന കാരണം പറഞ്ഞു ഭര്‍ത്താക്കന്മാരും ഡിവോഴ്സ് കേസ് ഫയല്‍ചെയ്യുന്നു. അപക്വമായ പ്രണയങ്ങളും ജോലിയും വിദ്യാഭ്യാസവും  സാമ്പത്തിക ചുറ്റുപാടും ഉണ്ടാകുന്ന ഈഗോയും കോംപ്ലക്സും  ഇതില്‍മുഖ്യ പങ്ക് വഹിക്കുന്നു. 
മനശാസ്ത്രജ്ഞന്‍ SD സിംഗ് പറയുന്നു; Love at first sight കൂടുതലും ബാഹ്യമായ ആകര്‍ഷണം മാത്രമാണ്. അതിലൂടെ ഉണ്ടാവുന്ന വിവാഹങ്ങളും ബാഹ്യമായ വിവാഹം മാത്രമായി ശേഷിക്കുന്നു. അവര്‍ക്കിടയില്‍ വൈകാരികമായ ഒരു ബന്ധം പലപ്പോഴും ഉടലെടുക്കുന്നില്ല.
പ്രശസ്ത മനശാസ്ത്രജ്ഞന്‍ഡോ.സി.ജെ.ജോണ്‍പറയുന്നു; ഇന്നത്തെ ദമ്പതികള്‍പരസ്പരം മനസ്സിലാക്കുന്നതിനു മുന്‍പേ പങ്കാളിയെ കുറിച്ചൊരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു. തല്‍ഫലമായി വിവാഹത്തിന് മുന്‍പുള്ള പ്രതീക്ഷകള്‍വളരെ ഉയര്‍ന്നതും വിവാഹ ശേഷം അതില്‍വിട്ടുവീഴ്ച ചെയ്യാന്‍തയ്യാറാകാതെയും വരുന്ന സാഹചര്യത്തില്‍ബന്ധങ്ങള്‍പരസ്പര ധാരണാ വിധേയമാകാതെ പോകുന്നു. കൂടുതല്‍പ്രാധാന്യം ജോലിക്ക് കൊടുക്കുകയും തന്മൂലം പങ്കാളിയോടൊപ്പം സ്വകാര്യ സമയം കുറയുകയും ചെയ്യുന്നതും  ഇന്നത്തെ വിവാഹ മോചനത്തിനുള്ള പ്രധാന കാരണമാണ്. പരസ്പരം അംഗീകരിക്കാനും അഭിനന്ദിക്കാനും ബഹുമാനിക്കാനും വിശ്വസിക്കാനും കഴിയുന്നില്ല.
ഏത് മതത്തിലായാലും വിവാഹം എന്നത് ഒരു പവിത്രമായ ചടങ്ങാണ്. രണ്ട് വ്യത്യസ്ത ചുറ്റുപാടില്‍ നിന്ന്, ജീവിത സാഹചര്യങ്ങളില്‍ നിന്ന്, ചിലപ്പോള്‍ വ്യത്യസ്ത സ്ഥലങ്ങളിലും മതങ്ങളിലും നിന്ന് വരുന്ന രണ്ട് വ്യക്തികള്‍ അവരുടെ  ശിഷ്ടകാലം ഒന്നിച്ചു ജീവിക്കാന്‍ സമൂഹ മദ്ധ്യേ എടുക്കുന്ന  ഒരു തീരുമാനത്തിന്‍റെ പ്രത്യക്ഷമായ ചടങ്ങാണ്  വിവാഹം.  അതുകൊണ്ടുതന്നെ അത് ഏറ്റവും ഭംഗിയായും എന്നും ഓര്‍ക്കാന്‍ ഉതകുന്ന രീതിയിലും നടത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നത് സ്വാഭാവികം. ഓരോരുത്തരും അവരവരുടെ സാമ്പത്തിക  നിലയ്ക്ക് അനുയോജ്യമാകും വിധം അത് നടത്താന്‍ ശ്രമിക്കുന്നു. പക്ഷെ, സ്വന്തം പരിമിതികളെ മറന്നു ഒരു മത്സരക്കളമായി വിവാഹ ചടങ്ങുകളെ കാണാന്‍ തുടങ്ങിയപ്പോള്‍ അനാവശ്യമായ ചെലവുകള്‍ വന്നുതുടങ്ങി.
വിവാഹ ചടങ്ങുകളിലെ ആഡംബരങ്ങളില്‍കഴിഞ്ഞ ഒരു ദശാബ്ദമായി വന്‍തോതിലുള്ള  ഒരു വിപ്ലവമാണ് സംഭവിക്കുന്നത്... അനാവശ്യമായി ലക്ഷക്കണക്കിന്‌പൈസ ഈ ഇനത്തില്‍ധൂര്‍ത്തടിക്കപ്പെടുന്നു. ഈ മേഖലയില്‍ഈവന്‍റ്  മാനേജ്മെന്റിന്റെ വരവോടെ വീട്ടുകാരുടെ ജോലി കുറയുകയും ചെലവ് കൂടുകയും ചെയ്തു. "സൗകര്യങ്ങള്‍കൂടുമ്പോള്‍അസൗകര്യങ്ങളും കൂടുന്നു" എന്ന സാഹചര്യമാണ് ഇപ്പോള്‍. വിവാഹ വസ്ത്രമെടുക്കുന്നതില്‍തുടങ്ങി ആള്‍ക്കാരെ ക്ഷണിക്കുന്നത് വരെ ചെയ്തു തരാന്‍ഈവന്‍റ് മാനെജ്മെന്‍റ് പ്രവര്‍ത്തിക്കുന്നു.
പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും വിശ്വസിക്കാനും കഴിയുമ്പോള്‍ മാത്രമേ വിവാഹങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാലത്തിനൊത്ത് നാമും വളരെ ദൂരം പിന്നിട്ടു. മാറ്റങ്ങള്‍ഒരുപാട് ഇനിയും വരാനുണ്ട്. ഇന്നലെകളെ  വിസ്മരിക്കുന്ന  ഇന്നിന്‍റെ മാറ്റങ്ങള്‍പോലെ നാളെയുടെ മാറ്റങ്ങള്‍ഇന്നിനെ മറക്കാന്‍കാരണമാവുമോ....?
 
-പനയം ലിജു , സിംഗപ്പൂര്‍


10 comments:

shob shobha said...

അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാലത്തിനൊത്ത് നാമും വളരെ ദൂരം പിന്നിട്ടു. മാറ്റങ്ങള്‍ഒരുപാട് ഇനിയും വരാനുണ്ട്. ഇന്നലെകളെ വിസ്മരിക്കുന്ന ഇന്നിന്‍റെ മാറ്റങ്ങള്‍പോലെ .....

ദീപ എന്ന ആതിര said...

വേഗം കൂടുതലാണ് ..മനുഷ്യനും ..കാലത്തിനും ..ഒപ്പം എത്താന്‍ കഷ്ടപ്പെടുന്ന ചിലര്‍ മാത്രം

Sajit Sekharan said...

Absolutely correct

Sajit Sekharan said...

കുറേ കാലം മുന്പുവരെ നല്ലൊരു പയ്യനെ കിട്ടാൻ വേണ്ടി മാതാ പിതാക്കൾ കുറേ വിവാഹ ദല്ലാള്മാരേ ഏര്പ്പാട് ചെയ്തു കാത്തിരിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ കിട്ടുക എന്ന് പറയുന്നത് ലോട്ടറി അടിച്ചത് പോലെയാണ്

SUGANDHI.R Sugandhi said...

കാലത്തിന്റെ മാറ്റത്തിനൊപ്പം മനുഷ്യ മനസും സഞ്ചരിക്കുന്നു.മാറ്റങ്ങള് അനിവാര്യമാണ്.എന്നാല് ഇന്നത്തെ തലമുറയുടെ ചില മാറ്റങ്ങള് അംഗീകരിക്കാന് പഴയ മനസുകള്ക്ക് കഴിയുന്നില്ല...

beena stephen said...

good post

beena stephen said...

good post

Hema rengaraju said...

Absolutely correct but iniyum mattangal paladum varanirikkunneyullu.vivaham ennadey ini illadakanum ini chance unde.

Hema rengaraju said...

Absolutely correct but iniyum mattangal paladum varanirikkunneyullu.vivaham ennadey ini illadakanum ini chance unde.

പനയം ലിജു said...

പെണ്ണിന്റെ മൗനം ആണിന് അവസരം ആവുന്നെങ്കിൽ അവളുടെ ഗർജ്ജനം അവന് താക്കീതാവണം.....
Let your Act be the flame to your resilience
Let's Begin an END
'Neethee' - a malayalam short film with English subtitles ....
Please watch and share your reviews as comments.....
https://youtu.be/0WjbhSNIr7s